Saturday, 13 December 2014

ആടുകളുടെ പ്രത്യുത്പാദനം ആധുനിക ശൈലിയില്‍

ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള പ്രായം തികച്ചും വ്യത്യസ്തമാണ്. നാലു മാസം മുതല്‍ 12 മാസം വരെയുള്ള കാലയളവില്‍ മദിലക്ഷണം കാണിക്കുന്ന ആടുകളുണ്ട്. ഇത് ഓരോ ജനുസുകളിലും വ്യത്യാസപ്പെട്ടിരിക്കും. ചെറിയ ആടുജനുസുകളില്‍ നേരത്തെയും വലിയ ജനുസുകളില്‍ താമസിച്ചുമാണ് പ്രത്യുത്പാദനത്തിനുള്ള പ്രായമാകുന്നത്. കൂടാതെ പോഷകാഹാരകമ്മി, രോഗം എന്നിവയും കാലതാമസം കൂട്ടും.


ഏകദേശം 15 കി. ഗ്രാം തൂക്കമെത്തിയ പെണ്ണാടുകളെ ഇണ ചേര്‍ക്കാം. അതിനുമുമ്പ് ഇണ ചേര്‍ക്കുകയാണെങ്കില്‍ പെണ്ണാടിന്റെയും കുട്ടികളുടെയും വളര്‍ച്ച മുരടിച്ചുപോകും. കൂടാതെ ഗര്‍ഭമലസാനും സാധ്യതയുണ്ട്. അഥവാ പ്രസവിച്ചാലും കുട്ടികള്‍ക്ക് കുടിക്കുവാനുള്ള പാലുത്പാദനത്തിന് കഴിയാതെ കുട്ടികള്‍ ചത്തുപോകാനിടയാകും. ആദ്യത്തെ രണ്ടു മദിവരെ ഇണ ചേര്‍ക്കരുത്. ഈ മദിയില്‍ അണ്ഡവിസര്‍ജ്ജനം നടത്താന്‍ സാധ്യതയില്ലാത്തതാണു കാരണം.

ആടുകളിടെ മദിചക്രം 21 ദിവസമാണ്. മദികാലം 2-3 ആഴ്ച നീണ്ടുനില്ക്കും. പശുക്കളിലേതുപോലെ ആടുകള്‍ കൃത്യമായി എല്ലാ മൂന്നാഴ്ച കൂടുമ്പോഴും മദിലക്ഷണം കാണിക്കണമെന്നില്ല. കാലാവസ്ഥ, തീറ്റയുടെ ലഭ്യത, മുട്ടനാടിന്റെ സാമീപ്യം എന്നീ ഘടകങ്ങള്‍ പ്രത്യുത്പാദനത്തെ സ്വാധീനിക്കും. കേരളത്തിലെ ആടുകള്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് കൂടുതലും മദിയില്‍ വരുന്നത്.

മദി കണ്ടുപിടിക്കുന്നത്

 ലക്ഷണങ്ങള്‍ നോക്കി മദി കണ്ടുപിടിക്കാം. കൂടാതെ മുട്ടനെ ഉപയോഗിച്ചും മദിയുള്ള പെണ്ണാടിനെ കണ്ടുപിടിക്കാനാകും. ഇതിനായി വാസക്ടമി ഓപ്പറേഷനു വിധേയമാക്കിയ മുട്ടനാടിനെ ഉപയോഗിക്കാം.  പ്രജനനത്തിനുപയോഗിക്കുന്ന മുട്ടനാടിന്റെ അടിഭാഗം 60 സെ. മീ. ഃ 45 സെ. മീ വലുപ്പമുള്ള തുണികൊണ്ട് ഒരു ഏപ്രണ്‍പോലെ കെട്ടിയശേഷം പെണ്ണാടിന്റെ കൂട്ടിലേക്കു വിടുകയുമാവാം. പെണ്ണാടുകളില്‍ 50 ഗ്രാം പുരുഷഹോര്‍മോണ്‍ കുത്തിവച്ചാല്‍ മുട്ടനാട് മദി കണ്ടുപിടിക്കുന്നതു പോലെ പെണ്ണാടും മദി കണ്ടുപിടിക്കും.

എപ്പോള്‍ ഇണ ചേര്‍ക്കാം

ആടുകളിലെ മദികാലം 2-3 ദിവസം നീണ്ടുനില്ക്കും.  ശരാശരി മദികാലം 48 മണിക്കൂറാണ്. മദി തുടങ്ങി 18-24 മണിക്കൂറുകള്‍ക്കിടയില്‍ ഇണചേര്‍ക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം മദി തുടങ്ങി 20-36 മണിക്കൂറിനകം പെണ്ണാടിന്റെ അണ്ഡം അണ്ഡാശയത്തില്‍നിന്നും പുറത്തേക്കു വരും. ഈ സമയത്ത് ബീജം ഗര്‍ഭാശയത്തിലുണ്ടായിരിക്കണം. ബീജം ഗര്‍ഭാശയത്തില്‍ 12-24 മണിക്കൂര്‍ വരെ ജീവിക്കും. എന്നാല്‍ അണ്ഡമാകട്ടെ പുറത്തേക്കുവന്നാല്‍ 6-10 മണിക്കൂറിനകം നശിച്ചുപോകും. ഇതിനിടയില്‍ ഗര്‍ഭധാരണം നടന്നിരിക്കണം.

മദി ക്രമീകരണം

ആടുകള്‍ പ്രത്യേക കാലാവസ്ഥയിലും സീസണിലും മദി കാണിക്കുന്ന മൃഗമാണ്. മാത്രമല്ല, പലപ്പോഴും മദി കാണിക്കാത്ത നീണ്ട കാലയളവുമുണ്ടാകും. മദി കാണിക്കാത്ത ആടിനെ വെറുതെ പോറ്റേണ്ടിവരുന്നത് കൃഷിക്കാര്‍ക്കു വലിയ നഷ്ടമുണ്ടാക്കും. വലിയ ഫാമുകളില്‍ ഓരോ ആടും ഓരോ സമയത്ത് മദി കാണിക്കുകയും പ്രസവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരേ ഫാമില്‍ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളും ഗര്‍ഭിണിയാടുകളും കറവയാടുകളും ഡ്രൈ ആടുകളും കാണും. ഇതിനെല്ലാം വ്യത്യസ്തരീതിയിലുള്ള തീറ്റ ക്രമങ്ങളും പരിപാലനമുറകളും വേണം. ഇത് പരിപാലനച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ എല്ലാ ദിവസവും കൃത്രിമ ബീജാദാനമോ, ഇണചേര്‍ക്കലോ വേണ്ടിവരുമെന്ന പ്രശ്‌നവുമുണ്ട്. ഇതിനൊരു പരിഹാരമാണ് മദിക്രമീകരണം.

മദിക്രമീകരണത്തിന്റെ ഗുണങ്ങള്‍

  • എല്ലാ ആടുകളെയും ഒരേ ദിവസം കൃത്രിമബീജാദാനം ചെയ്യുകവഴി പരിപാലനച്ചെലവും ഫാമിലെ ജോലിഭാരവും കുറയ്ക്കുവാന്‍ കഴിയുന്നു.
  • ഒരോ കാലയളവില്‍ പ്രസവിക്കുന്നതിനാല്‍ വ്യത്യസ്ത രീതിയിലുള്ള പരിചരണം ഒഴിവാക്കാം.
  • ഒരേ പ്രായത്തിലുള്ള കുട്ടികളെ ലഭിക്കുന്നതിനാല്‍ വിപണനം എളുപ്പമാക്കുന്നു.
  • ഒരേ പ്രായത്തിലുള്ള കുട്ടികളെ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ശാസ്ത്രീയപഠനങ്ങള്‍ക്ക് കഴിയുന്നു.
  •  മദിലക്ഷണം കാണിക്കാത്ത ആടുകളിലും മദിയുണ്ടാക്കാന്‍ കഴിയുന്നു.
  • ഹോര്‍മോണ്‍ കുത്തിവച്ചുണ്ടാക്കുന്ന മദിയില്‍ ഗര്‍ഭധാരണ നിരക്ക് കൂടുതലാണ്.
  • ഓരോ എട്ടു മാസത്തിലും ഒരു പ്രസവം സാധ്യമാകുന്നു.
  •  ഒരു പ്രദേശത്തെ എല്ലാ ആടുകളിലും മദിക്രമീകരണം നടത്തി ഒരേ ദിവസം കൃത്രിമബീജാദാനം നടത്തുമ്പോള്‍ ചെലവ് കുറയുന്നു.

മദി ക്രമീകരണം - വഴികള്‍

1. മുട്ടനാടിന്റെ സാമീപ്യം

പെണ്ണാടുകളെ മാത്രം വളര്‍ത്തുന്ന കൂട്ടില്‍ മുട്ടനാടിനെ കെട്ടിയാല്‍ 1-2 ആഴ്ചകള്‍ക്കകം മിക്ക പെണ്ണാടുകളും മദി കാണിക്കും. മുട്ടനാടിന്റെ ശരീരത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഫെറമോണിന്റെ മണം മൂലം പെണ്ണാടുകളില്‍ മദിലക്ഷണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനായി വാസക്ടമി ഓപ്പറേഷന്‍ നടത്തിയ മുട്ടനെ 5-6 ദിവസം കൂടെ വിട്ടാല്‍ മതിയാകും.

2. ഹോര്‍മോണുകള്‍

ഇല്ലിറാന്‍ എന്ന ഹോര്‍മോണ്‍ 1.5  മില്ലി വീതം പേശികളില്‍ കുത്തിവച്ചാല്‍ മൂന്നാം ദിവസം മിക്ക ആടുകളും മദിലക്ഷണം കാണിക്കും.  എന്നാല്‍ ഇത് ഗര്‍ഭിണിയാടുകള്‍ക്കു കുത്തിവച്ചാല്‍ ഗര്‍ഭമലസും. കൂടാതെ മദിക്രമീകരണത്തിന് മരുന്ന് കുത്തിവച്ച ആടുകളെ ഗര്‍ഭിണിയാടുകളുടെ കൂടെ കെട്ടാനും പാടില്ല. മദി തുടങ്ങി 16 മണിക്കൂറിനും 28 മണിക്കുറിനുമിടയില്‍ കൃത്രിമബീജാധാനം നടത്തണം. മദി തുടങ്ങി 16-ാമത്തെ മണിക്കൂറിലും 28-ാമത്തെ മണിക്കൂറിലും രണ്ടു തവണ ബീജാധാനം നടത്തുന്നത് ഗര്‍ഭധാരണനിരക്ക് വര്‍ദ്ധിപ്പിക്കും.

മരുന്ന് കുത്തിവച്ചിട്ടും മദിലക്ഷണം കാണിക്കാത്ത ആടുകളില്‍ എട്ടാം ദിവസം വീണ്ടും ഒന്നരമില്ലി ഇല്ലിറാന്‍ എന്ന മരുന്നു തന്നെ കുത്തിവയ്ക്കാം. ഈ ആടുകളില്‍ മൂന്നാം ദിവസം മദി ലക്ഷണം കാണിച്ചിരിക്കും. ഇനി അഥവാ എല്ലാ ആടുകള്‍ക്കും ഒരുമിച്ചു കുത്തിവയ്ക്കാനാണ് പദ്ധതിയെങ്കില്‍ ആദ്യതവണ മരുന്ന് കുത്തിവച്ച് മദിലക്ഷം കാണിച്ചതിനെ കൃത്രിമ ബീജാദാനം ചെയ്യാതെ എട്ടാം ദിവസം എല്ലാ ആടുകള്‍ക്കും ഒന്നര മില്ലി ഇല്ലിറാന്‍ കുത്തിവച്ചാല്‍ എല്ലാ ആടുകളും മൂന്നാം ദിവസം മദിലക്ഷണം കാണിക്കും. പ്രവര്‍ത്തനക്ഷമമായ അണ്ഡാശയമുള്ള ആടുകളില്‍ മാത്രമേ ഈ മരുന്നുകൊണ്ട് മദി ക്രമീകരിക്കാനാവൂ.

ഡിഡാര്‍ (CIDR)

(കണ്‍ട്രോള്‍ഡ് ഇന്റേണല്‍ ഡ്രഗ് റിലീസ് ഡിസ്പന്‍സര്‍) റബര്‍കൊണ്ടുണ്ടാക്കിയ ഒരു ഉപകരണമാണിത്. ഇതില്‍ മരുന്നു പുരട്ടിയിരിക്കണം. ആടുകളുടെ യോനിക്കകത്ത് ഒരു ആപ്ലിക്കേറ്ററിന്റെ സഹായത്തോടെ ഇതു നിക്ഷേപിക്കുന്നു. നിക്ഷേപിച്ച് പതിനേഴാമത്തെ ദിവസം ഇതു നീക്കംചെയ്യുന്നു. അതേ ദിവസംതന്നെ PMSG (Folligon) എന്ന മരുന്ന് നൂറ് അന്തര്‍ദേശീയ യൂണിറ്റ് പേശികളില്‍ കുത്തിവയ്ക്കുന്നു. സിഡാര്‍ നീക്കിയശേഷം 48-ാമത്തെ മണിക്കൂറിലും 60-ാമത്തെ മണിക്കൂറിലും രണ്ടു തവണ കുത്തിവച്ചാല്‍  ഗര്‍ഭധാരണം നടക്കും. സിഡാറിന്റെ ഏകദേശ വില 240 രൂപയാണ്.

കൃത്രിമ ബീജാദാനം

പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമ ബീജാദാനം നടത്താം. ബീജം ഗുളികരൂപത്തിലും സ്‌ട്രോയിലാക്കിയും ദ്രവനൈട്രജനില്‍ സൂക്ഷിക്കാം. സ്‌പെക്കുലം ഉപയോഗിച്ചാണ് ആടുകളില്‍ കൃത്രിമ ബീജാദാനം നടത്തുന്നത്. ഗുളികരൂപത്തിലുള്ള ബീജം ഒരു ഫോര്‍സെപ്‌സ്‌കൊണ്ടെടുത്ത് ഒരു ബീക്കറില്‍ 37 ഡിഗ്രി സെന്റിഗ്രേഡ് ചൂടുള്ള വെള്ളത്തില്‍ മുക്കിവച്ച ടെസ്റ്റ്ട്യൂബിനകത്തിടുന്നു. ഒരു മിനിട്ടുകൊണ്ട് ഇത് ദ്രവരൂപത്തിലാകും. ഉടനെ ഗ്ലാസ് പിപ്പറ്റുകൊണ്ട് വലിച്ചെടുത്ത് ആടുകളില്‍ കുത്തിവെയ്ക്കാം.
മുട്ടനാടില്‍ നിന്നും ബീജം നേരിട്ട് ശേഖരിച്ച് ട്രിസ്, ആട്ടിന്‍പാല്‍, ഇളനീര്‍ എന്നീലായകങ്ങളില്‍ ചേര്‍ത്തും കുത്തിവയ്പു നടത്താം. ഇങ്ങനെ കുത്തിവയ്ക്കുമ്പോള്‍ 80-90 ശതമാനം വരെ ഗര്‍ഭധാരണനിരക്ക് കിട്ടും. നല്ല പ്രജനനശേഷിയുള്ള ഒരു മുട്ടനാടില്‍നിന്നും ശേഖരിച്ച ബീജമുപയോഗിച്ചു 10 ആടുകള്‍ക്കുവരെ കുത്തിവെക്കാം. പത്ത് ആടുകളുടെ മദി ക്രമീകരിച്ച് ഈ വിധം കുത്തിവെയ്ക്കുന്നതാണ് ഉചിതം.


ഡോ. പി.വി  മോഹനന്‍
കണ്ണൂര്‍
ഫോണ്‍:9447005040
     
2012 മാര്‍ച്ച് ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment