Wednesday, 10 December 2014

മൃഗസംരക്ഷണമേഖലയിലെ ചില സംശയങ്ങള്‍

പശുക്കള്‍ക്ക് വരട്ടുചൊറി ഉണ്ടാകുന്ന സാഹചര്യം വിശദീകരിക്കാമോ?

കുളമ്പിനു മുകളില്‍ കാണപ്പെടുന്ന Pododermatitis എന്ന പേരിലറിയപ്പെടുന്ന വരട്ടുചൊറിക്കു കാരണം ഡെര്‍മറ്റോഫൈലസ് കോംഗോലെന്‍സിസ് എന്നു വിളിക്കുന്ന അണുജീവികളാണെന്ന് വെറ്ററിനറി സര്‍വകലാശാലയുടെ പ്രിവന്റീവ് മെഡിസിന്‍ വിഭാഗം നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
മുറിവുകളിലൂടെയാണ് ഇതു പകരുന്നത്. തൊഴുത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചാണകം എടുത്തുമാറ്റാത്തതും രോഗത്തിന് ഇടവരുത്തും. തന്മൂലം തൊഴുത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പേവിഷബാധയ്‌ക്കെതിരേ നായ് ക്കളെ കുത്തിവയ്‌ക്കേണ്ടത് എപ്പോഴാണ്?

വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള കുത്തിവയ്പ് 8 ആഴ്ച പ്രായത്തില്‍ നടത്തണം. ഒരു മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസും വര്‍ഷം തോറും തുടര്‍കുത്തിവയ്പും ചെയ്യേണ്ടതാണ്. പൂച്ചകള്‍ക്കും രോഗപ്രതിരോധ കുത്തിവയ്പ് നല്‍കണം.


കിടാരികളിലെ വന്ധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ സാധ്യമാണോ ?

കിടാരികളിലെ വന്ധ്യത നിയന്ത്രിക്കാന്‍ അവയ്ക്ക് ശാസ്ത്രീയ രീതിയില്‍ തീറ്റയും പതിവായി 25 ഗ്രാം വിറ്റാമിന്‍-ധാതുലവണ മിശ്രിതങ്ങളും നല്‍കണം. പച്ചപ്പുല്ല് പതിവായി നല്‍കുന്നത് നല്ലതാണ്. 6 മാസത്തിലൊരിക്കല്‍ വിരമരുന്ന് നല്‍കണം. മദിലക്ഷണം വ്യക്തമായി നിരീക്ഷിക്കണം. പ്രായപൂര്‍ത്തിയെത്തിയിട്ടും മദിലക്ഷണം കാണിക്കാത്ത പശുക്കളെ വെറ്ററിനറി സര്‍ജന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. മൂന്നു തവണ കൃത്രിമ ബീജാധാനം നടത്തിയിട്ടും ഗര്‍ഭധാരണം നടക്കാത്ത കിടാരികളെ വിദഗ്ധ ചികിത്സക്കു വിധേയമാക്കണം.

ഇറച്ചിസംസ്‌കരണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് കേരളത്തില്‍ എന്തുമാത്രം സാധ്യതയുണ്ട്?

വികസ്വരരാജ്യങ്ങളില്‍ ഇറച്ചിയുടെ ഉപഭോഗം 2020ല്‍ 60 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ സൂചന. ഇന്ത്യയില്‍ പ്രതിവര്‍ഷം 1.95 ദശലക്ഷം കന്നുകാലികള്‍, 10.6 ദശലക്ഷം എരുമകള്‍, 17.7 ദശലക്ഷം ചെമ്മരിയാടുകള്‍, 40.5 ദശലക്ഷം ആടുകള്‍, 4.5 ദശലക്ഷം പന്നികള്‍ എന്നിവ കശാപ്പു ചെയ്യപ്പെടുന്നു. ഇറച്ചിയുടെ ഉപഭോഗത്തില്‍ കേരളം മുന്നിലാണ്. 95 ശതമാനം മലയാളികളും ഇറച്ചി കഴിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മതപരമായ നിബന്ധനകള്‍ ഇവിടെ കുറവാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പൂര്‍ണസാക്ഷരത, സാമൂഹിക സാമ്പത്തിക രംഗത്തെ വളര്‍ച്ച, പോഷകങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവ മൂലമാണിത്. പ്രതിവര്‍ഷം 1.5 ദശലക്ഷം കന്നുകാലികളെ ഇറച്ചിക്കുവേണ്ടി കശാപ്പു ചെയ്യുന്ന കേരളത്തില്‍ ഇറച്ചി വ്യവസായത്തിനു സാധ്യതയേറെയാണ്.
ഇന്ത്യ പോത്തിറച്ചി കയറ്റുമതിയില്‍ മുന്നിലാണ്. ഇത് കാരാബീഫ് എന്ന പേരിലറിയപ്പെടുന്നു. ഇന്ത്യന്‍ പോത്തിറച്ചി മൃദുവും കൊഴുപ്പ് കുറഞ്ഞതും മാര്‍ദ്ദവമുള്ളതുമായതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയില്‍ ഇളംപോത്തുകളെ കശാപ്പിനു വിധേയമാക്കുന്നതിനാല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറവാണ്. എന്നാല്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ 7-8 വയസിനുശേഷം മാത്രമെ ഇറച്ചിക്കുവേണ്ടി ഉപയോഗിക്കാവൂ. മലേഷ്യ, ഈജിപ്ത്, യുഎഇ, തായലന്‍ഡ്, യെമന്‍, ജപ്പാന്‍, സൗദിഅറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇറച്ചി കയറ്റുമതി  ചെയ്യുന്നുണ്ട്. മലേഷ്യ, ഈജിപ്ത്, ഇറാന്‍, ജോര്‍ദാന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് കോഴിയിറച്ചിയും ഉപോല്പന്നങ്ങളും കയറ്റുമതി ചെയ്തുവരുന്നു.

കേരളത്തിലെ ആഹാരരീതികളില്‍ വന്ന മാറ്റത്തെക്കുറിച്ചും ഇവ നല്‍കുന്ന ബിസിനസ് സാധ്യതകളെക്കുറിച്ചും എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ ? 

വികസിത രാജ്യങ്ങളിലെ ഓപ്പണ്‍കിച്ചണ്‍രീതി ഇന്ത്യയിലും വന്നു തുടങ്ങിയിരിക്കുന്നു. ചെലവഴിക്കാവുന്ന വരുമാനത്തിന്റ അളവ് വര്‍ദ്ധിക്കുകയാണ്. 2040 ഓടുകൂടി ഇന്ത്യ ലോകസമ്പദ്‌വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

ഷോപ്പിംഗ് രീതിയിലും  മാറ്റങ്ങള്‍ നടക്കുകയാണ്. കുറഞ്ഞ സമയത്ത് എല്ലാ വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വാണിജ്യസമുച്ചയങ്ങള്‍ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു. മാധ്യമങ്ങളുടെ സ്വാധീനം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി, സസ്യേതര ഭക്ഷ്യവസ്തുക്കളോടുള്ള താത്പര്യം എന്നിവ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ പരമ്പരാഗതരീതിയില്‍ നിന്നും ഹോം മാനേജര്‍ പദവിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പായ്ക്കു ചെയ്യപ്പെട്ട Ready to eat, Ready to cook  ഭക്ഷ്യവസ്തുക്കള്‍ക്കു പ്രിയമേറിവരുന്നു.

വിവിധ രാജ്യങ്ങളിലെ രുചികള്‍, സമ്മിശ്രഭക്ഷണം (Fusion food) ലോകരുചി പരിചയപ്പെടുത്തുന്ന Word Cusine എന്നിവയാണ് അത്താഴവിരുന്നുകളിലെ പുത്തന്‍ താത്പര്യങ്ങള്‍. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് ഊണ്, വൈകിട്ട് ചായ, രാത്രി അത്താഴം എന്നിവയ്ക്കു പുറമെ വൈകിട്ട് നാലിന് ചോക്കലേറ്റുകള്‍, ഏഴിന് ലഘുഭക്ഷണം (Snacks) എന്നിവ കഴിച്ച് അത്താഴം വൈകി കഴിക്കുന്നവരുണ്ട്‌. ഇത്തരം Snacky movements പുതിയൊരു ഭക്ഷ്യവിഭവം കൂടി ഭക്ഷണക്രമത്തിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചുവരുന്നു.
Olive Oild, Cold cuts, Probiotic food തുടങ്ങി ആയിരക്കണക്കിന് പുത്തന്‍ ഭക്ഷ്യവസ്തുക്കളാണ് വിപണിയിലെത്തുന്നത്. ആട്ടിറച്ചി, ചിക്കന്‍ വിഭവങ്ങളടങ്ങിയ വിഭവങ്ങള്‍, പിസ എന്നിവയ്ക്കും തിരക്കേറിവരുന്നു. Stable masala mixes, pastses എന്നിവയ്ക്കും വിപണന സാധ്യതയേറിവരുന്നു. ആകര്‍ഷകമായ പാക്കേജുകള്‍, ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന ഘടകമാണ്.

No comments:

Post a Comment