Thursday, 11 December 2014

പക്ഷിപ്പനി: ആശങ്കവേണ്ട; എന്നാല്‍ ജാഗ്രത വേണം

ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ ഇത്യാദി പകര്‍ച്ചവ്യാധികള്‍ക്കുശേഷം നമ്മുടെ സമൂഹത്തെ ഒന്നടങ്കം ആശങ്കയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണല്ലോ പക്ഷിപ്പനി. അച്ചടി ദൃശ്യ മാധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായതിനാല്‍ എന്താണ് പക്ഷിപ്പനി, രോഗാണു, രോഗലക്ഷണങ്ങള്‍ മനുഷ്യരിലും പക്ഷികളിലും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ നിങ്ങളുടെ സംശയനിവാരണത്തിനും ഭീതി ദൂരീകരിക്കാനും ഈ ലേഖനം ഉതകുമെന്ന് കരുതുന്നു.

പക്ഷിപ്പനി 1878ല്‍ ഇറ്റലിയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും പടര്‍ന്നുപിടിക്കാനും സാധ്യതയുള്ള ഒരിനം വൈറസ് മൂലമുള്ള രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളെയും ബാധിക്കാമെങ്കിലും വീടുകളിലും ഫാമുകളിലും വളര്‍ത്തുന്ന കോഴികളിലും താറാവുകളിലുമാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

ഈ അടുത്തകാലത്തായിട്ടാണ് (2003നുശേഷം) എച്ച്5 എന്‍1 വിഭാഗത്തില്‍പ്പെട്ട ഇന്‍ഫ്‌ളുവന്‍സ പക്ഷികളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

പക്ഷിപ്പനി പക്ഷികളില്‍

എച്ച്5 എന്‍1 വിഭാഗം പക്ഷിപ്പനി ഏഷ്യന്‍ രാജ്യങ്ങളായ തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ജപ്പാന്‍, കൊറിയ, ചൈന, മലേഷ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ഈ രോഗം ആദ്യമായി 2006 ഫെബ്രുവരി - മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും പിന്നീട് 2007 ല്‍ മണിപ്പൂരിലും 2008 ജനുവരിയോടെ പശ്ചിമബംഗാളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കേരളത്തില്‍ ഈ രോഗം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആദ്യമായി ഇപ്പോഴാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പക്ഷിപ്പനി ഒരു രാജ്യത്തുനിന്നോ, പ്രദേശത്തുനിന്നോ, മറ്റൊരു രാജ്യത്തേക്കോ പ്രദേശത്തേക്കോ സാധാരണയായി പകരുന്നത് രോഗബാധിതരായ ദേശാടനപ്പക്ഷികള്‍ വഴിയോ അല്ലെങ്കില്‍ രോഗമുള്ള പക്ഷികളുടെ ഇറച്ചി, മുട്ട, പക്ഷികളുടെ കാഷ്ഠം എന്നിവ കച്ചവട ആവശ്യത്തിനായി കൊണ്ടുപോകുമ്പോഴോ ആണ്.

പക്ഷികളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതി

രോഗമുള്ള താറാവ്, കോഴി തുടങ്ങിയവയുമായി അടുത്തിടപഴകുക, അവയുടെ വിസര്‍ജ്യങ്ങളോ സ്രവങ്ങളോ അടങ്ങിയ പൊടി ശ്വസിക്കുക, നന്നായി പാചകം ചെയ്യാത്ത ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുക, ശരീരത്തിലെ മുറിവുകള്‍ വഴിയോ ഈ രോഗം പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പകരാവുന്നതാണ്. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന പക്ഷിപ്പനി കേസുകള്‍ കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. എങ്കിലും ജനിതകമാറ്റം വന്ന വൈറസുകളാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ പക്ഷിപ്പനിയെ ജാഗ്രതയോടെ കൈകാര്യം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ഉപദേശം. 1918 ലെ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയാലും 1957 ലെ ഏഷ്യന്‍ ഇന്‍ഫ്‌ളുവന്‍സയാലും 1968 ലെ ഹോങ്കോംഗ് മഹാമാരിയിലും ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കിയ ഇന്‍ഫ്‌ളുവന്‍സ മഹാമാരികളുടെ നടുക്കുന്ന ഓര്‍മകളാണ് പക്ഷിപ്പനിയുടെ മുന്‍കരുതലുകളുടെ അടിസ്ഥാനം.

രോഗാണു

ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എന്ന പേരില്‍ അറിയപ്പെടുന്ന പക്ഷിപ്പനിക്ക് ഓര്‍ത്തോ മിക്‌സോ വെറിഡേ വിഭാഗത്തില്‍പ്പെട്ട ടൈപ്പ് എ വിഭാഗം വൈറസുകളാണ് രോഗഹേതു. വൈറസുകളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ ഇതിന് 16 ഓളം ഉപവിഭാഗങ്ങളുമുണ്ട്. ഇതില്‍ എച്ച് 5 എന്‍ 1 എന്ന വിഭാഗം വൈറസ് ജനിതകമാറ്റ സാധ്യത കൂടുതലുള്ളതും  മനുഷ്യരില്‍  രോഗബാധയുണ്ടാക്കാന്‍ സാധ്യതയുള്ളതുമാണ്. അണുബാധിതമായ കോഴിയോ താറാവോ വിസര്‍ജിക്കുന്ന ഒരു ഗ്രാം കാഷ്ഠം ഒരു ദശലക്ഷത്തോളം കോഴികള്‍ക്ക് അണുബാധ ഉണ്ടാക്കാന്‍ പോരുന്നതാണ്. എന്നാല്‍ 56 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മൂന്നു മണിക്കൂറും 60 ഡിഗ്രി സെല്‍ഷ്യസില്‍ അരമണിക്കൂറിനുള്ളിലും വൈറസ് നശിച്ചുപോകും. സാധാരണ ഉപയോഗിച്ചുവരുന്ന ബ്ലീച്ചിംഗ് പൗഡര്‍, ബ്ലീച്ച് ലായനി, ഫോര്‍മാലിന്‍ തുടങ്ങിയ അണുനാശിനികള്‍ വഴി അണുനാശം നടത്താന്‍ കഴിയുന്നതാണ്.


രോഗലക്ഷണങ്ങള്‍ പക്ഷികളില്‍

ലഘുതരമായ ഇന്‍ഫ്‌ളുവന്‍സാ വൈറസ്ബാധ പക്ഷികളില്‍ പലപ്പോഴും ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാക്കാതെ കടന്നുപോകുകയോ ചിലപ്പോള്‍ വളരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുകയോ ചെയ്യുന്നു. എന്നാല്‍ വൈറസിന്റെ ശക്തിയനുസരിച്ച് വളരെ വ്യത്യസ്തവും ഗുരുതരവുമായ രോഗലക്ഷണങ്ങള്‍ പക്ഷികള്‍ പ്രകടിപ്പിക്കുന്നു.

  തൂവലുകള്‍ കൊഴിയുക, കട്ടികൂടിയ തോടോടുകൂടിയ മുട്ടകള്‍ ഇടുക, മുട്ടയിടുന്നതില്‍ കുറവ് ഉണ്ടാകുക, തൂങ്ങി തൂങ്ങി നില്‍ക്കുക, വിശപ്പില്ലായ്മ, ശരീരഭാഗങ്ങളില്‍ നീലനിറ വ്യത്യാസം കാണുക, തലയിലും കണ്‍പോളകളിലും നീരു വരിക, മൂക്കില്‍ നിന്നു രക്തം കലര്‍ന്ന സ്രവങ്ങള്‍ ഉണ്ടാകുക, നില്‍ക്കാനും നടക്കാനും കഴിയാത്ത അവസ്ഥ, ശ്വാസതടസം തുടങ്ങിയ ഗുരുതരമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും രോഗം മൂര്‍ച്ഛിച്ച് മരണവും സംഭവിക്കുന്നു.

രോഗനിര്‍ണയം പക്ഷികളില്‍

രോഗനിര്‍ണയത്തിനാവശ്യമായ സാംപിളുകള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം സംഭരിക്കുന്നു.
* അസുഖം ബാധിച്ചതോ മരിച്ചതോ ആയ അഞ്ച് പക്ഷികള്‍
* രോഗം ബാധിച്ച പക്ഷികളുടെ ശ്വാസകോശത്തില്‍ നിന്നോ ശ്വാസനാളത്തില്‍ നിന്നോ ശേഖരിച്ച സ്രവങ്ങള്‍ - ചുരുങ്ങിയത് അഞ്ച് പക്ഷികളുടേത്
* ദഹന വ്യൂഹങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ - അഞ്ച് പക്ഷികളുടേത്
* അസുഖം ഇല്ലാത്ത പക്ഷികളുടെ ശ്വാസനാള സ്രവങ്ങള്‍ - പത്തില്‍ കുറയാത്ത എണ്ണം
* അസുഖം ബാധിച്ച പക്ഷികളുടെ ചുരുങ്ങിയത് പത്ത് രക്തസാംപിളുകള്‍
തുടങ്ങിയ സാംപിളുകള്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന രീതിയി ല്‍ പ്രത്യേക ശ്രദ്ധയോടെ പായ്ക്ക് ചെയ്ത് ലേബല്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭോപ്പാലിലെ ലബോറട്ടറിയില്‍ എത്തിക്കുകയാണ് വേണ്ടത് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ്).
പക്ഷിപ്പനിയാണെന്ന് സംശയമുണ്ടെങ്കില്‍ ഉടനെതന്നെ നിങ്ങള്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെയും ജില്ലാ കളക്ടറെയും വിവരം അറിയിക്കുക. അതോടൊപ്പം റവന്യൂ, സബ്ഡിവിഷണല്‍ ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയവരെയും വിവരം അറിയിക്കുക.
സംശയാസ്പദമായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ജില്ലാ വെറ്ററിനറി ഓഫീസറും ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറും അടിയന്തരമായി സ്ഥലം സന്ദര്‍ശിച്ച് കേസ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നു. ആവശ്യമായ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് ധരിച്ചതിനുശേഷം സാംപിളുകള്‍ സംഭരിച്ച് വിദഗ്ധ പരിശോധനയ്ക്ക് ലാബുകളിലേക്ക് അയച്ചുകൊടുക്കുക എന്നിവയാണ്.
ലാബ് പരിശോധനയില്‍ പക്ഷിപ്പനിയില്ലെന്ന് തെളിഞ്ഞാല്‍ ആ വിവരം പത്രമാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കേണ്ടതുമാണ്.പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍

 ചെയ്യാനേറെ കാര്യങ്ങളുണ്ട്

അലര്‍ട്ട് സോണ്‍

പക്ഷിപ്പനി ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചാല്‍ പക്ഷിപ്പനി ബാധിച്ച സ്ഥലത്തിന് ചുറ്റുമുള്ള പത്തു കിലോ മീറ്റര്‍ വ്യാസത്തില്‍ ഉള്‍പ്പെടെ പ്രദേശങ്ങളെല്ലാം അലര്‍ട്ട് സോണില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടതാണ്.

അലര്‍ട്ട് സോണിലെ വിവിധതരം നിയന്ത്രണങ്ങള്‍

1. രോഗബാധ സ്ഥിരീകരിക്കപ്പെട്ടതോ, സംശയിക്കുന്നതോ ആയ ഫാമിനകത്തേക്കോ പുറത്തേക്കോ യാതൊരുവിധ വാഹനങ്ങളും കടത്തിവിടാതിരിക്കുക.
2. അലര്‍ട്ട്‌സോണ്‍ പ്രദേശത്ത് ജീവനോടെയിരിക്കുന്നതോ ചത്തുപോയതോ ആയ കോഴികള്‍, താറാവുകള്‍, വളം, ഫാമില്‍നിന്നുള്ള മാലിന്യങ്ങള്‍ എന്നിവ സോണിന് പുറത്തേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കാതിരിക്കുക.
3. ഫാമിനകത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സംരക്ഷണത്തിനാവശ്യമായ മാസ്‌കുകള്‍, ഗൗണുകള്‍, ഗൂഗിള്‍സ്, ഗ്ലാസുകള്‍, ഷൂ കവറുകള്‍ തുടങ്ങിയവ  ഉപയോഗിക്കേണ്ടതാണ്.
4. രോഗംബാധിച്ച ഫാമിനകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ സഞ്ചാരം പരമാവധി കുറയ്‌ക്കേണ്ടതാണ്. മറ്റ് യാതൊരു മൃഗങ്ങളെയും ഫാമിനകത്ത് അനുവദിക്കേണ്ടതില്ല.
5. ഫാമിനകത്ത് ജോലി ചെയ്യുന്നവര്‍ മറ്റ് ഫാമുകള്‍, മൃഗശാല, പക്ഷിസങ്കേതങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കണം.
6. ഫാമിനകത്ത് അണുനാശന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യണം.
7. ഫാമിനകത്തെ കോഴി, താറാവുകളുടെ കണക്ക് കൃത്യമായി സൂക്ഷിച്ചിരിക്കണം.
8. ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് കിട്ടുന്നതിനു മുമ്പ് അലര്‍ട്ട് സോണിനകത്തെ മാര്‍ക്കറ്റുകളും മറ്റും അടയ്‌ക്കേണ്ടതിന്റെ സാധ്യത റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ആരായേണ്ടതാണ്. പ്രത്യേകിച്ചും സോണിനുള്ളില്‍ രോഗം പകരുന്ന സാഹചര്യമുണ്ടായാല്‍.
9. ലാബ് റിപ്പോര്‍ട്ട് കിട്ടുന്നതിനുമുമ്പുതന്നെ മറ്റ് ഫാമുകളില്‍ /വീടുകളില്‍ കൂടുതല്‍ കോഴി/താറാവുകളെ അസുഖം ബാധിക്കുന്നുണ്ടോയെന്ന വിവരം മൃഗസംരക്ഷണ വകുപ്പ് ശേഖരിക്കേണ്ടതാണ്.

ലാബ് പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

രോഗം സ്ഥിരീകരിച്ചാല്‍ വകുപ്പ് തലവനേയും സെക്രട്ടറിയേയും ഉടന്‍ വിവരമറിയിക്കേണ്ടതാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ ഏതെന്നുള്ള വിശദാംശങ്ങള്‍ പഞ്ചായത്ത്, വാര്‍ഡ്, വില്ലേജ്, സ്ഥലപ്പേരുകള്‍ സഹിതം പ്രത്യേകം തയാറാക്കി ആ പ്രദേശത്തെ പക്ഷിപ്പനിബാധിത പ്രദേശമായി പ്രഖ്യാപിക്കേണ്ടതും ജനങ്ങളുടെ അറിവിലേക്കായി പത്രമാധ്യമങ്ങളെ ഉപയോഗിക്കേണ്ടതുമാണ്. ഒരു കിലോമീറ്റര്‍ മുതല്‍ പത്തു കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളെ സൂക്ഷ്മ നിരീക്ഷണ പ്രദേശമായി പ്രഖ്യാപിക്കേണ്ടതാണ്.
* കേന്ദ്ര ഗവണ്‍മെന്റ്, ലോകാരോഗ്യ സംഘടന തുടങ്ങിയ ഉന്നത തലങ്ങളിലേക്ക് പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യുക.
* ഇന്‍ഫെക്ട് സോണില്‍ നിന്ന് പുറത്തേക്കോ അകത്തേക്കോ കോഴികള്‍, താറാവുകള്‍, മുട്ട, മാംസം, വളം തുടങ്ങിയവയുടെ പോക്കുവരവുകള്‍ നിയന്ത്രിക്കുക.
* പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പൗള്‍ട്രി ഫാമുകളും താറാവ്/കോഴി മുട്ടകള്‍ വില്‍ക്കുന്നതുമായ കടകള്‍ നിര്‍ബന്ധമായും അടപ്പിക്കേണ്ടതാണ്.
* രോഗം ബാധിച്ച ഫാമുകളിലുള്ള ജീവനക്കാര്‍ മറ്റ് ഫാമുകള്‍ സന്ദര്‍ശിക്കാന്‍ പാടുള്ളതല്ല.
* ഫാമില്‍ പ്രവേശിക്കുമ്പോള്‍ സ്വയംസംരക്ഷണത്തിനുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും ധരിക്കേണ്ടതും പുറത്തുപോകുന്നതിന് മുമ്പ് ഇവ ഫാമിനകത്ത് നിക്ഷേപിക്കേണ്ടതുമാണ്.
* വാഹനം പുറത്ത് പോകുന്നതിനുമുമ്പ് അണുനാശിനി ഉപയോഗിച്ച് അണുമുക്തമാക്കേണ്ടതാണ്.
*ജലസ്രോതസുകള്‍ പക്ഷികാഷ്ഠങ്ങളും അവശിഷ്ടങ്ങളും വഴി മലിനീകരിക്കപ്പെടാതെ നോക്കേണ്ടതാണ്.
പ്രത്യേകമായി പരിശീലനം നേടിയിട്ടുള്ള റാപ്പിഡ് റെസ്‌പോണ്‍സീവ് ടീമിന്റെ കള്ളര്‍മാര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ കോഴി/താറാവുകളെ കൊന്നുകളയേണ്ടതും അതിനുശേഷം കത്തിച്ചുകളയുകയോ, രണ്ടു മീറ്ററിലധികം താഴ്ചയില്‍ കുഴിച്ചിടുകയോ ചെയ്യണം.
* ഫാമുകള്‍/കോഴി, താറാവ് വളര്‍ത്ത് കേന്ദ്രങ്ങള്‍ സ്പിരിറ്റ് സാവലോണ്‍, ബ്ലീച്ചിംഗ് പൗഡര്‍, ബ്ലീച്ച് ലായനി എന്നിവയുപയോഗിച്ച് അണുനശീകരണം നടത്തുകയും ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഫ്യുമിഗേറ്റ് ചെയ്യേണ്ടതുമാണ്.
* നിലവിലുള്ള ആരോഗ്യവകുപ്പിന്റെയും (പിഎച്ച് ആക്ട്), മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തി രാജ് ആക്ട് വഴിയുള്ള നിയമങ്ങള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.
* കോഴി/താറാവ് വ്യവസായവുമായി ബന്ധപ്പെട്ട വ്യാപാരികളെയും വ്യവസായികളെയും ബോധവല്‍ക്കരിക്കേണ്ടതും കൃത്യമായി വിവരങ്ങള്‍ അറിയിക്കേണ്ടതുമാണ്
* മീഡിയാ സ്‌പോക് പേഴ്‌സണ്‍ വഴി കൃത്യമായ വിവരങ്ങള്‍ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കാത്ത തരത്തില്‍ ജനങ്ങളെ  അറിയിക്കേണ്ടതാണ്.


ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രത്യേക നിര്‍ദേശങ്ങള്‍

രോഗബാധപ്രദേശത്തുള്ളവര്‍ ചെയ്യേണ്ടത്

* എല്ലാവരും പ്രത്യേകിച്ച് കുട്ടികള്‍ കോഴി, താറാവുകള്‍ എന്നിവയുമായി ഇടപഴകുന്നതു ഒഴിവാക്കുക
* ജീവനുള്ളതോ ചത്തതോ ആയ പക്ഷികളെ സ്വന്തം വീട്ടിലോ മറ്റിടങ്ങളിലോ വെച്ച് സ്വയംസംരക്ഷണ സംവിധാനം ഉപയോഗിക്കാതെ കൈകാര്യം ചെയ്യാതിരിക്കുക
* രോഗമുണ്ടെന്ന് സംശയിക്കുന്ന കോഴി/താറാവ് ഫാമുകള്‍ സന്ദര്‍ശിക്കാതിരിക്കുക
* ഇത്തരത്തില്‍ പക്ഷികളുമായി ബന്ധപ്പെടാന്‍ ഇടയായവര്‍ ഡോക്ടര്‍മാരെയോ ആരോഗ്യപ്രവര്‍ത്തകരെയോ കണ്ട് പ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ആരായുക

പക്ഷിപ്പനി മനുഷ്യരില്‍

മനുഷ്യരില്‍ രോഗബാധയുണ്ടായാല്‍ ശക്തമായ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് ഇന്‍ഫ്‌ളുവന്‍സായുടെ ലക്ഷണങ്ങള്‍.


രോഗനിര്‍ണയം

1. മൂക്കിലെ സ്രവങ്ങള്‍ ഉപയോഗിച്ച് ആന്റിജന്‍ ടെസ്റ്റുകള്‍
എ) റാപ്പിഡ് ടെസ്റ്റുകള്‍
ബി) എലിസ ടെസ്റ്റുകള്‍
സി) പിസിആര്‍ ടെസ്റ്റുകള്‍
2.  വൈറസിനെ വേര്‍തിരിക്കുന്ന ടെസ്റ്റുകള്‍
സിറം സാംപിള്‍ ഉപയോഗിച്ചുള്ള സിറോളജിക്കല്‍ ടെസ്റ്റുകള്‍
ഇന്ത്യയില്‍ രോഗ നിര്‍ണയ സൗകര്യങ്ങള്‍ പൂനയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് വൈറോളജിയിലും ലഭ്യമാണ്.

രോഗ ചികിത്സ മനുഷ്യരില്‍

മനുഷ്യരെ ബാധിക്കുന്ന പക്ഷിപ്പനിയുടെ ചികിത്സ അടിസ്ഥാനപരമായി ഇന്‍ഫ്‌ളുവന്‍സാ ചികിത്സപോലെതന്നെയാണ്.
രോഗിയെ ആശുപത്രിയില്‍ പ്രത്യേകമായി സജ്ജീകരിച്ച പകര്‍ച്ചവ്യാധി വാര്‍ഡില്‍ മാത്രം അഡ്മിറ്റ് ചെയ്യുക.
ശ്വസനം, ഹൃദയമിടിപ്പ് തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുക.
ഐവിഫ്‌ളൂയിഡ് ആവശ്യാനുസരണം നല്‍കാം.
ഇന്‍ഫ്‌ളുവന്‍സാ വൈറസിനെതിരെയുള്ള മരുന്ന് ഒസില്‍ടാമിവിര്‍ ഗുളികകള്‍ പ്രായപൂര്‍ത്തിയായവരില്‍ 75 മില്ലിഗ്രാം ദിവസേന രണ്ടുനേരം അഞ്ച് ദിവസത്തേക്ക് നല്‍കുന്നു. ശ്വാസകോശത്തിനുണ്ടാകുന്ന ന്യൂമോണിയ ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങള്‍ തടയാന്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണ്. പനിക്ക് പാരസെറ്റമോള്‍ നല്‍കാവുന്നതാണ്.

പക്ഷിപ്പനി നിയന്ത്രണം

സംസ്ഥാനതലത്തില്‍ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ചെയര്‍മാനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കണ്‍വീനറും ആയി ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെംബര്‍മാരായുള്ള 15 അംഗ സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കമ്മിറ്റിയാണ് പക്ഷിപ്പനിക്കെതിരായുള്ള തയാറെടുപ്പുകള്‍ക്കും നിയന്ത്രണ മാര്‍ഗങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
കൂടാതെ ആരോഗ്യവകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും ജില്ലാതലത്തില്‍ ദ്രുതകര്‍മസേന പ്രവര്‍ത്തിക്കുന്നുണ്ട്.
രോഗനിയന്ത്രണത്തിന്റെ ഭാഗമായി അലര്‍ട്ട് സോണില്‍ മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നുണ്ടോയെന്നറിയാനായി ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ സഹായത്തോടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പനിയുള്ളവരെയും രോഗംബാധിച്ച പക്ഷികളുമായി ഇടപഴകിയവരെയും കണ്ടെത്തി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും വേണമെങ്കില്‍ ഇവര്‍ക്ക് ഒസല്‍ട്ടാമിവിര്‍ ഗുളികകള്‍ വഴിയുള്ള പ്രതിരോധ ചികിത്സ നല്‍കേണ്ടതുമാണ്. സംശയാസ്പദമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ തൊണ്ടയിലെ സ്രവം വിദഗ്ധ ലാബുകളിലേക്ക് അയച്ച് മനുഷ്യരിലേക്ക് രോഗം പടരുന്നുണ്ടോയെന്നതിന്റെ നിരീക്ഷണം (ലബോറട്ടറി സര്‍വെയലന്‍സ്) നടത്തേണ്ടതാണ്.
ചിട്ടയായ രോഗപ്രതിരോധ രോഗനിയന്ത്രണ പരിപാടികളൂടെ പക്ഷിപ്പനി മനുഷ്യരിലും പക്ഷികളിലും ഒരു മഹാമാരിയായി മാറുന്നത് നമുക്ക് ഒരുമിച്ച് തടയാനാകും.

ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക, പങ്കാളികളാകുക
പക്ഷിപ്പനിയെക്കുറിച്ച് ആശങ്കകള്‍ വേണ്ട, ജാഗ്രത മാത്രം മതി എന്നകാര്യം എല്ലാവരും ഓര്‍ക്കുക.ഡോ. പ്രശാന്ത്
മെഡിക്കല്‍ ഓഫീസര്‍
പ്രാഥമികാരോഗ്യകേന്ദ്രം
പാമ്പാടുംപാറ
ഇടുക്കി

No comments:

Post a Comment