Monday, 8 December 2014

നിങ്ങള്‍ക്കും മികച്ച തേന്‍ സംരംഭകനാകാം

ഡോ. എസ്. ദേവനേശന്‍
അഖിലേന്ത്യ സംയോജിത തേനീച്ച പരാഗണ ഗവേഷണകേന്ദ്രം,
കാര്‍ഷികകോളജ്, വെള്ളായണി


പുരയിടത്തില്‍ അഭയവും മഴക്കാലത്ത് ആഹാരമായി ഇത്തിരി പഞ്ചസാരവെള്ളവും നല്‍കിയാല്‍ നിശബ്ദമായി നിങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്ന തൊഴില്‍സേനയാണ് തേനീച്ചകള്‍. വിയര്‍പ്പൊഴുക്കാതെ വരുമാനം നേടാന്‍ സഹായിക്കുന്ന തേനീച്ചവളര്‍ത്തല്‍ വീട്ടമ്മമാര്‍ക്കും യുവജനങ്ങള്‍ക്കും മികച്ച വരുമാനമാര്‍ഗമായി മാറ്റാം.
ഒരു സംരംഭമെന്ന നിലയില്‍ തേനീച്ചവളര്‍ത്തല്‍ ആരംഭിക്കാനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപ്രമാണങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

കാലാവസ്ഥ അനുകൂലമെങ്കില്‍ വളര്‍ച്ചക്കാലം ആരംഭിക്കുന്ന ഓഗസ്റ്റില്‍ അഞ്ച് തേനീച്ചപ്പെട്ടികളുമായി തുടക്കം കുറിക്കുന്ന  ഒരു കര്‍ഷകന,് തേന്‍കാലം ആരംഭിക്കുന്നതോടെ അതു നാല്പതു കോളനികളാക്കി വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ കാര്‍ഷിക സര്‍വ്വകലാശാല രൂപപ്പെടുത്തിയിട്ടുണ്ട്.  ഒരു കൂട്ടില്‍നിന്നും ശരാശരി പത്ത് കിലോഗ്രാം തേന്‍ എന്ന തോതില്‍ നാനൂറു കിലോഗ്രാം തേന്‍ ലഭ്യമാകും.  ഇതിന് ഇന്ന് 80000 രൂപ വിലയുണ്ട് . വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ് തേനീച്ച വളര്‍ത്തല്‍. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും ഒരു മികച്ച തേന്‍ സംരംഭകനാകാം.

മനോജ് കുമാര്‍, ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയുടെ തേനീച്ച വളര്‍ത്തലിലെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  കണ്ണൂര്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ ആരംഭിച്ച തേനീച്ച വളര്‍ത്തല്‍ ഇന്ന് ഒരു സംരംഭമായി മാറിക്കഴിഞ്ഞു. മലബാര്‍ മേഘലയിലെ ആയിരക്കണക്കിനുള്ള കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന തേന്‍ ന്യാമായ വില നല്‍കി സംഭരിച്ച്   സാങ്കേതി വിദ്യ ഉപയോഗിച്ച് ഗുണമേന്മയുള്ള തേനും തേനുല്പന്നങ്ങളൂം വിപണനം ചെയ്യുന്ന ഒരു സ്ഥാപനം മലബാര്‍ഹണി & ഫുഡ് പാര്‍ക്ക് ലിമിറ്റഡ് കമ്പനി എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടത് ഈ മേഖലയിലെ തേന്‍ കര്‍ഷകര്‍ക്ക് ഒരു ആവേശമാണ്. 200 ടണ്‍ തേന്‍ സംഭരിക്കാന്‍ ശേഷിയുള്ള സംഭരണികളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തില്‍ തേനീച്ച വളര്‍ത്തലിന്റെ അനന്ത സാധ്യതകള്‍ ഉള്‍ക്കൊണ്ട തേനീച്ച കര്‍ഷകര്‍ വിവിധ ജില്ലകളില്‍ തേനീച്ച കൃഷിയില്‍ വ്യാപൃതരായിരിക്കുന്നു. തേന്‍ കാലം തുടങ്ങിയതോടുകൂടി (ജനുവരി- മെയ്) തേനീച്ചക്കോളനികളെ റബ്ബര്‍ തോട്ടങ്ങളില്‍ മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഒരേക്കര്‍ സ്ഥലത്ത് പത്ത് കോളനികള്‍ എന്ന തോതില്‍ സ്ഥാപിക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാന തേന്‍ സ്രോതസ്സായ റബ്ബര്‍ മരങ്ങള്‍ പഴയ ഇലപൊഴിച്ച് പുതിയ ഇലകള്‍ വരുന്നതോടെ തേനീച്ചകള്‍ക്ക് ഉല്‍സവമായി. പുതിയ കുരുന്നിലകള്‍ വളര്‍ന്ന് പകുതി മൂപ്പെത്തുന്നതോടെ ഇലഞെട്ടിലുള്ള മൂന്ന് തേന്‍ഗ്രന്ഥികള്‍ പാകമായി തേന്‍ചൊരിയാന്‍ തുടങ്ങും. ഈ സമയത്ത് കോളനികളില്‍നിന്ന്  തേന്‍ ശേഖരിക്കാന്‍ മതിയാവോളം  വേലക്കാരി ഈച്ചകള്‍ ഉണ്ടാകണം.

ചില പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ മാസങ്ങളായി തേനീച്ചക്കോളനികളെ ബാധിച്ചിരിക്കുന്ന രോഗത്തിന്  ടെറാമൈസിന്‍ (ആന്റിബൈയോട്ടിക്) ചികിത്സ നല്കി വന്നിരുന്നുവെങ്കില്‍ ഇത്തരുണത്തില്‍  നിര്‍ത്തേണ്ടതാണ്.  തേനെടുക്കാന്‍ തുടങ്ങുന്നതിന് ഒന്നരമാസം മുമ്പ് തന്നെ ഈ മരുന്ന് നല്‍കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം.

ശക്തമായതും ആരോഗ്യമുള്ളതും നിറയെ വേലക്കാരി ഈച്ചകള്‍ ഉള്ളതുമായ കോളനികള്‍  ആയിരിക്കണം റബ്ബര്‍ തോട്ടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കുവാന്‍. തേനുല്പാദനം ആദ്യം തുടങ്ങുന്ന കേരളത്തിലെ വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ തേനീച്ചപ്പെട്ടി ആദ്യം സ്ഥാപിക്കാം. തുടര്‍ന്ന് മധ്യകേരളത്തിലെ കോട്ടയം, പാല തുടങ്ങിയ സ്ഥലങ്ങളിലും അവസാനമായി തിരുവനന്തപുരം ജില്ലയിലെ പാലോട്, വിതുര, കുളത്തുപ്പുഴ എന്നീ പ്രദേശങ്ങളിലും മാറ്റി സ്ഥാപിച്ച് തേനെടുക്കുന്നത് ധാരാളം തേന്‍ ലഭിക്കാന്‍ സഹായിക്കും.  രാത്രി കാലത്തായിരിക്കണം കോളനികള്‍ മാറ്റുവാന്‍. ആറുമണിക്കുശേഷം, വേലക്കാരി ഈച്ചകള്‍ എല്ലാം കൂടുകളില്‍ കയറിയ ശേഷം കൂട് നന്നായി അടച്ച് , കയറുകൊണ്ട് കെട്ടി എടുക്കണം. പ്രവേശനകവാടം അടക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദൂരെ സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ അടകള്‍ക്കും കോളനികള്‍ക്കും ഉലച്ചില്‍ തട്ടാതെ സൂക്ഷിക്കണം. റബ്ബര്‍ തോട്ടത്തില്‍ വച്ചശേഷം പ്രവേശനകവാടം തുറന്നുകൊടുക്കണം. അടുത്തദിവസം കോളനികള്‍ പരിശോധിക്കേണ്ടാതാണ്.

രണ്ടാം ദിവസം മാറ്റിവച്ച കോളനികള്‍ക്ക്  കൃത്രിമാഹാരമായ പഞ്ചസാരലായനിനല്‍കേണ്ടതാണ്. കാരണം കോളനികള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിവയക്കുമ്പോള്‍ കൂട്ടിലുണ്ടായിരുന്നതേന്‍ ശേഖരം വേലക്കാരി ഈച്ചകള്‍ വേഗത്തില്‍ കുടിച്ചുതീര്‍ക്കും. ഒരു തവണ കൃത്രിമാഹാരം നല്‍കുന്നത്,  ഈച്ചകള്‍ കൂട് ഉപേക്ഷിച്ച് പോകുന്നത് തടയുന്നതിന് സഹായിക്കും. കൂടാതെ പ്രകൃതിയിലെ സ്രോതസ്സ് അന്വേഷിച്ചുപോകുന്നതിലുള്ള ഊര്‍ജ്ജവും ലഭ്യമാകും.

വര്‍ദ്ധിച്ച തോതില്‍ തേനുല്പാദിപ്പിക്കണമെങ്കില്‍ വേലക്കാരിതേനീച്ചകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം.  രണ്ടു  മുതല്‍ നാല് വരെ തേന്‍ തട്ടുകള്‍ രൂപപ്പെടുത്തി വേലക്കാരി ഈച്ചകളെ തേന്‍ ശേഖരണത്തിന് സജ്ജമാക്കാം.  ഇതിനായി കോളനികളില്‍ തേന്‍തട്ടുകള്‍ അഥവാ സൂപ്പര്‍ വയ്‌ക്കേണ്ടതാണ്.  പുഴു അറയ്ക്ക് മുകളിലായി തേന്‍തട്ട്  വയക്കുക.

കോളനിയുടെ അടിത്തട്ടില്‍ അഥവാ പുഴു അറയില്‍ വിരിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വേലക്കാരി ഈച്ചകളെ, പുഴു അറയ്ക്ക് മുകളില്‍ തേന്‍ തട്ട് സ്ഥാപിച്ച് അതിലേയ്ക്ക് ആകര്‍ഷിക്കേണ്ടതാണ്. ഇതിനായി അടിത്തട്ടിലെ വലതുവശത്തുള്ള ഒരു അട എടുത്ത് ചട്ടത്തില്‍നിന്നും വേര്‍പ്പെടുത്തി ഒരു ഇഞ്ച് വീതിയില്‍ നീളത്തില്‍ മുറിയ്ക്കുക. മുറിച്ച ഒരു കഷ്ണം മുകള്‍ത്തട്ടിലെ ചട്ടത്തിന്റെ അടിഭാഗത്ത് വച്ച് വാഴനാരുപയോഗിച്ച് കെട്ടി ഉറപ്പിച്ച ശേഷം മുകള്‍ തട്ടില്‍  വച്ചുകൊടുക്കുക.  വേലക്കാരി ഈച്ചകള്‍ തേന്‍ തട്ടില്‍ പ്രവേശിച്ച് അതിവേഗം അട കെട്ടി പൂര്‍ത്തിയാക്കും. തൂടര്‍ന്ന് വീണ്ടും ഇത്തരത്തില്‍ അടകളുടെ കഷ്ണം വച്ച് കെട്ടി  കൊടുത്ത് തേനറയിലേയ്ക്ക് അടകള്‍  നിറയ്ക്കാവുന്നതാണ.്  അതായത് ഒരു തവണ ഒരു ചട്ടത്തില്‍ മാത്രമെ അടമുറിച്ച് കെട്ടികൊടുക്കാന്‍ പാടുള്ളു. ഒരു തേന്‍ തട്ട് പൂര്‍ത്തിയായാല്‍, പുതിയ ഒരു തേന്‍ തട്ട് വച്ച് കൊടുക്കാം. ഇത് പുഴു അറയ്ക്ക് തൊട്ടുമുകളിലായിരിക്കണം വയ്‌ക്കേണ്ടത്. ആദ്യത്തെ തട്ട് അതിനുമുകളിലായിരിക്കണം വെയ്‌ക്കേണ്ടത.്
രണ്ടാമത്തെ തട്ടിലും പുതിയ തേനടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ മൂന്നാമത്തെ തട്ടും വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ വേലക്കാരി ഈച്ചകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത്  തേനുല്പാദനകാലത്ത് 10-15 കി. ഗ്രാം. തേന്‍ വരെ ശേഖരിക്കുന്നതിന് സഹായിക്കും. (ചിത്രം 2)
ഇപ്രകാരം ഏകദേശം ഫെബ്രുവരി പകുതിയാകുമ്പോഴേയ്ക്കും കോളനികളില്‍ രണ്ടുമുതല്‍ നാലുവരെ സൂപ്പറുകള്‍ വയ്ക്കാവുന്നതാണ്.
തേനുല്പാദനകാലമാകുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നം കോളനികള്‍ വിഭജിച്ച് കൂട്ടം പിരിഞ്ഞുപോകാനുള്ള പ്രവണത കൂടുതലാണ് എന്നതാണ്. ഇത് തടയേണ്ടത് അനിവാര്യമാണ്. താഴത്തെ പുഴു അറയില്‍  റാണിസെല്ലുകള്‍  ഉണ്ടായേക്കാം. ആഴ്ചയില്‍ ഒരിക്കല്‍  പുഴു അറ തുറന്ന് അടകള്‍ പരിശോധിച്ച് അവയില്‍ റാണി അറകള്‍ കാണപ്പെട്ടാല്‍ അവ നശിപ്പിച്ചു കളയണം.  ഇല്ലെങ്കില്‍ പുതിയ റാണി വിരിഞ്ഞിറങ്ങുന്നതിന് മുമ്പ് കൂട്ടിലുള്ള റാണിയീച്ചയും പകുതിയിലധികം വേക്കാരിയീച്ചകളും കൂടി കൂട്ടംപിരിഞ്ഞ് പോകും.  വേലക്കാരി ഈച്ചകളുടെ എണ്ണം കുറയുന്നതുകൊണ്ട് നാം പ്രതീക്ഷിക്കുന്ന തേനുല്പാദനം ലഭിക്കുകയില്ല. ഒരിക്കല്‍ റാണി അറകള്‍ നശിപ്പിച്ചുകളഞ്ഞാലും വീണ്ടും കോളനിയില്‍ പുതിയ റാണിയറകള്‍ നിര്‍മ്മിക്കപ്പെടും. അതുകൊണ്ട് കൃത്യമായി ഏഴ് ദിവസത്തിലൊരിക്കല്‍ പുഴു അറ പരിശോധിച്ച് റാണി അറകള്‍ കണ്ടാല്‍ നീക്കം ചെയ്ത് കൂട്ടം പിരിയല്‍ തടയേണ്ടതാണ്.

റബ്ബറിന്റെ ഇലക്കാമ്പുകളില്‍ തേന്‍ ചൊരിഞ്ഞു തുടങ്ങുന്നതോടെ വേലക്കാരി ഈച്ചകള്‍ ധാരാളമായി തേന്‍ സംഭരിച്ചു തേന്‍തട്ടുകളില്‍  നിറച്ചുതുടങ്ങും. ജലാംശം കുറച്ച്  പാകപ്പെടുത്തിയ  തേന്‍ പുതിയ മെഴുക് ഉപയോഗിച്ച് അടച്ചു സൂക്ഷിക്കും.
ആഴ്ചയിലൊരിക്കല്‍ തേനെടുക്കാം. പക്ഷേ പൂര്‍ണ്ണമായും മെഴുക് കൊണ്ട് മൂടിയ അടകളില്‍ നിന്നുമാത്രമേ തേന്‍ എക്‌സ്ട്രാക്റ്റ് ചെയ്യാന്‍ പാടുള്ളു. തെനെടുക്കാന്‍ ഉപയോഗിക്കുന്ന എക്‌സ്ട്രാക്റ്റര്‍, തേനടക്കത്തി , അരിപ്പകള്‍ , പാത്രങ്ങള്‍, ക്യാനുകള്‍, എല്ലാം വൃത്തിയുള്ളതും അണു വിമുക്തവുമായിരിക്കണം.

തേന്‍ എടുക്കുന്നതിനു മുമ്പായി എല്ലാ ഉപകരണങ്ങളും പാത്രങ്ങളും ചെറു ചൂട് വെള്ളത്തില്‍ കഴുകി ഉണക്കേണ്ടതാണ്. സ്റ്റെയിന്‍ലസ് സ്റ്റീല്‍ അല്ലെങ്കില്‍ ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ഉപകരണങ്ങളും പാത്രങ്ങളും വേണം തേനെടുക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കേണ്ടത്.  ജീര്‍ണ്ണിച്ചു പോകുന്ന വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ടിന്നുകളും പാത്രങ്ങളും ഇതിനായി ഉപയോഗിക്കുന്നത് തേനില്‍ ലോഹത്തിന്റെ മാലിന്യങ്ങള്‍ അടിയുന്നതിന് ഇടയാക്കും. തേനറയില്‍ നിന്നു മാത്രമേ തേന്‍ എടുക്കാവൂ. എഴുപത്തിയഞ്ചു ശതമാനമെങ്കിലും മെഴുകുകൊണ്ട് അടച്ച് പാകപ്പെടുത്തിയ തേനടകളില്‍ നിന്നു മാത്രമേ തേന്‍ എടുക്കാവൂ. തേനെടുക്കുന്നതിന് തേനെടുക്കല്‍ യന്ത്രം ഉപയോഗിക്കണം. കോളനികളില്‍ നിന്നും കഴിയുന്നത്ര ദൂരത്തു വച്ചു വേണം തേനെടുക്കേണ്ടത്. എക്‌സ്ട്രാക്‌റില്‍ നിന്നും തേന്‍ സംഭരണികളിലേയ്ക്ക് മാറ്റുന്നതിന് മുന്‍പ് തേന്‍ നല്ല അരിപ്പയില്‍ അരിക്കണം. തേന്‍ മോഷണം തടയുന്നതിനായി കോളനിയുടെ പ്രവേശനകവാടത്തിന്റെ വലിപ്പം കുറയ്‌ക്കേണ്ടതാണ്.  ഇതിനായി ഉണങ്ങിയ ഇലകളോ പേപ്പറോ ഉപയോഗിക്കാവുന്നതാണ്. തേനെടുത്തതിനു ശേഷം തേനറയും പുഴുഅറയും എപ്പിയറിയില്‍ തുറന്ന നിലയില്‍ ഉപേക്ഷിച്ചു പോകരുത്.


കൂടുതല്‍ വിവരങ്ങള്‍ക്ക് : devanesanstephen@gmail.com  : Phone:  9400185001

No comments:

Post a Comment