Friday, 5 December 2014

അരുമപ്പക്ഷികള്‍ക്കു വേണം, വൈവിധ്യമുള്ള ഭക്ഷണക്രമം

അരുമപ്പക്ഷികളുടെ ശരിയായ ഭക്ഷണരീതി അവയുടെ പോഷണത്തിനു മാത്രമല്ല മാനസികോല്ലാസത്തിനും അത്യാവശ്യമാണ്. പലപ്പോഴും തെറ്റായ ആഹാരരീതി പല അസുഖങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനുവരെ കാരണമാകുന്നു.
വീടുകളില്‍ ഇണക്കി വളര്‍ത്തുന്ന തത്തകള്‍ക്ക് സാധാരണ 10 വര്‍ഷവും പ്രകൃത്യാലുള്ള സാഹചര്യങ്ങളില്‍ വളരുന്നവയ്ക്ക് 25 വര്‍ഷവും ശരാശരി ആയൂര്‍ദൈര്‍ഘ്യം ഉണ്ട്. കാട്ടിലും മറ്റും ലഭിക്കുന്ന വിവിധങ്ങളായ ഭക്ഷണമാണ് ഈ ആയൂര്‍ദൈര്‍ഘ്യത്തിന് പിന്നില്‍.

സാധാരണഗതിയില്‍ കാട്ടില്‍ 6-8 മണിക്കൂര്‍, അലഞ്ഞുനടന്നു ഭക്ഷണം തേടിപ്പിടിക്കുന്നതിനായി അരുമപ്പക്ഷികള്‍ ചെലവഴിക്കുന്നു. പൊടിച്ചു പാകപ്പെടുത്തിയ ഭക്ഷണം പാത്രങ്ങളില്‍ വച്ചു കൊടുക്കുമ്പോള്‍ ഇവയ്ക്ക് അത്യാവശ്യമായ ശരീരവ്യായാമം ഇല്ലാതാക്കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണം വളരെ കുറച്ചുമാത്രം മതിയാവും. ഇതു കാരണം പെട്ടെന്നുതന്നെ പോഷകക്കുറവുണ്ടാകുകയും പ്രതിരോധശേഷി കുറയുകയും മറ്റു പല രോഗങ്ങളും പെട്ടെന്നു പിടിപെടുകയും ചെയ്യുന്നു. വൈവിധ്യമുള്ള ഭക്ഷണക്രമമാണ് ഇതിനുള്ള പ്രതിവിധി. ധാന്യങ്ങള്‍, വിത്തുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പലതരം മാംസ്യങ്ങള്‍, ചെറുപ്രാണികള്‍ തുടങ്ങി ധാതുലവണങ്ങള്‍ വരെ ഇവയുടെ ഭക്ഷണക്രമത്തില്‍പ്പെടുത്താം.

റെഡിമെയ്ഡ് ഭക്ഷണം

മേല്‍ പറഞ്ഞ പല ഘടകങ്ങളും കൂട്ടി കലര്‍ത്തി പൊടിച്ച്, പെല്ലറ്റ് രൂപത്തില്‍ പാകം ചെയ്ത് ഉണ്ടാക്കുന്ന ഇവ ഭക്ഷണത്തിന്റെ 65-80% വരെ ഉള്‍പ്പെടുത്താം. ഇതു കൂടാതെ പച്ചക്കറികള്‍, വിത്തുകള്‍, പഴങ്ങള്‍ എന്നിവയും കൊടുക്കാവുന്നതാണ്.

പഴങ്ങളും പച്ചക്കറികളും

സാധാരണയായി വാഴപ്പഴം, മാങ്ങാ, ഓറഞ്ച്, പപ്പായ, ആപ്പിള്‍, സ്‌ട്രോബെറി, പേരയ്ക്കാ, മുന്തിരി, മള്‍ബറി, ഞാവല്‍പ്പഴം എന്നിവയും പച്ചക്കറി ഇനത്തില്‍ ചോളം, കാരറ്റ് (കിഴങ്ങും, ഇലയും), വേവിച്ച കിഴങ്ങുകള്‍, വെള്ളരി, ബീന്‍സ്, പയറുകള്‍ എന്നിവയും നല്‍കാവുന്നതാണ്. ഇതു കൂടാതെ പച്ചപ്പുല്ല് ഇനത്തില്‍ പെട്ട കറുകപ്പുല്ല്, നേപിയര്‍ഗ്രാസ്, ചീര, കീഴാര്‍നെല്ലി എന്നിവയും ദിവസേന നല്‍കുന്നത് ധാതു ലവണങ്ങളുടെ കുറവ് മൂലമുള്ള രോഗങ്ങളെ തടയും.

തിന (Millets)

ഏറ്റവും കൂടുതലായി ചെറുകിളികള്‍ ഇഷ്ടപ്പെടുന്ന ഒരു ധാന്യം ആണ് തിന. കുഞ്ഞ് പക്ഷികള്‍ക്ക് ഇത് ഏറെ നല്ലതാണ്. എന്നാല്‍ തിനമാത്രം കൊടുത്തു വളര്‍ത്തുന്നത് സമ്പൂര്‍ണമായ പോഷണം ആകുന്നുമില്ല.

ധാതുലവണ മിശ്രിതം

പെല്ലറ്റുകള്‍ ഉള്‍പ്പെടുത്തിയ ഒരു സമ്പൂര്‍ണ ഭക്ഷണക്രമം ആണെങ്കില്‍ മറ്റു ധാതുലവണ മിശ്രിതങ്ങളുടെ ആവശ്യമില്ല. അധികമായ ഇവയുടെ ഉപയോഗം പക്ഷികള്‍ക്ക് നല്ലതുമല്ല. പുതുതായി വാങ്ങിയ പക്ഷികള്‍ക്കും പോഷണക്കുറവ് ഉള്ളവയ്ക്കും വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശാനുസരണം ഇതു നല്‍കേണ്ടതാണ്.

മുട്ടയിടുന്ന കാലയളവില്‍ കക്കപൊടിച്ച് നല്‍കുന്നത് കാല്‍സ്യത്തിന്റെ അധിക ആവശ്യത്തെ പരിഹരിക്കും. പാല്‍ കാല്‍സ്യത്തിന്റെ ശ്രോതസാണെങ്കിലും പക്ഷികള്‍ക്ക് പൊതുവേ ഇത് ദഹിപ്പിക്കുവാന്‍ ശേഷിയില്ല. അതു കൊണ്ട് പാലും പാല്‍ ഉത്പന്നങ്ങളും ഇവയുടെ ആഹാരക്രമത്തില്‍പ്പെടുന്നില്ല.

ഗ്രിറ്റ്

ഗ്രിറ്റ് അല്ലെങ്കില്‍ വലിയ മണല്‍ത്തരികള്‍, ഭക്ഷണം അല്ലെങ്കില്‍കൂടിയും പലരും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ചെറിയ ഇനം പക്ഷികളായ ലവ്‌ബേര്‍ഡ്‌സ് (ബഡ്‌ജെറിഗാര്‍ഡ് / ബഡ്ജീസ്), തത്തകള്‍, കുക്കാറ്റൂസ് എന്നിവയ്ക്ക് ഇത് ആവശ്യമില്ല.

ശുദ്ധജലം

ഭക്ഷണത്തെക്കാള്‍ ഏറ്റവും പ്രാധാന്യമേറിയ ഘടകമാണ് ശുദ്ധജല ലഭ്യത. വൃത്തിയുള്ള പാത്രങ്ങളില്‍, ബോട്ടിലുകളില്‍ വെള്ളം സദാസമയവും പക്ഷികള്‍ക്ക് കിട്ടാന്‍ പാകത്തില്‍ സജ്ജീകരിക്കണം. പഴകിയ ഭക്ഷണവും വെള്ളവും ദിവസവും എടുത്തുമാറ്റി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

വര്‍ജ്ജിക്കേണ്ട ഭക്ഷണങ്ങള്‍:

1. ഉപ്പ്
2. എണ്ണയില്‍ പാകം ചെയ്തവ
3. ചോക്ലേറ്റ്
4. ആല്‍ക്കഹോള്‍, ചായ, കാപ്പി
5. അച്ചാറുകള്‍, കാന്‍ ചെയ്തതും ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കുന്നതുമായ പഴങ്ങള്‍
6. സവാള/ആപ്പിള്‍ കുരു
7. കൂണ്‍


ഡോ. സ്മിത വില്‍സണ്‍
 വെറ്ററിനറി സര്‍ജന്‍, 
മൃഗസംരക്ഷണ വകുപ്പ്

1 comment:

  1. lovebirds muttayidan enthu facilities anu cheyyendathu koodinullil

    ReplyDelete