Monday, 1 December 2014

നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ ഇനിയും സാധ്യതകള്‍

ഗവേഷണരംഗത്ത് അഭിമാനകരമായ നേട്ടങ്ങള്‍ക്കുടമയാണ്  മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവിയും പാഡി മിഷന്‍ ഡയറക്ടറുമായ ഡോ. എസ്. ലീനാകുമാരി. കേരളത്തിലെ നെല്‍കൃഷിക്കാവശ്യമായ പരിഷ്‌കാരങ്ങളെക്കുറിച്ചും ഉത്പാദനവര്‍ധനയ്ക്കുള്ള സാധ്യതകളെക്കുറിച്ചും കര്‍ഷകന്‍ എഡിറ്റര്‍ ചാര്‍ജുമായി  അവര്‍ നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍..

കേരളത്തിലെ നെല്‍കൃഷിയുടെ  ഈ വര്‍ഷത്തെ അവസ്ഥ എന്താണ് ?

ആവശ്യത്തിനു അരി ഉത്പാദിപ്പിക്കാത്ത സംസ്ഥാനമാണ് കേരളം . എന്നാല്‍ ഇതൊരു കഠിനയാഥാര്‍ഥ്യമായി നമുക്ക് അനുഭവപ്പെടാത്തത് സംസ്ഥാനസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു അരിയെത്തിച്ച് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും നല്‍കുന്നതുകൊണ്ടാണ്.
ഇവിടെ അരിയുത്പാദനം പ്രായോഗികമല്ലെന്നും മറ്റു മേഖലകളില്‍ വരുമാനമുണ്ടാക്കി അയല്‍ സംസ്ഥാനങ്ങളില്‍നിന്നും അരി വാങ്ങിയാല്‍ മതിയെന്നും ഒരു ചിന്ത പ്രചരിക്കുന്നുണ്ട്. അടുത്തകാലത്തുണ്ടായ ചില വിവാദങ്ങള്‍ പോലും ഇതേക്കുറിച്ചായിരുന്നു. ഇതിനൊരു മറുവശമുണ്ട്- തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും അരി വാങ്ങിയിരുന്ന നാം അരി തേടി ബംഗാള്‍ വരെ പോകേണ്ടിവന്നു.

വരും വര്‍ഷങ്ങളില്‍ അവിടങ്ങളില്‍നിന്നു പോലും അരി കിട്ടിനില്ലാതായാലുള്ള സ്ഥിതി നാം ചിന്തിക്കണം. കേരളം അരിയുടെ കാര്യത്തില്‍ കമ്മിസംസ്ഥാനമാണെന്നും അന്യസംസ്ഥാനങ്ങളില്‍നിന്നു അരിയെത്തിയില്ലെങ്കില്‍ നാം പട്ടിണിയാകുമെന്നുമൊക്കെ എല്ലാവരും പറയുന്നുണ്ടെങ്കിലും ഇതിങ്ങനെയൊക്കെ നടന്നുകൊള്ളുമെന്ന ചിന്തയാണ് നമ്മെ ഭരിക്കുന്നത്. ഒരിടത്തുനിന്നും അരി കിട്ടാത്ത അവസ്ഥയുണ്ടാകുന്നതിനുമുമ്പേ അരിയുത്പാദനത്തിന്റെ പ്രാധാന്യം എല്ലാവരേയും ബോധ്യപ്പെടുത്താനാണ് നാം ശ്രമിക്കുന്നത്.

മാത്രമല്ല നെല്ലില്ലെങ്കില്‍ ഗോതമ്പ് മതിയെന്ന വിധത്തില്‍ കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന പ്രവണതയും നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ വളര്‍ന്നുവരുന്നുണ്ട്.  എഴുപതുകളില്‍ കേരളത്തില്‍ ആകെ 8.75 ലക്ഷം പാടങ്ങളുണ്ടായിരുന്നെന്നോര്‍ക്കണം. ഇതു കുറഞ്ഞുകുറഞ്ഞ് മൂന്നു നാലു വര്‍ഷം മുമ്പ് കേരളത്തിലെ നെല്‍കൃഷി 2.29 ലക്ഷം ഹെക്ടറായപ്പോഴാണ്  നെല്ലുത്പാദനം വര്‍ധിപ്പിക്കാന്‍ ഇവിടെ തീവ്രമായ ഒരു ശ്രമമുണ്ടായത്. തരിശുനിലങ്ങള്‍ കൃഷിയിടമാക്കിയും കരനെല്ല് കൃഷി ചെയ്തുമൊക്കെ നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടാന്‍ ഊര്‍ജിതമായ ശ്രമം നടന്നതിനെ തുടര്‍ന്ന ചരിത്രത്തിലാദ്യമായി കേരളത്തിലെ നെല്‍കൃഷിയുടെ വിസ്തൃതി അയ്യായിരം ഹെക്ടര്‍ വര്‍ധിച്ചു 2.34 ലക്ഷം ഹെക്ടറായി. വര്‍ഷം തോറും 30000 ഹെക്ടറോളം നെല്‍പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരുന്ന സ്ഥാനത്തായിരുന്നു ഈ വര്‍ധന. എന്നാല്‍ പിന്‍വര്‍ഷങ്ങളില്‍ ഈ ഉത്സാഹം കുറഞ്ഞതിനെതുടര്‍ന്ന നെല്‍കൃഷിയുടെ വിസ്തൃതി കുത്തനെ താഴ്ന്ന് 2.13 ലക്ഷം ഹെക്ടറിലെത്തി.

തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക്  വേണ്ടത്ര സ്വീകാര്യത കിട്ടുന്നുണ്ടോ?

ഒരുപാട് ആളുകള്‍ തരിശുനിലം കൃഷിയോഗ്യമാക്കാന്‍ തയായാറായി വരുന്നുണ്ട്. സര്‍ക്കാര്‍ വളരെയേറെ ധനസഹായവും മറ്റും ഇതിനായി നല്‍കുന്നുണ്ട്. ഈ സഹായം ഒരു തവണ മാത്രമേയുള്ളൂ. എന്നാല്‍ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് എനിക്കിപ്പോള്‍ ചില സംശയങ്ങളുണ്ട്. സര്‍ക്കാരില്‍നിന്നു വളരെയേറെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി തരിശുനിലങ്ങളില്‍ കൃഷി ആരംഭിക്കുന്നവര്‍ അടുത്ത വര്‍ഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റൊരു തരിശുനിലം തേടിപ്പോകുന്നതിലെ ആത്മാര്‍ഥത സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം കൃഷിയിറക്കിയ ഇടങ്ങള്‍ വീണ്ടും തരിശായി മാറുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

അങ്ങനെയുണ്ടാവാതിരിക്കാന്‍ കര്‍ശനമായ നടപടികളും ആവശ്യമാണ്. ഇക്കാര്യത്തില്‍ പാഡി മിഷന് പരിമിതികളുണ്ട്. കൃഷിയോഗ്യമാക്കിയ പാടം വീണ്ടും തരിശിടുന്നവരില്‍നിന്നു പിഴയീടാക്കണം. ഇപ്രകാരം സര്‍ക്കാരില്‍ നിന്നു ധനസഹായം സ്വീകരിക്കുന്നതു മാത്രം ഒരു ബിസിനസാക്കി മാറ്റിയ ഇക്കൂട്ടര്‍ക്കെതിരേ ജാഗ്രതയോടെ കണ്ണുതുറന്നുവയ്‌ക്കേണ്ടതുണ്ട്. കൃഷി ഓഫീസര്‍മാര്‍ക്കു മാത്രമായി ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവില്ല. പകരം ഒരിക്കല്‍ ധനസഹായം നല്‍കിയ പാടത്ത് മൂന്നു വര്‍ഷമെങ്കിലും കൃഷി നടന്നുവെന്നുറപ്പാക്കുന്ന ഒരു സംവിധാനമാണ് നമുക്ക് ആവശ്യം.

പാഡിമിഷന്റെ ലക്ഷ്യവും പ്രവര്‍ത്തനമെങ്ങനെയാണ്? 

സംസ്ഥാനത്തെ നെല്‍കൃഷിയുടെ വിസ്തൃതിയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കുകയാണ് ഇതിന്റെ ദൗത്യം. ഇതുവഴി സംസ്ഥാനത്തിനാവശ്യമായ നെല്ലിന്റെ പകുതിയെങ്കിലും ഇവിടെ ഉത്പാദിപ്പിക്കുകയാണ് ഞങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി കൃഷിവകുപ്പും കാര്‍ഷികസര്‍വകലാശാലയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ത്താണ് പാഡിമിഷന്‍ രൂപകരിച്ചിരിക്കുന്നത്.  നെല്‍കൃഷിക്കാവശ്യമായ സാങ്കേതികവിദ്യയും ഗവേഷണവും ലഭ്യമാക്കുകയാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ കടമ.

ഇത്രയും വലിയൊരു ലക്ഷ്യം നേടിയെടുക്കാനാവുമോ? ഏതു രീതിയിലാണ് മിഷന്‍ ഈ ലക്ഷ്യം സാധ്യമാക്കുക?

ബഹുമുഖ തന്ത്രങ്ങളിലൂടെ ഈ ലക്ഷ്യം നേടാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. പാഡിമിഷന്‍ തുടങ്ങുന്ന കാലഘട്ടത്തിലെ ഒരു ലക്ഷ്യം മൂന്നു ലക്ഷം ഹെക്ടറിലെ നെല്‍കൃഷിയായിരുന്നു. തരിശുനിലങ്ങളിലെ കൃഷി ഇതിലൊരു പ്രധാന ഘടകമാണ്. ഏകദേശം 50000 ഹെക്ടര്‍ തരിശുനിലമാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. മറ്റൊന്ന് കരനെല്ലുകൃഷിയാണ്. എട്ടുലക്ഷം ഹെക്ടറിലേറെ തെങ്ങിന്‍തോപ്പുകള്‍ കേരളത്തിലുണ്ട്. ഇതില്‍ രണ്ടു ലക്ഷം ഹെക്ടറിലെങ്കിലും കരനെല്ല് കൃഷി ചെയ്യാനായില്‍ വലിയൊരു മുന്നേറ്റമായിരിക്കുമത്.

കരനെല്ലുകൃഷി എന്തുമാത്രം പ്രായോഗികമാകും?  എല്ലാ തെങ്ങിന്‍തോപ്പുകളിലും നെല്‍കൃഷി സാധ്യമല്ലല്ലോ?

കരനെല്ലുകൃഷിയെക്കുറിച്ച് അതു ചെയ്യുന്നവര്‍ക്കും യുക്തിസഹമായ ഒരു കാഴ്ചപ്പാട് ആവശ്യമാണ്. കാണുന്ന സ്ഥലത്തെല്ലാം കരനെല്‍കൃഷി ചെയ്യുകയല്ല വേണ്ടത്. അനുയോജ്യമായ സ്ഥലങ്ങളില്‍ മാത്രം കരനെല്ല് കൃഷി ചെയ്താല്‍ മതിയാവും. ഇടുക്കിയിലും വയനാട്ടിലുമൊക്കെ ഇപ്രകാരം കരനെല്‍കൃഷിയ്ക്ക് അനുയോജ്യമായ സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളില്‍ മാത്രം കരനെല്ലുകൃഷി നടപ്പാക്കാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. നമ്മുടെ നാട്ടില്‍ പണ്ടുകാലത്ത് ഈ കൃഷിരീതി നിലനിന്നിരുന്നു. അത് പുനരുജ്ജീവിപ്പിക്കാന്‍ കഴിയേണ്ടിയിരിക്കുന്നു. ഇതിനാവശ്യമായ നെല്ലിനങ്ങളും കൃഷിരീതിയുമൊക്കെ വികസിപ്പിച്ചു ലഭ്യമാക്കുകയായിരുന്നു പാഡിമിഷനില്‍ കാര്‍ഷികസര്‍വകലാശാലയുടെ കടമ.

കരനെല്ലുകൃഷിയുടെ സാമ്പത്തികശാസ്ത്രം എങ്ങനെയാണ്? പ്രദര്‍ശകൃഷി എന്നതിനപ്പുറം സാമ്പത്തികമായി അത് സുസ്ഥിരത നേടുമോ?

കരനെല്ലുകൃഷി പ്രദര്‍ശനത്തിനുവേണ്ടി ചെയ്തിടത്ത് പ്രദര്‍ശനമൂല്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേസമയം  അനുയോജ്യമായ സ്ഥലത്ത് കൃഷി ചെയ്താല്‍ അതു സാമ്പത്തികമെച്ചം നല്കും.


ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പാഡിമിഷന്‍ ലക്ഷ്യമിടുന്നുണ്ടല്ലോ. ഇതേക്കുറിച്ചുള്ള കാഴ്ചപ്പാടുകളെന്താണ്?

ഒരു ഹെക്ടറില്‍ 2.6 ടണ്‍ അരിയാണ് ഇപ്പോള്‍ നമ്മുടെ ഉത്പാദനക്ഷമത. ഇത് അഞ്ചു ടണ്ണായി ഉയര്‍ത്തുകയാണ് പാഡിമിഷന്റെ ലക്ഷ്യം.

ഇതുകൊണ്ടുമാത്രം ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാകില്ലല്ലോ. ഭക്ഷ്യസുരക്ഷയ്ക്കായി മറ്റെന്തൊക്കെ തന്ത്രങ്ങളാണ് ഉദ്ദേശിച്ച്ത്?

നമ്മുടെ ഭക്ഷണപാത്രം കൂടുതല്‍ വിപുലമാക്കേണ്ടതുണ്ട്. ഡോ. എം. എസ് സ്വാമിനാഥന്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അരി മാത്രമല്ല മരച്ചീനിയും  നിരവധി മറ്റു കിഴങ്ങുവിളകളും മലയാളികള്‍ ധാരാളമായി ഭക്ഷിച്ചിരുന്നു. നെല്‍കൃഷിയ്ക്കു ശേഷം നമ്മുടെ പാടങ്ങള്‍ മറ്റു ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിനുകൂടി ഉപയുക്തമാക്കേണ്ടിയിരിക്കുന്നു. പാടങ്ങളിലെ മീന്‍വളര്‍ത്തലും പച്ചക്കറികൃഷിയുമൊക്കെ ഇതിനായി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

ഇതൊക്കെയാണെങ്കിലും പാഡിമിഷന്റെ പ്രവര്‍ത്തനം തുടക്കത്തിലെ അത്രയും ഫലപ്രദമാകാത്തത് എന്തുകൊണ്ടാണ്?

സര്‍വകലാശാലയും കൃഷിവകുപ്പും പഞ്ചായത്തുകളും സന്നദ്ധപ്രസ്ഥാനങ്ങളുമൊക്കെ ചേര്‍ന്നുള്ള ഒരു കൂട്ടായ മുന്നേറ്റമാണ് പാഡി മിഷനിലൂടെ ഉദ്ദേശിച്ചിരുന്നത്. പ്രത്യേക അധികാരങ്ങളെ പദ്ധതികളോ ഒന്നും മിഷനുണ്ടായിരുന്നില്ല. പരമാവധി നെല്ലുത്പാദനമെന്ന പൊതുലക്ഷ്യത്തിലേയ്ക്ക് എല്ലാ ഏജന്‍സികളേയും ഏകോപിപ്പിക്കുന്ന ദൗത്യമാണ് മിഷനുണ്ടായിരുന്നത്. ഈ ലക്ഷ്യം നേടുന്നതിനായി ജില്ലകള്‍ തോറും പാഡി സെല്ലുകളും രൂപീകരിച്ചിരുന്നു. നെല്ലുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഈ സെല്ലുകള്‍ കൂടിയാണ് സ്വീകരിച്ചിരുന്നത്. ഭരണമാറ്റത്തിനുശേഷം ആദ്യകാലങ്ങളിലെ പ്രവര്‍ത്തനശൈലിയ്ക്ക് മാറ്റം വന്നെങ്കിലും പൂര്‍ണമായി ഇല്ലാതായിട്ടില്ല. ആത്മ പോലുള്ള പദ്ധതികളിലൂടെ അവ തുടരുന്നുണ്ടെന്നു കാണാം.

മിഷനു ഫണ്ടില്ലെങ്കിലും കാര്‍ഷികസര്‍വകലാശാലയ്ക്കു വേണ്ടി രാഷ്ട്രീയകൃഷി വികാസ് യോജനപ്രകാരം  പ്രോജക്ട് സമര്‍പ്പിച്ച് അഞ്ചുകോടി രൂപ നേടിയെടുത്തിരുന്നു. കൃഷിക്കാര്‍ക്ക് ഹ്രസ്വകാല സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും തരിശുനിലങ്ങളിലെ കൃഷി സാധ്യമാക്കാനുമൊക്കെ ഈ തുക ഉപയോഗിക്കപ്പെട്ടു.പൊതുവേ സാങ്കേതിക സഹായമാണ് സര്‍വകലാശാല നല്‍കുന്നതെങ്കിലും ദശകങ്ങളായി കൃഷി മുടങ്ങിയ കാട്ടമ്പള്ളിയിലും തഴക്കരപുഞ്ചയിലുമൊക്കെ കൃഷി പുനരാരംഭിക്കാന്‍ ചെറിയ തോതില്‍ സാമ്പത്തികസഹായവും കാര്‍ഷികസര്‍വകലാശാലയുടെ ഫണ്ടില്‍ നിന്നു ലഭ്യമാക്കുകയുണ്ടായി. അമിതമായ കളശല്യം, ഉപ്പുവെള്ള ഭീഷണി തുടങ്ങിയവ അതിജീവിക്കാനും കൃഷിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നത് സര്‍വകലാശാലയും പാഡിമിഷനുമായിരുന്നു.

ഹ്രസ്വകാല സാങ്കേതിക സഹായം കൃഷിക്കാര്‍ക്ക് ലഭ്യമാക്കിയതിനു ചില ഉദാഹരണങ്ങള്‍ പറയാമോ? 

കാട്ടാമ്പള്ളിയില്‍ ഉപ്പുവെള്ളമൊഴിവാക്കാനായി ചീപ്പ് നിര്‍മിച്ച് നീരൊഴുക്ക് തടഞ്ഞിരിക്കുകയായിരുന്നു. ഇതുമൂലം പാടത്തെ മണ്ണ് കൃഷി ചെയ്യാനാവാത്ത വിധം കഠിനമായി. എന്നാല്‍ ഈ ചീപ്പ് പൊളിക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം പഴമക്കാരായ ചിലര്‍ പറഞ്ഞത് മുന്‍കാലങ്ങളില്‍ ഇവിടെ ഉപ്പുവെള്ളം കയറിയിരുന്നെന്നാണ്. ഏതായാലും സര്‍വകലാശാല ഇക്കാര്യത്തില്‍ ഇടപെട്ട് ചീപ്പ് മുറിച്ച് ഉപ്പുവെള്ളം കയറാന്‍ അനുവദിച്ചു. ഉപ്പുവെള്ളത്തില്‍ കുതിര്‍ന്നതോടെ അവിടുത്തെ മണ്ണ് കൃഷിയ്ക്ക് കൂടുതല്‍ അനുയോജ്യമാവുകയാണുണ്ടായത്. ഇപ്പോള്‍ അവിടെ ആകെ 1500 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി തുടരുന്നുണ്ട്.

കുട്ടനാട്ടിലെ നെല്‍കൃഷിയുടെ യന്ത്രവല്‍ക്കരണം വിളവെടുപ്പില്‍ മാത്രമായി ഒതുങ്ങുകയാണല്ലോ?

ഇത്തരം കാര്യങ്ങളില്‍ നാം ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ  സാമൂഹ്യമായ എതിര്‍പ്പാണ് തടസ്സം.  അടുത്ത കാലത്ത് കുട്ടനാട്ടില്‍ ഡ്രം സീഡര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ ഓരോരുത്തരായി പിന്‍വാങ്ങുകയായിരുന്നു. തൊഴിലാളികള്‍ കുറയുന്ന ഇക്കാലത്ത് ഉപകരണസഹായത്തോടെ വിതയ്ക്കുന്നതിന്റെ മെച്ചങ്ങള്‍  കൃഷിക്കാരെ നമുക്ക് പറഞ്ഞു മനസ്സിലാക്കാനാവും. പക്ഷേ ബാക്കിയുള്ളവര്‍ എതിര്‍പ്പുമായി വന്നാല്‍ എന്തു ചെയ്യും. ഡ്രം സീഡറുപയോഗിച്ച് വിത്ത് പാകിയ പാടത്ത് കളനശീകരണത്തിനു കോണോവീഡര്‍ ഉപയോഗിക്കാം. പക്ഷേ കോണോവീഡര്‍ സ്ത്രീതൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നു പ്രചരിപ്പിക്കുന്നവരാണ് പ്രശ്‌നമുണ്ടാക്കുന്നത്.

വാസ്തവത്തില്‍ സ്ത്രീതൊഴിലാളികളുടെ ജോലി ആയാസരഹിതമാക്കുകയല്ലാതെ കോണോവീഡര്‍ ആരുടേയും ജോലി നഷ്ടപ്പെടുത്തുന്നില്ല.  ജോലി നഷ്ടപ്പെടുത്തിന്നില്ലെന്നു മാത്രമല്ല ജോലിയുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്ന ഉപകരണത്തെയാണ് ഇവര്‍ എതിര്‍ക്കുന്നത്. പ്രായമായ കര്‍ഷകത്തൊഴിലാളിസ്ത്രീകള്‍ ദിവസം മുഴുവന്‍ കുനിഞ്ഞു ജോലി ചെയ്തു ആരോഗ്യം നഷ്ടപ്പെടുത്തണമെന്നാ ണോ ? ഇപ്രകാരം ഉള്ള നെല്‍കൃഷി കൂടി ഇല്ലാതാക്കുന്നവര്‍ പാടത്തെ തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയല്ലേ ചെയ്യുന്നത്. തൊഴിലാളിസംഘടനകളുടെ നേതാക്കളാണ് ഇക്കാര്യങ്ങളില്‍ ആദ്യം ബോധവാന്മാരാകേണ്ടത്.

ഞാറു നടുന്ന യന്ത്രം കുട്ടനാട്ടില്‍ പ്രായോഗികമല്ലെന്നാണ് ചില കര്‍ഷകര്‍ പറയുന്നത്?

കുട്ടനാട്ടിലെന്നല്ല പല സ്ഥലങ്ങളിലും നെല്‍പാടത്ത് യന്ത്രങ്ങള്‍ താഴാനിടയുണ്ട്. പക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനുപകരം യന്ത്രം തന്നെ വേണ്ടെന്നു വച്ചാലോ. അനുയോജ്യമായ യന്ത്രം ലഭ്യമല്ലെന്ന പരാതിയാണ് പലര്‍ക്കുമുള്ളത്. പക്ഷേ ഒരു യന്ത്രം ഒരു സ്ഥലത്ത് ഇറക്കി പ്രവര്‍ത്തിപ്പിച്ചാലല്ലേ അതിന്റെ പോരായ്മകള്‍ മനസ്സിലാക്കി പരിഹരിക്കാനാവൂ. ഞാറുനടീല്‍യന്ത്രം ഇറങ്ങുമ്പോള്‍ നിലം താഴാനുള്ള സാധ്യത ചില തയാറെടുപ്പുകളിലൂടെ ഒഴിവാക്കാം. ഞാറുനടുന്നതിനു തൊട്ടുമുമ്പ് രണ്ടു ദിവസം വെള്ളം വറ്റിച്ച് നിലമുറയ്ക്കാന്‍ അനുവദിച്ചാല്‍  ഈ പ്രശ്‌നം ഒഴിവാക്കാനാകും.

വ്യാപകമായി യന്ത്രമുപയോഗിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒരു പൊതുശിപാര്‍ശ നല്‍കാനാവൂ. കൊയ്ത്തുയന്ത്രം വന്നപ്പോള്‍ അതിനെ എതിര്‍ക്കാനല്ലാതെ അതിന്റെ ഉപയോഗം പഠിക്കാന്‍ ആരും സന്നദ്ധമായില്ല. അതുകൊണ്ട് ഇന്നും നമ്മുടെ നാട്ടില്‍ എത്ര കൊയ്ത്തുയന്ത്രം വന്നാലും അവ പ്രവര്‍ത്തിപ്പിക്കാന്‍ തമിഴ്‌നാട്ടുകാരായ തൊഴിലാളികളുടെ സഹായം വേണ്ടിവരുന്നു.  നമ്മുടെ ചെറുപ്പക്കാര്‍ക്കു കിട്ടേണ്ട വരുമാനമാണ് അന്യനാടുകളിലേയ്ക്കു പോകുന്നത്. കൊയ്ത്തുയന്ത്രം  പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോള്‍ നാം പരിശീലനം നല്‍കുന്നുണ്ടെങ്കിലും അവയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയുന്നവര്‍ ഇന്നും ഇവിടെ വിരളമാണ്.

കുട്ടനാട്ടിലെ കൃഷിക്കാര്‍ക്കും ഇക്കാര്യത്തില്‍ അല്പം വിമുഖതയുള്ളതായി തോന്നുന്നില്ലേ?

കുറച്ചു സ്ഥലങ്ങളില്‍ ഇത്തരം യന്ത്രമുപയാഗിച്ച് പ്രദര്‍ശനകൃഷി നടത്തുമ്പോള്‍ അതു മാറും.  ഞാറുനടീല്‍ യന്ത്രത്തിനായി പായ്ഞാറ്റടി തയാറാക്കുന്നതാണ് മറ്റു ചില കര്‍ഷകര്‍ ബുദ്ധിമുട്ടായി ചൂണ്ടിക്കാട്ടുന്നത്. രണ്ടു തവണ ചെയ്തുകഴിയുമ്പോള്‍ ഈ പ്രയാസമൊക്കെ ഇല്ലെന്നാവുമെന്നതാണ് വാസ്തവം. വര്‍ഷങ്ങളായി തുടരുന്ന ശീലങ്ങള്‍ മാറാനുള്ള മടി മാത്രമാണിത്. അടുത്തകാലത്ത് മങ്കൊമ്പ് ഗവേഷണകേന്ദ്രം പല സ്ഥലങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനപ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ധാരാളം കൃഷിക്കാര്‍ ഞാറുനടീല്‍യന്ത്രം ഉപയോഗിക്കാന്‍ സന്നദ്ധരാവുന്നുണ്ട്.

മരുന്നുതളിക്കലാണ് പരിഷ്‌കാരം തേടുന്ന മറ്റൊരു മേഖല. ഈ രംഗത്ത് എന്തൊക്കെ പരിഷ്‌കാരങ്ങള്‍ക്കാണ് അവസരമുള്ളത്?

ഇക്കാര്യത്തിലും ചില പരിഷ്‌കാരങ്ങള്‍ക്ക് ശ്രമം നടക്കുന്നുണ്ട്. ഇരുവശത്തേയ്ക്കും നീണ്ട രണ്ടു കുഴലുകളിലെ നോസിലൂകളിലൂടെ കൂടുതല്‍ സ്ഥലത്ത് ഒരേ സമയം മരുന്നുതളിക്കുന്ന സംവിധാനത്തിനായി ചില ശ്രമങ്ങള്‍ നടന്നുവരികയാണ്. കാര്‍ഷികസര്‍വകലാശാലയുടെ എന്‍ജിനിയറിംഗ് വിഭാഗമാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ കീടനാശിനി പ്രയോഗം പരമാവധി കുറയ്ക്കാനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നു മാത്രം.

കീടനാശിനികള്‍ തളിക്കുന്നതുപോലെ തന്നെ രാസവളങ്ങളും പത്രപോഷണം വഴി നല്‍കാമല്ലോ. നമ്മുടെ നെല്‍കൃഷിയില്‍ ഇങ്ങനൊരു പരിഷ്‌കാരത്തിനു സാധ്യത കാണുന്നുണ്ടോ?

രാസവളം തളിക്കുന്നതിനേക്കാള്‍ മറ്റൊരു രീതിയില്‍ വളപ്രയോഗം നടത്തുന്നതിനാണ് ശ്രമം നടക്കുന്നത്.  ട്രാന്‍സ്പ്ലാന്ററില്‍നിന്നും കോണോവീഡറില്‍നിന്നുമൊക്കെ നെല്ലിന്റെ ചുവട്ടില്‍ തന്നെ വളം നല്‍കുന്ന സമ്പ്രദായമാണ് ഉദ്ദേശിക്കുന്നത്. ഞാറു നടുകയോ കള നശിപ്പിക്കുകയോ ചെയ്യുന്നതിനൊപ്പം വളപ്രയോഗവും പൂര്‍ത്തിയാകുമെന്നു മാത്രമല്ല നെല്ലിന്റെ വേരുപടലത്തില്‍ തന്നെ നല്‍കുന്നതിനാല്‍ വളത്തിന്റെ കാര്യക്ഷമമായ വിനിയോഗം ഉറപ്പുവരുത്തുകയും ചെയ്യാം.

പത്രപോഷണം വഴി വിളവ് കൂടുമോ?

ഇപ്പോള്‍ പല രാസപോഷകങ്ങളും വേണ്ടത്ര കിട്ടാതെ വരുന്ന സാഹചര്യത്തില്‍ അവ ഫലപ്രദമായ ഉപയോഗിക്കാന്‍ പത്രപോഷണം ഏറെ സഹായകമാണ്. എന്നാല്‍ എല്ലായിടത്തും വ്യാപകമായി ഉപയോഗിക്കത്തക്ക വിധത്തില്‍ ഇതു സംബന്ധിച്ച ശിപാര്‍ശ കാര്‍ഷികസര്‍വകലാശാല തയാറാക്കി വരുന്നതേയുള്ളൂ. പത്രപോഷണത്തിനുള്ള സവിശേഷ വളങ്ങള്‍ നമ്മുടെ നാട്ടില്‍ ലഭ്യമായി തുടങ്ങിയിട്ടേയുള്ളൂ. അവയിലെ എന്‍പികെ അനുപാതം പലപ്പോഴും അനുയോജ്യമായ തോതിലാവണമെന്നില്ല. മണ്ണുപരിശോധനയും മറ്റും നടത്തി ചെടിയുടെ പോഷകാവശ്യം നിര്‍ണയിച്ച ശേഷമേ ഇവയുടെ അളവ് ശിപാര്‍ശ ചെയ്യാനാവൂ. ഏതെങ്കിലും വളക്കച്ചവടക്കാരന്‍ പറയുന്നതനുസരിച്ച് ഇത്തരം വളങ്ങളുപയോഗിച്ച ശേഷം സര്‍വകലാശാലയ്ക്ക് ഇക്കാര്യമൊന്നും അറിയുന്നില്ലെന്നു പരിഹസിക്കുന്നതു ശരിയല്ല. ഏറ്റവും ശരിയായ ശിപാര്‍ശയേ ഞങ്ങള്‍ക്കു നല്‍കാനാവൂ.

നാം പിന്നോട്ടുുപോയ മറ്റൊരു മേഖല സൂക്ഷ്മമൂലകപ്രയോഗമല്ലേ?

സൂക്ഷ്മമൂലകങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവ ഒരിക്കലും അമിതമാവരുതെന്നാണ്.  ചില സൂക്ഷ്മമൂലകവളങ്ങള്‍ എല്ലാ വര്‍ഷവും ഉപയോഗിക്കുന്ന കര്‍ഷകരുണ്ട്. ഇതു വലിയ തെറ്റാണ്.ഉദാഹരണമായി ഒരു പാടത്ത് ഒരിക്കല്‍ സിങ്ക് നല്‍കിയാല്‍ പിന്നെ അഞ്ചുവര്‍ഷത്തേയ്ക്ക് അതിന്റെ ആവശ്യമില്ല. ഇതു മനസ്സിലാക്കാതെ എല്ലാ വര്‍ഷവും സിങ്ക് പ്രയോഗം നടത്തിയാല്‍ നെല്ല് ടോക്‌സിക് ആവും. അതുകൊണ്ടാണ് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം ഇവ നല്‍കണമെന്നു പറയുന്നത്. ഇപ്പോള്‍ സംസ്ഥാനവ്യാപകമായി മണ്ണുപരിശോധന നടത്തി സോയില്‍ മാപ്പും സോയില്‍ ഹെല്‍ത്ത് കാര്‍ഡും  ലഭ്യമാക്കിയിട്ടുള്ളതിനാല്‍ സൂക്ഷ്മമൂലകങ്ങളുടെ ഫലപ്രദമായ വിനിയോഗം സാധ്യമായിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ മാത്രം നേരിയ തോതില്‍ സൂക്ഷ്മ വളപ്രയോഗം നടത്തുന്നതാണുത്തമം.

ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച്  നേരത്തെ സൂചിപ്പിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ നമുക്ക് എത്രമാത്രം മുന്നേറാനായിട്ടുണ്ട് ?

മികച്ച ഉത്പാദനക്ഷമതയാണ് നമുക്ക് ലഭിക്കുന്നത്. ഉമ പോലുള്ള നമ്മുടെ ചില ഇനങ്ങള്‍ക്ക് ഹെക്ടറിന് എട്ടു ടണ്‍ വരെ നെല്ല് ഉത്പാദനം നേടാന്‍ സാധിച്ചിട്ടുണ്ട്- കൃഷിക്കാരുടെ പാടങ്ങളിലുണ്ടായ നേട്ടമാണിത്. അതായത് ഹെക്ടറിന് 5.2 ടണ്‍ അരി. ഇതിലും മേലേയുള്ള ഉത്പാദനക്ഷമത കൈവരിക്കാനാണ് നാം ഇപ്പോള്‍ ശ്രമിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ നമ്മുടെ ഉത്പാദനക്ഷമത കൂടുതലും അന്താരാഷ്ട്രശരാശരിയേക്കാള്‍  കുറവുമാണ്. എന്നാല്‍ കുട്ടനാട്ടില്‍ അന്താരാഷ്ട്രനിലവാരത്തില്‍ ഉത്പാദനക്ഷമത കൈവരിക്കാനാകുന്നുണ്ട്.   പുതിയ ഇനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ 12-14 വര്‍ഷം വേണ്ടിവരും. അതിലും സാധ്യത ഉമ മെച്ചപ്പെടുത്തി 10 ടണ്‍ ഉത്പാദനക്ഷമത നേടുന്നതിനാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഹെക്ടറിനു 25 ടണ്‍ ഉത്പാദനക്ഷമത സാധ്യമാക്കുന്നതിന് എന്തു ചെയ്യാമെന്ന് ഒരു പരീക്ഷണം നടത്തുകയുണ്ടായി. അത്രയും കിട്ടിയില്ലെങ്കിലും ഹെക്ടറിന് 12.5 ടണ്‍ ഉത്പാദനക്ഷമത കൈവരിക്കാനായില്‍ വലിയ നേട്ടമായിരിക്കും.

ഇത്രയും വലിയൊരു ലക്ഷ്യമിടുന്നതിനു പിന്നലെ യുക്തിയെന്താണ്?

ഹെക്ടറിനു 25 ടണ്‍ നേടണമെങ്കില്‍ ഒരു ചതുരശ്രമീറ്ററില്‍ 2.5 കിലോഗ്രാം ഉത്പാദനമുണ്ടായാല്‍ മതി. പതിനായിരം ചതുരശ്രമീറ്ററാണ് ഒരു ഹെക്ടര്‍. ഒരു ചതുരശ്രമീറ്ററില്‍ 2.5 കിലോഗ്രാം നെല്ലു കിട്ടുണമെങ്കില്‍ അത്രയും സ്ഥലത്ത് എത്ര നെല്‍ചെടികള്‍ വേണമെന്നാണ് തുടര്‍ന്നു ചിന്തിക്കേണ്ടത്. ശാസ്ത്രീയമായി ഞാറു നടുമ്പോള്‍ ഒരു ചതുരശ്രമീറ്ററില്‍ 25 നെല്‍ചെടികളാണുണ്ടാവുക. ഓരോ ചെടിയിലും 25ലേറെ ചിനപ്പുകളുമുണ്ടാവാറുണ്ട്. ഓരോ നെല്‍ചെടിയിലും നിന്ന് 100 ഗ്രാം വീതം നെല്ലു കിട്ടിയാല്‍ ഈ ലക്ഷ്യം സാധ്യമാക്കാം. ഉമ കൃഷി ചെയ്തപ്പോള്‍ 100 ഗ്രാം തരുന്ന നെല്‍ച്ചെടികള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്.  അതായത് ഹെക്ടറിന് 25 ടണ്‍  ഉത്പാദനക്ഷമത തത്വത്തില്‍ സാധ്യമാണ്. ഓരോ ചതുരശ്രമീറ്ററിലേയും എല്ലാ നെല്‍ച്ചെടികളേയും ഇത്രയും ഉത്പാദനം നല്‍കത്തക്കവിധത്തില്‍ എങ്ങനെ പരിപാലിക്കാമെന്നാണ് ഇനി നാം അന്വേഷിക്കുന്നത്.

ഞാറിന്റെ അകലമാണോ ഉത്പാദനക്ഷമത നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാവുന്നത്. ഒറ്റഞാര്‍കൃഷിയില്‍ ഉത്പാദനക്ഷമത കൂടുന്നതിനുള്ള കാരണം ഒരു പക്ഷേ അതായിരിക്കില്ലേ?

കുട്ടനാട്ടില്‍ വിത നടന്ന പാടങ്ങളിലാണ് എട്ടു ടണ്‍ ഉത്പാദനം നേടാനായത്. ഒരു പക്ഷേ അവിടെ ട്രാന്‍സ്പ്ലാന്റിംഗ് കൂടി നടന്നിരുന്നെങ്കില്‍ ഉത്പാദനം ഇതിലും കൂടുമായിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ട്, അതോടൊപ്പം തുടക്കത്തില്‍ തന്നെ മണ്ണുപരിശോധന നടത്തി മണ്ണിന്റെ ഫലഭൂയിഷ്ടി പരമാവധി പ്രയോജനപ്പെടുത്തിയാല്‍ വൈകാതെ തന്നെ ഉമയുടെ ഉത്പാദനക്ഷമത ഇനിയും ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ശരിയായ ജലസേചനവും ഇതിനാവശ്യമാണ്. ഉമയേക്കള്‍ ഉത്പാനക്ഷമതയുള്ള ചില ഇനങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും അവയ്‌ക്കൊന്നും അത് നിലനിര്‍ത്താനായിട്ടില്ല.

ഉമയുടെ ഉത്പാദനക്ഷമതയും കുറഞ്ഞുവരുന്നതായി ചില കര്‍ഷകര്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതു ശരിയാണോ?

ഇല്ല. അടിസ്ഥാനമില്ലാതെ പറയുന്നതാണിത്. അതേസമയം വിത്തുത്പാദനം ശാസ്ത്രീയമായി നടത്തിയില്ലെങ്കില്‍ വിളവ് മോശമാകും.  ശരിയായ വിത്തുത്പാദനരീതികള്‍ പിന്തുടരാതെ എങ്ങനെയെങ്കിലുമുണ്ടായ നെല്ല് വിത്താണെന്നു പറഞ്ഞുവിതച്ചാല്‍ ആദ്യത്തെ ഉത്പാദനം കിട്ടണമെന്നില്ല. പണ്ടൊക്കെ തലമണിയാണ് നാം വിത്തായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പലരും വിത്തുത്പാദനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതുകാരണം വിത്തു വെള്ളത്തിലിടുമ്പോള്‍ പകുതി പതിരായി പോകുന്നതു കാണാം.

ഫോണ്‍:0477 2702245
കര്‍ഷകന്‍ 2012 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment