Monday, 1 December 2014

തുള്ളിവെള്ളത്തിലെ നെല്‍കൃഷി !


ഭാവിയില്‍ ജലത്തിന്റെ ഗാര്‍ഹിക, നഗര, വ്യാവസായിക, പാരിസ്ഥിതിക ആവശ്യങ്ങള്‍ വര്‍ധിക്കുംതോറും ജലസേചനത്തിനായുള്ള വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുകുറഞ്ഞുവരും. ഇന്ത്യയില്‍ ഇന്ന് ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 83.3 ശതമാനവും ജലസേചനത്തിനായി ലഭ്യമാകുന്നുണ്ട്. ഇത് 2025 ആകുമ്പോഴേയ്ക്കും 71.6 ശതമാനമായും 2050ല്‍ 64.6 ശതമാനമായും കുറയുമെന്ന് കേന്ദ്രകൃഷിവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏഷ്യയിലെ 170 ലക്ഷം ഹെക്ടര്‍ ജലസേചനസൗകര്യമുള്ള നെല്‍കൃഷിയ്ക്ക് 2025 ആകുമ്പോള്‍  ഭൗതിക ജലദൗര്‍ലഭ്യവും 220 ലക്ഷം ഹെക്ടറില്‍ സാമ്പത്തിക ജലദൗര്‍ലഭ്യവും അനുഭവപ്പെടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഈ മേഖലയിലെ ഏറ്റവും വലിയ അരിയുത്പാദകരായ ഇന്ത്യയിലായിരിക്കും ഈ ദൗര്‍ലഭ്യത്തിന്റെ  സിംഹഭാഗവും. പരമാവധി സ്ഥലത്ത് ജലസേചനമെത്തിക്കാനായി ലഭ്യമായ ജലം ഏറെക്കുറെ പൂര്‍ണമായി നാം ഉപയോഗിച്ചുതീര്‍ത്തിരിക്കുകയാണ്.

വളരെയേറെ വെള്ളമുപയോഗിച്ച് ചേറുപരുവമാക്കിയ മണ്ണിലാണ് നെല്ലു വിതയ്ക്കുന്നത്.  വളരുന്നതാവട്ടെ കെട്ടിനിര്‍ത്തിയ ജലത്തിലും. നമ്മുടെ നെല്‍കൃഷിയിലെ ജലത്തിന്റെ ഉത്പാദനക്ഷമത ഘനമീറ്ററിന് 0.15 കിലോഗ്രാമാണ്. ഇപ്പോഴത്തെ വെള്ളം കെട്ടിനിര്‍ത്തിയുള്ള സമ്പ്രദായത്തില്‍ ഒരു ഏക്കര്‍ നെല്‍കൃഷിയ്ക്ക് 95 ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഇപ്രകാരം വിനിയോഗിക്കപ്പെടുന്ന വെള്ളത്തിന്റെ ഏറിയ പങ്കും നെല്‍ച്ചെടിയുടെ വളര്‍ച്ചയ്ക്കായല്ല വിനിയോഗിക്കുന്നതെന്നതാണ് വിരോധാഭാസം. പലപ്പോഴും കൃഷിക്കാരന്റെ സംതൃപ്തിയ്ക്കുവേണ്ടി, പരമ്പരാഗതമായ തെറ്റിധാരണകള്‍ക്കനുസരിച്ചാണ് ഇത്രയേറെ വെള്ളം നെല്‍കൃഷിയില്‍ ഉപയോഗിക്കുന്നത്. വാസ്തവത്തില്‍ നെല്ലിന്റെ വളര്‍ച്ചയ്ക്ക് ഇത്രയേറെ ജലം കെട്ടിനിര്‍ത്തേണ്ട കാര്യമില്ല.

ഇന്ത്യയില്‍ കാര്‍ഷികരംഗത്തെ ആകെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 83 ശതമാനവും നെല്ലിന്റെ മാത്രം ജലസേചനത്തിനാണ് വേണ്ടിവരുന്നതത്രേ.വലിയ തോതിലുള്ള ഈ ജലവിനിയോഗം തുടര്‍ന്നുകൊണ്ട് 2050ല്‍ വേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്ന 4940 ലക്ഷം ടണ്‍  ഉത്പാദനം സാധ്യമാകത്തക്കവിധത്തില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനാവുമോ? ഇപ്പോള്‍ രാജ്യത്തെ ജലലഭ്യത 700 ബില്യണ്‍ ക്യൂബിക് മീറ്റര്‍(ബിസിഎം) ആണ്. അതേസമയം 2050ല്‍ രാജ്യത്തെ ജലആവശ്യം 1200 ബിസിഎം ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ സാഹചര്യം മനസ്സിലാക്കിയാവണം കൃഷിയിലെ ജലവിനിയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടത്?നേരത്തേ സൂചിപ്പിച്ച തോതില്‍ ശുദ്ധജലത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുക സാധ്യമല്ല. ഈ രംഗത്തെ ചില സമസ്യകള്‍ കൂടി അടുത്തറിയേണ്ടതുണ്ട്.

കൂടുതല്‍ ധാന്യോത്പാദനം സാധ്യമാക്കണമെങ്കില്‍ 2050 ആകുമ്പോഴേയ്ക്കും ജലസേചനസൗകര്യമുള്ള കൃഷിയിടങ്ങളുടെ  വിസ്തൃതി ഇപ്പോഴത്തെ 790 ലക്ഷം ഹെക്ടറില്‍നിന്നും 1490ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കണം ജലസേചനസൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാവുകയാണെന്നു കരുതുക. ലഭ്യമായ വെള്ളം കൃഷിയിറക്കിയ കൂടുതല്‍ ഭാഗങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക മാത്രമേ ഇങ്ങനൊരു സാഹചര്യത്തില്‍ നിവൃത്തിയുള്ളൂ.

ചുരുക്കത്തില്‍ വരുംവര്‍ഷങ്ങളിലെ  പെരുകിവരുന്ന ജനസംഖ്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഇപ്പോള്‍ ജലസേചനസൗകര്യം ലഭ്യമായ സ്ഥലങ്ങളിലെ ഇപ്പോള്‍ ലഭ്യമായ ജലം ഉപയോഗിച്ച് കുറഞ്ഞ പക്ഷം ഇരട്ടി ഉത്പാദനമെങ്കിലും നേടുന്നതിനുള്ള സംവിധാനങ്ങള്‍ നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. തികച്ചും അസാധ്യമായ കാര്യമെന്നു കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍ ഇതൊരു യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.

ആയിരം ലിറ്റര്‍ (ഒരു ഘനമീറ്റര്‍) വെള്ളമുപയോഗപ്പെടുത്തി ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന 150 ഗ്രാം അരിയുടെ സ്ഥാനത്ത് അത്രയും വെളളമുപയോഗിച്ച് അര കിലോഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ ഉത്പാദനം നേടാന്‍ നമുക്ക് കഴിയുമോ? കൃഷിയിടവിസ്തൃതി വെറുതെയങ്ങു വര്‍ധിപ്പിക്കുക ഇപ്പോള്‍തന്നെ  സാധ്യമല്ലാത്തവിധത്തില്‍ കാര്യങ്ങള്‍ പരുങ്ങലിലായിരിക്കുകയാണ്. കൃഷിയ്ക്കു യോഗ്യമാകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും ഏറെക്കുറെ പൂര്‍ണമായി രാജ്യം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു.വാസ്തവത്തില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ നിന്ന് (1430ലക്ഷം ഹെക്ടര്‍ കൃഷി) 2050 ആകുമ്പോഴേയ്ക്കും പരമാവധി 1450 ലക്ഷം ഹെക്ടറായി കൃഷി വര്‍ധിപ്പിക്കാനേ സാധ്യത അവശേഷിക്കുന്നുള്ളൂ.
വളരെയേറെ ജലം ആവശ്യമുണ്ടെന്നു കരുതപ്പെട്ടിരുന്ന കരിമ്പ്, വാഴ, പച്ചക്കറി തുടങ്ങിയ വിളകളുടെ യഥാര്‍ഥ ജലആവശ്യം നാം കരുതിയിരുന്നതിലും 50-60 ശതമാനം കുറവാണെന്ന് കാണാനാവും. ഡ്രിപ് ഇറിഗേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇതു സാധ്യമായത്. വിളയുടെ ജലആവശ്യത്തിനു ഏറെക്കുറെ തുല്യഅളവില്‍ മണ്ണിലെ ഈര്‍പ്പം  നിരന്തരമായി നിലനിര്‍ത്താന്‍ ഇതു സഹായിച്ചു. ഈ സമ്പ്രദായത്തില്‍ വിള അതിന്റെ ജനിതകശേഷി പൂര്‍ണമായി വിനിയോഗിക്കുകയും വിളവ് മെച്ചപ്പെടുകയും ചെയ്യുന്നു.

പഞ്ചാബ്, യുപി, രാ്ജസ്ഥാന്‍, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്  എന്നീ സംസ്ഥാനങ്ങളില്‍ 4-5 വര്‍ഷമായി ജയിന്‍ ഇറിഗേഷന്‍ ഇക്കാര്യങ്ങളെക്കുറിച്ച് ഗവേഷണവും പൊരുത്തപ്പെടുത്തലും നടത്തിവരികയാണ്. സര്‍വകലാശാലകളുടെ ഫാമുകളിലും കൃഷിക്കാരുടെ പാടങ്ങളിലുമൊക്കെ ഫെര്‍ട്ടിഗേഷനോടും ഡ്രിപ് ഇറിഗേഷനോടും നെല്ലിനുള്ള പ്രതികരണമാണ് ഇവയിലൊക്കെ പഠനവിധേയമാക്കുന്നത്. ജലസുരക്ഷയിലൂടെയും ഊര്‍്ജ്ജസുരക്ഷയിലൂടെയും ഭക്ഷ്യസുരക്ഷ എന്ന ആശയവുമായി പ്രവര്‍ത്തിക്കുന്ന ജയിന്‍ ഇറിഗേഷന്‍ നെല്ലിന്റെ ജലസേചനത്തിനായി പുതുമയാര്‍ന്ന ഒരു സമ്പ്രദായം അടുത്തകാലത്ത് പുറത്തിറക്കുകയുണ്ടായി. ഈ ഡ്രിപ് സാങ്കേതികവിദ്യ പരമ്പരാഗത ചേറ്റുവിത പാടങ്ങളിലും പൊടിവിത പാടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. പൊടിവിതയും കരനെല്‍കൃഷിയുമായി ഏറെ സാമ്യമുണ്ട്.


കൃഷിയിട പരീക്ഷണങ്ങളിലെ          
കണ്ടെത്തലുകള്‍

1.കെട്ടിക്കിടക്കാനുള്ള വെള്ളം നല്‍കാതെ മണ്ണിന്റെ നനവ് നിലനിര്‍ത്തുക മാത്രം ചെയ്തപ്പോള്‍ വെള്ളം കെട്ടിനിര്‍ത്തിയുള്ള കൃഷിയ്ക്കു തുല്യമോ അതിലേറെയോ വിളവ് ലഭിച്ചു
2.വെളളം കെട്ടിനിര്‍ത്താതെയുള്ള നെല്‍കൃഷിയിലെ മുഖ്യപ്രശ്‌നമായി കരുതപ്പെടുന്നത് കളശല്യമാണ്. വിത്തിട്ട സ്ഥലത്ത് ഉമി കൊണ്ട് പുതയിടുന്നതിനൊപ്പം  കള പറിച്ചുകളയുകയോ പരിമിതമായ തോതില്‍ കളനാശനി പ്രയോഗിക്കുകയോ ചെയ്താല്‍ ഈ പ്രശ്‌നം നിയന്ത്രിക്കാനാവും.
3. വിവിധ നെല്ലിനങ്ങളുടെ വളര്‍ച്ച പഠനവിധേയമാക്കിയപ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളമല്ല വേണ്ടത്ര ഈര്‍പ്പത്തിന്റെ ലഭ്യത മാത്രമാണ് നെല്ലുത്പാദനത്തിന് അനിവാര്യമെന്ന സൂചനയാണ്  ലഭിച്ചത്.
വിവിധ കാര്‍ഷികസര്‍വകലാശാലകളും അന്താരാഷ്ട്രഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയോജിത ഗവേഷണത്തിലൂടെ നെല്‍കൃഷിയില്‍ ഡ്രിപ് ഇറിഗേഷനുള്ള സ്ഥാനം തെളിയിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. അതോടൊപ്പം പുരോഗനേച്ഛുക്കളായ കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ഈ സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാക്കിയിട്ടുമുണ്ട്.

കൃഷിയിട പരീക്ഷണങ്ങള്‍ 

രണ്ടാം ഘട്ടമെന്ന നിലയില്‍ നെല്‍കൃഷിയിലെ ഡ്രിപ് ഇറിഗേഷന്‍ സാങ്കേതികവിദ്യയുടെ കൃഷിയിടപരീക്ഷണങ്ങള്‍ 2009-2011 കാലഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നെല്‍പാടങ്ങളില്‍ നടത്തുകയുണ്ടായി. കമ്പനി നേരിട്ട് ഡ്രിപ് ഇറിഗേഷന്‍ സംവിധാനം സ്ഥാപിക്കുകയും കൃഷിക്കാര്‍ അവ പ്രവര്‍ത്തിപ്പിച്ചു കൃഷി നടത്തുകയുമാണുണ്ടായത്. ഇതിന്റെ പ്രവര്‍ത്തനത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ പരിശീലനം കമ്പനി കൃഷിക്കാര്‍ക്ക് മുന്‍കൂട്ടി നല്‍കുകയും ചെയ്തു.
ഈ പ്രദര്‍ശകൃഷിയിടങ്ങളിലെല്ലാം പരമ്പരാഗതരീതിയില്‍ കൃഷിക്കാര്‍ക്കു കിട്ടിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന വിളവാണ് ഡ്രിപ് സംവിധാനമേര്‍പ്പെടുത്തിയപ്പോള്‍ കിട്ടിയതെന്നു കാണാം. ഡ്രിപ് സംവിധാനത്തിനു വേണ്ടി മുടക്കിയ പണം  പൊതുവേ രണ്ടു സീസണുകള്‍ക്കകം( ഒരു വര്‍ഷം) തിരിച്ചുകിട്ടുന്നതായി തെളിയുന്നു. പരീക്ഷണത്തില്‍ ഞങ്ങളോടു സഹകരിച്ച കര്‍ഷകരില്‍ പലര്‍ക്കും സ്വന്തമായി ഡ്രിപ് സംവിധാനം ഉണ്ടായിരുന്നതിനാല്‍ ചെറിയ പരിഷ്‌കാരങ്ങളോടെ അവ നെല്‍കൃഷിയില്‍ ഉപയോഗിക്കാന്‍ സാധിച്ചു. ഡ്രിപ് ജലസേചനസംവിധാനം സ്വന്തമാക്കുന്നതിന് അനുയോജ്യമായ സഹായങ്ങള്‍ യഥാസമയം ലഭ്യമാക്കിയാല്‍ വരുംവര്‍ഷങ്ങളില്‍ നെല്ലുത്പാദനം വളരെയേറെ വര്‍ധിപ്പിക്കാമെന്ന കാര്യത്തില്‍ ജയിന്‍ ഇറിഗേഷനു ആത്മവിശ്വാസമുണ്ട്.


പരിസ്ഥിതി പ്രശ്‌നങ്ങള്‍

1. വന്‍തോതില്‍ ഡ്രിപ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുവഴി ജലസംരക്ഷണത്തിനപ്പുറം മറ്റു ചില നേട്ടങ്ങള്‍ കൂടി സാധ്യമാക്കാം.ഒരേക്കര്‍ നെല്‍കൃഷി പരമ്പരാഗത ജലസേചനരീതിയില്‍ നിന്നു ഡ്രിപ് സംവിധാത്തിലേയ്ക്കു മാറ്റുന്നതുവഴി മറ്റൊരു 2.9 ഏക്കറിലെ നെല്‍കൃഷിയ്‌ക്കോ 3.2 ഏക്കറിലെ പച്ചക്കറികൃഷിയ്‌ക്കോ ആവശ്യമായ ജലം ലഭ്യമാകുന്നു.
2. പരമ്പരാഗത നെല്പാടങ്ങളിലെ മീതൈന്‍ വിസര്‍ജ്ജനം  പ്രധാന പരിസ്ഥിതി പ്രശ്‌നമായി മാറിയിട്ടുണ്ട്. നെല്പാടങ്ങളില്‍ മീഥൈന്‍ കൂടുതലായുണ്ടാവാനുള്ള ഒരു പ്രധാന കാരണം കെട്ടിനിര്‍ത്തുന്ന വെള്ളത്തിലെ വായുരഹിതമായ സാഹചര്യങ്ങളില്‍ നടക്കുന്ന ജൈവവിഘടനമാണ്. എന്നാല്‍ ഡ്രിപ് സംവിധാനം പോലെ വെള്ളം കെട്ടിനില്‍ക്കാത്ത സാഹചര്യങ്ങളില്‍ മീഥൈന്‍ ഉത്പാദനം തീരെ കുറവായിരിക്കും. ഡ്രിപ് സംവിധാനം മൂലം മീഥൈന്‍ ഉത്പാദനത്തിലുണ്ടാകുന്ന കുറവിനെക്കുറിച്ച് ഞങ്ങള്‍ ഗവേഷണം നടത്തിവരികയാണ്.
3.ഡ്രിപ് സംവിധാനമുപയോഗിച്ച് ചെറിയ തോതില്‍ കൂടുതല്‍ തവണകളായി രാസവളങ്ങള്‍ നെല്ലിനു നല്‍കുന്നതുവഴി പാടത്തോടു ചേര്‍ന്നുള്ള ജലാശയങ്ങളുടെ നൈട്രേറ്റ് മലിനീകരണം കുറയ്ക്കാനാവും. എന്നാല്‍ ഇതേക്കുറിച്ചും കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഡോ. പി. സോമന്‍

ചീഫ് അഗ്രോണമിസ്റ്റ്
ജയിന്‍ ഇറിഗേഷന്‍
ഇമെയില്‍: dr.soman@jains.com


കര്‍ഷകന്‍ 2012 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment