Thursday, 4 December 2014

മൂണ്‍കേക്കിന്റെ കഥ

അന്നത്തെ ക്ലാസില്‍ ഉപ്പിട്ടു വറുത്ത ചെറുപയറുമായാണ് പത്മന്‍ മാഷെത്തിയത്. അദ്ദേഹം അതു നമുക്കൊക്കെ കുറേശ്ശെ കൊറിക്കാന്‍ തന്നു. നല്ല രസമുണ്ട്. മാഷ് ചോദിച്ചു: ''ചെറുപയര്‍ വറുത്തത് എങ്ങനെയുണ്ട്?''
''ഉഗ്രന്‍, മാഷേ''-ഞങ്ങളൊക്കെ പറഞ്ഞു.

''പണ്ടൊക്കെ ചെറുപയറും വന്‍പയറും ഉഴുന്നുമൊക്കെ വേനല്‍ക്കാലത്തു പാടങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇന്ന് അവയൊക്കെ ഏതാണ്ട് പൂര്‍ണമായി ഇല്ലാതായ മട്ടാണ്.
പയറും അരിയുമിട്ടു വേവിച്ചുണ്ടാക്കിയ കഞ്ഞിയാ ഞങ്ങള്‍ രാത്രി കുടിച്ചിരുന്നത്. എന്താ ഉശിരായിരുന്നു ആ കഞ്ഞി കുടിച്ചാല്‍, ചിലപ്പോള്‍ തേങ്ങാപ്പാലും ചേര്‍ക്കും. ഇന്ന് ചെറുപയറും വന്‍പയറും ഉഴുന്നുമൊക്കെ പണ്ടത്തെപ്പോലെ ആരും ഉപയോഗിക്കുന്നില്ല'' - മാഷ് വ്യക്തമാക്കി.
''മാഷേ ഈ ചെറുപയര്‍ എവിടത്തുകാരനാ?'' - അമ്പു ചോദിച്ചു
''കുട്ടികളേ ചെറുപയര്‍ ഇംഗ്ലീഷില്‍ ഗ്രീന്‍ ഗ്രാമെന്ന് അറിയപ്പെടുന്നു, സസ്യനാമം വിഗ്‌നാ റേഡിയേറ്റ. ഇന്തോബര്‍മ്മയാണ് ഇതിന്റെ ജന്മദേശമായി കരുതപ്പെടുന്നത്. ഭാരതത്തില്‍ ചെറുപയറിന്റെ പുരാതന അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 4500 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ അവശിഷ്ടങ്ങള്‍. ഇന്ത്യയില്‍ രാജസ്ഥാനാണ് ചെറുപയര്‍ ഉത്പാദനത്തില്‍ ഒന്നാമത്. മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവ പുറകെയുണ്ട്. ലോകത്തെ ഉത്പ്പാദനം നോക്കിയാല്‍ ഇന്ത്യ, ബര്‍മ്മ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവയാണ് മുഖ്യം'' - മാഷ് പറഞ്ഞു.
''ഇതു പയറുവര്‍ഗവിളയായതിനാല്‍ വേരുമൂലകങ്ങള്‍ കാണില്ലേ മാഷേ, അവ നൈട്രജന്‍ സംഭരിക്കാന്‍ സഹായിക്കുന്നുണ്ടാവും അല്ലേ?'' - മഞ്ചു ചോദിച്ചു.
മാഷ് മറുപടി പറഞ്ഞു - ''ശരിയാണ് ചെറുപയറും മറ്റു പയറുവര്‍ഗങ്ങളും മണ്ണിലെ നൈട്രജന്റെ അംശം കൂട്ടും. ചെടികളുടെ വളര്‍ച്ചയ്ക്കും പച്ചപ്പിനുമൊക്കെ നൈട്രജന്‍ അത്യാവശ്യമാണ്. പണ്ട് തെങ്ങിന്‍തോപ്പിലും മരച്ചീനി വിളയിലുമൊക്കെ ചെറുപയര്‍ ഇടവിളയായി വളര്‍ത്തിയിരുന്നു. അവ പയര്‍ തരുന്നതോടൊപ്പം മണ്ണിലെ വളക്കൂറ് കൂട്ടുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇരട്ടി ഗുണമുണ്ടായി. 3 മാസത്തോളമാണ് ചെറുപയറിന്റെ വിളദൈര്‍ഘ്യം. ഇതു വിളവെടുത്തശേഷം ചെടി കാലിത്തീറ്റയായി ഉപയോഗിക്കാം.''
''മാംസ്യത്തിന്റെ നല്ല ശേഖരമല്ലേ മാഷേ ഈ ചെറുപയര്‍? ഞങ്ങളുടെ മാലതി ടീച്ചര്‍ എപ്പോഴും പറയാറുണ്ട് വളരുന്ന കുട്ടികള്‍ പയറുവര്‍ഗങ്ങള്‍ കഴിക്കണമെന്ന്'' - നവാസ് പറഞ്ഞു.
മാഷ് തുടര്‍ന്നു - ''ശരിയാ നവാസ് പറഞ്ഞത് നല്ല ഗുണമുള്ള ഭക്ഷണമാ ചെറുപയറും മറ്റു പയറു വര്‍ഗങ്ങളും. പല വിഭവങ്ങള്‍ ഇതുപയോഗിച്ചുണ്ടാക്കുന്നുണ്ട്. രസമുള്ള ഒരു കാര്യം പറയാം. ഇന്തോനേഷ്യയില്‍ നമ്മുടെ പയറുകഞ്ഞിക്കു സമാനമായ ഒരു കഞ്ഞിയുണ്ടാക്കുന്നുണ്ട്, പേര് 'കക്കാങ്ങ് ഹിജാവു; ചെറുപയര്‍, അരി, തേങ്ങാപ്പാല്, ഇഞ്ചി, തെങ്ങിന്‍ ശര്‍ക്കര എന്നിവ വേവിച്ചാണ് ഇതുണ്ടാക്കുക. ചൈനയിലും ഹോങ്കോങ്ങിലുമൊക്കെ ഐസ്‌ക്രീം ഉണ്ടാക്കാന്‍വരെ ചെറുപയര്‍ ഉപയോഗിക്കുന്നു. 100 ഗ്രാം ചെറുപയറില്‍ 23.86 ഗ്രാം പ്രോട്ടീനാണ് ഉള്ളത്. കൂടാതെ വിറ്റാമിന്‍ സി, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും.
''മാഷേ, ചെറുപയര്‍ പരിപ്പാ എന്റെ ഫേവറിറ്റ്, അത് ഒഴിച്ചാ ഞാന്‍ ചോറ് കഴിക്കുന്നത്, സാമ്പാറിനേക്കാള്‍ എനിക്കു പ്രിയം അതാ'' - ബാലു തന്റെ പരിപ്പുപ്രിയം വ്യക്തമാക്കി.
''കൊള്ളാം, പരിപ്പ് പ്രിയം നല്ലതുതന്നെ, ഇനി ഒരു കഥയായാലോ? ഒരു ചെറുപയര്‍ വിഭവത്തിന്റെ കഥയാ. വിഭവത്തിന്റെ പേര് 'മൂണ്‍ കേക്ക്' ചീനര്‍ ചാങ്ങ് എന്ന ദേവതയോടുള്ള ഭക്തിസൂചകമായി ഉണ്ടാക്കുന്നതാ ഇത്. ചെറുപയറും മാവും മുട്ടയുമൊക്കെ ഉപയോഗിച്ചാ ഇതുണ്ടാക്കുക. ഇനി കഥ പറയാം. പണ്ട് ചാങ്ങ് എന്ന യുവതിയും ഭര്‍ത്താവ് ഹുയിയും സ്വര്‍ഗത്തില്‍ കഴിയുകയായിരുന്നു. ഒരിക്കല്‍ ദേവേന്ദ്രന്റെ പത്തു പുത്രന്മാര്‍ പത്ത് സൂര്യന്മാരായി മാറി. വലിയ കുസൃതിക്കാരായിരുന്നു ഈ പുത്രന്മാര്‍. ഭൂമിയാകട്ടെ പത്തു സൂര്യന്‍മാരുടെ ചൂടേറ്റ് വരണ്ടുണങ്ങി. ജീവജാലങ്ങള്‍ വെള്ളം കുടിക്കാന്‍പോലും കിട്ടാതെ ചത്തൊടുങ്ങാന്‍ തുടങ്ങി. ദേവേന്ദ്രന്‍ മക്കളോട് വിക്രിയ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ അവര്‍ വഴങ്ങിയില്ല. അദ്ദേഹം ചാങ്ങിന്റെ സഹായം തേടി. നല്ല അമ്പെയ്ത്തുകാരിയായ ചാങ്ങ് പത്തില്‍ ഒന്‍പതു സൂര്യന്‍മാരെയും അമ്പെയ്തു കൊന്നു. ഒരു സൂര്യനെ വെറുതെവിട്ടു. ഇത് ദേവേന്ദ്രന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ചാങ്ങിനെ ചതിച്ച് ഭൂമിയിലേക്കയച്ചു. ഭൂമിയിലെത്തിയതും ചിരഞ്ജീവിയായി കഴിയാനുള്ള ശേഷി അവര്‍ക്കു നഷ്ടപ്പെട്ടു. ഇതറിഞ്ഞ ഹൂയി ലോകങ്ങളിലെല്ലാം സഞ്ചരിച്ച് ചിരഞ്ജീവിയാകാനുള്ള മരുന്നിനായി തിരഞ്ഞു. ഒടുവില്‍ ഒരു മന്ത്രവാദി ഒരു ഗുളിക നല്‍കി. ഒരാള്‍ ഗുളികയില്‍ പകുതിയേ കഴിക്കാവൂ. അത്രയും മതി, അയാള്‍ ചിരഞ്ജീവിയാകും. ഹൂയി ഗുളിക വീട്ടില്‍ കൊണ്ടുവച്ചു. പിന്നെ പുറത്തേക്കു പോയി. ഭര്‍ത്താവ് പോയതും ചാങ്ങ് ഗുളികയെടുത്തു. പിന്നെ അതു മുഴുവനേ വിഴുങ്ങി. മന്ത്രവാദി പകുതിയേ കഴിക്കാവൂ എന്ന് മുന്നറിയിപ്പു നല്‍കിയത് അവര്‍ അറിഞ്ഞിരുന്നില്ല. ഗുളിക കഴിച്ചതും ചാങ്ങ് ആകാശത്തേക്കു പോയി. ഒടുവില്‍ അവള്‍ ചന്ദ്രനിലെത്തി. ആ ചാങ്ങിന്റെ ഓര്‍മ്മയ്ക്കാണു ചീനര്‍ മൂണ്‍ കേക്കുണ്ടാക്കുന്നത്'' - മാഷ് പറഞ്ഞു നിര്‍ത്തി.

ജി. എസ്. ഉണ്ണിക്കൃഷ്ണന്‍
വഞ്ചിയൂര്‍, തിരുവനന്തപുരം

കര്‍ഷകന്‍ 2012 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment