Thursday, 4 December 2014

പൂന്തോപ്പിലെ കരിങ്കുറിഞ്ഞിപ്പൂക്കള്‍

കരിങ്കുറിഞ്ഞിപ്പൂക്കള്‍ക്ക് തമിഴ്‌നാട്ടുകാര്‍ 'ഡിസംബര്‍ പൂ' എന്ന ഓമനപ്പേരു നല്‍കിയാണു വിളിക്കുന്നത്. കാരണം അവിടങ്ങളില്‍ ഇത് ഡിസംബര്‍ മാസമാണ് നിറയെ പുഷ്പിക്കുന്നത്. ചെറിയ മാലകളായി കോര്‍ത്ത് മുടിയില്‍ ചൂടാന്‍ തമിഴ് വനിതകള്‍ക്ക് കരിങ്കുറിഞ്ഞിപ്പൂക്കള്‍ കൂടിയേ തീരൂ.
മാല കോര്‍ക്കാന്‍ യോജിച്ചരൂപവും ഞെട്ടുനീളവുമുണ്ട് പൂക്കള്‍ക്ക്. പരമാവധി 60 മുതല്‍ 100 സെ. മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണിത്. ഇലകളുടെ പുറംഭാഗം കടും പച്ചയും താഴ്ഭാഗം ഇളംപച്ചയും. ഇലകള്‍ മുട്ടയുടെ ആകൃതിയില്‍ വീതി കുറഞ്ഞാണ്. പൂക്കള്‍ക്ക് 5 സെ. മീറ്റര്‍ നീളം, ചോര്‍പ്പിന്റെ ആകൃതി; പൂക്കള്‍ക്ക് വയലറ്റോ, പിങ്കോ, വെള്ളയോ നിറമാകാം. ദക്ഷിണ ചൈന മുതല്‍ ഇന്ത്യവരെയും മ്യാന്‍മറും ഒക്കെയാണ് കരിങ്കുറിഞ്ഞിയുടെ ജന്മനാടുകള്‍. നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് പൊതുവേ ഇതിന്റെ പൂക്കാലം. ഇംഗ്ലീഷ് ഭാഷയില്‍ ഇതിന് ഫിലിപ്പൈന്‍ വയലറ്റ്, ബ്ലൂബെല്‍ ബാര്‍ലേറിയ, ക്രെസ്റ്റഡ് ഫിലിപ്പൈന്‍ വയലറ്റ് എന്നൊക്കെ പേരുണ്ട്.

കേരളത്തിലെ കാലാവസ്ഥയില്‍ കരിങ്കുറിഞ്ഞി പോലെയുള്ള പൂക്കള്‍ അനായാസം വളരുകയും ദീര്‍ഘനാള്‍ പൂക്കള്‍ വിടര്‍ത്തുകയും ചെയ്യും. ബാര്‍ലേറിയ ക്രിസ്റ്റേറ്റ് എന്ന് സസ്യനാമമുള്ള ഈ പൂച്ചെടിയുടെ ബാര്‍ലേറിയ എന്ന പദം ഫ്രഞ്ച് സസ്യശാസ്ത്രകാരനായിരുന്ന ജാക്വിസ് ബാര്‍ലെയുടെ ഓര്‍മ്മയ്ക്ക് നല്‍കിയതാണ്. ക്രിസ്റ്റേറ്റ എന്നതാകട്ടെ ക്രെസ്റ്റഡ് (crested) എന്ന ഇംഗ്ലീഷ് പദത്തിന് സമാനമായ അര്‍ത്ഥമുള്ളതും. ക്രെസ്റ്റ് എന്നാല്‍ തലപ്പൂവ്, മകുടം എന്നൊക്കെയര്‍ത്ഥം. കരിങ്കുറിഞ്ഞിയുടെ പൂക്കള്‍ ചെടിത്തലപ്പില്‍/ശിഖരാഗ്രത്തില്‍ ഒരു കൂട്ടം പൂക്കളായി മകുടം പോലെ ഒന്നൊന്നായി വിടരുകയാണ് ചെയ്യുക. അങ്ങനെ പുഷ്പവിന്യാസത്തില്‍ നിന്നു ലഭിച്ചതാണ് ഈ പേര്. തമിഴില്‍ വെള്ള നീലാംബരം എന്നും ഇതിനു പേരുണ്ട്. ഉദ്യാനങ്ങളില്‍ വേലിച്ചെടിയായും വിവിധ അനുപാതങ്ങളില്‍ വെട്ടിയൊതുക്കിയും ഇത് വളര്‍ത്താം. ഇക്കൂട്ടത്തില്‍ സര്‍വസാധാരണമായത് ഒരുതരം ഇളം നീലച്ചായം (mauve) തേച്ചതുപോലെ വിടരുന്ന പൂക്കളാണ്; ഇതിനു പുറമെ തൂവെള്ള പൂക്കള്‍ വിടര്‍ത്തുന്ന ഇനവും നീലയും വെള്ളയും നിറങ്ങളാല്‍ രേഖാങ്കിതമായ ഇനവും ഉണ്ട്. ഇതിനോടു തന്നെ സമാനമായ മറ്റൊരിനമായ ബാര്‍ലേറിയ ഇന്‍വോളുക്രേറ്റയുടെ വ്യത്യാസം അതിന്റെ വലിയ ഇലകളും പൂക്കളും ആണ്. പൂവിന്റെ നിറമാകട്ടെ നീലലോഹിതവും (blue lilac).
സൂര്യപ്രകാശത്തോടിഷ്ടമാണിതിന്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിറഞ്ഞുവളര്‍ന്ന് പൂക്കള്‍ തരും. ഭാഗികമായ തണലത്തും ചെടിവളരും. ഒറ്റതിരിഞ്ഞ് വളര്‍ത്താമെങ്കിലും ഉദ്യാനങ്ങള്‍ക്ക് പശ്ചാത്തലമായും കൂട്ടമായിനട്ടുവളര്‍ത്താനുമാണ് ഇതു കൂടുതല്‍ നന്ന്. വീടിന്റെ അസ്ഥിവാരത്തോട് സമാന്തരമായും നട്ടുവളര്‍ത്താം. നിര്‍ജീവമായ ശിഖരങ്ങളും ഉണങ്ങിയ ഇലകളും നീക്കിയാല്‍ പുതിയ മുളകള്‍ ചുവട്ടില്‍ നിന്ന് പൊട്ടി വളരും. നീര്‍വാര്‍ച്ചയുള്ള വളര്‍ച്ചമാധ്യമമാണു നന്ന്. മാത്രവുമല്ല വരള്‍ച്ചയെ പ്രതിരോധിക്കാനും ഇതിനു കഴിവുണ്ട്. വിത്ത് താനേ ചുവട്ടില്‍ വീണ് തൈകള്‍ മുളക്കുന്ന പതിവ് കരിങ്കുറിഞ്ഞിക്കുണ്ട്. തണ്ട് മുറിച്ചു നട്ടും വളര്‍ത്താം.

വളര്‍ത്താം, പനാമ ക്വീന്‍
കരിങ്കുറിഞ്ഞിച്ചെടിയുടെ വളര്‍ച്ചാ സ്വഭാവത്തോടു സമാനമായ ഒരു പൂച്ചെടിയാണു 'പനാമ ക്വീന്‍' എന്ന് വിളിപ്പേരുള്ള 'കോറല്‍ അഫലാന്‍ഡ്ര'. ഓറഞ്ച് നിറമാണ് ഇതിന്റെ പൂങ്കുലയ്ക്ക്. യഥാര്‍ത്ഥ പുഷ്പത്തിനു താഴെ കാണുന്ന നിറമുള്ള ഇലകള്‍ പോലെയുള്ള ഭാഗം (ബ്രാക്റ്റ്) ആണ് ഇവിടെ മനോഹരമായ പൂവായി രൂപാന്തരപ്പെട്ടിരിക്കുന്നത്; അതും അത്യാകര്‍ഷകമാംവണ്ണം. ഇളം ചുവപ്പുനിറത്തില്‍ പവിഴപ്പുറ്റിനോടുള്ള സാമ്യമാണ് ഈ ചെടിക്ക് 'കോറല്‍ അഫലാന്‍ഡ്ര' എന്ന് പേരു കിട്ടാന്‍ കാരണം. അഫലാന്‍ഡ്ര എന്നു പേരുള്ള വിശാലമായ ജനുസിലെ അംഗമാണ് ഈ ചെടി. അമേരിക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളാണിതിന്റെ ജന്മസ്ഥലം. നിത്യഹരിത സ്വഭാവമുള്ള കോറല്‍ അഫലാന്‍ഡ്ര 1-2 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഇലകള്‍ ചെടിത്തണ്ടില്‍ വിപരീതദിശകളില്‍ ക്രമീകരിച്ചിരിക്കുന്നു. കലകളായാണ് പൂക്കള്‍ ഉണ്ടാകുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ തുറസായ സ്ഥലങ്ങളില്‍ വളര്‍ത്താന്‍ ഉത്തമമാണ് ഈ ഉദ്യാനസസ്യം.
ബാഹ്യാന്തരീക്ഷത്തില്‍ ചൂടോ തണുപ്പോ അസഹ്യമായാല്‍ പനാമ ക്വീന്‍ ചെടി അതിനോടു പ്രതികരിക്കുന്നത് ഇലകള്‍ കൊഴിച്ചാണ്. ഇതിന്റെ അഗ്രഭാഗത്തെ പൂങ്കുലയില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ പൂവിന് രണ്ടു ഭാഗമുണ്ട്. ഒന്ന് യഥാര്‍ത്ഥ പൂവിനു താഴെയുള്ള ഇലകള്‍ ഓറഞ്ച് നിറത്തില്‍ പുഷ്പസമാനമായി രൂപാന്തരപ്പെട്ടിരിക്കുന്നത്. ഇനിയൊന്ന് ഇതോടൊപ്പം തന്നെ കാണാം. പിങ്ക് നിറത്തില്‍ നീളത്തില്‍ തല നീട്ടി നില്പുണ്ടാവും ഇവ. ഇവയാണ് ഒരര്‍ത്ഥത്തില്‍ ഈ ചെടിയുടെ യഥാര്‍ത്ഥ പുഷ്പം. ഇതിനു താഴെ നിന്ന് തുടര്‍ച്ചയായി വീണ്ടും പൂത്തണ്ടുണ്ടായി ചെടിയുടെ പൂക്കാലം ആഴ്ചകളോളം തുടരുക സ്വാഭാവികം മാത്രം. ഇതില്‍ പിങ്ക് നിറമുള്ള യഥാര്‍ത്ഥ പൂക്കള്‍ വാടിക്കൊഴിഞ്ഞാലും ഇല സദൃശമായ ഓറഞ്ച് ഭാഗം ദീര്‍ഘനാള്‍ ചന്തം കൈവിടാതെ നിലനില്‍ക്കുന്നു.
ചെടി നന്നായി പൂത്തുകഴിഞ്ഞാല്‍ തണ്ടുനുള്ളി നീക്കുന്നത് പുതിയ തളിരുകള്‍ പൊട്ടി കൂടുതല്‍ ശക്തിയോടെ വളരാന്‍ സഹായിക്കും. തണ്ട് മുറിച്ചുനട്ട് ഈ ചെടി വളര്‍ത്താം. വശങ്ങളിലേക്ക് വളരുന്ന ശിഖരങ്ങളോ പ്രായമായ തണ്ടോ മുറിച്ച് മണലില്‍ കുത്തി വേരുപിടിപ്പിക്കണം. ചട്ടിയിലാണ് വളര്‍ത്താന്‍ ഉദ്ദേശിക്കുന്നതെങ്കിലും തുല്യഅളവ്മണ്ണും മണലും ചാണകപ്പൊടി/ ഇലപ്പൊടിയും കലര്‍ത്തിയ മിശ്രിതത്തില്‍ വളര്‍ത്തിയാല്‍ മതി. ഇടയ്ക്ക് ജൈവവളങ്ങളോടൊപ്പം ചെടി പുഷ്പിക്കാറാകുമ്പോള്‍ രാസവളമിശ്രിതം വെള്ളത്തില്‍ ലയിപ്പിച്ച് തെളിയൂറ്റി തടത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യാം.

സീമ സുരേഷ്
അസി. ഡയറക്ടര്‍
കൃഷിവകുപ്പ് , തിരുവനന്തപുരം
ഫോണ്‍:94463069091

കര്‍ഷകന്‍ 2012 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment