Friday, 5 December 2014

കോണ്‍ട്രാക്ടറില്‍നിന്ന് കൃഷിയിലേക്ക്

കോണ്‍ട്രാക്ട് ജോലിയേക്കാളും മനസിനു തൃപ്തിയും സന്തോഷവും നല്‍കുന്നത് കാര്‍ഷിക മേഖലയാണെന്ന തിരിച്ചറിവാണ് തൊടുപുഴ ഉടുമ്പന്നൂര്‍ മുണ്ടയ്ക്കല്‍ ജോണി കുരുവിളയെ കൃഷിക്കാനക്കിയത്.
തരിശായിക്കിടക്കുന്ന സ്വന്തം സ്ഥലം എന്തുകൊണ്ട് കൃഷിഭൂമിയാക്കിക്കൂടാ എന്നചിന്തയാണ് കോണ്‍ ട്രാക്ടറില്‍നിന്ന് കൃഷിക്കാരന്‍ എന്ന കുപ്പായത്തിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്.

പൊതുപ്രവര്‍ത്തനത്തേക്കാളും സന്തോഷവും സമാധാനവും കൃഷി ചെയുമ്പോഴും കാര്‍ഷിക വിളകളുമായി ചങ്ങാത്തം കൂടുമ്പോഴും ലഭിക്കുന്നുന്നുണ്ടന്ന് ഈ കര്‍ഷകന്‍ അഭിപ്രായപ്പെടുന്നു. പാരമ്പര്യമായി കൈവന്ന കൃഷി അറിവുകള്‍ പ്രയോജനപ്പെടുത്തി സമ്മിശ്രകൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. മത്സ്യം, കോഴി വളര്‍ത്തല്‍, ഫലവൃക്ഷ പരിപാലനം തുടങ്ങിയ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

ഫലവൃക്ഷങ്ങളായ ലിച്ചി, മുള്ളാത്ത, മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, ലൂമിക്ക, ആത്ത, അമ്പഴം, ഇലുമ്പി, മൊസാമ്പി, ഞാറ  തുടങ്ങി എല്ലാവിധ ഫലവൃക്ഷങ്ങളും ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ സമൃദ്ധമായി വളരുന്നു. അമേരിക്കയില്‍നിന്നും ഇന്ത്യയിലേക്കു കൂടിയേറിയ ബട്ടര്‍ ഫ്രൂട്ടിനായി പ്രത്യേക സ്ഥലവും മാറ്റിവച്ചിട്ടുണ്ട്. എല്ലാ കാലാവസ്ഥയിലും വളരുന്ന ഫലവൃക്ഷങങള്‍ക്കാണ് ജോണി പ്രാധാന്യം നല്കിയിരിക്കുന്നത്.

മത്സ്യകൃഷിയാണു മറ്റൊരു സംരംഭം. അഞ്ചേക്കറുള്ള തോട്ടത്തില്‍ 30 ഓളം സീല്‍പോളിന്‍ കുളങ്ങള്‍ നിര്‍മിച്ച് അവയിലാണു മത്സ്യങ്ങളെ വളര്‍ത്തുന്നത്. തിലാപ്പിയ, കട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളും അലങ്കാര മത്സ്യങ്ങളുമാണു ഈ കുളങ്ങളില്‍ വിഹരിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നും കോഴിക്കുഞ്ഞുങ്ങളെ വാങ്ങി മൂന്നുമാസം വളര്‍ത്തി നല്‍കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ 5000 കോഴിക്കുഞ്ഞുങ്ങളെ അഞ്ചോളം കൂടുകളിലായി ഇദ്ദേഹം വളര്‍ത്തുന്നു. ചത്തുപോകുന്ന കോഴിക്കുഞ്ഞുങ്ങളെയും മറ്റു വേസ്റ്റുകളും മത്സ്യത്തിന് ആഹാരമാകുന്നു. ഇക്കാരണത്താല്‍ ചെലവും വളരെ കുറവാണെന്നു ജോണി അഭിപ്രായപ്പെടുന്നു. കൂടാതെ നാടന്‍ കോഴികളുടെയും താറാവുകളുടെയും ശേഖരവുമുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ കൂടിനടിയില്‍ വീഴുന്ന വേസ്റ്റുകള്‍ താറാവുകള്‍ക്കു ലഭിക്കത്തക്ക രീതിയിലാണു കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത്. കൂടാതെ പശുവളര്‍ത്തലിലൂടെയും മികച്ച വരുമാനം ലഭിക്കുന്നുമുണ്ട്. തൊഴുത്തില്‍നിന്നുള്ള വേസ്റ്റുകളും മറ്റും തീറ്റപ്പുല്‍കൃഷിക്കും പച്ചക്കറി കൃഷിക്കുമായി ഉപയോഗിക്കുന്നതുമൂലം വിഷമുക്തമായ പച്ചക്കറികളും മികച്ച ലാഭവും ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഫോണ്‍: 9446216589.


ടിനു വര്‍ഗീസ്

No comments:

Post a Comment