Friday, 5 December 2014

ഉത്പാദനം കൂട്ടാന്‍ യീസ്റ്റ്

ചെറിയ അളവില്‍ യീസ്റ്റ് കാലിത്തീറ്റയില്‍ നല്‍കുന്നത് തീറ്റയുടെ ഗുണമേന്മ  വര്‍ധിപ്പിക്കുകയും ഉത്പാദനക്ഷമത കൂട്ടുകയും ചെയ്യും.  കുമിള്‍ വിഭാഗത്തില്‍പ്പെടുന്ന  സൂക്ഷ്മ സസ്യമായ യീസ്റ്റ് ദിവസവും നല്‍കുന്നത് മൃഗങ്ങളുടെ ദഹനശേഷിയെ വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
 സക്കാരോ മൈസസ് സെറിവീസിയെ എന്ന ഇനം യീസ്റ്റാണ്  മൃഗങ്ങള്‍ക്ക് നല്‍കാന്‍  കൂടുതല്‍ അനുയോജ്യം.  അയവെട്ടുന്ന മൃഗങ്ങളില്‍ ദഹനം നടക്കുന്നത് ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്.  ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനില്‍പ്പും എണ്ണവും ഉറപ്പാക്കുന്ന  പരിതസ്ഥിതി ഈ അറയില്‍ ഉണ്ടാകേണ്ടതുണ്ട്.

ഇതില്‍ വ്യത്യാസം വന്നാല്‍ മൃഗങ്ങള്‍ തീറ്റയെടുക്കുന്നതിനേയും ദഹനത്തേയും അത് ബാധിക്കുന്നു. പുല്ല്, വൈക്കോല്‍ തുടങ്ങിയവയോടൊപ്പം  യീസ്റ്റ് നല്‍കുമ്പോള്‍ റൂമനില്‍  ഇവ ദഹിപ്പിക്കാന്‍ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. തത്ഫലമായി ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ് ദിവസേന നല്‍കുമ്പോള്‍ മൃഗങ്ങള്‍ കൂടുതല്‍ തീറ്റയെടുക്കുകയും  ഉത്പാദനം കൂടുകയും ചെയ്യുന്നു.

വിപണിയില്‍ ലഭ്യമായ കാലിത്തീറ്റകള്‍ അധികമായി നല്‍കുമ്പോള്‍  റൂമനിലെ അമ്ലക്ഷാര നിലയില്‍ വ്യത്യാസം വരുകയും തത്ഫലമായി  സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു.  എന്നാല്‍ സ്ഥിരമായി യീസ്റ്റ് നല്‍കിയാല്‍  ഇത്തരം വ്യതിയാനങ്ങള്‍   ഒഴിവാക്കാന്‍ സാധിക്കാമെന്നു മാത്രമല്ല സൂക്ഷ്മജീവികള്‍ ധാരാളം വളരുകയും  ചെയ്യും.

ഇറച്ചിയ്ക്കായി വളര്‍ത്തുന്ന  കന്നുകുട്ടികളില്‍ പ്രതിദിനം രണ്ട് ഗ്രാം യീസ്റ്റ് നല്‍കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.  കറവയുള്ള പശുക്കള്‍ക്ക്  ദിവസേന അഞ്ചു ഗ്രാം യീസ്റ്റ് നല്‍കുന്നത് ശരീരഭാരം കൂട്ടുന്നു.  വിരയിളക്കിയതിനു ശേഷമാകണം  യീസ്റ്റ് നല്‍കേണ്ടത്.   ഉദരത്തിലെ  ഉപദ്രവകാരികളായ  ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാല്‍  രോഗബാധ കുറയ്ക്കാനും കഴിയുന്നു.

കുറഞ്ഞ ചിലവില്‍ ഉത്പാദനവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ കഴിയുന്ന യീസ്റ്റ് തീറ്റയില്‍ ചേര്‍ക്കാന്‍ ഇനി മറക്കേണ്ട.

ഡോ. സാബിന്‍ ജോര്‍ജ്ജ്
9446203839

No comments:

Post a Comment