Monday, 8 December 2014

വരവായി ഹൈബ്രിഡ് വിത്തിനങ്ങള്‍

കേരളത്തിലെ പച്ചക്കറി കൃഷിക്കാരില്‍ വളരെ കുറച്ചു ശതമാനം  മാത്രമാണ് ഹൈബ്രിഡ് വിത്തിനങ്ങള്‍ ഉപയോഗിക്കുന്നത്.  കര്‍ഷകരുടെ സ്വന്തം വിത്തുകളോ കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, വി.എഫ്.പി.സി.കെ, സ്റ്റേറ്റ് സീഡ് അഥോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിത്തുകളോ ആണ് നിലവില്‍ അവര്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ പ്രിസിഷന്‍ ഫാമിംഗ്, പോളിഹൗസ് കൃഷി എന്നീ നൂതന കൃഷിരീതികളുടെ കടന്നുവരവോടെ കൂടുതല്‍ ഉത്പാദനക്ഷമതയുള്ള സങ്കരയിനം പച്ചക്കറിവിത്തുകള്‍ ഒരു ആവശ്യമായിരിക്കുകയാണ്.
ഇത്തരം വിത്തുകള്‍ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് വിവിധ സ്വകാര്യ വിത്തുത്പാദക കമ്പനികളാണ്. കൂടിയ വിലയും വിത്തുകള്‍ ലഭ്യമാകാനുള്ള ബുദ്ധിമുട്ടും ഈ രംഗത്തെ പ്രധാന പ്രശ്‌നങ്ങളാണ്. ഹൈബ്രിഡ് വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ അവ ഉപയോഗിക്കുന്നതിന് ഇത്തരം ഇനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്. നമ്മുടെ പച്ചക്കറികൃഷി മേഖലയ്ക്ക് അനുയോജ്യമായ ചില ഹൈബ്രിഡ് വിത്തുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

തക്കാളി

ഹൈബ്രിഡ് വിത്തിനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് തക്കാളിയിലാണ്. മികച്ച വിളവ്, പടര്‍ന്നു കയറി വളരാനുള്ള കഴിവ്, രോഗങ്ങളെ ചെറുത്തുനില്ക്കുന്നതിനുള്ള പ്രതിരോധശേഷി, മികച്ച ഷെല്‍ഫ് ലൈഫ് എന്നിവയാണ് ഈയിനങ്ങളുടെ പ്രത്യേകത. സിന്‍ജെന്റാ, മഹികോ, രാശി, ഈസ്റ്റ്‌വെസ്റ്റ്, നുണ്‍ഹെംസ്, ഇന്‍ഡസ് തുടങ്ങി 15 ലധികം കമ്പനികള്‍ ഹൈബ്രിഡ് തക്കാളിവിത്തുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയില്‍ ചിലത് കേരളത്തില്‍ വളര്‍ത്തുന്നതിന് മികച്ചതാണ്. ഏതിനമായാലും 10 ഗ്രാം വിത്തിന് ശരാശരി 470 മുതല്‍ 500 രൂപ വരെ വിലയാകും.


റെഡ്‌റൂബി

ഈസ്റ്റ്-വെസ്റ്റ് എന്ന കമ്പനിയുടെ തക്കാളിവിത്താണ് റെഡ്‌റൂബി. ഇതിന്റെ കായ്കള്‍ പഴുത്ത് പാകമാകുമ്പോള്‍ ഓയില്‍ പോളിഷ് ചെയ്ത രീതിയില്‍ തിളക്കമുള്ളവയായിരിക്കും. പടര്‍ന്നുകയറുന്ന ഇനമാണിത്. ഓഗസ്റ്റ്-ഡിസംബര്‍ ആണ് നടുന്നതിന് പറ്റിയ കാലം. മികച്ച വിളവും ഉത്പാദനക്ഷമതയും റെഡ്‌റൂബിയുടെ പ്രത്യേകതകളാണ്.

രക്ഷിത

ഇന്‍ഡോ അമേരിക്കന്‍ ഹൈബ്രിഡ് സീഡ് (കഅഒട) എന്ന കമ്പനിയുടെ ഉത്പന്നമാണ് രക്ഷിത. ഫ്യൂസേറിയം, ബാക്ടീരിയല്‍ വാട്ടത്തിനെതിരേ മികച്ച പ്രതിരോധശേഷി, മികച്ച വിളവ്, പടര്‍ന്നുകയറുന്ന ഇനം എന്നീ പ്രത്യേകതകള്‍ രക്ഷിതയ്ക്കുണ്ട്. പോളിഹൗസ് കൃഷിക്ക് അനുയോജ്യമായ ഇനമാണ്.

ലക്ഷ്മി, മീര

ഇവ രണ്ടും നുണ്‍ഹെംസ് എന്ന കമ്പനിയുടെ ഉത്പന്നങ്ങളാണ്. ലക്ഷ്മി എന്ന ഇനത്തെ 5005 എന്ന പേരിലും അറിയപ്പെടുന്നു.  കട്ടിയുള്ള മാംസളഭാഗമാണ് ഈ ഇനത്തിന്റെ പ്രത്യേകത. ഉള്ളില്‍ പൊള്ളയായ ഭാഗം കാണാറില്ല. മീര എന്ന ഇനം പോളിഹൗസ് കൃഷിയ്ക്കു യോജിച്ചതാണ്. വാട്ടത്തിനെതിരേ പ്രതിരോധശേഷിയുണ്ട്.

ഹീം സോണ

സിന്‍ജെന്റ കമ്പനിയുടെ എ1 ഹൈബ്രിഡ് തക്കാളിയാണ് ഹീം സോണ. നല്ല കടുത്ത ചുവപ്പുനിറം, അത്യുത്പാദനശേഷി, പോളി ഹൗസിന് യോജിച്ച ഇനം എന്നീ പ്രത്യേകതകള്‍ ഈ ഇനത്തിനുണ്ട്. ഒരു സ്‌ക്വയര്‍ മീറ്ററില്‍ നിന്നും            30-40 കിലോഗ്രാം വിളവ് ഹീം സോണ നല്‍കുന്നു.


മുളക്

മുളക് കൃഷിയിലും ധാരാളം ഹൈബ്രിഡുകളും, അത്യുത്പാദനശേഷിയുള്ള ഇനങ്ങളും ഉപയോഗിച്ചുവരുന്നു. മികച്ച വിളവ്, വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി എന്നിവയാണ് ഹൈബ്രിഡ് മുളകിനങ്ങളിലെ പ്രത്യേകതകള്‍.


സിയറ

മഹികോ എന്ന കമ്പനിയുടെ അത്യുത്പാദനശേഷിയുള്ള മുളക് വിത്താണ് സിയറ. മികച്ച വിളവാണ് ഈയിനത്തിന്റെ മുഖ്യ ആകര്‍ഷണം. കൂടുതല്‍ നീളമുള്ള മുളകുകളാണ് ഇതിനുള്ളത്. പത്ത് മുതല്‍ 15 സെന്റീമീറ്റര്‍ നീളം സിയറ ഇനത്തിന് കാണാറുണ്ട്. ഓപ്പണ്‍ പ്രിസിഷന്‍ കൃഷിയ്ക്ക് ഏറ്റവും യോജിച്ച ഇനമാണിത്. 4-5 മാസക്കാലം വിളദൈര്‍ഘ്യമുണ്ട്. ഒരു മുളക് ചെടിയില്‍ നിന്ന് നാല് കിലോഗ്രാം പച്ചമുളക് ലഭിക്കും.

ബുള്ളറ്റ്

പേര് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും നീളം കുറഞ്ഞ് കുറിയ മുളക് വിത്തിനമാണിത്. സിന്‍ജെന്റ കമ്പനിയുടെ ഉല്പന്നമാണ്. ചെറുതാണെങ്കിലും നല്ലവിളവും രോഗപ്രതിരോധശേഷിയും ഇതിനുണ്ട്. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിന് യോജിച്ചതാണ്. കൊണ്ടാട്ടം ഉണ്ടാക്കുന്നതിന് മികച്ചതാണ്.

വഴുതിന

മികച്ച വിളവ്, വാട്ടരോഗത്തിനെതിരേ പ്രതിരോധശേഷി, വിവിധ നിറത്തിലുള്ള കായ്കള്‍ എന്നിവയാണ് വഴുതിനയിലെ ഹൈബ്രിഡ് ഇനങ്ങളുടെ പ്രധാനപ്രത്യേകതകള്‍.

MEBH-9, MHB-11

ഇവരണ്ടും മഹികോ കമ്പനിയുടെ ഉല്പന്നങ്ങളാണ്. MEBH-9 നല്ല നീളമുള്ള ഇളം പച്ചനിറമുള്ള കായ്കളോടുകൂടിയതാണ്. പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇവ ധാരാളം കൃഷിചെയ്തുവരുന്നു. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിന് അനുയോജ്യമായ ഇനമാണ്. മികച്ച വിളവും ഇവയുടെ പ്രത്യേകതയാണ്. MHB-11 ബുള്‍ഡോസര്‍ എന്ന പേരിലും അറിയപ്പെടുന്നു. വാട്ടരോഗത്തിനെതിരേ മികച്ച പ്രതിരോധശേഷി, നല്ലവിളവ് എന്നീ പ്രത്യേകതകളും ഈ ഇനത്തിനുണ്ട്.
കായ്കള്‍ പര്‍പ്പിള്‍ നിറത്തില്‍ വയലറ്റ് വരകളോടു കൂടിയവയാണ്. തമിഴ്‌നാടുമായി ബന്ധപ്പെട്ടു കിടക്കുന്ന കേരളത്തിലെ ജില്ലകളില്‍ ഇവയ്ക്ക് ആവശ്യക്കാരുണ്ടെങ്കിലും മറ്റു ജില്ലകളില്‍ പച്ച ഇനത്തിനാണ് ഡിമാന്‍ഡ്.


പയര്‍

കുരുത്തോല പയര്‍ അല്ലെങ്കില്‍ പന്തല്‍ പയറിനങ്ങളിലാണ് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ അധികവും ഉള്ളത്.
എന്‍. എസ് - 620, 621, 624
നാംധാരി എന്ന വിത്തുകമ്പനിയുടെ ഇനങ്ങളാണ് ഇവ. എന്‍. എസ് 620, 621  എന്നിവ വെള്ള കലര്‍ന്ന പച്ചനിറം ഉള്ളവയും, എന്‍. എസ് 624 കടും പച്ചനിറമുള്ളതും ആണ്. കേരളത്തിലെ പ്രധാന പയര്‍ ഉത്പാദന മേഖലകളില്‍ കര്‍ഷകര്‍ ഇത് ഉപയോഗിച്ചുവരുന്നു. നല്ല തൂക്കമുള്ള ഈ പയറിനങ്ങള്‍ 55 സെന്റീമീറ്റര്‍ നീളമുള്ളവയാണ്.

സൂപ്പര്‍ഗ്രീന്‍

ടാനിന്‍ഡോ എന്ന വിത്തുകമ്പനിയുടെ ഇനമാണ് സൂപ്പര്‍ ഗ്രീന്‍. 60 സെന്റീമീറ്ററിലധികം നീളം, മികച്ച വിളവ് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 18 -20  പയര്‍ എടുത്താല്‍ ഒരു കിലോഗ്രാം ആകും. പോളിഹൗസ് കൃഷിയ്ക്ക് യോജിച്ച ഇനമാണ്. പോളി ഹൗസിന് വെളിയില്‍ നട്ടാല്‍ കട്ടിയുള്ള പച്ചനിറമാണെങ്കിലും പോളിഹൗസിനുള്ളില്‍ നേരിയ പച്ചനിറമാണുള്ളത്.
ഇതിനു പറുമെ സിന്‍ജെന്റയുടെ വൈ.ബി-7, ഈസ്റ്റ്-വെസ്റ്റിന്റെ റീനു, ഫോള എന്നീ പയറിനങ്ങളും വിപണിയിലുണ്ട്.


പാവല്‍

മായ

കേരളത്തില്‍ മാത്രമാണ് വെള്ളനിറത്തിലുള്ള പാവയ്ക്ക ആവശ്യക്കാരുള്ളത്. മറ്റിടങ്ങളില്‍ പച്ചനിറമുള്ള ഇനങ്ങളാണ് പ്രധാനമായുള്ളത്. എന്നാല്‍ കേരളത്തിലേക്കായി നീളം കൂടിയ വെളുത്ത്, കൂര്‍ത്ത മുള്ളുകളോടുകൂടിയ ഇനം ഈസ്റ്റ്-വെസ്റ്റ്  കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. മായ എന്നാണിതിന്റെ പേര്. 35-40 സെ.മീറ്റര്‍ നീളവും 200 ഗ്രാമിലധികം തൂക്കവും മായ  പാവല്‍ ഇനത്തിനുണ്ട്. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിന് അനുയോജ്യമായ ഇനം. രാശി സീഡ് കമ്പനിയുടെ ബിറ്റര്‍ബോയ് എന്ന എ1 ഹൈബ്രിഡ് വിപണിയിലുണ്ട് കായ്കള്‍ക്കു നല്ല കടുത്ത പച്ച നിറമാണ്.

കുമ്പളം

നാം കുമ്പളം മണ്ണിലൂടെ പടര്‍ത്തി വളര്‍ത്തുന്ന ശീലക്കാരാണ്. എന്നാല്‍ ചെറിയ കുമ്പളം പന്തലില്‍ പടര്‍ത്തി വളര്‍ത്തുന്നതാണ് പുതിയ രീതി. അതിനു യോജിച്ച ഇനങ്ങള്‍  ഇപ്പോള്‍  ധാരാളമായി ലഭ്യമാണ്. ഇന്‍ഡിക്ക എന്ന കമ്പനിയുടെ സിലിന്‍ഡ്ര, ഈസ്റ്റ് -വെസ്റ്റിന്റെ ഗോള്‍ഡ്, സണ്‍ഗ്രോ  കമ്പനിയുടെ നമ്പര്‍ 700 എന്നിവ ഇതിനു യോജിച്ച ഇനങ്ങളാണ്. ഗോള്‍ഡും, നമ്പര്‍ 700 ഉം ഹൈബ്രിഡുകളാണ്. ഇവയ്ക്ക് 1 -1.5 കിലോഗ്രാം തൂക്കം മാത്രമാണുള്ളത്. ഇളവന്‍ ആവശ്യത്തിന് വളരെ അനുയോജ്യമാണ്. മികച്ച വിളവും ഇതിന്റെ പ്രത്യേകതയാണ്.


സാലഡ് കുക്കുംബര്‍

ഹില്‍ട്ടണ്‍

സാലഡ് വെള്ളരിയിലെ മികച്ചയിനമാണ് ഹില്‍ട്ടണ്‍. പോളിഹൗസിനുള്ളില്‍ മാത്രമാണ് ഇവ വളര്‍ത്തുന്നത്. വിളവില്‍ കെങ്കേമനാണ്. ഒരു സ്‌ക്വയര്‍ മീറ്ററില്‍ നിന്നും 30 കിലോഗ്രാം വിളവ് ലഭിക്കും. പച്ചനിറം, കുരുവില്ലാത്ത മാംസളഭാഗം, നല്ല തിളക്കമുള്ള കായ്കള്‍ എന്നിവ ഫില്‍ട്ടണിന്റെ പ്രത്യേകതകളാണ്.
 ഈ ചെടിയില്‍ പെണ്‍പൂക്കള്‍ മാത്രമെ ഉണ്ടാകുകയുള്ളൂ എന്ന പ്രത്യേകതയുണ്ട്. അതിനാല്‍ വിരിഞ്ഞ പൂക്കളെല്ലാം കായ്കളാകും. ഇത്തരം ഗുണങ്ങള്‍ എല്ലാമുണ്ടെങ്കിലും ഒരു വിത്തിന് അഞ്ചുരൂപ വിലയാകും. അതിനാല്‍ പോളിഹൗസിനുള്ളില്‍ മികച്ച പരിചരണം നല്കി വളര്‍ത്തുന്നതാണ് ഉത്തമം. വിപണിയിലും ഹില്‍ട്ടണ്‍ മിന്നുംതാരമാണ്.
മേല്‍പ്രസ്താവിച്ച ഇനങ്ങള്‍ പരീക്ഷിക്കുന്നതിനുമുമ്പ് വിപണനസൗകര്യം, പ്രാദേശികമായ സ്വീകാര്യത എന്നിവ വിലയിരുത്തുന്നത് ഗുണകരമായിരിക്കും.

ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പെരുമാട്ടി
ഫോണ്‍: 9447529904 

കര്‍ഷകന്‍ മാസിക 2012 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

1 comment:

  1. തപാൽ വഴി വിത്തിനങ്ങൾ കിട്ടാനുള്ള മാർഗമുണ്ടോ..??

    ReplyDelete