Friday, 12 December 2014

ആട്ടിന്‍ കുട്ടികളുടെ പരിചരണം

ആടുകളെ വളര്‍ത്തുന്നത് ഇറച്ചിക്കും പാലിനും വേണ്ടിയാണ്. സ്ഥലപരിമിതി അനുസരിച്ച് ഇവയെ തുറന്ന സ്ഥലത്ത് അഴിച്ചുവിട്ടും (Extensive production) രാത്രികൂടുകളില്‍ പാര്‍പ്പിക്കാം- കൂടുകളില്‍ മാത്രമായും (Intensive) കൂട്ടിലും പുറത്തുമായും (Semi Intensive) ഇങ്ങനെ മൂന്നുതരത്തില്‍ വളര്‍ത്താം. ആടുകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ആദായം ലഭിക്കണമെങ്കില്‍ ആട്ടിന്‍ കുട്ടികളുടെ പരിചരണം ശാസ്ത്രീയമായിരിക്കണം.

1. കുട്ടി ജനിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ കന്നിപ്പാല്‍ (colostrum) കുടിപ്പിക്കണം. 4-5 ദിവസം തുടരണം.
2. തള്ള ആട് ചാകുകയോ, അസുഖമോ വന്നാല്‍ അതേ കാലയളവില്‍ പ്രസവിച്ച മറ്റ് ആടുകളുടെ പാല്‍ നല്‍കാം.
3. ഇതും സാധിച്ചില്ലെങ്കില്‍ കൃത്രിമ കന്നിപ്പാല്‍ (Artificial colostrum) ഉണ്ടാക്കി നല്‍കാം.

കൃത്രിമ കന്നിപ്പാല്‍

- ഒരു മുട്ട 300 മില്ലി ഇളംചൂടുവെള്ളത്തില്‍ കലക്കുക.
- 1/2 ടീസ്പൂണ്‍ ആവണക്കെണ്ണ,
- 1 ടീസ്പൂണ്‍ മീനെണ്ണ (10,000 I.U ജീവകം Aയ്ക്കു സമം)
- 500 മില്ലി ചൂടാക്കിയ പാല്‍ (പശുവിന്‍പാലും ആകാം)
ഇവ നന്നായി ഇളക്കി കുടിക്കാന്‍ പാകത്തിലുള്ള ചൂടില്‍ നല്‍കാം. കുടിപ്പിക്കുമ്പോള്‍ ശ്വാസനാളത്തില്‍ പാല് പോകാതെ ശ്രദ്ധിക്കണം. നാലു തവണയായി ഇത് നല്‍കാം.

4. കന്നിപ്പാല്‍ കൊടുത്തുകഴിഞ്ഞാല്‍ അഞ്ചാം ദിവസം മുതല്‍ സാധാരണ ആട്ടിന്‍പാല്‍ 6 കി.ഗ്രാം തൂക്കത്തിന് ഒരു ലിറ്റര്‍ പാല്‍ എന്ന തോതില്‍ ദിവസം നാലു തവണയായി നല്‍കാം. 30 ദിവസം വരെ ഇത് തുടരണം.
5. പിന്നീട് 8 കി.ഗ്രാം ഭാരത്തിന് ഒരു ലിറ്റര്‍ എന്ന തോതില്‍ 30 ദിവസം വരെ നല്‍കണം.
6. മൂന്നു മാസമാകുമ്പഴേക്കും 10-15 കി.ഗ്രാം ഭാരത്തിന് ഒരു ലിറ്റര്‍ എന്ന അളവിലായി ചുരുക്കാം.
7. രണ്ട് ആഴ്ച മുതല്‍ എളുപ്പത്തില്‍ ദഹിക്കുന്ന കിഡ് സ്റ്റാര്‍ട്ടര്‍ (Kidsarter) തീറ്റ കുറേശ്ശെ നല്‍കാം. പച്ചപ്പുല്ലും ആവശ്യത്തിന് കൊടുക്കാം.
8. മൂന്നു മാസമാകുമ്പോഴേക്കും പാല്‍ മുഴുവനായും നിര്‍ത്താം.
9. പ്രസവിച്ചുകഴിഞ്ഞാല്‍ കുട്ടിയെ നന്നായി തുടച്ച് വൃത്തിയാക്കണം. പൊക്കിള്‍ക്കൊടിയില്‍ പോവിഡിന്‍ അയഡിന്‍ വിഭാഗത്തില്‍പെട്ട മരുന്ന് പുരട്ടണം.
10. ആട്ടിന്‍കുട്ടികളെ ഒരു കാരണവശാലും മഴ നനയ്ക്കരുത്. കൂടാതെ തണുപ്പ് അധികം ഏല്‍ക്കാതെയും നോക്കണം. കാരണം ആടുകള്‍ക്ക് ന്യുമോണിയ അസുഖം വരാന്‍ സാധ്യത കൂടുതലാണ്.
11. തറയില്‍ നിന്ന് അല്പം പൊക്കി (ഒന്നോ-രണ്ടോ അടി) പ്ലാറ്റുഫോമില്‍ വേണം രാത്രികാലങ്ങളില്‍ താമസിപ്പിക്കേണ്ടത്.
12. പ്രസവിച്ച് മൂന്നാമത്തെ ആഴ്ച വിരമരുന്ന് നല്‍കണം. എല്ലാ മാസവും ഇത് തുടരണം. ചുരുങ്ങിയത് ആറു മാസംവരെ.
13. ആടുകളുടെ ചാണകം ഇടയ്ക്ക് മൃഗാശുപത്രിയില്‍ കൊണ്ടുപോയി ഏതു തരത്തിലുള്ള വിരയാണെന്നറിയാന്‍ പരിശോധിപ്പിക്കണം.
14. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മരുന്ന് നല്‍കണം.

മാതൃക കിഡ്സ്റ്റാര്‍ട്ടര്‍

- കടലപ്പിണ്ണാക്ക് (കേക്ക് രൂപത്തില്‍ എണ്ണയില്ലാത്തത് - 12 ഭാഗം
- മുതിര - 30 ഭാഗം
- ഗോതമ്പ്/ചോളം - 30 ഭാഗം
- അരിതവിട്/ഗോതമ്പു തവിട് - 15 ഭാഗം
- ഉണക്കിയ ഉപ്പില്ലാത്ത മത്സ്യം - 10 ഭാഗം
- ധാതുലവണം - 1.5 ഭാഗം
- ഉപ്പ് - 1.5 ഭാഗം
- വിറ്റമിന്‍ AB2 D3 - 25 ഗ്രാം / 100 കി.ഗ്രാം മിക്‌സ്ചറില്‍


ഡോ. എം. ഗംഗാധരന്‍നായര്‍
മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍
മൃഗസംരക്ഷണ വകുപ്പ്No comments:

Post a Comment