Saturday, 20 December 2014

പുതുതരംഗമായി ഫാര്‍മേഴ്‌സ് ക്ലബുകള്‍

തീര്‍ത്തും  ഗ്രാമീണ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് കാര്‍ഷിക മേഖലയില്‍ എന്തു മാറ്റമുണ്ടാക്കുവാന്‍ സാധിക്കും? വളരെയോന്നുമില്ല എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാല്‍ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിലേക്കു കടന്നുവരുമ്പോള്‍ ഈ ധാരണ തെറ്റാണെന്നു ബോധ്യമാകും. ഇടുക്കി ജില്ലയോട് അതിരിടുന്ന മീനച്ചില്‍ താലൂക്കിലെ കടനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നീലൂര്‍ സഹകരണ ബാങ്ക് ആരംഭിച്ചിരിക്കുന്ന ഫാര്‍മേഴ്‌സ് ക്ലബ് ഗ്രാമീണ മേഖലയില്‍ അന്യംനിന്നു പോയേക്കാവുന്ന കാര്‍ഷിക സംസ്‌കാരത്തിനു കാവലാളാവുകയാണ്.കടനാട് പഞ്ചായത്തില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് നീലൂരും സമീപ പ്രദേശങ്ങളും. മലനിരകള്‍ അതിരിടുന്ന, റബ്ബര്‍കൃഷിക്കു പ്രാമുഖ്യമുള്ള ഈ ഗ്രാമത്തിലേക്കാണു ഫാര്‍മേഴ്‌സ് ക്ലബ് എന്ന ആശയവുമായി ബാങ്ക് പ്രസിഡന്റ് മത്തച്ചന്‍ ഉറുമ്പുകാട്ട് കടന്നു ചെല്ലുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നാടിനു ഉപകാരപ്രദമാണെന്നു തിരിച്ചറിഞ്ഞ കര്‍ഷകര്‍ ഇഗ്‌നേഷ്യസ് നടുവിലെക്കുറ്റ്, ബേബി വരകുകാലായില്‍, പി.ടി. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിക്കുകയും ഈ ആശയത്തിന് എല്ലാവിധ പിന്തുണ നല്കുകയും ചെയ്തു. അന്യംനിന്നു പോയേക്കാവുന്ന കാര്‍ഷിക സംസ്‌കാരം പരിരക്ഷിക്കുന്നതിനു അവരൊത്തുചേര്‍ന്നു  നീലൂര്‍ ഫാര്‍മേഴ്‌സ് ക്ലബ്ബിനു രൂപം നല്കി.

കര്‍ഷകക്കൂട്ടായ്മ ഉടലെടുത്തെങ്കിലും തുടര്‍പ്രവര്‍ത്തനം എങ്ങനെ വേണം എന്നതായിരുന്നു ക്ലബ്ബംഗങ്ങള്‍ അഭിമുഖീകരിച്ച പ്രശ്‌നം. നിരവധി ചര്‍ച്ചകള്‍ക്കുശേഷം ജൈവകൃഷിയിലൂടെ കര്‍ഷക ശാക്തീകരണം എന്ന മുദ്രാവാക്യവുമായി കര്‍മ്മമണ്ഡലത്തിലിറങ്ങാന്‍ തീരുമാനമായി. ജൈവകൃഷി നമ്മുടെ നാട്ടിലും പ്രായോഗികമാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമം ക്ലബ്ബാംഗങ്ങള്‍ ആരംഭിച്ചു.
ആദ്യ സംരംഭമായ നെല്‍കൃഷിയില്‍നിന്നു നേടിയ ഊര്‍ജ്ജം  കാര്‍ഷിക മേഖലയിലെ മറ്റു പരീക്ഷണങ്ങള്‍ക്കും  തുടക്കമിടാന്‍ ക്ലബ്ബംഗങ്ങള്‍ക്കു  തുണയായി. ഒരു വീടിനൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുന്നതിനു വിഎഫ്പിസികെ-യില്‍നിന്ന് ആവശ്യമായ വിത്തുകളും സാങ്കേതിക സഹായങ്ങളും ലഭിച്ചു. ഇന്ന് ഈ പദ്ധതിയുമായി സഹകരിച്ച ഓരോ കുടുംബത്തിന്റെയും ബഡ്ജറ്റില്‍ പച്ചക്കറി വാങ്ങുവാന്‍ ചെലവാകുന്ന തുകയില്‍ വലിയൊരു കുറവു വന്നിരിക്കുന്നു. ഒപ്പം ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ലവര്‍, കാപ്‌സിക്കം എന്നിവയും നീലൂര്‍ നിവാസികളുടെ അടുക്കളത്തോട്ടത്തില്‍ സ്ഥാനം പിടിക്കുന്നതിനു ഫാര്‍മേഴ്‌സ് ക്ലബ്ബ് അംഗങ്ങള്‍ ഒരു നിമിത്തമായി. ജൈവകൃഷിയിലൂടെ മെച്ചപ്പെട്ട വിളവുലഭിക്കുമെന്നു കൃഷിയിറക്കി ജനങ്ങള്‍ക്കു മാതൃകയാവുന്നതില്‍ ക്ലബ്ബ് വിജയിച്ചു.

വിദഗ്ധര്‍ നയിച്ച ക്ലാസ്സുകള്‍ വിവിധ ജലസംരക്ഷണ മാര്‍ഗങ്ങള്‍ ചരിവുപ്രദേശങ്ങളില്‍ എങ്ങനെ നടപ്പിലാക്കാം എന്ന അറിവു നല്കുന്നതിനു സഹായകരമായി.
നീലൂര്‍ പ്രദേശത്തു നടപ്പിലാക്കി വിജയമായ ഫാര്‍മേഴ്‌സ് ക്ലബ് ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍വരുന്ന കുറുമണ്ണ്, കാവുംകണ്ടം, മേരിലാന്റ്, എലിവാലി എന്നീ പ്രദേശങ്ങളിലും ആരംഭിച്ചു. കൂടാതെ രണ്ടു വനിതാ ഫാര്‍മേഴ്‌സ് ക്ലബ്ബുകളും പ്രവര്‍ത്തിച്ചുവരുന്നു.

നാലു മുതല്‍ എട്ടു പേര്‍ വരെ അംഗങ്ങളായ അന്‍പതു ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കു നബാര്‍ഡിന്റെ അംഗീകാരം ലഭിച്ചു. ഈ ഗ്രൂപ്പുകള്‍ പച്ചക്കറികള്‍, കപ്പ, വാഴ, കാലിവളര്‍ത്തല്‍, ജൈവവളകീടനാശിനി നിര്‍മ്മാണം തുടങ്ങി വിവിധ കൃഷികള്‍ കൂട്ടായി ചെയ്യുന്നു. ഏഴു ശതമാനം പലിശനിരക്കില്‍ ജില്ലാബാങ്കിന്റെ സഹകരണത്തോടെ അന്‍പതിനായിരം രൂപാവരെ ഓരോ ഗ്രൂപ്പിനും കൃഷി ആവശ്യത്തിനു വായ്പ നല്‍കിവരുന്നു. ഇതിനു മൂന്നു ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നതുമാണ്.

ഫാര്‍മേഴ്‌സ് ക്ലബുകളുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നീലൂരിലും പരിസരപ്രദേശങ്ങളിലും നടന്നുവരുന്നു.

നീലൂര്‍  ഫാര്‍മേഴ്‌സ് ക്ലബിന്റെ ചില പ്രവര്‍ത്തനങ്ങള്‍.


1. ഒരു വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം.

ഈ പദ്ധതിപ്രകാരം നീലൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനമേഖലയിലുള്ള കര്‍ഷകര്‍ക്ക്  14 ഇനം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

2. മുട്ടക്കോഴി വിതരണം.

രണ്ടു ഘട്ടങ്ങളിലായി കര്‍ഷകര്‍ക്കാവശ്യമായ മുട്ടക്കൊഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

3. വേനല്‍ക്കാല പച്ചക്കറി


കോളിഫ്‌ലവര്‍, കാബേജ്, കാപ്‌സിക്കം എന്നിവയുടെ തൈകള്‍ വലിയ തോതില്‍ വിതരണം ചെയ്തു.

4. ജൈവകാര്‍ഷിക സെമിനാര്‍

മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെടാതെയും കീടനാശിനികള്‍ ഉപയോഗിക്കാതെയും ജൈവകൃഷിയിലൂടെ സമൃദ്ധി കൈവരിക്കുവാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനായി ജൈവ കാര്‍ഷിക സെമിനാറുകള്‍ നീലൂര്‍, കാവുംകണ്ടം, മേരിലാന്റ് എന്നിവിടങ്ങളില്‍ നടത്തി.

5. മൂല്യവര്‍ദ്ധിത ഭക്ഷ്യോല്പന്ന നിര്‍മ്മാണം.

ചക്കയില്‍നിന്നും ഗുണപ്രദമായ പത്തോളം ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ ബാങ്കിന്റെ പരിധിയിലുള്ള നീലൂര്‍, കാവുംകണ്ടം, കുറുമണ്ണ് എന്നിവിടങ്ങളില്‍ പരിശീലനം നടത്തി.

6. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി.

കടനാട് കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് പരിധിയിലുള്ള കര്‍ഷകര്‍ക്കു കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി.


7. വനിതകള്‍ക്കു തയ്യല്‍ പരിശീലനം.

വനിതകള്‍ക്കു 45 ദിവസം നീണ്ടുനിന്ന തയ്യല്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. എംഎസ്എംഇ യുടെ നേതൃത്വത്തില്‍ 35 വനിതകളെ സ്വയം തൊഴിലിനു പ്രാപ്തരാക്കി.

8. പാചക പരിശീലനം.

വനിതകള്‍ക്കായുള്ള പാചക പരിശീലന പരിപാടി നടന്നു.

9. മാലിന്യ സംസ്‌കരണ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍.

മാലിന്യസംസ്‌കരണ കാര്യങ്ങളില്‍ കര്‍ഷകര്‍ക്കു  പരിശീലനം നല്കുന്നതിനായി നബാര്‍ഡിന്റെ സഹായത്തോടെ സെമിനാര്‍ നടത്തുകയും പാരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണത്തെ സംബന്ധിച്ച് ANERT ന്റെ ഉദ്ധ്യോഗസ്ഥര്‍ ക്ലാസ് നയിക്കുകയുമുണ്ടായി.


10. മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ വിതരണം.

 സെമിനാറില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഇരുപതോളം കര്‍ഷഷകര്‍ സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വാങ്ങി വീടുകളില്‍ മാലിന്യ സംസ്‌കരണത്തോടൊപ്പം ബയോഗ്യാസ് ഉത്പാദനവും തുടങ്ങി.


11. പഠനയാത്ര.

നബാര്‍ഡിന്റെ സഹായത്തോടെ വിഎഫ്പിസികെ വിത്തുല്പാദന കേന്ദ്രം, പെരുമാടി പഞ്ചായത്തിലെ പ്രിസിഷന്‍ ഫാമിംഗ്, തമിഴ്‌നാട് ഉദുമല്‍പേട്ടയിലെ ജെയിന്‍ ഇറിഗേഷന്റെ മാന്തോട്ടം, മൂന്നാറിലെ ശീതകാലവിള കൃഷി തുടങ്ങിയവ വിവിധ പഠനയാത്രകള്‍ വഴി സന്ദര്‍ശിക്കുകയുണ്ടായി.

12. കാര്‍ഷികോപകരണങ്ങളുടെ വിതരണം.

കോഫി ബോര്‍ഡുമായി സഹകരിച്ചു കര്‍ഷകര്‍ക്കു  50% സബ്‌സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

13. ജൈവകീടനാശിനി നിര്‍മ്മാണം.

ജൈവകീടനാശിനികളായ ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ്, പുകയിലക്കഷായം, പഞ്ചഗവ്യം എന്നിവ ഉത്പാദിപ്പിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്തു.

14. കൃഷി വ്യാപനം കൂട്ടായിമയിലൂടെ.

കാവുംകണ്ടത്ത് 2 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തു പന്ത്രണ്ടോളം പച്ചക്കറിയിനങ്ങള്‍ ഉത്പാദിപ്പിച്ചു ലാഭം നേടുന്നതിനും കൂട്ടായ കൃഷിയുടെ മഹത്വം പ്രചരിപ്പിക്കുന്നതിനും സാധിച്ചു. ഫാര്‍മേഴ്‌സ് ക്ലബിലെ അംഗങ്ങള്‍ സ്ഥലം പാട്ടത്തിനെടുക്കുകയും കപ്പ, വാഴ, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്തുവരുന്നു.

15. പോളിഹൗസ് കൃഷി

പോളിഹൗസിന്റെ നിര്‍മ്മാണത്തിനുവേണ്ടി സംസ്ഥാന ഹോര്‍ട്ടി ക്രോപ്‌സ് മിഷന്‍ ധനസഹായം നല്കി. ജോബി കവിയില്‍, ഷൈജു കുഴിഞ്ഞാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോളിഹൗസിലെ കൃഷി നടന്നുവരുന്നു.

16. വില്ലേജ് നോളഡ്ജ് സെന്റര്‍

 കര്‍ഷകര്‍കാവശ്യമായ എല്ലാ വിവരങ്ങളും അവരുടെ പ്രശ്‌നപരിഹാരത്തിനുള്ള വിവരങ്ങള്‍ നല്കുന്നതിനുമായി കോട്ടയം ജില്ലയില്‍ ആദ്യമായി നബാര്‍ഡ് അനുവദിക്കുന്ന വില്ലേജ് നോളഡ്ജ് സെന്റര്‍, നീലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസ് മന്ദിരത്തില്‍ ആരംഭിച്ചു.

17. പഴം പച്ചക്കറി സംഭരണ-വിതരണ കേന്ദ്രം

ഭരണങ്ങാനം കാര്‍ഷിക കര്‍ഷകസമിതിയുടെ സഹായത്തോടെ വിഎഫ്പിസികെയുടെ പഴം പച്ചക്കറി സംഭരണ വിതരണ കേന്ദ്രം ആരംഭിച്ചു. ഇതു വഴി കര്‍ഷകനു തന്റെ വിളവുകള്‍ക്കു ന്യായമായ വില ലഭിക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും സംഭരണകേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.

നബാര്‍ഡിന്റെ സഹായത്തോടെയും നിര്‍ദേശത്തോടെയുമാണു ക്ലബിന്റെ പ്രവര്‍ത്തനനങ്ങള്‍ മുന്‍പോട്ടു പോകുന്നത്. നബാര്‍ഡ് എജിഎം ഷാജി സഖറിയാസ്, കടനാട് കൃഷി ഓഫീസര്‍ വി.എം. ഫരീദ്, ബാങ്ക് ബോര്‍ഡ് മെമ്പേഴ്‌സ്, ജീവനക്കാര്‍ തുടങ്ങിയവരുടെ എല്ലാ പിന്തുണയും ബാങ്കിനും ക്ലബിനും നല്കിവരുന്നു.

നബാര്‍ഡിനു കീഴിലുള്ള ഫാര്‍മേഴ്‌സ് ക്ലബുകള്‍ക്കു നബാര്‍ഡ് ഏര്‍പ്പെടുത്തിയ കര്‍ഷകമിത്രം അവാര്‍ഡ് നീലൂര്‍ ഫാര്‍മേഴ്‌സ് ക്ലബിനു ലഭിച്ചു.ജോബി തിരക്കിലാണ്


കൃഷിയോടുള്ള താല്‍പര്യം കുറയുമ്പോഴും സമൂഹത്തില്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മണ്ണിനെ സ്‌നേഹിക്കു ചുരുക്കം ചില  വ്യക്തികള്‍ ഇന്നുമുണ്ടെുള്ളത് പുതുതലമുറക്കു മാതൃകയാണ്. അത്തരത്തില്‍ മണ്ണിനെ സ്വന്തം ജീവവായുപോലെ സ്‌നേഹിക്കു ഒരു കര്‍ഷകനാണു നീലൂരിലുള്ള കവിയില്‍ ജോബി. പത്തുവര്‍ഷത്തിലധികമായി മണ്ണില്‍ അധ്വാനിച്ച് നൂറുമേനി കൊയ്യു ജോബി ഇന്നു നീലൂരിലെ കര്‍ഷകരുടെ അഭിമാനമാണ്.

പിതൃസ്വത്തായി ലഭിച്ച കൃഷിഭൂമിയിലൂടെ കാര്‍ഷിക രംഗത്തേക്കു ചുവടുവെച്ച ജോബി ഇന്നു സ്വന്തം കൃഷിയിടത്തെകൂടാതെ ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു. സീസണനുസരിച്ച് പയര്‍, പാവല്‍, കോവല്‍, കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങി വിവിധയിനം പച്ചക്കറികളും ചേന, ചേമ്പ്, കാച്ചില്‍ മുതലായ കിഴങ്ങുവര്‍ഗങ്ങളും ഏത്തവാഴകൃഷിയും ചെയ്യുന്നു.

തികച്ചും ജൈവ കൃഷിരീതി അവലംബിക്കു ജോബിയുടെ കൃഷിയിടത്തില്‍ കീടങ്ങളുടെ ആക്രമണം കുറവാണ്. അതോടൊപ്പം ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പങ്ങള്‍ക്ക്  ആവശ്യക്കാരേറെ.

കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തനംമൂലം നീലൂര്‍ ഫാര്‍മേഴ്‌സ് ക്ലബിനു കീഴിലുള്ള പോളിഹൗസിലെ പയര്‍കൃഷിക്കും, പച്ചക്കറിതൈ വിതരണത്തിനായുള്ള തൈ ഉല്‍പാദിപ്പിക്കുകയും തുടങ്ങി ഫാര്‍മേഴ്‌സ് ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷകരുടെ പ്രതിനിധിയാണു ജോബി. ഒരു മുഴുവന്‍ സമയ കര്‍ഷകന്‍ എന്ന നിലയില്‍ സദാ കര്‍മ്മനിരതനായിരിക്കുന്ന ജോബിയെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്.

ജോബിയോടൊപ്പം ബേബി കാണ്ടാവനത്തില്‍, സണ്ണി കാണ്ടാവനത്തില്‍, ഷൈജു കുഴിഞ്ഞാലില്‍, ജെയ്‌സണ്‍ വടക്കേക്കുറ്റ്, സജി പുത്തേട്ട്, ജോബിസ് മുടപ്പനാല്‍, കെ.കെ. ജോസഫ് കൂനമ്പാല, സണ്ണി ഉറുമ്പുകാട്ട്, ഷാജി പന്നികുത്തിയില്‍, ബേബി വരവുകാലായില്‍, സാജു വേലുപ്പിലാട്ട് എന്നിവര്‍ ഫാര്‍മേഴ്‌സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍പിടിക്കുന്ന കര്‍ഷക പ്രതിനിധികളാണ്.

ഒരു സഹകരണ ബാങ്കിനു അതിന്റെ പരിമിതമായ സാഹചര്യങ്ങളിലൊതുങ്ങിനിന്നു കാര്‍ഷിക മേഖലയ്ക്കു എന്തെല്ലാം ചെയ്യാം എന്നതിന്റെ സജീവ മാതൃകയാവുകയാണ് നീലൂര്‍ ബാങ്കും ഫാര്‍മേഴ്‌സ് ക്ലബും. ഓരോ സംരംഭവും വിജയത്തിലെത്തുമ്പോള്‍ ഒരു നാടിന്റെ കാര്‍ഷിക പാരമ്പര്യം കാര്‍ഷിക വിപ്ലവത്തിലേക്കു ചവിട്ടി കയറുകയാണ്. ഒരു പുതിയ അല്ല പഴമയിലെ പുതിയ കാര്‍ഷിക വിപ്ലവം കാണാന്‍.


ഐബിന്‍ കാണ്ടാവനം


No comments:

Post a Comment