Thursday, 4 December 2014

കൊച്ചുകുടി ജാതിച്ചെടി ജോസിയുടെ സ്വന്തം

എട്ടേക്കര്‍ കൃഷിഭൂമിയില്‍ 15 വ്യത്യസ്ത ജാതിക്കാരായ ജാതിമരങ്ങള്‍. ഇതില്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത കൊച്ചുകുടി ജാതി ജോസിയുടെ അഭിമാനമാണിന്ന്.
ശാസ്ത്രീയ  രീതിയിലൂടെ സ്വന്തം കൃഷിഭൂമിയില്‍ ഹരിതവിപ്ലവം സൃഷ്ടിക്കുന്ന തൊടുപുഴ  കലൂര്‍ കൊച്ചുകുടിയില്‍ ജോസ് മാത്യു  എന്ന  ജോസിയുടെ ജാതിപരിപാലനത്തിനു കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇരുപതു വര്‍ഷമായി കൊച്ചുകുടി എന്ന ഇനത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ  പരിപാലിക്കുന്ന കര്‍ഷകന്‍ എന്ന നിലയിലാണ് കേന്ദ്ര കൃഷിവകുപ്പ് അവാര്‍ഡ് സമ്മാനിച്ചത്. കലൂര്‍ കൊച്ചുകുടി ജോര്‍ജ് മാത്യുവിന്റെ ഇളയമകനാണ് ജോസി. ബിരുദപഠനത്തിനുശേഷം പിതാവിനോടൊപ്പം  കൃഷിയിലേക്ക് ഇറങ്ങി.  കൊച്ചുകുടി കുടുംബത്തിന്റെ  70 ഏക്കറോളം കൃഷിഭൂമിയില്‍ എട്ടേക്കര്‍ സ്ഥലത്താണ് ജാതിച്ചെടികള്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. വീടിനു ചുറ്റും മാങ്കൊസ്റ്റിന്‍ പോലുള്ള  ഫലവര്‍ഗചെടികളും ധാരാളമായുണ്ട്.

കൃഷിയെ ശാസ്ത്രീയ രീതിയില്‍ സമീപിക്കുന്നതിനു ജോസിയെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പലതാണ്. ജീവിക്കാന്‍ പണം സമ്പാദിക്കുക എന്നതു മാത്രമല്ല,  ശുദ്ധമായ വായുവും പ്രകൃതിയും നമ്മുടെ കൂടെയുണ്ടാകണമെന്ന ആഗ്രഹമാണ് പ്രധാനം.   ശാസ്ത്രീയമായും അച്ചടക്കത്തോടെയും  കൃഷിയെ സമീപിച്ചാല്‍ ലാഭം മാത്രമേ നല്‍കുകയുള്ളൂവെന്ന് ജോസി പറയുന്നു. ദൈവം   ദാനമായി നല്‍കിയ ഭൂമിയില്‍  വിജയിക്കാന്‍ അല്പം പരിശ്രമിക്കണമെന്ന അഭിപ്രായക്കാരനാണ് ഈ നാല്പതുകാരന്‍.

നാടന്‍ ചെടികളില്‍ നിന്നും വ്യത്യസ്തമായി  ബഡ് ചെയ്ത ചെടികളില്‍ കായ്കള്‍  കൂടുതലായി ഉണ്ടാകും. ഈ തിരിച്ചറിവാണു  കൊച്ചുകുടി എന്ന ഇനത്തിന്റെ  ജനനത്തിനു കാരണമായത്.  കാട്ടുചെടികളെ കണ്ടെത്തി അതില്‍ ബഡ് ചെയ്താണ്  കൊച്ചുകുടിഇനം സൃഷടിച്ചത്. നല്ല കായ്കള്‍ നല്‍കാന്‍ തുടങ്ങിയതോടെ  അതിനൊരു പേരുചൊല്ലിവിളിച്ചു-കൊച്ചുകുടി.   മൂന്നാം വര്‍ഷത്തില്‍ കായ്ക്കും. ശാസ്ത്രീയമായി പരിരക്ഷ നല്‍കിയാല്‍ അറുപതു വര്‍ഷക്കാലം നിലനില്‍ക്കും. ജാതിയുടെ ആയുസ് നൂറുവര്‍ഷമാണെങ്കിലും 20 മുതല്‍ അമ്പതു വരെ  വര്‍ഷങ്ങള്‍ നല്ല ഫലം നല്കുന്ന കാലമാണെന്നു ജോസി പറഞ്ഞു.

കൊച്ചുകുടി ഇനത്തിന്റെ പ്രത്യേകതയിലൊന്നാണ് നാടന്‍ മരങ്ങളെപ്പോലെ വളര്‍ന്നു പന്തലിക്കില്ലെന്നത്.  ഒരാള്‍ പൊക്കത്തിലുള്ള കൊച്ചുകുടി പോലും ഇല കാണാനില്ലാത്തവിധം കായ്കള്‍ നല്‍കും.  മറ്റ്  ഇനത്തില്‍പ്പെട്ട ജാതിക്ക പോലെയല്ല, ഇവ മൂന്നരട്ടി വലിപ്പമുള്ളവയാണ്.കൊച്ചുകുടിയിനത്തില്‍പ്പെട്ട ജാതിക്ക  70 കായുണ്ടെങ്കില്‍ ഒരു കിലോ കിട്ടും. 350  ജാതിപത്രി മതി  ഒരു കിലോയ്ക്ക്. ഇതേസമയം മറ്റിനങ്ങളില്‍ ഒരു കിലോഗ്രാമിന് 800മുതല്‍ ആയിരം ജാതിപത്രി വരെ ആവശ്യമാണ്.

  ഒരു ഏക്കറില്‍ 60 ജാതിമരം വീതമാണ് ഇദ്ദേഹം നട്ടുവളര്‍ത്തിയിരിക്കുന്നത്.  ഒരു ജാതിച്ചെടിയില്‍  നിന്നും 15,000 രൂപ ലഭിക്കും.   കൃഷിയിനത്തിലുള്ള ചെലവ് വളരെ കുറവാണ്.  നഴ്‌സറി  തുടങ്ങിയതോടെ കൊച്ചുകുടിയനത്തിനു ആവശ്യക്കാര്‍ ധാരാളമായെത്തുന്നുണ്ട്. കലൂര്‍ എന്ന കൊച്ചുഗ്രാമത്തില്‍ മാത്രം ഏകദേശം നാലായിരത്തോളം കൊച്ചുകുടി ജാതിച്ചെടികള്‍ വില്പന നടത്തിയിട്ടുണ്ട്.

കര്‍ഷകന്‍ എന്ന നിലയില്‍ എല്ലാ കൃഷിയിലും ഒരു കൈ നോക്കാന്‍  ജോസി തയാറല്ല. നിലവിലുള്ള കൃഷിയെ  വികസിപ്പിക്കുകയാണ് ലക്ഷ്യം. ജാതി, റബര്‍ എന്നിവയില്‍ പ്രത്യേകമായി  ശ്രദ്ധിക്കുന്നു.  ജാതിച്ചെടിയുടെ ശരിയായ വളര്‍ച്ചയ്ക്കും പൂവിടുന്നതിനും  നല്ല കായ്ഫലം  നല്‍കുന്നതിനും  ജലസേചനം ആവശ്യമാണ്. വെള്ളത്തിന്റെ കാര്യത്തില്‍  ജോസി അനുഗൃഹീതനാണ്. കാളിയാര്‍ പുഴയുടെ തീരത്താണ് ജോസിയുടെ തോട്ടം .    നല്ലതുപോലെ വിളഞ്ഞ  കായ്കളില്‍ നിന്നുമാത്രമേ ഗുണനിലവാരമുള്ള  കായും ജാതിപത്രിയും ലഭിക്കുകയുള്ളൂ.  വിളഞ്ഞ കായ്കള്‍  പറിച്ചെടുത്തതിനുശേഷം  കായും ജാതിപത്രിയും  ഉണക്കി സംരക്ഷിക്കുന്നു.
അടുത്ത കാലത്ത്  ജാതിക്കയുടെ വില വളരെ വര്‍ധിക്കുന്നതു കര്‍ഷകര്‍ക്ക് നേട്ടമായിട്ടുണ്ട്.  2007-08 കാലഘട്ടത്തില്‍ 110 രൂപ  ലഭിച്ചിരുന്നത്  ഇപ്പോള്‍ 350  രൂപയായി വര്‍ധിച്ചിട്ടുണ്ട്.  ജാതിപത്രിയുടെ വില 400ല്‍ നിന്നും 1200-1500 രൂപയായി വര്‍ധിച്ചു. ജാതിക്ക ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിച്ചിരുന്ന ഗ്രനേഡ എന്ന രാജ്യത്തെ കൃഷി പ്രകൃതിക്ഷോഭത്തിലൂടെ നശിച്ചതാണ് ഇത്തരമൊരു കുതിച്ചുകയറ്റത്തിനിടയാക്കിയതെന്നു ജോസി പറഞ്ഞു.

റബറിനെ മാറ്റിനിര്‍ത്തി മറ്റൊരു പരീക്ഷണത്തിനു  ജോസി തയാറല്ല. റബര്‍കൃഷിയില്‍ പോലും ടാപ്പിംഗ് രംഗം മുതല്‍ പരീക്ഷണമാണ് ജോസിയുടെ തോട്ടത്തില്‍.  ഒരേ വലിപ്പത്തിലുള്ള  റബര്‍മരങ്ങളാണ്  ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. റബര്‍ മരങ്ങള്‍ പാകുന്നതു മുതല്‍  ശ്രദ്ധിക്കണമെന്നാണ്  ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്വന്തമായി ആയിരം റബര്‍മരങ്ങള്‍ വയ്ക്കണമെങ്കില്‍ 5000 റബര്‍കുരു  എങ്കിലും പാകണം. ഇതില്‍ നിന്നും  ആദ്യത്തെ എട്ടുദിവസം മുളയ്ക്കുന്നതു മാത്രം തെരഞ്ഞെടുത്തു ബാക്കി നശിപ്പിക്കുന്നു. എങ്കില്‍ മാത്രമേ നല്ല റബര്‍മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ സാധിക്കൂ. ഇപ്പോള്‍ ജോസിയുടെ ഭൂമിയില്‍ 260, 430, 414 ഇനങ്ങളില്‍പെട്ട  റബര്‍തൈകളാണ് നിറഞ്ഞുനില്‍ക്കുന്നത്. സഹോദരങ്ങളായ  ചെറിയാച്ചനും  കുര്യാച്ചനും മാത്യുവും കൃഷിക്കാര്‍ തന്നെ. ഹൈറേഞ്ചില്‍ ഏലക്കൃഷിയാണു കുര്യാച്ചനും മാത്യുവിനും. മാതാവ് ബെറ്റി. ഭാര്യ പവിഴം. മക്കളായ മാത്യു, ടിയാ എലിസബത്ത്,  ലെന എന്നിവരടങ്ങുന്നതാണ് ജോസിയുടെ  കുടുംബം.ജോണ്‍സണ്‍ വേങ്ങത്തടം
ദീപിക,തൊടുപുഴ

കര്‍ഷകന്‍ 2012 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment