Sunday, 14 December 2014

മുയല്‍രോഗങ്ങളും മുന്‍കരുതലുകളും

മുയല്‍ വളര്‍ത്തലിന് നമ്മുടെ നാട്ടില്‍ പ്രചാരം വര്‍ധിക്കുന്ന നാളുകളാണിത്. പല വീട്ടമ്മമാരും ആദായകരമായ ഒരു ഉപതൊഴിലെന്ന നിലയില്‍ മുയലുകളെ വളര്‍ത്തുന്നുണ്ട്. മാംസത്തിനും ചര്‍മത്തിനും വേണ്ടിയാണ് മുയലുകളെ വളര്‍ത്തുന്നത്.


മുയല്‍ വളര്‍ത്തലിന്റെ സവിശേഷതകള്‍

1. കുറഞ്ഞ അളവിലുള്ള തീറ്റ ഉപയോഗിച്ച് കൂടിയ അളവില്‍ പോഷകസമൃദ്ധമായ മാംസം ഉത്പാദിപ്പിക്കുന്നു.
2. പുല്ല്, ഇലകള്‍ എന്നിവ കൊടുത്ത് മുയലുകളെ വളര്‍ത്താം.
3. ഗര്‍ഭകാലം വളരെ കുറവായതിനാല്‍ ഒരു വര്‍ഷം പലപ്രാവശ്യം പ്രസവിക്കുന്നു.
4. വളര്‍ച്ചാനിരക്ക് വളരെ കൂടുതലായതിനാല്‍, ഏകദേശം 12 ആഴ്ചകൊണ്ട് രണ്ടു കിലോയോളം ശരീരഭാരം വയ്ക്കുന്നു.
5. മുയലിറച്ചിയിലുള്ള ഒമേഗ-ത്രി-ഫാറ്റി ആസിഡ്, മനുഷ്യശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.
6. മുയലിറച്ചി ശരീരപുഷ്ടിക്കും സ്ത്രീകളുടെ സൗന്ദര്യവര്‍ദ്ധനവിനും നല്ലതാണെന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണുന്നു.
7. വീട്ടുവളപ്പില്‍ ചെറിയ തോതിലും വ്യാവസായികാടിസ്ഥാനത്തിലും ഇവയെ വളര്‍ത്താം.
ഇറച്ചി ഉത്പാദനത്തിനുവേണ്ടി വളര്‍ത്താവുന്ന ബ്രീഡുകളാണ് ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില്ല, ന്യൂസിലന്‍ഡ് വൈറ്റ്, വൈറ്റ് ജയന്റ് എന്നിവയും അവയുടെ സങ്കരഇനങ്ങളും.
പ്രജനനത്തിനുവേണ്ടി 10 പെണ്‍ മുയലുകള്‍ക്ക് ഒരു ആണ്‍ മുയല്‍ എന്ന തോതില്‍ വളര്‍ത്തിയാല്‍ മതി. മുയലുകളുടെ ശരാശരി ഗര്‍ഭകാലം 28-34 ദിവസമാണ്.

മുയലുകളും രോഗങ്ങളും

ശരിയായ പരിചരണം നല്കിയില്ലെങ്കില്‍ മുയലുകള്‍ക്ക് പല രോഗങ്ങളും ബാധിക്കും. വൃത്തിഹീനമായ കൂടുകള്‍, വെളിച്ചമില്ലാത്ത ഷെഡുകള്‍, പഴകിയ തീറ്റ, ജലദൗര്‍ലഭ്യം, അശ്രദ്ധമായ പരിചരണം എന്നിവയാണ് പൊതുവേ മുയലുകള്‍ക്ക് രോഗമുണ്ടാക്കുന്നത്.
കരളിനെ ബാധിക്കുന്ന കോക്‌സിഡിയ രോഗം, ശ്വാസകോശത്തെ ബാധിക്കുന്ന പാസ്ച്ചുറെല്ലോസിസ്, തൊലിപ്പുറത്തുണ്ടാകുന്ന വരട്ടുചൊറി, പുഴുക്കടി, മേഞ്ച്, ബ്ലൂബ്രസ്റ്റ് തുടങ്ങിയവയാണ് പ്രധാന രോഗങ്ങള്‍.

1. കോക്‌സിഡിയോസിസ്

ഈ രോഗം 6 മുതല്‍ 10 ആഴ്ച വരെ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കൂടുതല്‍ ബാധിക്കുന്നത്. ആഹാരത്തിലൂടെ പകരുന്ന ഈ രോഗം കുടലിനെയും കരളിനെയുമാണ് ബാധിക്കുന്നത്. പ്രോട്ടോസോവ ഇനത്തിലെ കോക്‌സിഡിയ അണുക്കളാണ് രോഗം ഉണ്ടാക്കുന്നത്. വിശപ്പില്ലായ്മ, മെലിച്ചില്‍, വയര്‍ചാടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗാരംഭത്തില്‍ സള്‍ഫാഡിമിഡൈനോ, നൈട്രോഫുറാസിന്‍ മരുന്നുകളോ നല്കി രോഗം ഭേദമാക്കാം.

2. പാസ്ച്ചുറെല്ലോസിസ്

പാസ്ച്ചറുല്ലമള്‍ട്ടോസിഡ എന്ന ബാക്ടീരിയ ആണ് ഈ രോഗമുണ്ടാക്കുന്നത്. ചുമ, ശ്വാസതടസം, ശക്തിയായ പനി, മൂക്കൊലിപ്പ്, ശ്വാസകോശവീക്കം, തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം തീവ്രം, അതിതീവ്രം, തുടര്‍ന്നുപോകുന്ന രോഗം എന്നിങ്ങനെ മൂന്നുരീതിയില്‍ കാണുന്നു. മുയല്‍ കുഞ്ഞുങ്ങളെയാണ് അതിതീവ്രപാസ്ച്ചുറെല്ലോസിസ് ബാധിക്കുന്നത്. പ്രകടമായ രോഗലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ ഈ അവസ്ഥയില്‍ മുയല്‍ കുഞ്ഞുങ്ങള്‍ ചത്തുവീഴുന്നു. രോഗാരംഭത്തില്‍ തന്നെ സള്‍ഫാമരുന്നുകളും ആന്റി ബയോട്ടിക്കുകളും കൊടുത്ത് രോഗം ഭേദമാക്കാം.

3. വയറിളക്കം

പാല്‍കുടി നിര്‍ത്തുമ്പോഴോ, ആഹാരത്തില്‍ പെട്ടെന്ന് മാറ്റം വരുത്തുമ്പോഴോ വയറിളക്കം ഉണ്ടാകുന്നു. കഫത്തോടുകൂടിയ വയറിളക്കം ചിലപ്പോഴുണ്ടാകും. ആന്റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാണ്.

4. ബ്ലൂബ്രസ്റ്റ് or മാസ്റ്റയിറ്റിസ്

പാലൂട്ടുന്ന മുയലുകളിലാണിതുണ്ടാകുന്നത്. അണുബാധമൂലം അകിടില്‍ പഴുപ്പുണ്ടാകുന്നു. രോഗം ബാധിച്ച അകിടിന് ഇളംനിറമുണ്ടാകുന്നു. ആന്റി ബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാണ്.

5. നഖങ്ങള്‍ക്കു മുകളില്‍ പഴുപ്പ്

ശരീരഭാരം കൂടുതലുള്ള മുയലുകളില്‍ കാണപ്പെടുന്ന ഈ രോഗം കാലുകള്‍ കമ്പിവലയിലുടക്കുന്നതുമൂലവും ഉണ്ടാകാറുണ്ട്. കാലുകളുടെ അടിഭാഗത്ത് നഖത്തിനു മുകളില്‍ ചെറിയ വ്രണങ്ങളുണ്ടാകുന്നു. വിശപ്പില്ലായ്മ, ക്ഷീണം, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങളും കാണിക്കുന്നു. അയഡിന്‍ ഓയിന്റ്‌മെന്റോ, സിങ്ക് ഓക്‌സൈഡോ പുരട്ടിക്കൊടുത്ത് രോഗം ഭേദമാക്കാം.

6. കുഞ്ഞുങ്ങളെ തിന്നല്‍ 

ചില തള്ളമുയലുകള്‍ പ്രസവിച്ച് മൂന്ന് നാലുദിവസത്തിനകം കുഞ്ഞുങ്ങളെ തിന്നുന്നതായി ചില മുയല്‍ കര്‍ഷകര്‍ പരാതിപ്പെടാറുണ്ട്. വ്യക്തമായ കാരണം നിര്‍ണയിച്ചിട്ടില്ലെങ്കിലും, തള്ളമുയലിന്റെ ആഹാരത്തില്‍ പോഷകങ്ങളുടെ അളവ് പ്രത്യേകിച്ച് മാംസ്യത്തിന്റെ അളവ് തീരെ കുറഞ്ഞുപോകുന്നതും ജല ദൗര്‍ലഭ്യവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുയലിന്റെ തീറ്റയില്‍ കടലയും മഞ്ഞ ചോളവും ചേര്‍ത്തു കൊടുത്ത് ഇതു പരിഹരിക്കാം.
കൂടിനു സമീപം പട്ടി, പൂച്ച, എലി, പാമ്പ് എന്നിവയുടെ സാന്നിദ്ധ്യം, തള്ള മുയലിന്റെ അസ്വസ്ഥത, കുഞ്ഞുങ്ങള്‍ക്കുവേണ്ട പാലിന്റെ കുറവ് തുടങ്ങിയവയും ഇത്തരം സംഭവങ്ങള്‍ക്കു കാരണമാകാം.

7. രോമം കൊഴിഞ്ഞുപോകല്‍

ഇതിനു കാരണം വിരബാധ, ചര്‍മരോഗം, ആഹാരത്തിലെ പോഷകങ്ങളുടെ കുറവ് എന്നിവയാണ്. വിരമരുന്നു നല്കുക, ആന്റിഫംഗല്‍ മരുന്ന് പുരട്ടുക, വിറ്റാമിന്‍ മിശ്രിതം നല്കുക തുടങ്ങിയവയാണ് ഇതിന് പ്രതിവിധി. രോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനുവേണ്ടി മുയല്‍ കൂടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ്ങ് സെന്ററുകളില്‍  മുയല്‍ വളര്‍ത്തലിന് സൗജന്യപരിശീലനം ലഭിക്കും.

ഡോ. എസ്. എ  ഹമീദ്


2012 ഏപ്രില്‍ ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ചത്‌


No comments:

Post a Comment