Thursday, 11 December 2014

ഷാജിയുടെ കേദാരം- കിഴങ്ങുകളുടെ ജീന്‍ബാങ്ക്

റെജി ജോസഫ്

കാര്‍ഷികകേരളത്തിന് കൈമോശം വന്നുകൊണ്ടിരിക്കുന്ന കിഴങ്ങ് ഇനങ്ങള്‍ കണ്ടെടുത്ത് നട്ടുവളര്‍ത്തി അവയുടെ വംശത്തെ സംരക്ഷിക്കുകയാണ് വയനാട് ജില്ലയില്‍ വളളിയൂര്‍ക്കാവിനടുത്ത് ഇല്ലത്തുവയലിലെ യുവകര്‍ഷകന്‍ ഇളപ്പുപാറ ഷാജി തോമസ്.  കുടിയേറ്റ ഗ്രാമത്തിലെ  കേദാരം എന്ന കൃഷിയിടം ഏവര്‍ക്കുമൊരു കൗതുകമാണ്. കാച്ചില്‍ 17 ഇനം, ചേമ്പ് 20 ഇനം, കപ്പ അഞ്ച് ഇനം, മധുരക്കിഴങ്ങ് അഞ്ച് ഇനം.  കാടുകയറിയും വനവാസികളുടെ ഊരുകള്‍ കയറിയിറങ്ങിയുമാണ് കേരളത്തിന്റെ പൗരാണിക കിഴങ്ങു വര്‍ഗങ്ങള്‍ ഷാജി ശേഖരിച്ചുവരുന്നത്.
കിഴങ്ങു കൃഷിയില്‍ ഷാജിയുടേത് കേരളത്തിലെ വിത്തുബാങ്കാണെണന്നു പറയാം.

മാനന്തവാടി  കാച്ചില്‍, ആഫ്രി ക്കന്‍ കാച്ചില്‍, പന്നിക്കാച്ചില്‍ തുടങ്ങി വലിപ്പത്തിലും രുചിയിലും വ്യത്യസ്തമായ  ചേമ്പുകള്‍. കുഴി നിറയന്‍, റോസ്, ചക്കര, പൊട്ടുക ണ്ണന്‍ മുതല്‍ 20 ഇനം ചേമ്പുകള്‍, കടമ്പക്കന്‍, പ്രഷര്‍ ചിരി, ശ്രീ വര്‍ധിനി തുടങ്ങി അഞ്ചിനം മധുരക്കിഴങ്ങുകള്‍, നീലക്കൂവ, കാട്ടുമഞ്ഞള്‍, അരിക്കിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയ വന്യ ഇനം കിഴങ്ങ് വര്‍ഗങ്ങള്‍ അങ്ങനെ അങ്ങനെ കിഴങ്ങ് ഇനങ്ങളുടെ പ്രദര്‍ശന തോട്ടമായി മാറുകയാണ്.  വിവിധ ദേശങ്ങളിലെ കര്‍ഷകരില്‍നിന്നുശേഖരിക്കുന്ന വിത്തുകള്‍ മറ്റ് കര്‍ഷകരുമായി ഷാജി പങ്കുവയ്ക്കും. ഇതിന് ഷാജി വില വാങ്ങില്ല. അടുത്ത വിളവിന് ഒരു വിത്ത് തിരികെ നല്‍കണം- അത്രമാത്രം.

ഇഞ്ചിക്കാച്ചില്‍, മാട്ടുകാച്ചില്‍, നീണ്ടിക്കാച്ചില്‍, പരിശക്കോടന്‍,നീലക്കാച്ചില്‍, പന്നിക്കാച്ചില്‍, ഇറച്ചിക്കാച്ചില്‍ (അടതാപ്പ്),വള്ളിക്കാച്ചില്‍, വെള്ളക്കാച്ചില്‍, റോസ്‌കാച്ചില്‍, തൂണല്‍കാച്ചില്‍, ചോരക്കാച്ചില്‍, ആഴിക്കന്‍കാച്ചില്‍, ഗന്ധകശാലക്കാച്ചില്‍, കടുവാക്കൈയന്‍ കാച്ചില്‍, വഴനക്കാച്ചില്‍ തുടങ്ങിയ കാച്ചില്‍ ഇനങ്ങളാണ് ഷാജിയുടെ ശേഖരത്തിലുള്ളത്. കിളിര്‍ത്തു വരുന്ന കാച്ചിന്റെ ഇല കണ്ടാല്‍ ഷാജിക്ക് ഇനം പറയാനാകും. വള്ളി വീശിക്കഴിഞ്ഞാല്‍ കാച്ചില്‍ ഇലകളെല്ലാം ഒരേ രീതിയിലാകും. കാച്ചില്‍ പറിച്ചെടുക്കുമ്പോള്‍ അതിന്റെ ഘടന നോക്കി ഇനം പറയാനും ഷാജിക്കു കഴിയും.

ചെറുചേമ്പ്, പാല്‍ചേമ്പ്, മാറാന്‍ചേമ്പ്, താമരക്കണ്ണന്‍,നനചേമ്പ്, വെളിംചേമ്പ്,കണ്ണന്‍ചേമ്പ്, വയലറ്റ് ചേമ്പ്, റോസ് ചേമ്പ്,കഴിനിയന്‍ ചേമ്പ്,കുടവാഴ ചേമ്പ്, ചക്കരചേമ്പ്, കരിംചേമ്പ്, വെള്ളച്ചേമ്പ്, കപ്പച്ചേമ്പ്, പൊട്ടുകണ്ണന്‍, ചൊറിയന്‍ ചേമ്പ്, കരിന്താള്, വയല്‍ചേമ്പ്,കറുത്തചേമ്പ് (വെച്ചുചേമ്പ്) എന്നിങ്ങനെ നാടന്‍ ചേമ്പിനങ്ങള്‍ കണ്ടെത്തി ഷാജി തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യുന്നു. വെളിചേമ്പ് ഒന്നാം തരം ഔഷധമാണെന്ന് ഷാജി പറയുന്നു. എലിയോ കാട്ടുപന്നിയോ ഇത് ആക്രമിക്കാറുമില്ല.
കാര്‍ഷിക കേരളത്തിലെ പ്രധാന വിളയും വിഭവുമാണ് കപ്പ. കുഞ്ഞച്ചന്‍, ഐരുവെള്ള, പടപ്പന്‍, മലബാര്‍ തുടങ്ങി രുചികരമായ ഒട്ടേറെ നാടന്‍ കപ്പ ഇനങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ കുടിയേറ്റ സമൂഹത്തിന്റെ ഇഷ്ട വിഭവവുമായിരുന്നു കപ്പ.  സങ്കര ഇനങ്ങളുടെ വരവോടെ നാടന്‍ ഇനങ്ങള്‍ അന്യംനിന്നുതുടങ്ങി. പഴയ തലമുറകള്‍ക്ക് സ്വന്തമായി മുപ്പതിലേറെ ഇനം കപ്പകള്‍ കേരളത്തിലുണ്ടായിരുന്നു. സങ്കര ഇനങ്ങളുടെ വരവില്‍ ഇതൊക്കെ കൈമോശം വന്നുപോയി.

പത്തിനെട്ട്, ദിവാന്‍, ജയ, എന്‍. ഫോര്‍, ആമ്പക്കാടന്‍ തുടങ്ങിയ കപ്പ ഇനങ്ങള്‍ ഷാജി കൃഷി ചെയ്യുന്നു. ഇവയുടെ തണ്ട് വേണ്ടവര്‍ക്കെല്ലാം നല്‍കുകയും ചെയ്യുന്നു. അന്യംനിന്നുപോയ വെള്ളക്കട്ടന്‍, ചുവന്ന കട്ടന്‍ തുടങ്ങിയ കട്ടന്‍ കപ്പകള്‍  ഷാജിയുടെ ശേഖരത്തിലുണ്ട്.

 ഇക്കഴിഞ്ഞ നവംബര്‍ 20 നു ഷാജിയുടെ കിഴങ്ങുതോട്ടത്തില്‍  വിളവെടുപ്പ് ഉത്സവമായിരുന്നു. അത്യപൂര്‍മായ കിഴങ്ങിനങ്ങള്‍ കാണാനും വിത്തുകള്‍ വാങ്ങാനും രുചി അറിയാനുമായി വിവിധ ജില്ലകളില്‍നിന്ന് 79 കര്‍ഷകരാണ് വയനാടന്‍ ചുരം കയറി കേദാരം തോട്ടത്തിലെത്തിയത്. ആരവത്തോടെ കാച്ചിലും കിഴങ്ങും കപ്പയുമൊക്കെ വിവിധ നാടുകളില്‍നിന്നെത്തി കര്‍ഷകര്‍ ചേര്‍ന്നാണ് പറിച്ചെടുത്തത്.

എടവന പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ സ്വാശ്രയസംഘങ്ങള്‍ തുടങ്ങി ഇരുന്നൂറിലേറെപ്പേരാണ് വിളവെടുപ്പ് മഹോത്സവം കെങ്കേമമാക്കാന്‍ എത്തിച്ചേര്‍ന്നത്. പലരും അവരുടെ ശേഖരത്തിലെ വിത്തുകളുമായെത്തി ഷാജിയില്‍ നിന്ന് വിത്തു വാങ്ങിക്കൊണ്ടുപോയി.  കാര്‍ഷികസമൃദ്ധിയുടെ അടയാളമായി കിഴങ്ങുപായസവും വിവിധ ഇനം കിഴങ്ങുകള്‍ വേവിച്ചുണ്ടാക്കിയ തിരുവാതിരുപ്പുഴുക്കുമായിരുന്നു വിളവെടുപ്പുവേളയിലെ സദ്യ.

14 ജില്ലകളിലും നിന്ന് പരമ്പരാഗത കിഴങ്ങുകളെ ഷാജി കണ്ടെത്തിയിട്ടുണ്ട്. പൂര്‍ണമായി ജൈവകൃഷിയാണ് ഇദ്ദേഹത്തിനുള്ളത്. പുതുമഴയോടെ കുഴി കുത്തി ചാണകപ്പൊടിയും പച്ചിലയും ചാരവും ചേര്‍ത്തിളക്കി വിത്തു മൂടും. വള്ളി വീശുമ്പോള്‍ അല്‍പംകൂടി ചാണകം നല്‍കുമെന്നല്ലാതെ വേറെ വളപ്രയോഗമില്ല. 20 കിലോയുള്ള കപ്പയും 12 കിലോയുടെ കാച്ചിലും ഈ കൃഷിയിടത്തില്‍ സുലഭം. ഒരു മൂട് ചേമ്പും മധുരക്കിഴങ്ങും ആറ് കിലോ വരെ വിളവ് നല്‍കുന്നുണ്ട്.

കിഴങ്ങിനങ്ങള്‍ വിലയിലും വിളവിലും ചതിക്കില്ലെന്നാണ് ഷാജിയുടെ അനുഭവം. തന്നെയുമല്ല കപ്പയും കാച്ചിലും ചേമ്പും ചേനയും ഭക്ഷണമാക്കിയാല്‍ 80 വയസുവരെ ആയുസ് ഉറപ്പാണെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.

മണ്ണ് കൂന കൂട്ടി നടുന്ന മധുരക്കിഴങ്ങിന്റെ രുചി ചിലരെങ്കിലും ഓര്‍മിക്കുന്നുണ്ടാകാം. മഴക്കാലത്തിനു മുന്‍പ് മണ്ണുകൂട്ടുന്നതും മുക്കോണായി പത്തല്‍കെട്ടി വള്ളി കയറ്റുന്നതുമൊക്കെ പഴയ തലമുറയുടെ ഓര്‍മകളില്‍ നിന്നു മാഞ്ഞിട്ടില്ല. ഈ അധ്വാനത്തിന്റെ രസം അറിഞ്ഞാണ് ഷാജി അയല്‍വാസികള്‍ക്കും അന്യനാട്ടുകാര്‍ക്കും വിത്തുകള്‍ സമ്മാനിക്കുന്നത്.
ശ്രീനന്ദിനി, ശ്രീകനക, ശ്രീവര്‍ധിനി, പ്രഷര്‍ചീര, കടമ്പയ്ക്കന്‍ എന്നീ ഇനം  മധുരക്കിഴങ്ങുകള്‍ ഈ യുവകര്‍ഷകന്റെ ശേഖരത്തിലുണ്ട്. നാടന്‍ കൂര്‍ക്ക, ശ്രീധര എന്നീ കൂര്‍ക്കകളും തോട്ടത്തില്‍ ഇളവിളയായി ഇടംപിടിച്ചിരിക്കുന്നു.
നാടന്‍ചേന, നെയ്‌ചേന, കാട്ടുചേന തുടങ്ങിയ ചേന ഇനങ്ങളും  നീലക്കൂവ, വെള്ളക്കൂവ തുടങ്ങിയ കൂവകളും നാടന്‍മഞ്ഞള്‍, കസ്തൂരിമഞ്ഞള്‍, കാട്ടുമഞ്ഞള്‍ എന്നീ മഞ്ഞള്‍ ഇനങ്ങളും കണ്ടെത്തി ഷാജി കൃഷി ചെയ്തു വിത്തുകള്‍ നല്‍കുകയാണ്.

ഒരു ഹെക്ടര്‍ സ്ഥലത്തു നിന്ന് 5000 കിലോ ഗ്രാം നെല്ല് വിളയി ക്കുമ്പോള്‍ അത്രയും സ്ഥലത്തു നിന്ന് 30,000 കിലോഗ്രാം കിഴങ്ങ് വിളയിക്കാന്‍ കഴിയുമെന്നാണ് ഷാജിയുടെ അനുഭവം.   കേരളത്തിലെ ഭക്ഷ്യവിളകളില്‍ രണ്ടാം സ്ഥാന വും കിഴങ്ങു വര്‍ഗങ്ങള്‍ക്കാണ്. കിഴങ്ങു വര്‍ഗങ്ങളെ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്ന ചിലവിഭാഗം ആദിവാസികളുടെ ഉയര്‍ന്ന പ്രതിരോധ ശേഷിയും കായിക ക്ഷമതയും കിഴങ്ങുകളുടെ കരുത്തിന് തെളിവാണ്. ഏറ്റവും ചെലവു കുറഞ്ഞതും ഏറ്റവും വരുമാനം ലഭിക്കുന്നതുമായ കൃഷിയാണ് കിഴങ്ങുകളുടേത്. കാലാവസ്ഥ, വളക്കൂറ് എന്നിവ അനുകൂലമല്ലെങ്കിവും കിഴങ്ങിനങ്ങള്‍ നട്ടാല്‍ വിളവ് മോശം വരാറില്ല.

മണ്ണിന്റെ ആഴങ്ങളിലുളള പോഷക മൂല്യം വലിച്ചെടുക്കു ന്നതിനാല്‍ ശരീരത്തിലെ പോഷക മൂല്യങ്ങളുടെ കുറവ് എളുപ്പത്തില്‍ നികത്താനും കിഴങ്ങു വര്‍ഗങ്ങള്‍ക്ക് കഴിയും.

പച്ചക്ക് തന്നെ ഭക്ഷിക്കാവുന്ന രുചികരവും ഗുണമേന്‍മയു ളളതുമായ കപ്പ ചേമ്പ് ഇതിന് ഉദാഹരണമാണ്. കീടനാശി നികളോ രാസവളങ്ങളോ ഉപയോ ഗിക്കാതെ നല്ല വിളവ് ലഭിക്കുമെ ന്നതും കിഴങ്ങ് വര്‍ഗങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. കേദാരം കിഴങ്ങു സംരക്ഷണ കൃഷിയിടം  കാണാന്‍ ഓരോ ദിവസവും നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുന്നു.
എടവക പഞ്ചായത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ തയാറാക്കിയ ജനിതക സംഭരണി യില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളള കര്‍ഷകരില്‍ നിന്നുമാണ് ഷാജി വിത്തുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. ഇവ കര്‍ഷകര്‍ക്ക് കൈമാറി ജൈവരീ തിയില്‍ കൃഷി വ്യാപിപ്പിക്കാനും അതിലൂടെ 'സുരക്ഷിത ഭക്ഷണം എന്ന ആശയത്തിന്റെ പ്രചാരണ ത്തിനുമാണ് കേദാരത്തിലൂടെ ഷാജി ലക്ഷ്യമിടുന്നത്.

ഷാജി തോമസ് ഫോണ്‍- 9747853969.

No comments:

Post a Comment