Saturday, 27 December 2014

കര്‍ഷകോത്തമന്റെ കൃഷിയും ജീവിതവും

ജയചന്ദ്രന്‍ തന്റെ കൃഷിയിടത്തില്‍.
കര്‍ഷകോത്തമ, കര്‍ഷക തിലക്,  കര്‍ഷകരത്‌ന, അക്ഷയശ്രീ തുടങ്ങി കാര്‍ഷിക കേരളം ജയചന്ദ്രന്റെ ശിരസില്‍ ചാര്‍ത്തിയ കീര്‍ത്തിമുദ്രകള്‍ നിരവധിയാണ്. തൃശൂര്‍ തിരുവില്വാമല കണിയാര്‍കോടുള്ള ഈ സമ്മിശ്ര കൃഷിയിടം സുസ്ഥിരമായ സംയോജിത, ജൈവകൃഷി രീതികളുടെ ഉത്തമ മാതൃകയാണ്. നിളയുടെ പ്രിയസഖിയായ ഗായത്രിപുഴയുടെ തീരത്തെ സമ്മിശ്രകൃഷിത്തോട്ടം ബഹുവിളകൃഷിരീതിയിലൂടെ നൂറുമേനി കൊയ്യുകയാണ്.

' വിളവൈവിധ്യംകൊണ്ട് സമ്പന്നമാണ് ഏഴേക്കറോളം വരുന്ന ഈ കൃഷിയിടം. ഒരിഞ്ചു ഭൂമി പോലും വെറുതെയിടില്ല എന്നതാണ് ജയചന്ദ്രന്റെ പ്രഖ്യാപിത നയം. വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തിലാണ് വിളകളുടെ വിന്യാസം. റബര്‍, തെങ്ങ്, കമുക്, വാഴ, കൊക്കോ, ജാതി, കുരുമുളക്, കിഴങ്ങുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍ തുടങ്ങി വരുമാനത്തിന്റെ വഴികള്‍ നീളുകയാണ്.
മൃഗസംരക്ഷണവും മത്സ്യകൃഷിയും താങ്ങായി ചേരുന്നതോടെ കൃഷിയിടം സമ്പൂര്‍ണമാകുന്നു. മഴവെള്ള സംഭരണികള്‍ ബയോഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് എന്നിവയുംകൂടിയാകുമ്പോള്‍ ഊര്‍ജ്ജസംരക്ഷണ, മാലിന്യപ്രവര്‍ത്തനങ്ങള്‍ കൂടി കൃഷിയുടെ ഭാഗമായി മാറുന്നു. വിവിധ വിളകളെ അവയുടെ സ്വഭാവമനുസരിച്ച് പരസ്പരപൂരകങ്ങളാക്കുന്ന സംയോജിത കൃഷിരീതിയാണ്. ഈ തോട്ടത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
കൃഷിഭൂമിയെ വിവിധ തട്ടുകളായി തിരിച്ചാണ് വിളകളുടെ സ്ഥാ നം തീരുമാനിച്ചിരിക്കുന്നത്. ഉയര്‍ന്ന തട്ടില്‍ റബറും, തെങ്ങും മുഖ്യവിളകളാകുമ്പോള്‍ വാഴയും, പച്ചക്കറികളും ഇടവിളയാകുന്നു. മധ്യഭാഗത്ത് തെങ്ങാണ് മുഖ്യവിള. താഴത്തെ തട്ടില്‍ കമുക് മുഖ്യ വിളയും കാപ്പി, കുരുമുളക്, കൊക്കോ എന്നിവ ഇടവിളകളും. കൃഷിയിടത്തിന്റെ നടുവിലാണ് പശു, പന്നി, ആട്, കോഴി എന്നിവയുടെ പാര്‍പ്പിടങ്ങള്‍. ഇവയില്‍നിന്നും അവശിഷ്ടങ്ങള്‍ വളരെ എളുപ്പത്തില്‍ വളമായി വിളകള്‍ക്കെത്തുന്നു.
തെങ്ങുകള്‍ വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തില്‍പ്പെട്ടവയാണ്. മംഗള, മോഹിത് നഗര്‍, കാസര്‍ഗോഡന്‍ കമുകുകള്‍. കടുകന്‍മാക്കല്‍ ഇനത്തില്‍പ്പെട്ടവയാണ് ജാതികള്‍. വാഴഗവേഷണകേന്ദ്രമായ കണ്ണാറയിലെ പുതിയ ഇനങ്ങള്‍ ആദ്യമെത്തുക ഈ കൃഷിയിടത്തിലായിരിക്കും. തെങ്ങ്, കമുക്, റബര്‍ എന്നിവയുടെ ഇടവിളയായി കൊക്കോ കൃഷി നടത്തുന്ന ഈ കര്‍ഷകന്റെ അനുഭവത്തില്‍ റബറിന് ഇടവിളയായി കൊക്കോ നടുന്നത് ഏറെ ആദായകരമെന്ന് ക്യുിരിക്കുന്നു.
മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്ന വിധത്തില്‍ വളപ്രയോഗവും, കീടനാശിനിപ്രയോഗവും ജൈവരീതിയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി തുടങ്ങിയ ജൈവവളങ്ങള്‍ക്കൊപ്പം പിണ്ണാക്കും ചാണകം പുളിപ്പിച്ചതും വളമാകുന്നു. സ്യൂഡോമോണസ്, ബോര്‍ഡോ മിശ്രിതം ട്രൈക്കോഡേര്‍മ എന്നിവയ്‌ക്കൊപ്പം വെര്‍മിവാഷും കീടനാശിനിയായി ഉപയോഗിക്കുന്നു. വളവും, കീടനാശിനിയുമായി ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍മിവാഷ് മൂന്ന് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുന്നത് കീടനിയന്ത്രണത്തിന് ഫലപ്രദമാണെന്ന് ജയചന്ദ്രന്റെ അനുഭവ സാക്ഷ്യം.
ഉത്പാദനത്തില്‍ വിജയിക്കുന്നവര്‍ വിപണനത്തില്‍ പരാജയപ്പെടുന്ന കഥകള്‍ നിരവധിയാണ്. അതിനാല്‍ വിളകളുടെ മൂല്യവര്‍ധ നവിലും, വിപണനത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നു. നാളികേരം വെളിച്ചെണ്ണയായി നല്‍കുന്നു. ഉപോത്പന്നമായ പിണ്ണാക്ക് കാലിത്തീറ്റയാക്കുന്നു. കൊക്കോ പച്ചക്കായയായി കാഡ്ബറീസിന് നേരിട്ടാണ് നല്‍കുക. അടയ്ക്ക കരാര്‍ നല്‍കിയാണ് വില്‍പന. ഒരു ജാതിയില്‍നിന്ന് പ്രതിവര്‍ഷം ര്യുായിരം രൂപയോളം വരുമാനമുണ്ട്. കൃഷിയിടത്തിന്റെ അതിരുകളില്‍ നില്‍ക്കുന്ന കുടം പുളികള്‍ പോലും വലിയ വരുമാനമാണ് നല്‍കുന്നത്. മുറ്റത്തും, പറമ്പിലും, ടെറസിലുമൊക്കെ നിറയുന്ന പച്ചക്കറികള്‍ അടുക്കളയിലെ ആവശ്യം കഴിഞ്ഞാല്‍ വിപണിയിലെത്തിക്കുന്നു. കിഴങ്ങു വര്‍ഗങ്ങള്‍ വീട്ടാവശ്യത്തിനുശേഷം ചെറുവരുമാനം നല്‍കുന്നു. നാല്‍പതോളം ഫലവൃക്ഷങ്ങളുടെ അമൂല്യശേഖരം ജയചന്ദ്രനു സ്വന്തം.
പാലും, ചാണകവും നല്‍കാന്‍ രണ്ടു പശുക്കള്‍ ഇവിടെയുണ്ട്. പന്നിവളര്‍ത്തലും, ആടുകളുടെ പരിപാലനവും വലിയ വരുമാന മാര്‍ഗങ്ങള്‍ തന്നെ. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, അതുല്യ കോഴികള്‍ മുട്ടയ്ക്കായി വളര്‍ത്തുന്നു. വിപണിയില്‍ വിലയേറെയുള്ള താറാവിന്‍ മുട്ടകള്‍ക്കായി കുട്ടനാടന്‍ ഇനങ്ങള്‍ ഇവിടെയു്യു്. ടാങ്കിലും കുളത്തിലുമായി വാള, തിലാപ്പിയ, കട്‌ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളും വളര്‍ത്തുന്നു.
ജയചന്ദ്രനും ഭാര്യയുമാണ് ഈ കൃഷിയിടത്തിലെ കര്‍ഷകത്തൊഴിലാളികള്‍.
ഭൂരിഭാഗം പണികളും ഇവരുടെ പ്രയത്‌നത്താല്‍ തീരുമെന്നതിനാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുറംപണിക്കാരെത്തുക. സമയത്ത് ചെയ്യുക, സ്വയം ചെയ്യുക, സ്വന്തം വിപണി കെണ്ടത്തുക എന്നതാണ് ജയചന്ദ്രന്റെ പ്രമാണം.
 സ്വന്തം മണ്ണും വിളകളും വരുമാന മാര്‍ഗം മാത്രമല്ല ഈ കുടുംബത്തിനൊപ്പം ഏതു പ്രതിസന്ധിയിലും താങ്ങാവുന്ന സാന്ത്വനവുമാണ്. എത്ര വിഷമമുണ്ടായാലും പത്തുമിനിട്ട് കൃഷിയിടത്തില്‍ ഒന്നു നടന്നു വന്നാല്‍ ജയചന്ദ്രന്‍ ഉന്മേഷവാനാകുന്നു. ശുദ്ധമായമണ്ണും പ്രാണവായുവും നല്‍കുന്ന പുതുജീവനാണ് അത്.

ഡോ. സാബിന്‍- 9446203839.
ഫോണ്‍ : ജയചന്ദ്രന്‍- 9846427121
: 04884 282379

No comments:

Post a Comment