Tuesday, 23 December 2014

ജൂബിലി നിറവില്‍ തൊടുപുഴ കാര്‍ഷികമേള

തൊടുപുഴ കാര്‍ഷികമേള ജൂബിലി വര്‍ഷത്തിലേക്ക്. കാര്‍ഷിക മേഖലയുടെ വ്യത്യസ്ത കാഴ്ചകളൊരുക്കിയും വിജയം വരിച്ചവരെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തിയും മേള വ്യത്യസ്തമാകുകയാണ്. ജൈവകൃഷിയുടെ അനന്ത സാധ്യതകളള്‍ പ്രയോജനപ്പെടുത്താനും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മിതിയ്ക്കായി കര്‍ഷകരെ ആഹ്വാനം ചെയ്തും മേള മുന്നേറുന്നു.
ഗാന്ധിജി സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കാര്‍ഷികമേളയ്ക്കു തുടക്കം കുറിച്ചതു 1989 ഡിസംബര്‍ 15നു കോട്ടയത്താണ്. പിന്നീട് തൊടുപുഴയിലാണ് മേള നടന്നുവരുന്നത്. കാര്‍ഷികവൃത്തിയില്‍ വിജയംകൈവരിച്ചവര്‍ക്കു അവാര്‍ഡുകള്‍ നല്‍കി അവരെ വളര്‍ത്തുന്നതിനും മണ്‍മറഞ്ഞുപോകുന്ന കൃഷികാഴ്ചകള്‍ തിരികെ കൊണ്ടുവരുന്നതിനും കാര്‍ഷികമേളയിലൂടെ കഴിഞ്ഞിട്ടുണ്ട്.

മേളയോടനുബന്ധിച്ചു കര്‍ഷകരെയും കര്‍ഷകതൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള തേങ്ങ ചുരണ്ടല്‍, കപ്പ അരിയല്‍, തെങ്ങുകയറ്റം, റബര്‍ ടാപ്പിംഗ്, ചുമടെടുപ്പ് തുടങ്ങിയ  മത്സരങ്ങള്‍ കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തുപാട്ടായി മാറുന്നു. ഉപഭോഗ സംസ്ഥാനമായ കേരളത്തെ കാര്‍ഷിക സ്വയംപര്യാപ്തതയിലേയ്ക്കു നയിക്കുകയെന്ന ലക്ഷ്യവും കാര്‍ഷികമേളയ്ക്കുണ്ട്.

വീട്ടുമുറ്റത്തും ടെറസിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച അടുക്കളത്തോട്ടം പദ്ധതി കാര്‍ഷികമേളയുടെ മറ്റൊരു ഉത്പന്നമാണ്.  അടുക്കളത്തോട്ടം പദ്ധതി വരുമാന വര്‍ധനവിനു പുറമേ സ്ത്രീ ശാക്തീകരണത്തിനു കളമൊരുക്കി. കൃഷിയില്‍നിന്നു പിന്‍വാങ്ങിയ അനേകരെ പ്രത്യേകിച്ച് പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിഞ്ഞു.

മേളയോടനുബന്ധിച്ചുള്ള ഫ്‌ളവര്‍ ഷോ, അലങ്കാര പക്ഷികളുടെ പ്രദര്‍ശനം, ഔഷധ സസ്യപ്രദര്‍ശനം, മത്സ്യ പ്രദര്‍ശനം എന്നിവയും മേളയ്ക്ക് കൊഴുപ്പു പകരുന്നു. റബര്‍ ബോര്‍ഡ്, ജലവിഭവ വകുപ്പ്, ഐഎസ്ആര്‍ഒ, വൈദ്യുതി ബോര്‍ഡ്, കെടിഡിസി, ഓയില്‍ പാം, മൃഗ സംരക്ഷണം, നാളികേര വികസന ബോര്‍ഡ്, കൃഷി-വ്യവസായ, ശാസ്ത്രസാങ്കേതിക വകുപ്പുകള്‍, മെഡിക്കല്‍ കോളജ്, സ്‌പൈസസ് ബോര്‍ഡ്,  കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, മില്‍മ, കേരള ഫീഡ്‌സ് തുടങ്ങി നിരവധി വകുപ്പുകളുടെ പങ്കാളിത്തം കാര്‍ഷികമേളയ്ക്ക് വിജ്ഞാനവും വിനോദവും പകരുന്നു.
എല്ലാ വര്‍ഷവും ഡിസംബര്‍ അവസാന ആഴ്ചമുതല്‍ ജനുവരി ആദ്യ ആഴ്ചവരെ നടക്കുന്ന മേള ജനപങ്കാളിത്തംകൊണ്ടും സെമിനാറുകളുടെയും കാര്‍ഷികവിളകളുടെയും വൈവിധ്യം കൊണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

1983 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച  ഗാന്ധിജി സ്റ്റഡി സെന്റര്‍ കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കാര്‍ഷികമേളതന്നെ. കൃഷിശാസ്ത്രജ്ഞരെയും കാര്‍ഷികമേഖലയിലെ വിദഗ്ധരെയും കൃഷിയില്‍ വിജയഗാഥരചിച്ച കര്‍ഷകരെയും ഭരണാധികാരികളെയും ഒന്നിച്ച് അണിനിരത്താന്‍ കാര്‍ഷികമേളയിലൂടെ കഴിയുന്നു. വിള മത്സരങ്ങളും വിള പ്രദര്‍ശനവും കാര്‍ഷികമേളയുടെ മാറ്റു കൂട്ടുമ്പോള്‍ ശില്പശാലകള്‍ കാര്‍ഷിക മേഖലയിലെ  പുത്തന്‍ അറിവുകള്‍ കര്‍ഷകര്‍ക്കു കൈമാറുന്നതിനുള്ള വേദിയായിമാറുന്നു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ കാര്‍ഷികമേഖലയിലേക്ക് പകര്‍ത്തുന്നത്തിനും മികച്ച കര്‍ഷകരുടെ വിജയ രഹസ്യങ്ങള്‍ കര്‍ഷകരുമായി പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കുന്ന കാര്‍ഷികമേള കൃഷിയുടെ രസതന്ത്രമാണ് പകര്‍ന്നു നല്‍കുന്നത്.


കാര്‍ഷികവൃത്തിയുടെ മാന്യത ഉയര്‍ത്തിക്കാട്ടുന്നതിനും കൃഷി ആദായകരമായ ഒരു തൊഴിലാക്കി മാറ്റാന്‍ കഴിയുമെന്ന് അഭ്യസ്തവിദ്യരെ ബോധ്യപ്പെടുത്തുന്നതിനും ഇതിലൂടെ കഴിഞ്ഞു എന്നുള്ളത് എടുത്തുപറയത്തക്ക കാര്യമാണ്. വിജ്ഞാനവ്യാപനം കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ഇത്രയും പര്യാപ്തമായ മറ്റൊരുമാര്‍ഗവുമില്ല.
കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ഭീമന്‍ കപ്പയും ചേനയും കാച്ചിലും കാണികളുടെ മനം കവരുന്നു. ഇതിനു പുറമേ ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ഏലം, കുരുമുളക്, കൊക്കോ, അടയ്ക്ക, വിവിധ ഇനം വാഴകള്‍, കന്നാര, അത്യുത്പാദനശേഷിയുള്ളതും വേഗത്തില്‍ കായ്ഫലം നല്‍കുന്നതുമായ നാളികേര ഇനങ്ങള്‍ എന്നിവയെല്ലാം കാര്‍ഷിക കേരളത്തിനു മുതല്‍ക്കൂട്ടാണ്.
കാര്‍ഷിക കായികമേളയിലൂടെ തൊഴിലിന്റെ മഹത്വം വിളിച്ചറി യിക്കാനും വിദഗ്ദ്ധരായ തൊഴിലാളികളെ അംഗീകരി ക്കാനും മേളയിലൂടെ കഴിയുന്നു. കാര്‍ഷികമേളയോടനുബന്ധിച്ചുള്ള കന്നുകാലിപ്രദര്‍ശനവും ആട് പ്രദര്‍ശനവും ശ്വാനപ്രദര്‍ശനവും മറ്റൊരു ആകര്‍ഷണമാണ്. എച്ച്എഫ്, സുനന്ദിനി, സ്വിസ് ബ്രൗണ്‍, ഡ്വാര്‍ഫ്, നാടന്‍ ഇനമായ വെച്ചൂര്‍ എന്നിവയും മലബാറി, യമുനാപ്യാരി, നാടന്‍ ആടിനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ജര്‍മന്‍ ഷെപ്പേര്‍ഡ്, പഗ്, ലോകത്തിലെ ചെറിയ നായയായ ഷിവാവ, റോട്ട്‌വീലര്‍, മാസ്റ്റിഫ്, ഫോക്‌സ് ടെറിക്‌സ് ബോര്‍സായി തുടങ്ങിയ ഇനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ശ്വാനപ്രദര്‍ശനവും മേളയെ സജീവമാക്കുന്നു.

കേരളത്തില്‍ ജൈവകൃഷിക്കു പ്രചുരപ്രചാരം നല്‍കാനും സം സ്ഥാന സര്‍ക്കാരിനെയും കൃഷിവകുപ്പിനെയും ഈ വഴിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ഗാന്ധിജി സ്റ്റഡിസെന്ററിന്റെ കാര്‍ഷിക മേളയിലൂടെ കഴിഞ്ഞു.

 ജൈവകൃഷിയിലൂടെയും അടുക്കളതോട്ടം കൃഷിയിലൂടെയും ഭക്ഷ്യസുരക്ഷയും, ആരോഗ്യ സുരക്ഷയും കൈവരിക്കുന്നതിനു ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കു പ്രദാനം ചെയ്യുന്നതിനു ഇതിലൂടെ കഴിഞ്ഞു. 2006ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മേള ഉദ്ഘാടനം ചെയ്യാനെത്തിയതോടെ  അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് ഈ മേള ഉയര്‍ന്നു. 2015 അന്താരാഷ്ട്ര മണ്ണുസംരക്ഷണ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകന്റെ സ്വത്ത് അവന്റെ മണ്ണാണെന്ന തിരിച്ചറിവ് കൂടുതല്‍ പേരിലേക്ക് എത്തുന്നത് ശുഭോദര്‍ക്കമാണ്. കൃഷിയെ വരുമാന മാര്‍ഗം മാത്രമായല്ല ഒരു ജീവിതരീതിയായി കാണുന്നവരുടെ എണ്ണം ഇന്നു വര്‍ധിച്ചുവരികയാണ്.  മികച്ച ജൈവകര്‍ഷകരെ ആദരിക്കുന്നതിനായി ഗാന്ധിജി സ്റ്റഡി സെന്റര്‍ സംസ്ഥാന കര്‍ഷക തിലക് അവാര്‍ഡായി രണ്ടുലക്ഷംരൂപയും മികച്ച കര്‍ഷകനു ഒരു ലക്ഷംരൂപയും ഇടുക്കി ജില്ലയിലെ മികച്ച ജൈവകര്‍ഷകനു ഒരുലക്ഷം രൂപയും നല്‍കിവരുന്നു.

ടിനു വര്‍ഗീസ്

No comments:

Post a Comment