Friday, 23 January 2015

പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികവൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിച്ച വീട്ടമ്മ; തിരിച്ചുപിടിച്ചത് നഷ്ടപ്പെടാവുന്ന ജീവിതം

സുബിന്‍ കണ്ണദാസ്
കയ്പമംഗലം: പ്രതിസന്ധികളെ അതിജീവിച്ച്  കാര്‍ഷിക-വൃത്തിയിലൂടെ ജീവിതം വെട്ടിപ്പിടിക്കുന്ന വീട്ടമ്മ കാര്‍ഷിക കേരളത്തിനു മാതൃകയാകുന്നു. മതിലകം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം  വാര്‍ഡില്‍ പുന്നക്കുഴി വീട്ടില്‍ ബീന സഹദേവനാണ് ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികളെ അതിജീവിച്ച് കാര്‍ഷിക വൃത്തിയിലൂടെ ജീവിതവിജയം കണ്ടത്. വിദേശത്തായിരുന്ന ഭര്‍ത്താവിന് അസുഖത്തെതുടര്‍ന്ന് നാട്ടിലേക്കു വരേണ്ടിവരുകയും ജോലിചെയ്യാന്‍ സാധിക്കാതെയാവുകയും ചെയ്തത് ഈ വീട്ടമ്മയ്ക്ക് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും  മനോധൈര്യം കൈവിടാതെ കാര്‍ഷിക വൃത്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ഇറങ്ങുകയായിരുന്നു.
രണ്ടു പെണ്‍മക്കളുടെ പഠനം, വയോധികരായ അച്ഛനും  അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ജീവിതം... ഇതൊക്കെ ബീനയെ കാര്‍ഷിക രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതയാക്കി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും ജനപ്രതിനിധികളുടെയും  പിന്തുണ കൊണ്ട് കാര്‍ഷികരംഗത്തു തന്റേതായ വഴി വെട്ടിത്തെളിക്കാന്‍ ബീന സഹദേവനു സാധിച്ചുകഴിഞ്ഞു.
കാര്‍ഷിക രംഗത്ത് സ്വന്തമായി നടത്തിയ പല പരീക്ഷണങ്ങളും വിജയം കണ്ടപ്പോള്‍ മാറിനിന്നതു ജീവിതത്തിലെ പ്രതിസന്ധികളാണ്. വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്യുന്ന ഇവര്‍  പശു,  ആട്, കോഴി, മത്സ്യം എന്നിവയെ വളര്‍ത്തുന്നുണ്ട്.

വീടിന്റെ ടെറസിനു  മുകളിലാണ് തക്കാളി ഉള്‍പ്പെടെയുള്ള ചില വിളകള്‍ കൃഷി ചെയ്യുന്നത്. തക്കാളി, വേങ്ങേരി വഴുതന, കോളിഫ്‌ളവര്‍, പച്ചപ്പയര്‍, അഗതിച്ചീര, പച്ചമുളക്, കയ്പക്ക, കുമ്പളം, കാബേജ്, വാഴകള്‍, ചുരയ്ക്ക തുടങ്ങിയവ കൃഷി ചെയ്യുന്ന ഈ വീട്ടമ്മയെ  മതിലകം പഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകയായി  തിരഞ്ഞെടുത്തിരുന്നു. കൂടാതെ മതിലകം ഒഎല്‍ജിഎച്ച് സ്‌കൂള്‍ അമ്മമാര്‍ക്കായി  ഏര്‍പ്പെടുത്തിയ നിറകതിര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.  

കൃഷിക്കുവേണ്ടി മണ്ണിനെ നശിപ്പിക്കുവാന്‍ താന്‍ തയാറല്ലെന്നു ബീന പറയുന്നു. താത്കാലിക ലാഭങ്ങള്‍ക്കുവേണ്ടി മണ്ണില്‍ രാസവളങ്ങള്‍ പ്രയോഗിക്കില്ല. പ്രകൃതിയും കൃഷിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബീന കൂട്ടിച്ചേര്‍ക്കുന്നു. പൂര്‍ണമായും ജൈവ കൃഷിരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ബയോ ഗ്യാസില്‍നിന്നും ലഭിക്കുന്ന സ്ലെറി വിളകള്‍ക്കു വളമായി ഉപയോഗിക്കുന്നുണ്ട്. കൃഷിഭവന്‍ മുഖേന സബ്‌സിഡിയോടെ ലഭിച്ച ബയോ ഗ്യാസ് പ്ലാന്റ് ഇവര്‍ക്ക് ഏറെ സഹായകരമാണ്. കുടുംബശ്രീയില്‍നിന്നും ലഭിച്ച പലിശരഹിതവായ്പയും കൃഷി ചെയ്യുന്നതില്‍ ഏറെ പ്രയോജനപ്പെട്ടു.   

സ്വന്തമായുള്ള 30 സെന്റ് ഭൂമിയിലും  സമീപത്തെ ഏറാട്ടുപറമ്പില്‍ ഷമ്മി ഗഫൂറിന്റെ പറമ്പിലും ഈ യുവ കര്‍ഷക കൃഷി ചെയ്യുന്നുണ്ട്. ഷമ്മി ഗഫൂര്‍, സജീന, ഐശു എന്നിവര്‍ ബീനയുടെ കൃഷിയെ ഏറെ സഹായിക്കുന്നുമുണ്ട്.  ഭര്‍ത്താവ് സഹദേവന്‍, അമ്മ സതി, മക്കളായ കാവ്യ, നവ്യ എന്നിവരും സഹായിച്ചുവരുന്നു.  മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍നിന്നും ലഭിച്ച ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട 100 കോഴികള്‍, 10 ആടുകള്‍ എന്നിവയ്ക്കു മികച്ച പരിചരണമാണ് നല്‍കുന്നത്.

മഞ്ഞ റോബസ്റ്റ്, പൂവാന്‍, ഞാലിപ്പൂവന്‍ എന്നീ ഇനങ്ങളില്‍പ്പെട്ട വാഴകളാണ് കൃഷിചെയ്യുന്നത്. മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി ബാലകൃഷ്ണന്‍,  വാര്‍ഡ് മെമ്പര്‍ ലീലാ വതി കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സന്തോഷ്, മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിദാസ്, കൃഷി ഓഫീസര്‍ ഫാജിത തുടങ്ങിയവര്‍തന്നെ കാര്‍ഷികരംഗത്ത് ഏറെ സഹായിച്ചിട്ടുണ്ടെന്നു ബീന നന്ദിയോടെ പറയുന്നു.

കാര്‍ഷിക വൃത്തിയിലെ വരുമാനം കൊണ്ട് ജീവിക്കുന്ന ഈ കുടുംബം തങ്ങളുടെ കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മതിലകം ഗ്രാമപഞ്ചായത്തിനെ ജൈവകൃഷി ഗ്രാമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പാപ്പിനിവട്ടം സര്‍വീസ് സഹകരണ ബാങ്കിന്റെ പദ്ധതിപ്രകാരം കര്‍ഷകര്‍ക്കു ഗ്രോബാഗും വിത്തും നല്കാനുള്ള തിരുമാനം തങ്ങളുടെ ലക്ഷ്യം പൂവണിയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബീനയും കുടുംബവും.

No comments:

Post a Comment