Friday, 16 January 2015

പഠനത്തിനൊപ്പം ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി

വടക്കഞ്ചേരി: വിദ്യാര്‍ഥികള്‍ സ്വരൂപിനെ കണ്ടു പഠിക്കണം. പഠനത്തോടൊപ്പം പത്തേക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ സമ്മിശ്രവിളയും പശുവളര്‍ത്തലുമായി ഈ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നാടിനും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ അഭിമാനമാകുകയാണ്.

കണ്ണമ്പ്ര കല്ലേരിയില്‍ അഭിഭാഷകനായ രവീന്ദ്രന്‍ കുന്നംപുള്ളിയുടെ മകനാണ് യുവകര്‍ഷകനും വിദ്യാര്‍ഥി നേതാവുമൊക്കെയായ സ്വരൂപ് കെ.രവീന്ദ്രന്‍. പ്ലാക്കാട് അഹല്യ എന്‍ജിനീയറിംഗ് കോളജിലെ സിക്‌സ്ത്ത് സെമസ്റ്റര്‍ ബി.ടെക് സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് 21കാരനായ ജൈവരത്്‌നം സ്വരൂപ്. ഹരിതാഭമായ വിസ്മയ ഭൂമികയാണ് സ്വരൂപിന്റെ തറവാട്ടുപറമ്പും പാടവുമെല്ലാം.

ഇതിന്റെയെല്ലാം അമരക്കാരന്‍ വിദ്യാര്‍ഥി പയ്യനാണെന്ന് അറിയുമ്പോഴാണ് സ്വരൂപ് ആദരണിയനാകുന്നത്. അഞ്ചേക്കര്‍ പാടത്താണ് ജൈവ നെല്‍കൃഷി. അന്യംനിന്നുപോകുന്ന പാരമ്പര്യ നെല്‍വിത്തുകളാണ് ഇവിടെ കൃഷ ിചെയ്യുന്നത്. രക്തശാലി, നവര, തവളക്കണ്ണന്‍, ചിറ്റേനി, നാടന്‍കുറുവ, പിസി ഒന്ന് എന്നീ നെല്ലിനങ്ങള്‍ പാടങ്ങളെ പച്ചപ്പണിയിക്കുന്നു.

കുഞ്ഞന്‍ അരിമണികളാണെങ്കിലും രക്തശാലി അരിക്ക് ഔഷധ ഗുണമേന്മ ഏറെയാണ്. രക്തത്തെ പരിപോഷിപ്പിക്കുന്നതിനും മറ്റും ഏറ്റവും ഉത്തമമായ അരിയായതിനാലാണ് ഇതിനു ഈ പേരുവന്നതു തന്നെ. നവരയും തവളക്കണ്ണനും ചിറ്റേനിയുമൊക്കെ ഗുണങ്ങളില്‍ സമ്പന്നര്‍.

വെച്ചൂര്‍, കാസര്‍കോടന്‍ ഉള്‍പ്പെടെ അഞ്ചുനാടന്‍ പശുക്കള്‍. ഇവയുടെ മൂത്രവും ചാണകവുമാണ് ജൈവകൃഷി വിജയിപ്പിക്കുന്നത്. ജീവാമൃതം, പഞ്ചഗവ്യം, ബീജാമൃതം തുടങ്ങിയവയെല്ലാം ജൈവ ശാസ്ത്രജ്്ഞന്റെ പരിജ്ഞാനത്തോടെ സ്വരൂപ് ഒരുക്കുന്നു.

കാന്താരിമുളക്, വെള്ളുള്ളി, ആര്യവേപ്പിന്‍ ഇല എന്നിവ ഗോമൂത്രത്തില്‍ അരച്ച് നേര്‍പ്പിച്ചതാണ് ജൈവകീടനാശിനി. ഇതിനായി റബര്‍തോട്ടത്തില്‍ കാന്താരിമുളക് കൃഷിയുണ്ട്. തലവേദന മുതല്‍ മാരകകോഗമായ കാന്‍സര്‍ രോഗത്തിനുവരെ പ്രതിവിധിയാണെന്ന് വൈദ്യശാസ്ത്രജ്ഞന്‍ പറയുന്ന അര്‍ക്ക എന്ന അമൂല്യമരുന്നും സ്വരൂപിന്റെ ഉത്പന്നമായുണ്ട്. ഗോമൂത്രം ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

പശുവിന്റെ അതിരാവിലെയുള്ള മൂത്രമാണ് ഇതിനായി ശേഖരിക്കുക. ഇത് മണ്‍പാത്രത്തില്‍ തിളപ്പിക്കും. അതില്‍നിന്നുണ്ടാകുന്ന നീരാവിയാണ് അര്‍ക്ക എന്ന ഔഷധം. 27 അസുഖങ്ങള്‍ക്ക് ഈ മരുന്ന് മതിയെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ജൈവ വെളിച്ചെണ്ണ, ജൈവ പച്ചക്കറികള്‍, ജൈവ അരി ഉത്പന്നങ്ങള്‍, ജൈവ കീടനാശിനി, ജൈവവളം, കോഴിവളര്‍ത്തല്‍, ഗ്രാഫ്്റ്റ് കുരുമുളക് ചെടികള്‍ തുടങ്ങി ഒരു മിനി കാര്‍ഷിക സര്‍വകലാശാലയാണ് സ്വരൂപിന്റെ കൃഷിയിടം. കൃഷിവകുപ്പിനു കീഴിലുള്ള ആത്മയുടെ പ്രദര്‍ശന തോട്ടമാണ് സ്വരൂപിന്റെ ഈ കൗതുക കൃഷിയിടങ്ങളെല്ലാം.

സ്വരൂപിന്റെ ഒരു ദിവസത്തെ തിരക്കേറിയ പണികള്‍ക്കും പഠനത്തിനും അതിരാവിലെ 4.30ന് തുടക്കമാകും. പശുക്കറവയാണ് ആദ്യം. പിന്നെ കൃഷിയിടത്തില്‍ ജലസേചനം. കുളിയും പഠനവും കഴിഞ്ഞ് 6.45ന് കോളജില്‍ പോകണം. പിന്നെ 70 പിന്നിട്ട അമ്മൂമ്മ ലീലമ്മയാണ് തോട്ടക്കാരി.

ഈ സംവിധാനം കുറ്റമറ്റതാക്കാന്‍ തലേന്നു രാത്രി തന്നെ സ്വരൂപ് അമ്മൂമ്മയുമായി പിറ്റേ ദിവസത്തെ പണികള്‍ ചര്‍ച്ചചെയ്യും. ലീലമ്മയ്ക്കും ചെറുമകന്റെ കൃഷി കമ്പത്തോടു ഏറെ താത്പര്യമാണ്. പച്ചക്കറി തോട്ടങ്ങളില്‍ സ്പ്രിംഗ്്‌ളര്‍ സഹായത്തോടെയാണ് ജലസേചനം. ഇതിന് ഡീസല്‍ എന്‍ജിനുണ്ട്.

സ്വരൂപ് കോളജില്‍ പോകുമ്പോള്‍ അരലിറ്ററോ ഒരു ലിറ്ററോ ഡീസല്‍ ഒഴിച്ച് മോട്ടോര്‍ സ്റ്റാര്‍ട്ടാക്കിയാണ് പോകുക. ഡീസല്‍ കഴിഞ്ഞാല്‍ താനേ മോട്ടോര്‍ ഓഫാകാനാണ് റേഷന്‍രീതിയില്‍ ഡീസല്‍ ഒഴിക്കുന്നത്. മറ്റു അത്യാവശ്യ ചെറുപണികള്‍ കോളജില്‍നിന്നു തന്നെ മൊബൈലിലൂടെ അമ്മൂമ്മയെ ഓര്‍മപ്പെടുത്തും.

വൈകുന്നേരം അഞ്ചരയ്ക്ക് കോളജില്‍നിന്നും വീട്ടിലെത്തിയാലും സ്വരൂപിന് സമയം കളയാനില്ല. അച്്ഛനും ആയൂര്‍വേദ കമ്പനിയില്‍ അക്കൗണ്ടന്റായ അമ്മ കൃഷ്ണകുമാരിയും ദന്തഡോക്ടറായ സഹോദരി രേഷ്മയുമൊക്കെ സ്വരൂപിനെ സഹായിക്കാനെത്തും. തെങ്ങുകയറ്റം, പുല്ലുവെട്ടല്‍ തുടങ്ങി യന്ത്രസഹായത്തോടെയുള്ള പണികളും സ്വരൂപിന്റെ ഡ്യൂട്ടിയില്‍പെട്ടതാണ്.

രാത്രി 11 വരെ പഠനവും പണികളുമായി നീളും. ഇതിനിടെ വിദ്യാര്‍ഥി സംഘടന, യുവജന സംഘടന എന്നിവയിലെ പ്രവര്‍ത്തനവും സജീവമാണ്. ഇതിനു പുറമേ ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കാനും പലയിടത്തുനിന്നും വിളികള്‍ വരും. അതിനും പോകും.

മുത്തച്്ഛന്‍ പരേതനായ കുന്നുംപുള്ളി സേതുമാധവക്കുറുപ്പാണ് സ്വരൂപിന്റെ കൃഷിയിലെ ഗുരുവും വഴികാട്ടിയുമൊക്കെ. നന്നേ ചെറുപ്പത്തില്‍ തന്നെ മുത്തച്്ഛനില്‍നിന്നാണ് അമൂല്യമായ കൃഷി അറിവുകള്‍ സ്വന്തമാക്കിയത്.

സ്‌കൂള്‍ പഠനകാലതത്തും കൃഷിയില്‍ ഏറെ കമ്പമായിരുന്നു. ചെടികളുടെ വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ അടുത്തിരുന്ന് കാണാന്‍ സ്വരൂപിന് ഏറെ ഇഷ്ടമായിരുന്നെന്ന് വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

വിവിധ ഉത്പന്നങ്ങളുടെ വില്പനവഴി വീടിന്റെ വലിയ വരുമാനസ്രോതസാണ് സ്വരൂപിന്റെ കൃഷികളിപ്പോള്‍. ഗള്‍ഫിലുള്ള വല്യച്്ഛന്‍ നാരായണനുണ്ണിയാണ് തുടക്കത്തില്‍ കൃഷിക്കുള്ള മൂലധനം ഇറക്കിയത്. പിന്നെയെല്ലാം സ്വരൂപിന്റെ കഠിനാധ്വാനത്തില്‍ വിളസമൃദ്ധമായി.

നമ്മൂടെ പൂര്‍വികര്‍ കൈമാറിയ നല്ല മണ്ണും നല്ല വിളവുകളും ആരോഗ്യവുമൊക്കെ വരുംതലമുറകള്‍ക്കും പങ്കുവയ്ക്കണമെന്ന വലിയ ചിന്തകളാണ് പഠനത്തോടൊപ്പം കൃഷിരംഗത്തേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് സ്വരൂപ് പറഞ്ഞു. 

No comments:

Post a Comment