Friday, 23 January 2015

ന്യൂ ജനറേഷന്‍ സ്റ്റൈലില്‍ പശുക്കള്‍ വിലസുന്നത് കാണണമെങ്കില്‍ ഫ്രീ ഫാം ഷെഡിലേക്ക് വരൂ

Representational Image
തിരുവനന്തപുരം: അയിരൂര്‍ അംലാദ് ഭവനിലെ ഫ്രീ ഷെഡ് ഡയറിഫാമിലെ പശുക്കള്‍ ന്യൂ ജനറേഷന്‍ സ്റ്റൈലിലാണ് വിലസുന്നത്. മൂക്ക് കയറോ കഴുത്തിലെ ബന്ധനങ്ങളോ ഇല്ലാതെയാണ് ഹമ്മാദ്, അംലാദ്, അഷ്‌റഫ് സഹോദരന്മാരുടെ കൂട്ടായ്മയില്‍ രൂപീകൃതമായ ഫ്രീഷെഡ് ഫാമിലെ ഇരുപത്തഞ്ചിലധികംവരുന്ന ഗോക്കള്‍.

വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തില്‍ ഫ്രീ ഷെഡുകള്‍ നിര്‍മിച്ച് പശുക്കളെ കെട്ടിയിടാതെ വളര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനാണ് ഈ സഹോദന്മാര്‍ രണ്ട് മാസം മുമ്പ് ക്ഷീര വികസന വകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെ തുടക്കം കുറിച്ചത്. കേരളത്തില്‍ സ്വകാര്യ കര്‍ഷകര്‍ക്കിടയിലുള്ള ആദ്യത്തെ സംരംഭം കൂടിയാണ് ഫ്രീ ഫാം ഷെഡ്.
2007 മുതല്‍ ക്ഷീരകൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇവര്‍, പട്ടം സ്വദേശി വെറ്റിനറി ഡോക്ടര്‍ മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരീക്ഷണത്തിന് തയ്യാറായത്. മറ്റ് തൊഴിലാളികളുടെ ആവശ്യമില്ല എന്നുള്ളതാണ് ഇവരെ സംരംഭത്തിന് മുതല്‍ മുടക്കാന്‍ പ്രേരിപ്പിച്ചത്.

നാഗ്പ്പൂരില്‍ രണ്ടായിരം പശുക്കളുള്ള ഒരു ഡയറി ഫാമിന്റെ ചീഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് ഈ രംഗത്ത് ഏറെ പരിചയസമ്പത്തുള്ള ഡോ. മുരളീധരന്‍ തന്നെയാണ് നിര്‍മാണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പശുക്കള്‍ ഇവിടെ സര്‍വതന്ത്ര സ്വതന്ത്രരും സ്വയം പര്യാപ്തരുമാണ്. ഭക്ഷണം കഴിക്കുന്നതും പാല് കറക്കുന്ന സമയത്ത് മില്‍ക്കിംഗ് പാര്‍ലറുകളിലേക്ക് വരുന്നതും വിശ്രമിക്കാന്‍ ഷെഡിലേക്ക് എത്തുന്നതുമൊക്കെ സ്വയം തന്നെ. ആരും ആട്ടിതെളിക്കേണ്ട കാര്യമില്ല.

ഫ്രീ ഫാം ഷെഡിന്റെ നിര്‍മാണം മികച്ചതും ശാസ്ത്രീയവുമാണ്. ഏകദേശം 70 സെന്റ് പുരയിടത്തില്‍ 40 ലക്ഷം മുടക്കിയാണ് ഇത് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ക്ഷീരവികസന വകുപ്പില്‍ നിന്ന് കിട്ടിയ ധനസഹായവും സ്വന്തമായുള്ള തുകയും കൂടാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലോണെടുത്തതും ചേര്‍ത്താണ് ഇതിന് മുതല്‍മുടക്കിയ 40 ലക്ഷം രൂപ. പശുക്കള്‍ക്ക് യഥേഷ്ടം അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ 14 അടി വീതിയിലുള്ള നടപ്പാതകളാണ് ഷെഡിന് ചുറ്റുമുള്ളത്.

ചാണകം നിക്ഷേപിക്കുന്നതിനും ഉണക്കുന്നതിനും പ്രത്യേകം സ്ഥലം ഇവിടെ ഉണ്ട്. പശുക്കള്‍ക്ക് വിശ്രമിക്കുന്നതിന് പശു ഒന്നിന് എട്ട് ഇഞ്ച് ഉയരത്തില്‍ നാലടി വീതിയും ആറടി നീളവുമുള്ള പ്ലാറ്റ് ഫോമുമുണ്ട്. നിലവില്‍ 25 ലധികം പശുക്കളുണ്ട്. 24 എണ്ണം കൂടി ഈ മാസം എത്തും. മൊത്തം 65 പശുക്കള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സൗകര്യം ഫാം ഷെഡിലുണ്ട്.

ഷെഡ്ഡിന്റെ സമീപത്ത് തന്നെ ഏകദേശം എട്ട് ലക്ഷം രൂപ മുടക്കിയാണ് മില്‍ക്കിംഗ് പാര്‍ലര്‍ സ്ഥാപിച്ചിരിക്കുന്നത്. മില്‍ക്കിംഗ് യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ തന്നെ പ്രത്യേകം നിര്‍മിച്ചിരിക്കുന്ന യാര്‍ഡിലൂടെ പശുക്കള്‍ വരിവരിയായി ഇവിടെയെത്തി കറവക്കായി തയ്യാറാവുന്നു. ഒരേ സമയം ആറു പശുക്കളെ 10 മിനിട്ടിനുള്ളില്‍ കറവ നടത്താം. കറവക്ക് ശേഷം ഫ്രീ ഷെഡ്ഡില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള എഫ്.എമ്മില്‍ നിന്ന് പാട്ട് കേട്ട് വിശ്രമിക്കുന്നവര്‍ക്ക് വിശ്രമിക്കാം ഭക്ഷണം കഴിക്കുന്നവര്‍ക്കും ചുറ്റി നടക്കാനാഗ്രഹിക്കുന്നവര്‍ക്കും അതുമാകാം. വിശാലമായ സൗകര്യമുള്ളതുകൊണ്ട് തന്നെ ഒരു കാലിത്തൊഴുത്തിന്റെ ദുര്‍ഗന്ധമോ രോഗാണുബാധയോ ഇല്ല എന്നതും ശ്രദ്ധേയമാണ്.

നിലവില്‍ 20 പശുക്കളില്‍ നിന്ന് പ്രതിദിനം 200 ലിറ്റര്‍ പാല്‍ ലഭിക്കുന്നുണ്ട്. 100 ലിറ്ററിലധികം പരിസരവാസികള്‍ക്കും ബാക്കിയുള്ളവ ക്ഷീരസംഘം വഴി മില്‍മയ്ക്കുമാണ് കൊടുക്കുന്നത്. എല്ലാചെലവും കഴിഞ്ഞ് പ്രതിമാസം 70000 രൂപ ലാഭം ലഭിക്കുന്നുണ്ട്. പശുക്കള്‍ക്കാവശ്യമുള്ള പുല്ല് മൂന്ന് ഏക്കറോളം പുരയിടത്തില്‍ തന്നെ നട്ടിട്ടുണ്ട്. ഇതിനായി ക്ഷീര വികസന വകുപ്പില്‍ നിന്ന് സാമ്പത്തികസഹായവും പുല്ലു വളര്‍ത്തുന്ന രീതിയെപ്പറ്റിയുള്ള ക്ലാസ്സും ലഭിച്ചിരുന്നു. നിലവില്‍ ക്ഷീര വികസന വകുപ്പിന്റെയും ആത്മയുടെയും ഫോഡര്‍ ഫാം സ്‌കൂളാണിത്. ഇതിനുള്ള ജലസേചനത്തിനായി ക്ഷീര വികസന വകുപ്പ് സ്പ്രിംഗ്ലര്‍ സ്ഥാപിച്ചിട്ടുണ്ട്.

ചാണകം ഉണക്കി ഗ്രോബാഗുകളിലാക്കി ചാക്കൊന്നിന് 50 രൂപ നിരക്കില്‍ ജൈവവളമാക്കി മറ്റു കര്‍ഷകര്‍ക്ക് വില്‍ക്കുന്നു. ക്ഷീര വികസന വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും അകമഴിഞ്ഞ പിന്തുണ ഹമ്മാദും സഹോദരന്മാരും എടുത്തു പറഞ്ഞു.

വര്‍ക്കല ബ്ലോക്കിലെ മുന്‍ ഡയറിഫാം എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധു.ആര്‍, ഡയറിഫാം ഇന്‍സ്ട്രക്ടര്‍മാരായ ശാനിബ.എസ്, ജയകുമാര്‍, ഡോ.മുരളീധരന്‍ എന്നിവരുടെ നിര്‍ദ്ദേശവും പ്രോത്സാഹനവും ഇവര്‍ നന്ദിയോടെ സ്മരിക്കുന്നു. മുമ്പ് അഞ്ച് പശുക്കളെ വാങ്ങുന്നതിനുള്ള സബ്‌സിഡി ക്ഷീരവികസന വകുപ്പ് ഇവര്‍ക്ക് അനുവദിച്ചിരുന്നു. ഇനി 10 പശുക്കള്‍കൂടി വാങ്ങുന്നതിനുള്ള സബ്‌സിഡി കൂടി അനുവദിച്ചിട്ടുണെ്ടന്ന് ഹമ്മാദ് പറഞ്ഞു.

No comments:

Post a Comment