Wednesday, 21 January 2015

മാമ്പുഴക്കരിയിലെ 'നിരുപമ'യായി ജയശ്രീ

രാമങ്കരി: മാമ്പുഴക്കരിയിലെ നിരുപമയാണ് കാരിപ്പറമ്പ് ഗോപാലകൃഷ്ണന്റെ ഭാര്യ ജയശ്രീ. പുലര്‍ച്ചെ മൂന്നിനു ഉറക്കമുണര്‍ന്നാല്‍ പിന്നെ ഓട്ടമാണ്. തൊട്ടടുത്തു തന്നെയുള്ള തന്റെ പച്ചക്കറിത്തോട്ടത്തിലേക്ക്. താന്‍ നട്ടുനനച്ചു വളര്‍ത്തിയ ചെടിയില്‍ കായ്ച്ചുനില്‍ക്കുന്ന പടവലങ്ങളെ നോക്കി, പരിലാളിച്ച്, വേണ്ട പരിചരണം നല്കി നില്‍ക്കുമ്പോഴേക്കും കിഴക്ക് വെള്ളകീറും. പിന്നെ മൂപ്പെത്തിയ പച്ചക്കറികള്‍ ചന്തയിലേക്കയയ്ക്കും.

രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി കാരിപ്പറമ്പ് വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ജയശ്രി(43)യുടെ കൃഷിരീതികള്‍ കാണുന്ന നാട്ടുകാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഹൗ ഓള്‍ഡ് ആര്‍യുവെന്ന ചലച്ചിത്രത്തിലൂടെ രണ്ടാവരവില്‍ മഞ്ജുവാര്യര്‍ അനശ്വരമാക്കിയ നിരുപമ രാജീവ് എന്ന കഥാപാത്രമാണ്. പച്ചക്കറി കൃഷി സ്വപ്നങ്ങളില്‍ ചേക്കേറിയതുമുതല്‍ അതുകഴിഞ്ഞേ ഉള്ളു ജയശ്രീക്കെന്തും. ഭര്‍ത്താവ് ഗോപാലകൃഷ്ണനാണ് ജയശ്രീയിലെ പച്ചക്കറിപ്രേമത്തിനു വിത്തുപാകിയത്. താല്പര്യം ഏറിയതോടെ വീടിനടുത്ത പ്രദേശങ്ങളിലെ സ്ഥലം വാടകയ്‌ക്കെടുത്ത് ചെറിയ രിതിയില്‍ കൃഷി തുടങ്ങി. വരുമാനം ലഭിച്ചു തുടങ്ങിയതോടെ വീടിനടുത്തുള്ള ഒരേക്കറോളം വരുന്ന സ്ഥലം പാട്ടത്തിനെടുത്തു കൃഷി തുടങ്ങി.

കിലോക്കണക്കിനു തൂക്കം വരുന്ന പടവലങ്ങകളാണു കൃഷിത്തോട്ടത്തില്‍ വിളവെടുപ്പിനു പാകമായി നില്‍ക്കുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കളായ വിഷ്ണുവും വീണയും വിദ്യയും പഠനത്തോടൊപ്പം കൃഷിപ്പണിക്കുണ്ട്. ഡിപ്‌ളോമ കഴിഞ്ഞ വിഷ്ണുവും ബിരുദ പഠനക്കാരായ വീണയും, വിദ്യയും കൂടി രംഗത്തു എത്തിയതോടെ മറ്റാരെയും ആശ്രയിക്കാതെ എല്ലാ വര്‍ഷവും സ്ഥലം പാട്ടത്തിനെടുത്തു കൃഷിയുമായി മുന്നോട്ട് പോകാനുള്ള ധൈര്യമായി ജയശ്രിക്ക്. ഇതിനിടെ രാമങ്കരി കൃഷിഭവനു കീഴിലെ നല്ല പച്ചക്കറി കര്‍ഷകയ്ക്കുള്ള അവാര്‍ഡും കിട്ടി. ഭര്‍ത്താവില്‍ നിന്ന് ഭാര്യയിലേക്കു വീശിയ കൃഷിയുടെ വള്ളി പിന്നീട് മക്കളിലേക്കും പടര്‍ന്നു പന്തലിച്ചതോടെ കാരിപ്പറമ്പ് എന്ന ഇവരുടെ കുടുംബം തന്നെ പ്രദേശത്ത് അറിയപ്പെടുന്നത് പച്ചക്കറി കൃഷിയുടെ പേരിലായി.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പടവലക്കൃഷി ചെയ്യുന്ന ഇവര്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ക്വിന്റല്‍ പടവലം ആണ് ഉത്പാദിപ്പിക്കുന്നത്. വിളവെടുപ്പു ഘട്ടത്തില്‍ ജോലി വളരെ എളുപ്പവും കീടബാധ വളരെ കുറവും ആണെന്നതിനാലാണ് പടവലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ജയശ്രീ പറയുന്നു. ജൈവ കൃഷി രീതിക്ക് പ്രാമുഖ്യം നല്‍കി തങ്ങളുടെ വീട്ടുമുറ്റത്ത് ഉല്പാദിപ്പിക്കുന്ന പടവലത്തിനും മറ്റും ആവശ്യക്കാര്‍ ഏറെയാണങ്കിലും നാട്ടിലെ വിപണന സമ്പ്രദായങ്ങളടെ പോരായ്മ പച്ചക്കറികര്‍ഷകര്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളികളിലൊന്നാണന്നും ഇവര്‍ പറയുന്നു. മതിയായ വില ലഭിക്കുന്നതിന് വേണ്ട സാഹചര്യം സൃഷ്ടിക്കാന്‍ അധികൃതര്‍ മുന്‍ കൈയെടുക്കുകയാണങ്കില്‍ അതു പച്ചക്കറിയുടെ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വന്‍ ചലനങ്ങള്‍ സൃഷിടിക്കുമെന്നു തന്നെയാണ് ജയശ്രീയും കുടുംബവും പറയുന്നത്

No comments:

Post a Comment