Friday, 2 January 2015

നഴ്‌സറി ബിസിനസിലെ സാധ്യതകളും സഹായങ്ങളും

മലയാളിയുടെ മനസിലെ ഹരിതസ്വപ്നങ്ങള്‍ ചിറകുവിടര്‍ത്തുന്നത് പലപ്പോഴും അതിരുകളില്ലാതെയാണ്. മറുനാട്ടിലെ മനോഹരമായ പൂക്കളും മധുരമൂറും പഴങ്ങളും മലയാളിയുടെ വീട്ടുമുറ്റത്ത് വിളസമൃദ്ധി ചൊരിഞ്ഞതിനു കാരണവും ഇതുതന്നെ. പേരറിയാത്ത പൂക്കളും ചെടികളും നമ്മുടെ വീട്ടുമുറ്റത്തെ വിരുന്നുകാരായെത്തിയതിനുപിന്നില്‍ മുഖ്യപങ്കുവഹിച്ചത് സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളാണ്. കാര്‍ഷികമേഖലയില്‍ ഏറെ തൊഴില്‍സാധ്യതയുള്ള ഈ മേഖല, പക്ഷേ പലപ്പോഴും യുവസംരംഭകരുടെ ശ്രദ്ധ നേടുന്നില്ല. നഴ്‌സറികള്‍ എങ്ങനെ നല്ല തൈകളുടെ ആലയമാക്കി നല്ലൊരു വരുമാനമാര്‍ഗമാക്കാമെന്ന് നമുക്ക് മനസിലാക്കാം.
വളരെയധികം അധ്വാനവും ക്ഷമയും ആസൂത്രണവും ആവശ്യമായ നഴ്‌സറി മാനേജ്‌മെന്റിലേക്ക് കാല്‍കുത്തുന്നന്നതിനു മുന്‍പ് നഴ്‌സറി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചും, ലാഭകരമായി ഉത്പാദിപ്പിക്കാവുന്ന നടീല്‍ വസ്തുക്കളെക്കുറിച്ചും അനുബന്ധ തൊഴില്‍സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. ഒപ്പം ഇതിന്റെ വിപണനം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചും ധാരണ വേണം.

ഏറ്റവും പ്രധാനം ആസൂത്രണംതന്നെ. ആവശ്യത്തിനനുസരിച്ച് ഉത്പാദനം കൂട്ടാനും കുറയ്ക്കാനും പ്രതികൂല കാലാവസ്ഥയില്‍ നഷ്ടം കുറയ്ക്കാനും ആസൂത്രണം സഹായിക്കും. വിവിധ കായികപ്രവര്‍ദ്ധരീതികളിലൂടെ നല്ലയിനം തൈകള്‍ ഉത്പാദിപ്പിക്കുകയും മാതൃസസ്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണ് നഴ്‌സറികള്‍. നല്ലയിനം നടീല്‍വസ്തുക്കളുടെ വിതരണത്തിലൂടെ വിശ്വാസ്യത ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ നഴ്‌സറിയുടെ വളര്‍ച്ചയും പെട്ടെന്നായിരിക്കും. മാതൃസസ്യങ്ങളുത്പാദിപ്പിക്കുന്ന പൂക്കളും പഴങ്ങളുമെല്ലാം. ഉപവരുമാനമാര്‍ഗമാക്കാം. നടീല്‍വസ്തുക്കള്‍ക്കൊപ്പം തന്നെ ചെടിച്ചട്ടി, വിത്ത്, വളം, ജീവാണുവളം, കീടനാശിനി, മറ്റുപകരണങ്ങള്‍ എന്നിവ വിറ്റഴിക്കുന്ന നഴ്‌സറികള്‍ ഇന്ന് ധാരാളം കാണാം. എല്ലാം ഒരു കുടക്കീഴില്‍ തന്നെ ലഭ്യമാക്കുമ്പോള്‍ ഉപഭോക്താവിനും ഉത്പാദകനും തങ്ങളുടെ ആവശ്യം അതിവേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയും ചെയ്യും. നഴ്‌സറികള്‍ പ്രധാനമായും രണ്ടുരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ചെറുകിട ഉദ്യാനങ്ങള്‍ക്കാവശ്യമായ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുവേണ്ടിയുള്ള വ്യക്തിഗത നഴ്‌സറികളും വാണിജ്യാവശ്യത്തിന് തൈകളുത്പാദിപ്പിക്കുന്ന താരതമ്യേന വിസ്തീര്‍ണം കൂടിയ വാണിജ്യനഴ്‌സറികളും. നഴ്‌സറിയുടെ വിസ്തീര്‍ണ്ണം ഇതനുസരിച്ച് വ്യത്യാസപ്പെടും.


സ്ഥലം തെരഞ്ഞെടുക്കല്‍

നഴ്‌സറി തുടങ്ങുവാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കലാണ്. വെള്ളം കെട്ടിനില്‍ക്കാത്ത ഉയര്‍ന്ന പ്രദേശങ്ങളാണ് അനുയോജ്യം. എന്നാല്‍ ജലലഭ്യത വര്‍ഷം മുഴുവന്‍ ഉറപ്പാക്കുകയും വേണം. കുറച്ച് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങള്‍ തെരഞ്ഞെടുക്കാം. ഗതാഗതയോഗ്യമായ പ്രദേശത്താകണം നഴ്‌സറി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സന്ദര്‍ശകര്‍ക്കും മറ്റും സൗകര്യാര്‍ത്ഥം എത്തിച്ചേരാനുള്ള ഡിസ്‌പ്ലേബോര്‍ഡും സ്ഥാപിച്ചിരിക്കണം.

പ്രോജനി ഓര്‍ച്ചാഡുകള്‍
(മാതൃവൃക്ഷത്തോട്ടം)

നഴ്‌സറികളില്‍ ശാസ്ത്രീയമായി രൂപപ്പെടുത്തിയിട്ടുള്ള ഒരു പ്രോജനിഓര്‍ച്ചാഡ് വേണം. നടീല്‍വസ്തുക്കളുടെ ഉത്പാദനത്തിനുള്ള ഒട്ടുകമ്പുകള്‍ലഭിക്കുന്നത് ഇവിടെനിന്നാണ്. മാതൃസസ്യങ്ങള്‍ ഗുണമേന്മയുള്ളതും ആധികാരിക കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങിയവയുമായിരിക്കണം. ഇവയുടെ പരിചരണവും നല്ലവണ്ണം ശ്രദ്ധിക്കണം. മാതൃസസ്യങ്ങള്‍ക്ക് രോഗ-കീടാക്രമണങ്ങള്‍ വരാതെ ശ്രദ്ധിക്കുകയും വേണം. പഴത്തോട്ടത്തില്‍ നിന്നും വ്യത്യസ്തമായി പ്രോജനി ഓര്‍ച്ചാര്‍ഡുകള്‍ ഒട്ടുകമ്പുകള്‍ക്കുവേണ്ടി നടുന്നതിനാള്‍ എല്ലായ്‌പോഴും കായികവളര്‍ച്ചാഘട്ടത്തില്‍ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാതൃവൃക്ഷങ്ങളുടെ തായ്ത്തടി തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ മുറിച്ച് ശിഖരങ്ങളെ വശങ്ങളിലേക്ക് വളരുവാന്‍ പ്രോത്സാഹിപ്പിക്കണം. മാവ്, പ്ലാവ് തുടങ്ങിയവയ്ക്ക് പ്രോജനി ഓര്‍ച്ചാഡുകള്‍ അത്യാവശ്യമാണ് ഇവ വന്‍വൃക്ഷങ്ങളായി വളരാന്‍ അനുവദിക്കരുത്. അകലം കുറച്ച് സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങള്‍ വേണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. മാതൃവൃക്ഷങ്ങള്‍ നിശ്ചിത ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ കൊമ്പുകോതല്‍ നടത്തി കൊമ്പുകള്‍ കയര്‍കെട്ടി താഴ്ത്തി മണ്ണിനു സമാന്തരമായി കുറ്റിയടിച്ചു വളര്‍ത്താം. പതിത്തൈകള്‍, ഗ്രാഫ്റ്റുകള്‍, ബഡ്‌തൈകള്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ പ്രോജനി ഓര്‍ച്ചാഡുകള്‍ ഉപകരിക്കും. മാതൃവൃക്ഷങ്ങള്‍ക്ക് യഥാസമയം വളപ്രയോഗവും ജലസേചനവും നടത്തണം. പ്രോജനി ഓര്‍ച്ചാഡുകള്‍ക്കൊപ്പം തന്നെ മാതൃസസ്യങ്ങളും നഴ്‌സറിയില്‍ സംരക്ഷിക്കണം. ഇപ്രകാരം ആവശ്യത്തിനനുസരിച്ച് നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കഴിയും.

നല്ല നടീല്‍വസ്തുക്കളുടെ ഉത്പാദനം

നഴ്‌സറികളുടെ പരമപ്രധാനലക്ഷ്യം ഇതാകണം. നല്ല ഗുണമേന്മയുള്ള മാതൃസസ്യങ്ങളില്‍ നിന്നുവേണം നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ അതിന്റെ തുടര്‍പരിപാലനവും നന്നാകണം പോട്ടിംഗ് മിശ്രിതം തയ്യാറാക്കുമ്പോള്‍ മൈക്കോറൈസ പോലുള്ള ജീവാണുവളങ്ങള്‍ ഉപയോഗിക്കുന്നത് ചെടികളെ ദീര്‍ഘകാലം സംരക്ഷിക്കും. ചാണകത്തോടൊപ്പം മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോര്‍കമ്പോസ്റ്റ്, ജീവാണു വളങ്ങളായ അസോസ്‌പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്‌ഫോബാക്ടര്‍ ഫ്‌ളൂറസന്റ്, സ്യൂഡോമോണസ് തുടങ്ങിയവ  ഉപയോഗിക്കുന്നത് വേരുവളര്‍ച്ചയും രോഗപ്രതിരോധവും വര്‍ദ്ധിപ്പിക്കും.

പോളിത്തീന്‍ കൂടുകളില്‍ വളരുന്ന തൈകള്‍ക്ക് മണ്ണില്‍ വളരുന്ന ചെടികളെക്കാള്‍ ഇടവേളകളില്‍ നനയ്ക്കണം. നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ വിപണനംവരെ അവയെ രോഗകീടങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തണം. ഒരുമാസം മുതല്‍ 12 മാസത്തിനകം എല്ലാ നടീല്‍ വസ്തുക്കളും വില്‍പനയ്ക്ക് തയ്യാറാകും. കാലവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും ആരംഭത്തിലാണ് മിക്കവാറും കര്‍ഷകര്‍ വാണിജ്യാടിസ്ഥാനത്തില്‍ തോട്ടം വച്ചുപിടിപ്പിക്കാറുള്ളത്. ആ സമയത്ത് നടീല്‍വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും വിധമാകണം നഴ്‌സറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്.

നഴ്‌സറി തുടങ്ങുവാന്‍ മാതൃവൃക്ഷങ്ങളുടെയും മറ്റു ചെടികളുടെയും അത്യുത്പാദനശേഷിയുളള മേല്‍ത്തരം നടീല്‍വസ്തുക്കള്‍ അനിവാര്യമാണ്. കാര്‍ഷിക സര്‍വകലാശാലയുടെ വില്‍പനകേന്ദ്രങ്ങളില്‍ നിന്നും കൃഷിവകുപ്പിന്റെ ഫാമുകളില്‍ നിന്നും ഗുണനിലവാരമുള്ള നടീല്‍വസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭ്യമാണ്.


അടിസ്ഥാന സൗകര്യങ്ങള്‍

പോട്ടിംഗ് മിശ്രിതം തയാറാക്കുന്നതിനും നിറയ്ക്കുന്നതിനുമുള്ള പോട്ടിംഗ് ഷെഡ്, തൈകള്‍ സൂക്ഷിക്കുന്നതിനുള്ള പോളിത്തീന്‍ ഷെഡ്, കാര്‍ഷിക ഉപകരണങ്ങള്‍, വിവിധ ചട്ടികള്‍, ബഡിംഗ് ഗ്രാഫ്റ്റിംഗ് കത്തികള്‍, രാസവളങ്ങള്‍, സസ്യസംരക്ഷണവസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണമുറി, അതീവശ്രദ്ധ വേണ്ടുന്ന ചെടികള്‍ സംരക്ഷിക്കുന്നതിനാവശ്യമായ ഗ്രീന്‍ഹൗസ്, ജലസേചനസംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും നഴ്‌സറിയിലുണ്ടാകണം. നഴ്‌സറികളില്‍ ഉത്പാദിപ്പിക്കുന്ന ചെടികളും മറ്റും ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കുന്നത് വില്‍പനയ്ക്ക് സഹായിക്കും. നഴ്‌സറിക്കുസമീപം വില്‍പനകൗണ്ടറും ഒരുക്കണം. ഇത് റോഡരികത്തായാല്‍ ഏറെ നന്ന്.

നഴ്‌സറികളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍

1. കൃഷിപ്പണികളെ സംബന്ധിച്ച രജിസ്റ്റര്‍.

വിത്തിന്റെ അളവ്, നടീല്‍ വിവരങ്ങള്‍, കൃഷിപ്പണികള്‍, മുളച്ചുവന്ന തൈകളുടെ എണ്ണം, എത്രതൈകള്‍ ഉത്പാദിപ്പിച്ചു, നിശ്ചിത ഗുണഗണങ്ങളില്ലാതെ മാറിയവയുടെ എണ്ണം തുടങ്ങിയവ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍.

2. രൂപരേഖ രജിസ്റ്റര്‍

നഴ്‌സറിയുടെ അടിസ്ഥാന വിവരങ്ങളും രൂപരേഖയും ഇതിലുണ്ടാകണം.

3. ഹാജര്‍ ബുക്ക്

നഴ്‌സറിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന്

4. സ്റ്റോക്ക് രജിസ്റ്റര്‍

നഴ്‌സറിയില്‍ ഉത്പാദിപ്പിക്കുന്ന നടീല്‍വസ്തുക്കളുടെ ഇനം തിരിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍. ഉത്പാദിപ്പിച്ചവയുടെയും വിതരണം ചെയ്തതിന്റെയും നീക്കിയിരിപ്പിന്റെയും വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തണം.

5. കാഷ്ബുക്ക്/വില്‍പനരജിസ്റ്റര്‍

വരവുചെലവുകള്‍ സൂക്ഷിക്കുന്ന രജിസ്റ്റര്‍. പ്രതിദിനം വരവു ചെലവുകള്‍ കൃത്യമായി ഇതില്‍ രേഖപ്പെടുത്തണം.

6. ഡെഡ് സ്റ്റോക്ക് രജിസ്റ്റര്‍

നഴ്‌സറി ആവശ്യത്തിന് വാങ്ങിയിട്ടുള്ള എല്ലാ ഉപകരണങ്ങളും ഡെഡ് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

7. കൂടാതെ വളം മറ്റുത്പാദനോപാധികളുടെ വിവരം സൂക്ഷിക്കുന്ന രജിസ്റ്റര്‍

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ദിനവൃത്താന്തരജിസ്റ്റര്‍, വേതന രജിസ്റ്റര്‍ തുടങ്ങി ഓരോ നഴ്‌സറിയുടെയും പൊതുസ്വഭാവത്തെ അടിസ്ഥാനമാക്കി വിവിധ രജിസ്റ്ററുകള്‍ സൂക്ഷിക്കാം.

പരിശീലനം

നഴ്‌സറി നിര്‍മാണത്തിലും പരിപാലനത്തിലും പരിശീലനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്‍ഷികസര്‍വകലാശാലയുടെ കൃഷിവിജ്ഞാന കേന്ദ്രങ്ങളേയും കൃഷിവകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളേയും ആശ്രയിക്കാവുന്നതാണ്. ഇവിടങ്ങളിലെ പരിശീലനപരിപാടികളെപ്പറ്റിയുളള അറിയിപ്പുകള്‍ യഥാകാലം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്.


നഴ്‌സറികള്‍ക്ക് അംഗീകാരവും അക്രഡിറ്റേഷനും

പുതിയ നഴ്‌സറികള്‍ക്ക് കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ നിശ്ചിത ഫോമിലുള്ള അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ 500 രൂപ നിശ്ചിത ശീര്‍ഷകത്തില്‍ അടച്ച ചെലാന്‍ സഹിതം അതതു കൃഷിഭവനിലെ കൃഷി ഓഫീസര്‍ക്കു നല്‍കണം. ഈ അപേക്ഷ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പരിശോധിച്ചതിനുശേഷമായിരിക്കും അര്‍ഹതയുള്ള നഴ്‌സറികള്‍ക്ക് അംഗീകാരം നല്കുക. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ നടത്തുന്ന നഴ്‌സറികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവിലുള്ള നഴ്‌സറികള്‍ക്ക് അവയുടെ നിലവാരം തെളിയിക്കുന്നതിനായി നാഷണല്‍ ഹോര്‍ട്ടികള്‍ചര്‍ ബോര്‍ഡിന്റെ അക്രഡിറ്റേഷന്‍ തേടാവുന്നതാണ്. nhbtvm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.



നഴ്‌സറി തുടങ്ങാന്‍ സഹായം

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ നഴ്‌സറി തുടങ്ങാന്‍ ധനസഹായം നല്‍കുന്നു. ഒരു ഹെക്ടര്‍ വരെയുള്ള ചെറുകിട നഴ്‌സറികള്‍ക്കും 2-4 ഹെക്ടര്‍ വരെയുള്ള വലിയ/മാതൃകാനഴ്‌സറികള്‍ക്കുമാണ് ധനസഹായം നല്കുന്നത്.
ഗുണമേന്മയുള്ള വിത്തുകളും നടീല്‍വസ്തുക്കളും ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യൂന്നതിനും ലക്ഷ്യമിട്ടാണ് ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പൊതു-സ്വകാര്യമേഖലകളിലെ നഴ്‌സറികള്‍ക്ക് ഇത് ലഭ്യമാകും.ശരിയായ രീതിയിലുള്ള ചുറ്റുവേലി, മാതൃവൃക്ഷത്തോട്ട പരിപാലനം, തണല്‍വലകള്‍ക്കുള്ളില്‍ റൂട്ട് സ്റ്റോക്കുകളുടെ പരിപാലനം, നടീല്‍വസ്തു ഉത്പാദനത്തിനായി വെന്റിലേഷനും കീടവലയും ജലസേചനസംവിധാനവുമുള്ള പോളിഹൗസ്, നടീല്‍വസ്തു പരിപാലനത്തിനായി ജലസേചന സംവിധാനവും വെളിച്ച ക്രമീകരണവും കീടവലയുമുളള പോളിഹൗസ്, കുറഞ്ഞത് രണ്ടു ദിവസത്തെ ജലസേചനത്തിനാവശ്യമായ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പമ്പ് ഹൗസ്, മണ്ണ് അണുനശീകരണ സംവിധാനം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് ധനസഹായം നല്കുക.
ഒരു ഹെക്ടറിലുള്ള ചെറുകിട നഴ്‌സറിക്ക് ഏകദേശം 6.25 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ പൊതുമേഖലയ്ക്ക് നൂറുശതമാനവും സ്വകാര്യമേഖലയ്ക്ക് അമ്പതുശതമാനം  അതായത് പരമാവധി 3.125 ലക്ഷം രൂപയും ധനസഹായം നല്‍കും. കുറഞ്ഞത് അമ്പതിനായിരം നടീല്‍ വസ്തുക്കളുടെ ഉത്പാദനം ഇത്തരം നഴ്‌സറികളിലൂടെ ലക്ഷ്യമിടുന്നു. വലിയ / മാതൃകാനഴ്‌സറികള്‍ക്ക് (2-4 ഹെക്ടര്‍വരെ) ഹെക്ടറൊന്നിന് 6.25 ലക്ഷം രൂപനിരക്കില്‍ നിര്‍മാണച്ചെലവ് കണക്കാക്കി പരമാവധി നാലു ഹെക്ടറിന് പൊതുമേഖലയിലാണെങ്കില്‍ നൂറുശതമാനവും (25 ലക്ഷം രൂപ) സ്വകാര്യമേഖലയിലാണെങ്കില്‍ അമ്പതുശതമാനവും (12.5 ലക്ഷം രൂപ) ധനസഹായം നല്‍കും. ഇത്തരം യൂണിറ്റുകളിലും ഹെക്ടറൊന്നിന് പരമാവധി അമ്പതിനായിരം ചെടികളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.
താത്പര്യമുള്ളവര്‍ പ്രോജക്ട് സഹിതമുള്ള അപേക്ഷ ജില്ലാ കൃഷി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍( ഹോര്‍ട്ടികള്‍ചര്‍) മുഖേന  സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330857.



അനിത സി. എസ്.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
തിരുവനന്തപുരം


No comments:

Post a Comment