Saturday, 3 January 2015

മേട്ടുപ്പാളയത്തെ പരമ്പരാഗത കറിവേപ്പ്കൃഷി

മേട്ടുപ്പാളയത്തുനിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമമാണ് കുമരന്‍കുണ്ട്ര്. അവിടേയ്ക്കുള്ള വഴിയുടെ ഇരുവശത്തും വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍ കാണാം.  ശാസ്ത്രീയരീതിയിലുള്ള കറിവേപ്പ് കൃഷി ഇവിടെ തലമുറകളായുണ്ട്.  കൂടാതെ നെല്ലി, പേര തോട്ടങ്ങളുടെ ദൃശ്യഭംഗിയും കുമരന്‍കുണ്ട്ര് എന്ന ഈ ഗ്രാമത്തെ ആരുടേയും മനം കവരുന്നതാക്കുന്നു.


മണ്‍സൂണ്‍ എത്തുന്നതോടെയാണ് ഇവിടുത്തെ കറിവേപ്പുകൃഷിയുടെ തുടക്കം. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിത്ത് ശേഖരിച്ച ശേഷം ഒന്നു രണ്ടു ദിവസത്തിനകം കവറുകളിലാക്കും. അരിച്ച മണ്ണും ചാണകപ്പൊടിയും മണലും ഒരേ അനുപാതത്തില്‍ മിശ്രിതമാക്കി 12സെ.മി ഃ 4സെ.മി വലുപ്പമുള്ള കറുത്ത പോളിബാഗുകളില്‍ നിറയ്ക്കും. ഇതിലാണ് വഴുവഴുപ്പുള്ള പുറംതൊലി മാറ്റിയ ശേഷം ഓരോ വിത്തുവീതം നടുന്നത്. നടുന്ന 90 ശതമാനം വിത്തുകളും മുളയ്ക്കും. മുളയ്ക്കാത്ത വിത്തുകളുള്ള കവറുകളില്‍ വീണ്ടും പാകും. മുളച്ചുവരാന്‍ ഏകദേശം 20 ദിവസമെങ്കിലും വേണം. മൂന്നു മാസമാകുമ്പോള്‍ തൈകള്‍ 15സെ.മി  ഉയരം വയ്ക്കും. ഈ സമയമാകുമ്പോള്‍ ഇവയെ 22സെ.മി ഃ 15സെ.മി അല്ലെങ്കില്‍ 30 സെ.മി ഃ 15സെ.മി അളവിലുള്ള വലിയ കവറുകളിലേക്ക് മാറ്റി നട്ടതിനുശേഷം ആഴ്ചയിലൊരിക്കല്‍ 19:19:19 എന്ന വളം (5 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍) നേഴ്‌സറിയില്‍ സ്‌പ്രേ ചെയ്യും.
ഒരു വര്‍ഷം കൊണ്ട് ഒരടി മുതല്‍ ഒന്നരയടി വരെ ഈ തൈകള്‍ക്ക് ഉയരം വരും. ഈ സമയമാവുമ്പോഴാണ്  കര്‍ഷകര്‍ ഇവയെ തോട്ടത്തിലേക്ക് പറിച്ചുനടുക. ഇങ്ങനെ തയ്യാറാക്കിയ തൈകള്‍  20 രൂപയ്ക്കു വരെ വിപണിയില്‍ വില്‍ക്കുകയും ചെയ്യും.   തൈകള്‍ തോട്ടത്തില്‍ നടുമ്പോള്‍ വരികളും നിരകളും തമ്മില്‍ ഒരു മീറ്റര്‍ അകലമുണ്ടാകും. ഏകദേശം 4000 തൈകള്‍ ഒരേക്കറില്‍ നടാം. തൈ നടുന്നതിന് രണ്ടു ദിവസം മുന്‍പ് തോട്ടത്തില്‍ രണ്ടിഞ്ച് വെള്ളം കയറ്റി കെട്ടിനിര്‍ത്തും. വേണ്ടത്ര ഈര്‍പ്പം മണ്ണിലുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് തൈ നടുന്നത്.

 ഇരുപത് സെ.മി ഉയരമുള്ള വാരങ്ങളിലാണ് ഒരു മീറ്റര്‍ അകലത്തില്‍ തൈകള്‍ നടുന്നത്. ഈ വാരങ്ങളില്‍ അടിവളമായി ചാണകപ്പൊടി മാത്രമാണ് ഇടുന്നത്. ഏക്കര്‍ ഒന്നിന് 10 ടണ്‍ ചാണകപ്പൊടി ആവശ്യമായി വരും. ജൂണ്‍-ജൂലൈ മാസത്തില്‍ നട്ട തൈകള്‍ വേരു പിടിച്ച്  ഒരു മാസത്തിനു ശേഷം ചെടിയൊന്നിനു 30 ഗ്രാം യൂറിയ. 45 ഗ്രാം ഉഅജ, 25 ഗ്രാം പൊട്ടാഷ് എന്നിവ വീതം നല്കിയശേഷം മണ്ണും ചവറും ചുവട്ടില്‍ വെട്ടിക്കയറ്റും.  ഇതേ അളവില്‍ ഒരു രാസവളപ്രയോഗം  നവംബറിലും നടത്തും.  കാത്സ്യം അമോണിയം നൈട്രേറ്റ് 15 ദിവസം ഇടവേളയില്‍ 1.5 ശതമാനം വീര്യത്തില്‍ (15 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച്) ചെടികളില്‍ തളിച്ച് കൊടുക്കും.

മഴയില്ലാത്ത മാസങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ തടം നനയ്ക്കണം. നവംബര്‍ മാസത്തെ മഴ തുടങ്ങുന്നതിനു മുന്‍പേ 16 ചെടികള്‍ ഒരുമിച്ചാക്കി 4 ഃ 4  മീറ്റര്‍ അളവുള്ള ഉയര്‍ന്ന ബെഡുകള്‍ തയ്യാറാക്കും. ഈ  ബെഡുകള്‍ക്കിടയിലൂടെ ജലസേചനത്തിനുള്ള ചാലുകളുമുണ്ടാവും. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുവാനും വെള്ളം വാര്‍ന്നുപോകുവാനുമാണ് ഇത് ചെയ്യുന്നത്.ചിലര്‍ തുടക്കത്തില്‍ ചീര ഇടവിളയായി കൃഷി ചെയ്യുന്നുണ്ട്. ഇതുവഴി കറിവേപ്പ് കൃഷിക്കുള്ള ചെലവ് കൃഷിക്കാര്‍ക്ക് ലഭിക്കും.  മഞ്ഞുകാലം തുടങ്ങുമ്പോള്‍ കൂടുകെട്ടിപ്പുഴുവിന്റെ ആക്രമണം കണ്ടാല്‍ ഇമിടാക്ലോപ്രിട് 100 മില്ലി/ 100 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ 15 ദിവസം ഇടവിട്ട് തളിക്കാറുണ്ട്.
വിത്തു പാകി 11 മാസത്തിനു ശേഷം ആദ്യവിളവെടുക്കും. ചെടിയുടെ ചുവട്ടില്‍നിന്ന് 15സെ.മി ഉയരത്തില്‍ മുഴുവനായി മുറിച്ചാണ് വിളവെടുക്കുന്നത്. ഒരേക്കറില്‍നിന്ന് ഏകദേശം 3-5 ടണ്‍ ആണ് സാധാരണയായി ഉത്പാദനം ലഭിക്കുന്നത്. ഒരിക്കല്‍ നട്ട കറിവേപ്പ് 15-20 വര്‍ഷം വരെ നിലനിര്‍ത്തും. ഇവയില്‍ നിന്ന് ആദ്യ വിളവെടുപ്പിനുശേഷം വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വിളവെടുക്കും. ഒരേക്കറില്‍ നിന്ന് 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ വാര്‍ഷിക വരുമാനം ലഭിക്കുന്നു.


എഫ്. പുഷ്പരാജ് ആഞ്ചലോ & ഷോജി ജോയ് എഡിസന്‍
കൃഷിവിജ്ഞാനകേന്ദ്രം, എറണാകുളം, സിഎംഎഫ്ആര്‍ഐ

കൂടുതല്‍ വിവരങ്ങള്‍ക്ക് : 048423177552, 9746469404
2013 ജൂണ്‍ ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment