Thursday, 8 January 2015

കൂണ്‍ ഫ്രഷ്; ഫാം പെര്‍ഫെക്ട്

പ്രഫഷണല്‍ സമീപനമുണ്ടെങ്കില്‍ വിജയം  ഉറപ്പാണെന്നു തെളിയിക്കുകയാണ് എഴുപുന്ന സ്വദേശി തട്ടാരുപറമ്പില്‍ ഷൈജി വര്‍ഗീസ്.  ആലപ്പുഴ ജില്ലയിലെ അരൂരില്‍ ദേശീയപാതയോടുചേര്‍ന്ന് ആറു വര്‍ഷം മുമ്പുമാത്രം വാങ്ങിയ പുരയിടം ഹരിതാഭമായ ഒരു കൃഷിയിടമാക്കിയ ഇവര്‍ പുതിയ ഇരുനില വീട് പോലും പരമാവധി കാര്‍ഷികോത്പാദനത്തിനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്.

 മികവാര്‍ന്ന രീതിയിലുള്ള കൂണ്‍, കൂണ്‍വിത്ത് ഉത്പാദനമാണ് ഷൈജിയുടെ കാര്‍ഷികസംരംഭങ്ങളില്‍ ഏറ്റവും തിളക്കമുളളത്. ഈ വീടിന്റെ അതിഥിമുറിയോടു ചേര്‍ന്നു നിര്‍മിച്ച വൃത്തിയും വെടിപ്പുമുള്ള കൂണ്‍ശാല  ആരേയും ആകര്‍ഷിക്കും. ഇരുമ്പുചട്ടക്കൂട്ടില്‍ രണ്ടുനിലകളായാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഓരോ തട്ടിലും 400-500 കൂണ്‍ബഡുകള്‍ ഒരേസമയം നിരത്താം. ഒരു തട്ടിലെ കൂണ്‍ ഉത്പാദനം അവസാനിക്കുമ്പോഴേയ്ക്കും അടുത്ത തട്ടില്‍ ഉത്പാദനം തുടങ്ങത്തക്ക വിധത്തില്‍ കൂണ്‍കൃഷി ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു. നാനൂറ് ബഡുകളില്‍ നിന്നായി ദിവസേന പത്തുകിലോഗ്രാം കൂണ്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നു ഷൈജി പറഞ്ഞു. കുമരകം കാര്‍ഷികവിജ്ഞാനകേന്ദ്രത്തില്‍ പരിശീലനം നേടിയ ശേഷമാണ് ഇവര്‍ ഈ രംഗത്തേയ്ക്കു വന്നത്.

 പുതിയ വീടിന്റെ ടെറസില്‍ തുടങ്ങാന്‍ അനുയോജ്യമായ സംരംഭത്തിനുവേണ്ടിയുള്ള അന്വേഷണമാണ് തന്നെ കൂണ്‍കൃഷിയിലെത്തിച്ചതെന്നു  ഷൈജി പറഞ്ഞു. തുടക്കം വീടിനുള്ളിലെ ഒരു ചെറിയ സ്‌റ്റോര്‍മുറിയിലായിരുന്നു. അത് വിജയിച്ചതോടെ ആത്മവിശ്വാസമായി. അഞ്ചു ലക്ഷം രൂപയാണ് ഇതുവരെ കൂണ്‍ശാലയ്ക്കും അനുബന്ധസൗകര്യങ്ങള്‍ക്കുമായി ഇവര്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്നത്. മുടക്കുമുതലിനെ ന്യായീകരിക്കത്തക്ക വരുമാനം ഇതിലൂടെ നേടാനും ഷൈജിക്കു കഴിയുന്നുണ്ട്. ദിവസേന ഉത്പാദിപ്പിക്കുന്ന കൂണ്‍ എറണാകുളം നഗരത്തിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നു. കിലോഗ്രാമിനു 250 രൂപയാണ് വില ഈടാക്കുന്നത്. നേരിട്ടുള്ള വിപണനത്തിനു പുറമേ കൂണ്‍ ഉപയോഗിച്ചുള്ള നിരവധി മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ വിപണിയിലെത്തിക്കുന്നുണ്ട് കൂണ്‍ഫ്രഷ് എന്ന പേരില്‍ പ്രത്യേക ബ്രാന്‍ഡ് ആയാണ് ഈ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നത്. ഇതിനായി ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ലൈസന്‍സും പരിശോധനാറിപ്പോര്‍ട്ടുകളും  ഇവര്‍ നേടിക്കഴിഞ്ഞു. അരൂര്‍ പള്ളി ജംഗ്ഷനിലെ മഷ്‌റൂം ഹട്ടില്‍ ഈ ഉത്പന്നങ്ങളുടെ സെയില്‍സ് കൗണ്ടറും ആരംഭിച്ചിട്ടുണ്ട്. കൂണ്‍വിത്ത് ഉത്പാദനവും മികച്ച ആദായമേകുന്ന പ്രവര്‍ത്തനമാണെന്ന് ഷൈജി ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ നിന്നുള്ള  നെല്ല് പ്രത്യേകം വരുത്തി അതിലാണ് കൂണ്‍വിത്ത് ഉത്പാദിപ്പിക്കുന്നത് . ഇതിനായി വീടിനുള്ളില്‍ തന്നെ പ്രത്യേക ലാബ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂണ്‍വിത്തിനായി ഇവിടെ ആവശ്യക്കാര്‍ എത്താറുണ്ടത്രേ. മറ്റൊരിത്തുനിന്ന് കൂണ്‍വിത്ത് വാങ്ങിയിരുന്ന തങ്ങള്‍ അതിന്റെ നിലവാരം മോശമായതിനെ തുടര്‍ന്നാണ് സ്വയം വിത്തുത്പാദനം ആരംഭിച്ചതെന്ന് ഷൈജി പറഞ്ഞു.

അരുരിലെ ഗ്രാമീണ സാങ്ികേതീകപരിശീലനകേന്ദ്രത്തില്‍ കൂണ്‍കൃഷി സംബന്ധിച്ച പരിശീലനം നല്‍കുന്ന ചുമതലയും ഈ വീട്ടമ്മ ഏറ്റെടുത്തിട്ടുണ്ട്. വളരെയധികം ആളുകള്‍ക്ക് പ്രയോജനപ്രദമായ ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിത്തുനിര്‍മാണം മുതല്‍ മൂല്യവര്‍ധനയും പായ്ക്കിംഗും വരെയുള്ള കാര്യങ്ങള്‍ നേരിട്ടു കണ്ടുമനസ്സിലാക്കാന്‍ ഇവിടെ അവസരമുണ്ട്. ഭര്‍ത്താവ് തങ്കച്ചനും മക്കളായ ആന്‍ോച്ചന്‍, റോസ്‌മേരിയും ,ഷൈജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണം നല്‍കിവരുന്നു.
 കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447707452..


കര്‍ഷകന്‍ 2013 ജൂലൈ ലക്കം പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment