Saturday, 10 January 2015

കൂട്ടിനെത്തുന്നു ഓമനകള്‍, Pets World

അന്യന്റെ സ്വരം സംഗീതമായി ശ്രവിക്കപ്പെടുന്ന കാലം വരുമെന്നത് സ്വപ്നം കാണുന്നവരുണ്ട്. യജമാനന്റെ മധുരസ്വരത്തിന് കാതോര്‍ത്ത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമായി ജീവിക്കുന്നവരാണ് ഓമനമൃഗങ്ങളും അരുമ പക്ഷികളും. ഉപഭോഗസംസ്‌കാരം ജീവിതം യാന്ത്രികമാക്കുമ്പോള്‍ അണുകുടുംബം ഒറ്റപ്പെടലുകള്‍ സമ്മാനിക്കുമ്പോള്‍, സ്‌നേഹവും ത്യാഗവും കൊണ്ട് നീരുറവകള്‍ തീര്‍ക്കുന്നു ഈ അരുമകള്‍.


കുതിക്കുന്ന പെറ്റ് വിപണി

വീട്ടുകാവലിനൊരു നായ, എലിയെ പിടിക്കാന്‍ പൂച്ച, കൗതുകത്തിനൊരു പക്ഷിക്കൂട് എന്ന വിധത്തിലുള്ള സങ്കല്പങ്ങള്‍ മാറിയിരിക്കുന്നു. യാത്രകളില്‍ ഒപ്പം കൂട്ടുന്നു, കിടക്കയില്‍ കൂടെയുറങ്ങുന്നു. റെഡിമെയ്ഡ് തീറ്റയും അനുബന്ധ സൗകര്യങ്ങളും നല്‍കി കുടുംബത്തിലെ ഒരംഗത്തേപ്പോലെ കരുതപ്പെടുന്ന ഉത്തമ സുഹൃത്തുക്കളായി ഈ അരുമകള്‍ മാറിയിരിക്കുന്നു. മൃഗങ്ങളുടേയും, പക്ഷികളുടേയും മികച്ച ബ്രീഡര്‍ എന്ന പെരുമ നേടി സ്വയംതൊഴില്‍ എന്ന നിലയില്‍ ഈ ഹോബിയെ മാറ്റിയവരും കുറവല്ല. 2015-ാം ആണ്ടോടെ ഇന്ത്യയിലെ പെറ്റ് വിപണിയുടെ മൂല്യം 800 കോടി രൂപയോളമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രതിമാസവരുമാനത്തിന്റെ പകുതിയിലധികവും പെറ്റ്‌സിനായി ചെലവഴിക്കുന്നവരുടേയും, മാസം പതിനായിരം രൂപവരെ ഓമനമൃഗങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നവരുടേയും എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. പതിനഞ്ചു ശതമാനത്തിലധികമാണ് പെറ്റ് വിപണിയുടെ ഇന്ത്യയിലെ വളര്‍ച്ചാനിരക്ക്. മുറ്റത്തെ കൂടുകളില്‍ നിന്ന് ഓമനകള്‍ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുന്ന പെറ്റ് കള്‍ച്ചര്‍ ഇന്ത്യയിലും ഒറ്റനഗരമായി വളരുന്ന കേരളത്തിലും എത്തിയിരിക്കുന്നുവെന്ന് ചുരുക്കം.

കൂട്ടിന് ഓമനകള്‍ നിരവധി

മനുഷ്യന്റെ മനസില്‍ സ്ഥാനം പിടിച്ച മൃഗങ്ങളില്‍ ഒന്നാം സ്ഥാനം നായ്ക്കള്‍ക്കുതന്നെ. എണ്‍പതു ശതമാനം ഓമനമൃഗങ്ങളും നായ്ക്കളാണ്. പൂച്ചകള്‍ പതിനഞ്ചു ശതമാനവും അരുമപക്ഷികള്‍, അലങ്കാരമത്സ്യങ്ങള്‍ ഇവ ചേരുമ്പോള്‍ അഞ്ചു ശതമാനവും വരും. നൂറിലധികം വിദേശ ജനുസുകളാണ് ഇന്ത്യയിന്‍ വിപണിയില്‍ നായകളിലെ താരങ്ങള്‍; ഒപ്പം രാജപാളയം പോലെയുള്ള നാടന്‍ ഇനങ്ങളുമുണ്ട.് വലിയ ഇനങ്ങളും ഇടത്തരം ചെറിയ ഇനങ്ങളുമുണ്ട്. ഉടമസ്ഥന്റെ അഭിനിവേശത്തിനും അഭിരുചിക്കുമനുസരിച്ച് നായകളെ തിരഞ്ഞെടുക്കാം. കാവലിന് യോജിച്ചവ, വീടിനുള്ളിലും ഫ്‌ളാറ്റുകളിലും വളര്‍ത്താന്‍ യോജിച്ചവ, ഇണക്കമേറെയുള്ളവ, രോമം കൂടുതലുള്ളവ തുടങ്ങി മാനദണ്ഡങ്ങള്‍ അനേകം. സങ്കരയിനങ്ങള്‍ കൂടുതലായുള്ള പൂച്ച വിപണിയില്‍ നീണ്ട രോമക്കുപ്പായവും വെണ്‍ചാമരം പോലെ വാലുകളുമുള്ള പേര്‍ഷ്യന്‍ പൂച്ചകളാണ് താരങ്ങള്‍. പരീക്ഷണാവശ്യങ്ങള്‍ക്കുപയോഗിക്കപ്പെട്ടിരുന്ന വെള്ള എലി, ഹാംസ്റ്റര്‍, ഗിനി പിഗ്, മുയലുകള്‍ എന്നിവയാണ് പെറ്റ് വിപണിയിലെ പുതുതാരങ്ങള്‍. അലങ്കാരപ്രാവുകളും വിദേശയിനം തത്തകളും ഫാന്‍സി കോഴികളുമാണ് പക്ഷി വിപണിയില്‍ ഏറെ തിരഞ്ഞെടുക്കപ്പെടുന്നത് ചെറുതത്തകളായ ബഡ്ജറിഗര്‍, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ് എന്നിവയെക്കൂടാതെ വിലയേറിയ കൊക്കററൂ, മക്കാതത്തകള്‍, ആമസോണ്‍, കൊന്യൂര്‍ തുടങ്ങിയവയും വളര്‍ ത്തുന്നവരുണ്ട്. ശുദ്ധജല അലങ്കാര മത്സ്യങ്ങള്‍ െക്കാപ്പം സമുദ്രജല മത്സ്യങ്ങളും അക്വേറിയങ്ങളില്‍ സ്ഥാനം നേടിയിരിക്കുന്നു. മനസിനിണങ്ങിയ ഓമനയെ കണ്ടെത്താന്‍ പഠനമേറെ വേണമെന്ന് ചുരുക്കം. ഒപ്പം ഇന്ത്യയിലെ വനം- വന്യജീവി സരക്ഷണ നിയമം അനുശാസിക്കുന്ന ജീവികളെ മാത്രമേ വീടുകളില്‍ വളര്‍ത്താന്‍ കഴിയൂ.

ഫൈവ്സ്റ്റാര്‍  സൗകര്യങ്ങള്‍

ഒരു തീറ്റപ്പാത്രവും ബെല്‍ട്ടും തുടലും മാത്രം അനുബന്ധ സൗകര്യങ്ങളായിരുന്ന കാലം നായവളര്‍ത്തലില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അരുമകള്‍ക്കായി ഡേ കെയറുകള്‍, അനുസരണയുടെ പാഠങ്ങള്‍ നല്‍കാന്‍ പരിശീലനകേന്ദ്രങ്ങള്‍, താല്‍ക്കാലിക താമസത്തിന് ഹോസ്റ്റലുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ മെട്രോ നഗരങ്ങളില്‍ ഒരുക്കിയിരിക്കുന്നു. യജമാനനും കുടുംബവും വിനോദയാത്ര നടത്തുമ്പോള്‍ ഇനി നായകള്‍ക്കും ഒപ്പം കൂടാം. ടൂറിസം പാക്കേജുകളില്‍ നായകള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അമുകളുടെ സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ബ്യൂട്ടിപാര്‍ലറുകളുണ്ട്. കാറുകളില്‍ പ്രത്യേക സീറ്റും ബെല്‍ട്ടും റെഡി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പെറ്റ്‌സിനു മാത്രമായി പ്രത്യേക വിഭാഗം. എണ്ണിയാല്‍ തീരാത്ത സാമഗ്രികളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്. കിടക്ക, ഫര്‍ണിച്ചറുകള്‍, നായ്ക്കള്‍ക്ക് കടിച്ചു കളിക്കാന്‍ ബോണ്‍ ടോയ്, പൂച്ചകള്‍ക്ക് മാന്തി കൊതി തീര്‍ക്കാന്‍ സ്‌ക്രാച്ച് പോസ്റ്റുകള്‍, മണികെട്ടിയ കോളറുകള്‍ ബാത്ത് ടബുകള്‍, ഡയപറുകള്‍ സോപ്പ്, ക്രീം, ടൂത്ത് ബ്രഷ്, കണ്ടീഷണര്‍ തുടങ്ങി ഇടമയുടെ പണം ചോര്‍ത്താന്‍ വഴികള്‍ നിരവധി. പുതുവസ്ത്രങ്ങള്‍, ഷൂസ്, സ്‌ക്വാ ര്‍ഫ് എന്നിവ വാങ്ങി നല്‍കുന്നവരുമുണ്ട്. പക്ഷികള്‍ ക്കുള്ള ഫാന്‍സി കൂടുകളും അക്വേറിയവും അനുബന്ധ ഉപകരണങ്ങളും വിപണിയില്‍ പ്രിയമുള്ളവയാണ്. ഏറെ കരുതുന്ന അരുമകള്‍ക്കായി പണം മുടക്കാന്‍ പരിധികള്‍ വയ്ക്കാത്ത ഉടമകളുടെ കാലമാണിത്.

മൃഗപ്രേമികളുടെ കൂട്ടായ്മകള്‍

അരുമ മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നവരുടെ നിരവധി കൂട്ടായ്മകളും നിലവില്‍ വന്നിരിക്കുന്നു. പഠനം, സാങ്കേതിക വിജ്ഞാനം പകരല്‍, പ്രദര്‍ശനങ്ങള്‍ ഇവയൊക്കെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. കെന്നല്‍ ക്ലബുകളില്‍ രജിസ്റ്റര്‍ ചെയ്ത, തൊലിക്കടിയില്‍ മൈക്രോചിപ്പ് കടത്തി പ്രത്യേക നമ്പര്‍ നേടിയ നായകള്‍ക്കാണ് വിപണിയില്‍ മൂല്യം. പ്രാവു വളര്‍ത്തുന്നവരുടെ കൂട്ടായ്മകളാണ് കേരള പീജിയണ്‍സ് സൊസൈറ്റിയും ഫൗണ്ടേഷനും. പക്ഷി പ്രേമികളുടെ കൂട്ടായ്മകള്‍ വില്‍ക്കുന്ന പക്ഷികളില്‍ മുദ്രവച്ച കാല്‍വളയങ്ങള്‍ നല്‍കി വിശ്വാസ്യതയുടെ അടയാളം നല്‍കുന്നു. നായ്ക്കള്‍, പൂച്ചകള്‍ തുടങ്ങി പക്ഷികളേക്കുറിച്ചുള്ള വിവരങ്ങള്‍ വരെ അടങ്ങിയ നിരവധി പുസ്തകങ്ങള്‍ ഇന്ന് മലയാളത്തില്‍ ലഭ്യമാണ്. മലയാളത്തിലെ കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍ പെറ്റ്‌സിനേക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു.


പെറ്റ് ടൂറിസം, പെറ്റ് തെറാപ്പി

ദൈവത്തിന്റെ സ്വന്തം നാട് സന്ദര്‍ശകരെ മാടിവിളിക്കുമ്പോള്‍ ടൂറിസത്തിന്റെ പ്രാധാന ആകര്‍ഷണമായ ഫാം ടൂറിസത്തിന്റെ മുഖ്യ ഭാഗമായി പെറ്റ് ടൂറിസവും വളരുന്നു. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് കൃഷിഭൂമിയില്‍ നിറയുന്ന വിവിധ മൃഗങ്ങളും പക്ഷികളും സന്ദര്‍ശകര്‍ക്കും ഉടമയ്ക്കും ഓമന മൃഗങ്ങള്‍തന്നെ. ഓമനമൃഗങ്ങളേയും വളര്‍ത്തുപക്ഷികളേയും വളര്‍ത്തുമ്പോള്‍ ലഭിക്കുന്ന മാനസിക ശാരീരിക ശാന്തി രോഗശമനത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും കൂട്ടായി ഓമന മൃഗങ്ങളും അരുമപക്ഷികളും എത്തുന്നത് ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ആല്‍സ്‌ഹൈമേഴ്‌സ്, വൈകാരിക പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും. ഇതുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളില്‍ ഓമനകള്‍ വാസസ്ഥലം നേടുന്നു.


കുതിക്കുന്ന പെറ്റ് ഫുഡ് വിപണി

വീട്ടിലെ ഭക്ഷണാവശിഷ്ടവും അല്‍പം മാംസവും നല്‍കി നായ് ക്കളെ വളര്‍ത്തുന്ന രീതിയും മാറുന്നു. വിപണിയില്‍ ലഭ്യമായ പെറ്റ് ഫുഡുകളുടെ വില മൂന്നക്കത്തിലാണ്; ഒപ്പം അലങ്കാരമത്സ്യതീറ്റകളും പക്ഷികള്‍ക്കുള്ള മൃദു തീറ്റകളുമുണ്ട്. മനോഹരമായ കവറുകളില്‍ സ്വദേശി വിദേശി കമ്പനികള്‍ പുറത്തിറക്കുന്ന തീറ്റകള്‍ക്ക് ആവശ്യക്കാരേറെയാണ്. പ്രായത്തിനനുസരിച്ചും, വലിപ്പം ജനുസ് എന്നിവയ്ക്കനുസരിച്ചും തീറ്റകള്‍ തെരഞ്ഞെടുക്കാം. രോഗാവസ്ഥയ്ക്കനുസരിച്ചും ഗര്‍ഭകാലം, പ്രസവശുശ്രുഷ ഇവയ്ക്കനുസരിച്ചും പ്രത്യേക തീറ്റകള്‍ ലഭിക്കും. രോമം, ചര്‍മ്മം, വായയുടെ ശുചിത്വം ആമാശയത്തിന്റെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ ലക്ഷ്യംവച്ചുള്ള പ്രത്യേക തീറ്റകള്‍ പുറത്തിറക്കിയാണ് വിപണിയില്‍ ബ്രാന്‍ഡുകളുടെ മത്സരം.

ആരോഗ്യരക്ഷ ഹൈടെക്കാവുന്നു

സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളെ പിന്നിലാക്കുന്ന വിധത്തിലുള്ള പെറ്റ് ഹോസ്പിറ്റലുകളാണ് കേരളത്തിലും ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലുള്ള മൃഗാശുപത്രികള്‍ കൂടാതെ വെറ്ററിനറി സര്‍വകലാശാലയുടെ മൃഗാശുപത്രിയിലും മറ്റും ആധുനിക സജ്ജീകരണങ്ങളാണ് ഓമനമൃഗങ്ങളെ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്നത്. അത്യാവശ്യ ശസ്ത്രക്രിയകള്‍ കൂടാതെ സൗന്ദര്യ വര്‍ദ്ധനവിനായി കോസ്മറ്റിക് സര്‍ജറികളും ചെയ്യാന്‍ ഇപ്പോള്‍ സൗകര്യങ്ങളുണ്ട് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാണ്. ഇ.സി.ജി., ഡോപ്‌ളര്‍, അള്‍ട്രാസൗണ്ട്, കംപ്യൂട്ടര്‍ റേഡിയോഗ്രാഫി, നിയോനേറ്റല്‍ കഇഡ തുടങ്ങി അത്യാധുനിക ലബോറട്ടറികള്‍ വരെ പല പെറ്റ് ആശുപത്രികളിലും ലഭ്യമാണ്.

മൃഗക്ഷേമം പ്രധാനം

ഓമനകളെ സ്വന്തമാക്കിയശേഷം ഉത്തരവാദിത്വരഹിതമായി പെരുമാറാന്‍ ഇനി കഴിയില്ല. ജന്തുക്ഷേമം ഉറപ്പാക്കിയില്ലെങ്കില്‍ മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ ബ്ലൂക്രോസ് സൊസൈറ്റി പോലെയുള്ള സംഘടനകള്‍ പ്രതികരിക്കും. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയും അവഗണനയും ഒഴിവാക്കാന്‍ നിരവധി സംഘടനകള്‍ ഇന്ന് നിലവിലുണ്ട്. അനാഥമൃഗങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളും മറ്റും തുടങ്ങിയിട്ടുണ്ട്. ഓരോ മൃഗത്തിന്റെയും ശാരീരിക മാനസിക, സ്വഭാവ പ്രത്യേകതകള്‍ മനസിലാക്കാനുള്ള അറിവ് നേടി അവയെ ബഹുമാനിക്കുന്നവര്‍ക്കുമാത്രമേ പെറ്റ് ഉടമയാകാന്‍ അവകാശമുള്ളൂ. ഒരു മൃഗത്തെ വളര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ നീണ്ട വര്‍ഷങ്ങളിലേക്കുള്ള ഉത്തരവാദിത്വമാണ് ഏറ്റെടുക്കുന്നത് എന്നറിയുക. അതിനാല്‍ അരുമമൃഗത്തെ, പക്ഷിയെ തിര ഞ്ഞെടുക്കുമ്പോള്‍ ഹൃദയം മാത്രമല്ല ബുദ്ധിയും ചിന്തയും പ്രവര്‍ത്തിക്കണമെന്ന് സാരം.
നിനക്ക് സമ്പല്‍ സമൃദ്ധിയില്ലെങ്കിലും, സൗന്ദര്യവും പുസ്തകജ്ഞാനവുമില്ലെങ്കിലും ദാരിദ്ര്യത്താലും രോഗത്താ ലും നീവലഞ്ഞാലും നീ അപമാനിതനായലും സര്‍വ്വോപരി നിനക്കൊരു പേരു തന്നെയില്ലെങ്കിലും നിന്നെ സ്‌നേഹിക്കുന്നവനാണ് നിന്റെ നായ യെന്ന് മനസിലാക്കുകയാണ് വേണ്ടത്. ഉപാധികളില്ലാത്ത ഈ സ്‌നേഹവും വിശ്വാസ്യതയും തന്നെയാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതല്‍.

ഡോ. സാബിന്‍ ജോര്‍ജ്
അസി. പ്രൊഫസര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446203839,
e-mail : drsabinlpm@yahoo.com 

No comments:

Post a Comment