Monday, 5 January 2015

സര്‍ട്ടിഫൈഡ് മുയല്‍ ഇനങ്ങളുമായി സ്പാര്‍ക്

പഠനം മുടങ്ങിയതു മൂലം നല്ല ജോലി കണ്ടെത്താ നാകാതെ വിഷമിക്കുന്നവര്‍ക്ക്  മാതൃകയാ വുകയാണ് ഇടുക്കി ജില്ലയിലെ കൊച്ചറ സ്വദേശി കുര്യന്‍മത്തായി.  പത്താംക്ലാസില്‍ പഠനം മുടങ്ങിയ ശേഷം കൃഷിയിലേയ്ക്കു മാറിയ കുര്യന്‍ കൂടുതല്‍ മെച്ചപ്പെട്ട വരുമാന മാര്‍ഗം കണ്ടെത്തിയത്  മുയല്‍വളര്‍ത്തലിലാണ്. ഇന്ന് സ്പാര്‍ക്ക് റാബിറ്റ് ഫാമില്‍നിന്നു ഇദ്ദേഹത്തിനു കിട്ടുന്ന വരുമാനം  ഉയര്‍ന്ന ഉദ്യോഗങ്ങളിലെ ശമ്പളനിരക്കിനു തുല്യമാണ്.

മറ്റുള്ള മുയല്‍വളര്‍ത്തലുകാരില്‍നിന്നു വ്യത്യസ്തമായി സോവ്യറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്  എന്നിവയുടെ ശുദ്ധജനുസ്സുകളെ മാത്രമാണ് ഇദ്ദേഹം വളര്‍ത്തുന്നത്.
ഈയിനങ്ങള്‍ക്കു 40 ഡിഗ്രി വരെയുള്ള താപനില അതിജീവിച്ച് ഏഴുകിലോഗ്രാം വരെ വളരാന്‍ സാധിക്കുമെന്ന് പറയുന്നു.  ഏഴു വര്‍ഷത്തെ മുയല്‍ വളര്‍ത്തല്‍ അനുഭവങ്ങളോടൊപ്പം  സെന്‍ട്രല്‍ ഷീപ്പ് വൂള്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ കൊടൈക്കനാലിലെ ദക്ഷിണ മേഖല ഗവേണ കേന്ദ്രത്തില്‍നിന്നുള്ള പരിശീലനസര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു പിന്‍ബലമായുണ്ട്.

സ്പാര്‍ക്ക് ഫാമിലെ വിത്തുമുയലുകളെല്ലാം കൊടൈക്കനാല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍നിന്നുള്ള സര്‍ട്ടിഫൈഡ് ഇനങ്ങളാണ്. ഇവിടെയുണ്ടാകുന്ന ഓരോ മുയല്‍കുഞ്ഞിന്റെയും മാതാപിതാക്കളെ സംബന്ധിച്ച് രേഖകള്‍ കൃത്യമായി സുക്ഷിക്കുന്നുണ്ട്. വംശശുദ്ധിനിലനിര്‍ത്തിയും ഇന്‍ബ്രീഡിംഗ് ഒഴിവാക്കിയും നടക്കുന്ന ശാസ്ത്രീയ പ്രജനനമാണ്.
ഇത്രയും ശാസ്ത്രീയമായി മികച്ച മുയല്‍കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ ഇല്ലെന്നാണ് കുര്യന്റെ വാദം.
ആറുമാസം പ്രായമായ മുയലുകളെ - കൃത്യമായി പറഞ്ഞാല്‍ മൂന്നു കിലോഗ്രാം തൂക്കമെത്തിയ മുയലുകളെ ഇണചേര്‍ക്കാം. ഏതുസമയത്തും ഇണചേര്‍ക്കാവുന്ന ജീവികളാണ് മുയലുകളെന്ന ധാരണയും കുര്യന്‍ തിരുത്തുന്നു. മുയലുകള്‍ക്കും മദിയുണ്ടെന്ന് അത് കൃത്യമായി കണ്ടെത്തി പ്രജനനം നടത്തിയാല്‍ നൂറുശതമാനം ഫലംകിട്ടുമെന്ന് അവകാശപ്പെട്ട് മദി കണ്ടെത്താനുള്ള ലക്ഷണവും വെളിപ്പെടുത്തി. പെണ്‍മുയലുകളുടെ ജനനേന്ദ്രിയം രക്തനിറത്തില്‍ ചുവന്നുതടിച്ചിരിക്കുന്ന സമയമാണ് ഇണചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യം.

ഇണചേര്‍ക്കുന്നതിനായി നിശ്ചിത സമയംമാത്രം ആണ്‍മുയലിന്റെ കൂട്ടിലേയ്ക്ക് വിടുകയാണ് പതിവ്. ശരിയായ ഇണചേര്‍ക്കല്‍ നടത്താനായാല്‍ 30-ാം ദിവസം പെണ്‍ മുയല്‍ പ്രസവിക്കും. മുയലുകള്‍ക്ക് അമിതമായ പ്രസവശുശ്രൂഷകളൊന്നും നല്‍കാറില്ല. പ്രസവദിവസത്തിന് രണ്ടുദിവസം മുമ്പ് കൂട്ടില്‍ വൃത്തിയുള്ള ചകിരിനാര് ഇട്ടു കൊടുക്കുകയും പെണ്‍മുയലത് നന്നായി നിരത്തി അതിമേല്‍ രോമം കൊണ്ട് മുയല്‍ കുഞ്ഞുങ്ങള്‍ക്കു മെത്ത തയ്യാറാക്കുന്നു.
ഇദ്ദേഹത്തിന്റെ നാനൂറോളം മുയലുകളില്‍ നൂറെണ്ണം പേരന്റ് സ്റ്റോക്കാണ്. ഇവയുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് ഈ രംഗത്തേയ്ക്കു കടന്നുവരു ന്നവര്‍ക്ക് ലഭ്യമാക്കുന്നു. സ്പാര്‍ക്ക് ഫാമില്‍നിന്നും മുയല്‍കുഞ്ഞുങ്ങളെ  വാങ്ങി  വളര്‍ത്തി വിജയിച്ച നിരവധിയാളുകള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. നവാഗത സംരംഭകരോടൊപ്പംനിന്ന് അവരെ വിജയത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നതാണ് സ്പാര്‍ക് ഫാമിന്റെ മറ്റൊരു സവിശേഷത. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറുകണക്കിനു മുയല്‍ വളര്‍ത്തലുകാരെ സൃഷ്ടിച്ച ഇദ്ദേഹം ഈ രംഗത്ത് ഇതിനകം അയ്യായിരം പേര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു.

ശരിയായ സാങ്കേതികവിദ്യ ശരിയായ സാഹചര്യത്തിലും സമയത്തിലും പ്രയോഗിച്ചാല്‍ വിജയിക്കാ മെന്നതിന് ഉത്തമ ഉദാഹണം കൂടിയാണത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സ്പാര്‍ക്ക് റാബിറ്റ് ഫാം, ഓച്ചിറ പി. ഒ. 
മന്തിപ്പാറ, ഫോണ്‍ : 99610144642013 ജൂണ്‍ ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment