Thursday, 15 January 2015

കൃഷി ചെയ്യാതെ വളരുന്ന പച്ചക്കറികള്‍ കേരളത്തില്‍ സുലഭമെന്ന് പഠനം

നിലമ്പൂര്‍: കേരളത്തിലെ വീട്ടുവളപ്പുകള്‍ കൃഷിചെയ്യാതെ വളരുന്ന പച്ചക്കറികളുടെ കലവറയാണെന്ന് ശാസ്ത്രീയ പഠനം. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിലമ്പൂരിലെ ഉപകേന്ദ്രം മേധാവി യു.എം.ചന്ദ്രശേഖരയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

മലപ്പുറം ജില്ലയില്‍ 27 ഇനം പച്ചക്കറികളാണ് ഇത്തരത്തിലുള്ളതെന്ന് കണെ്ടത്തി. 2011 മുതല്‍ 2014 വരെയാണ് പഠനം നടത്തിയത്. തകര, പൊന്നാംതകര, കുടങ്ങല്‍, പുളിയാറില, കീഴാര്‍നെല്ലി, കൊഴുപ്പുചീര എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. സ്വാഭാവികപുനരുജ്ജീവനം, വേഗത്തില്‍ വളരാനുള്ള കഴിവ് എന്നിവ ഇവയുടെ പ്രത്യേകതകളാണ്. 12,000 ത്തോളം ഭക്ഷ്യയോഗ്യ സസ്യങ്ങളുള്ള ലോകത്ത് ഭക്ഷ്യവിളകളുടെ 90 ശതമാനവും വരുന്നത് പതിനഞ്ച് ഇനം സസ്യങ്ങളില്‍ നിന്നാണ്. നെല്ല്, ചോളം, ബാര്‍ളി, ഗോതമ്പ്, കരിമ്പ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, മരച്ചീനി, ബീന്‍സ്, സോയാബീന്‍,നിലക്കടല, വാഴ, തെങ്ങ്് തുടങ്ങിയവയാണിത്.

കൃഷി ചെയ്യാതെ വളരുന്ന ഭക്ഷ്യയോഗ്യമായ ചെടികളില്‍ ജീവകങ്ങളും ധാതുക്കളം ധാരാളമുണ്ട്. ഇത്തരം ചെടികളെ പരിപോഷിപ്പിക്കാനോ സംരക്ഷിക്കാനോ ആരും ശ്രദ്ധിക്കാറില്ലെന്ന് പഠനസംഘം ചൂണ്ടിക്കാട്ടുന്നു. ഒരു ഗ്രാമില്‍ 19.3 മി.ഗ്രാം മുതല്‍ 54.33 ഗി.ഗ്രാം വരെ മാംസ്യം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചുരുളി, മരച്ചേമ്പ്, ചെറുചീര എന്നിവയില്‍ മാംസ്യം കൂടുതലായി കാണുന്നു. ഏറ്റവും കൂടുതല്‍ നാരുകള്‍ കാണുന്നത് ചുരുളിയിലാണ്.
See more at: http://www.deepika.com/localnews/Localdetailnews.aspx?id=21073&Distid=KL10#sthash.BIpFJfJQ.dpuf

No comments:

Post a Comment