Tuesday, 20 January 2015

പ്രകൃതിക്കൊരു ഹരിതാര്‍ച്ചന

ഐബിന്‍ കാണ്ടാവനം

അര്‍ച്ചന


പൂക്കളോടുള്ള പ്രണയം, വിഷമുക്തമായ പച്ചക്കറികള്‍ കഴിക്കണം എന്നീ ആഗ്രഹങ്ങള്‍ കൊട്ടാരക്കര തലച്ചിറയിലെ ഇടത്തറ ഗോകുലം വീട്ടില്‍ അര്‍ച്ചന ഗിരീഷ് എന്ന വീട്ടമ്മയെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനു സഹായിച്ചു. സീസണനുസരിച്ച് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നതാണ് അര്‍ച്ചനയുടെ രീതി. ഒഴിവുസമയങ്ങള്‍ പാഴാക്കുന്ന വീട്ടമ്മമാര്‍ക്കുള്ള മറുപടികൂടിയാണ് ഇവരുടെ കൃഷികള്‍.വിവിധ ഇനം പയറുകള്‍, 15ഓളം ഇനം വഴുതന, വിവിധ വെണ്ട ഇനങ്ങള്‍, പപ്പായയുടെ പുതിയ ഇനമായ റെഡ് ലേഡി, മത്തന്‍, കോളിഫ്‌ളവര്‍, കാബേജ്, ബീന്‍സ്, തണ്ണിമത്തന്‍, കോവല്‍, മുന്തിരി, തക്കാളി തുടങ്ങിയ ഫല-പച്ചക്കറി വര്‍ഗങ്ങള്‍ അര്‍ച്ചനയുടെ പുരയിടത്തില്‍ വളര്‍ന്നു വിളവു നല്കിവരുന്നു. കൗതുകത്തിനായി നട്ട സ്‌ട്രോബറിച്ചെടികളും ഇപ്പോള്‍ വിളവെടുക്കാന്‍ പാകമാകുന്നു. കാബേജ്, കോളിഫ്‌ളവര്‍ എന്നിവ സീസണനുസരിച്ച് നടുന്നവയാണ്. ഇത്തവണത്തെ ശീതകാല വിളവെടുപ്പിന് ഇവ തയാറായിവരുന്നു.

സുഹൃത്ത് നല്കിയ ഉമ എന്ന ഇനം കരനെല്‍ വീട്ടുമുറ്റത്ത് പരീക്ഷിച്ച് 100 ശതമാനം വിജയിച്ചതായി അര്‍ച്ചന പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തതാണെങ്കിലും വിളവു മികച്ചതായിരുന്നു. നെല്‍കൃഷിയില്‍ പ്രായോഗിക അറിവുകള്‍ ഇല്ലാതിരുന്നിട്ടുകൂടി ആദ്യ ഉദ്യമം തന്നെ വിജയിക്കാന്‍ കാരണം അര്‍ച്ചനയുടെ കൃഷിയോടുള്ള താത്പര്യമാണെന്നതില്‍ സംശയമില്ല.

ഒരുദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത നെല്‍വിത്തുകള്‍ വാരിവച്ചു. പിന്നീട് മുള വന്നതിനുശേഷം ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ത്ത് കിളച്ചൊരുക്കിയ നിലത്ത് വിതയ്ക്കുകയായിരുന്നു. തടത്തിന്റെ വശങ്ങളില്‍ വെള്ളം കെട്ടി നിര്‍ത്തി രാവിലെയും വൈകിട്ടും നനച്ചു. ഇടയ്ക്ക് ജൈവവളങ്ങള്‍തന്നെ നല്കി. കീടങ്ങളുടെ ആക്രമണം ഉണ്ടായില്ലെന്നു മാത്രമല്ല, നെല്ല് പതിരായി പോകാതെ ലഭിക്കുകയുംചെയ്തു. അടുത്ത നെല്‍കൃഷിക്ക് തയാറെടുക്കുകയാണ് ഈ വീട്ടമ്മ.

വീട്ടാവശ്യത്തിനുവേണ്ടിമാത്രം പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വിപണിയിലേക്ക് അര്‍ച്ചനയുടെ പച്ചക്കറികള്‍എത്താറില്ല. വിളവ് അധികമുള്ള സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്കുകയാണ് പതിവ്. തീര്‍ത്തും ജൈവകൃഷി പിന്തുടരുന്ന ഈ തോട്ടത്തില്‍ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാറില്ല. ചാണകപ്പൊടിയും എല്ലുപൊടിയുമാണ് പ്രധാന വളം. ഒപ്പം പുളിപ്പിച്ച കടലപ്പിണ്ണാക്കും പച്ചച്ചാണകവും ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കു നല്കുന്നു.
പച്ചക്കറി മാത്രമല്ല അര്‍ച്ചനയുടെ മുറ്റത്തും ടെറസിലുമായി വിളയുന്നത്. അലങ്കാര പുഷ്പങ്ങളുടെ വന്‍ശേഖരവും ഇവിടെയുണ്ട്. ഫാ ലെനോപ്‌സിസ്, റിന്‍കോസ്‌റ്റൈലിസ്, ഡെന്‍ഡ്രോബിയം, ഓണ്‍സിഡിയം, മൊക്കാറ, വാണ്ട തുടങ്ങി പതിനഞ്ചോളം ഓര്‍ക്കിഡ് ഇനങ്ങള്‍ അര്‍ച്ചനയുടെ ശേഖരത്തിലുണ്ട്. കൂടാതെ നൂറോളം അഡീനിയം, 40 ഇനം യൂഫോബിയ, 15 ഇനം ബോഗന്‍വില്ല തുടങ്ങിയവയും ഇടത്തറ ഗോകുലമെന്ന ഈ ചെടികളുടെ ആരാമത്തെ മനോഹരമാക്കുന്നു.

ഓര്‍ക്കിഡിനു ഗ്രീന്‍ കെയര്‍ പൗഡറാണ് നല്കുന്നത്. ഒപ്പം കടലപ്പിണ്ണാക്ക്-ചാണക സ്ലറി എന്നിവ ചുവട്ടില്‍ നല്കും. തേങ്ങാവെള്ളം ഇലകളില്‍ സ്‌പ്രേ ചെയ്തു നല്കുകയും ചെയ്യുന്നുണ്ട്. അഡീനിയം, യൂഫോബിയ എന്നിവയ്ക്കു എല്ലുപൊടിയും, ചാണകപ്പൊടിയുമാണ് നല്കുന്നത്.

ഫേസ്ബുക്കിലെ നിരവധി കൃഷി കൂട്ടായ്മകള്‍ മലയാളികളുടെ കാര്‍ഷിക സംസ്‌കാരം തിരിച്ച് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന സത്യം പറയാതെവയ്യ. കൃഷി അറിവുകള്‍ പങ്കുവയ്ക്കുവാനും അപൂര്‍വ വിത്തുകളുടെ കൈമാറ്റവുമെല്ലാം ഇത്തരം കൂട്ടായ്മകള്‍ അര്‍ച്ചനയെയും സഹായിക്കുന്നുണ്ട്.

കാര്‍ഷികരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയണമെങ്കില്‍ കൃഷിയോടുള്ള താത്പര്യത്തിനൊപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും ഉണ്ടാവണം. അര്‍ച്ചനയ്ക്കു പൂര്‍ണ പിന്തുണയുമായി വിഎച്ച്എസ്‌സി സ്‌കൂള്‍ ഇന്‍സ്ട്രക്ടറായ ഭര്‍ത്താവ് ഗിരീഷ് കുമാറും മകന്‍ തരുണും ഒപ്പമുണ്ട്. കാര്‍ഷികരംഗത്ത് പുതിയ മാനങ്ങള്‍ തീര്‍ക്കുന്ന അര്‍ച്ചന ഏവര്‍ക്കും മാതൃകയാവട്ടെ...

ഐബിന്‍: 9946674661
ibinkandavanam@gmail.com

No comments:

Post a Comment