Monday, 5 January 2015

സമ്മിശ്രകൃഷിയില്‍ ജോളിയുടെ കൈയ്യൊപ്പ്; മലയാളി പഠിക്കേണ്ട വിജയരഹസ്യം

പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്നു- ജീവിതത്തിലും കൃഷിയിടങ്ങളിലും.  ആനച്ചാല്‍ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ മനസില്‍ ഒരു കുളിര്‍മ അനുഭവപ്പെടും. ഈ വീട്ടിലേയ്ക്ക് പുറത്തുനിന്നു പച്ചക്കറി വാങ്ങാറില്ല. മുട്ടയും പാലും മീനും തേനും പഴവും വാങ്ങിയ കാലം മറന്നു. വൈദ്യുതിയ്ക്ക് ഇവിടെ ലോഡ്‌ഷെഡിംഗില്ല.
പാചകവാതകം ഇവിടെ തീരുന്നില്ല. ജലദോഷത്തിനു പോലും മരുന്നുവാങ്ങാറില്ല. എല്ലാം ഒരു കുടക്കീഴിലുണ്ട്. അതിര്‍ത്തി കെട്ടിയിരിക്കുന്നതു പാവല്‍ചെടി കൊണ്ട്. പൂര്‍ണമായും ഇക്കോ-ഫ്രണ്ട്‌ലി അന്തരീക്ഷം. മഴവെള്ളസംഭരണിയിലാണ് മത്സ്യകൃഷി. പാചകവാതകത്തിനു ബയോഗ്യാസ്പ്ലാന്റും. തേനീച്ചകള്‍ വീടിനു ചുറ്റും മൂളിപ്പറക്കുന്നു. ടെറസ് നിറയെ  പച്ചക്കറി വിളഞ്ഞുനില്‍ക്കുന്നു. പറമ്പിലെ കുളങ്ങളില്‍ കരിമീന്‍ മുതല്‍ വിവിധ ഇനം മത്സ്യങ്ങള്‍. കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍ പുരയിടത്തില്‍തന്നെ ഉത്പാദിക്കുന്നു. തൊടുപുഴ ഒളമറ്റം മാരിക്കലുങ്കിനു സമീപം  ആനച്ചാലില്‍ ജോളി വര്‍ക്കിയുടെ ഈ കൃഷിയിടം മാതകകളുടെ വിളനിലമാണ്. വാട്ടര്‍ അഥോറിറ്റിയുടെ പ്ലമ്പിംഗ് ജോലികള്‍ കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്തു ചെയ്യുന്ന ജോളി കൃഷിക്കായി സമയം മാറ്റിവച്ചതിന്റെ വിജയം മാത്രമാണിത്. കണക്കുകൂട്ടലും ശാസ്ത്രീയതയും ഒത്തുചേര്‍ന്ന  കൃഷിക്ക് ഏക്കറുകണക്കിനു സ്ഥലം വേണ്ടെന്നു തെളിയിക്കുകയാണ് ഈ അമ്പതു സെന്റില്‍ ഇദ്ദേഹം.

സ്ഥലപരിമിതി മറികടക്കാന്‍ പച്ചക്കറിക്കൃഷി പൂര്‍ണമായും ടെറസിലാക്കി. കാരറ്റ്, കാബേജ്, പയര്‍, വെണ്ട, ചീര,  കൂര്‍ക്ക, വഴുതന,പാവല്‍,വെള്ളരി,കോവല്‍, മുളക്, ചേന ഇതെല്ലാം ടെറസില്‍ വിളഞ്ഞുനില്‍ക്കുന്നു.  പച്ചക്കറി വാങ്ങിയ കാലം മറന്നുവെന്നു ജോളിയുടെ ഭാര്യ സോണിറ്റ് പറയുന്നു. ഇതിന്റെ പരിചരണം  സോണിറ്റും മകള്‍  ഏഴാംക്ലാസുകാരി മരിയയുമാണ് ഏറ്റെടുത്തിരിക്കുന്നത്.  പച്ചക്കറി വില്‍ക്കുന്നുമുണ്ട്. ടെറസിനോടുചേര്‍ന്നു മഴക്കാലകൃഷിക്കായി പോളിഹൗസ് പോലൊന്നുണ്ടാക്കിയിട്ടുണ്ട്. വമ്പന്‍ മുതല്‍മുടക്കിലൊന്നുമല്ല ഇത്.
തട്ടു തട്ടായി ഒരുക്കിയ കൃഷിഭൂമി. ചെറിയ കയ്യാലകള്‍  വച്ചിരിക്കുന്നു. വാഴ, തെങ്ങ്, മരച്ചീനി, കമുക്- ഇവയെല്ലാം പറമ്പിന്റെ ഹരിതഭംഗി കൂട്ടുന്നു. വീടിനു ചുറ്റും ഔഷധച്ചെടികള്‍ വളര്‍ത്തുന്നു. ഈ പറമ്പില്‍ വീഴുന്ന ഒരു തുള്ളി മഴവെള്ളം പോലും പാഴാകില്ല. പറമ്പിനെ തട്ടുകളാക്കി മാറ്റി വെള്ളം ശേഖരിക്കുന്നു. മഴവെള്ളം മുഴുവന്‍ മഴവെള്ളസംഭരണിയിലേക്കും  കുളങ്ങളിലേക്കും വന്നുചേരുന്നു.മീന്‍ വളര്‍ത്തലിനായി എണ്‍പതിനായിരം ലിറ്റര്‍ കൊള്ളാവുന്ന ടാങ്കാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ നാല്പതിനായിരം ലിറ്റര്‍ കൊള്ളാവുന്ന മറ്റൊരു ടാങ്ക് മത്സ്യക്കൃഷിക്കായി മാത്രവും. മൂന്ന് വലിയ കുളങ്ങളും രണ്ടു ചെറിയ കുളങ്ങളും കൂടി മത്സ്യകൃഷിക്കായി നിര്‍മിച്ചിരിക്കുന്നു. കരിമീന്‍, ഗൗരാമി, കട്‌ല, രോഹു, മൃഗാല്‍, പുഴമത്സ്യങ്ങള്‍,ആഫ്രിക്കന്‍മുഷി, മനഞ്ഞില്‍,തിലോപ്പിയ, ആരോന്‍, അലങ്കാരമത്സ്യങ്ങള്‍ തുടങ്ങിയവ കുളത്തില്‍ തത്തിക്കളിക്കുന്നു. ഗൗരാമിയാണ് ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മീന്‍. ഒരു കുഞ്ഞിനു 15 രൂപയ്ക്കാണ്  വില്‍ക്കുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട്  ഒരു ടാങ്ക് കുളത്തിനുള്ളിലുണ്ടാക്കി. പുഴയില്‍നിന്നു ശേഖരിച്ച  ഉരുളന്‍കല്ലുകളും പുല്ലും ചേര്‍ത്തുവച്ചു ഗൗരാമിക്കു  മുട്ടയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.  ഇതുവഴി ഓരോ പ്രജനനത്തിലും രണ്ടായിരത്തിലധികം  ഗൗരാമിക്കുഞ്ഞുങ്ങളെയാണു കിട്ടുന്നത്. ചെലവു കുറഞ്ഞ പരിചരണരീതിയാണിവിടെ. തീറ്റച്ചെലവ് തീരെയില്ല.കപ്പ, ചേമ്പ്, പപ്പയ എന്നിവയുടെ ഇലകളും പുല്ലുമൊക്കെയാണ് മത്സ്യത്തിനു  തീറ്റയായി കൊടുക്കുന്നത്. കൂടാതെ അടുക്കള അവശിഷ്ടങ്ങളും . വര്‍ഷം തോറും അരലക്ഷം രൂപയുടെ മത്സ്യക്കുഞ്ഞുങ്ങളെ ജോളിക്കു വില്‍ക്കാന്‍ കഴിയുന്നുണ്ട്.

മണ്ണിരകമ്പോസ്റ്റ് നിര്‍മാണത്തിലും  ജൈവകൃഷിയിലും  ജോളി സജീവമാണ്. അടുക്കളയോടു ചേര്‍ന്നുള്ള ഷെഡില്‍ ആറോളം വലിയ കളങ്ങളിലാണ് മണ്ണിര കമ്പോസ്റ്റിന്റെ നിര്‍മാണം.   തൊടുപുഴ നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ഇവിടെ ഈച്ചയോ ദുര്‍ഗന്ധമോ ഇല്ലെന്നത് മാലിന്യസംസ്‌കരണം എത്രമാത്രം പരിസ്ഥിതി സൗഹൃദപരമായി ചെയ്യാമെന്നു വ്യക്തമാക്കുന്നു. മത്സ്യമാര്‍ക്കറ്റിലെയും പച്ചക്കറി മാര്‍ക്കറ്റിലെയും മാലിന്യം, വിളവെടുത്ത വാഴയുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഉപയോഗപ്പെടുത്തുന്നു. മൂന്നു മാസം കൂടുമ്പോള്‍ ഒരു ടണ്‍ മണ്ണിരകമ്പോസ്റ്റ് ലഭിക്കും. ഇതുവഴി കൃഷിക്കാവശ്യമായ വളം ലഭിക്കുന്നുവെന്നു മാത്രമല്ല,  ആവശ്യക്കാര്‍ക്കു വിറ്റ് വരുമാനം നേടാനും സാധിക്കുന്നു. ഒരു കിലോയ്ക്കു പതിനഞ്ചു രൂപയാണ് വില. ചാക്കില്‍ വളം നിറയ്ക്കാനും മാലിന്യം ഇളക്കാനും  മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്‍ മാത്യൂസും മകള്‍ മരിയയുമാണു നിഴലുപോലെ അപ്പന്റെ കൂടെയുള്ളത്.
ചെറുതേന്‍ നിര്‍മാണം മറ്റൊരു വരുമാനം. വീടിനു ചുറ്റുമായി എഴുപത് കോളനികള്‍.  ഇവയ്ക്കു വേണ്ടി മുറ്റത്ത് നാലുമണിച്ചെടി വളര്‍ത്തുന്നു. വീടിനെ മനോഹരിയാക്കി മാറ്റുന്ന ഈ ചെടികള്‍ തേനീച്ചയ്ക്കുവേണ്ടിക്കൂടിയാണെന്ന് പലര്‍ക്കുമറിയില്ല.  നഗരമാലിന്യം ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനും ജോളി ഉപയോഗിക്കുന്നുണ്ട്.നാലു ഘനമീറ്ററിന്റെ പ്ലാന്റാണ് ഇവിടുള്ളത്. പാചകവാതകമില്ലാത്ത നാട്ടുകാര്‍ നട്ടംതിരിയുമ്പോള്‍ ജോളി ഹാപ്പിയാണ്. ഇവിടെ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഏല്‍ക്കാറില്ല. എപ്പോഴും വെളിച്ചം നല്കാന്‍ സോളാര്‍പാനലുണ്ട്.  വീടിനുള്ളിലെ ലൈറ്റുകളും  ഫാനും  സോളാറിലൂടെ പ്രവര്‍ത്തിക്കുന്നു. വലിയ മുതല്‍മുടക്കൊന്നുമില്ല. ഹെവിലോഡ് കൊടുക്കുമ്പോഴാണ് സോളാര്‍സംവിധാനം പരാജയമാകുന്നതെന്ന് ജോളി പറയുന്നു. സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനത്തിന് അത്യാവശ്യം വേണ്ട സാധനങ്ങള്‍ സംഘടിപ്പിച്ചു ജോളി തന്നെ ഒരുക്കിയ സംവിധാനമാണ് ഇവിടുള്ളത്. ഇതു കൊണ്ടു വീടിനു ഒരു വെളിച്ചമുണ്ടെന്ന് ആരും പറയും.
 ഇതിനകം നിരവധി അവാര്‍ഡുകള്‍ ഈ യുവാവിനെ തേടിയെത്തി. സംസ്ഥാന  ജൈവകര്‍ഷകസമിതിയുടെ  ജില്ലാതല അക്ഷയശ്രീ അവാര്‍ഡ്, ഗാന്ധിജി സ്റ്റഡി സെന്ററിന്റെ   പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ്,  കാഡ്‌സിന്റെ  വിത്തുത്സവത്തില്‍  പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ്-ഇവയെല്ലാം ജോളിയെ തേടി എത്തിയ അംഗീകാരമാണ്. മകള്‍ മരിയയും  കാര്‍ഷിക രംഗത്ത് അപ്പന്റെ പാതയിലാണ്. സംസ്ഥാനതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ബെസ്റ്റ് വെജിറ്റബിള്‍ ഗാര്‍ഡന്‍ അവാര്‍ഡ്  2012-13ല്‍ നേടിയത് ഈ കൊച്ചുമിടുക്കിയാണ്.  ഫോണ്‍: 9447613494.


ജോണ്‍സണ്‍ വേങ്ങത്തടം
ദീപിക, തൊടുപുഴ2013 ജൂണ്‍ ലക്കം കര്‍ഷകനില്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment