Thursday, 22 January 2015

കാക്കിക്കുള്ളിലെ കര്‍ഷകര്‍ ഉണര്‍ന്നപ്പോള്‍ കൊയ്തതു നൂറുമേനി

ചേര്‍ത്തല സ്റ്റേഷനുമുന്നില്‍ 
പോലീസിന്റെ നേതൃത്വത്തില്‍ 
നടത്തുന്ന കൃഷിയിടത്തില്‍ 
ഡിവൈഎസ്പി 
കെ.ജി.ബാബുകുമാര്‍ 
സന്ദര്‍ശിക്കുന്നു. 

ചേര്‍ത്തല: കാക്കിക്കുള്ളിലെ കര്‍ഷകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കൊയ്തതു നൂറുമേനി. ചേര്‍ത്തല പോലീസ് സ്റ്റേഷനുമുന്നിലെ കൃഷിയിടത്തില്‍ ഇത്തവണ വിളഞ്ഞതു നാടന്‍ പയറും വെണ്ടയും.

ഒരു വര്‍ഷം മുമ്പ് ജില്ലാ പോലീസ് സൂപ്രണ്ടാണ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നാടന്‍ കൃഷികള്‍ ചെയ്യാന്‍ പ്രോത്സാഹനം നല്‍കിയത്. കമ്യൂണിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ആദ്യം നടത്തിയ കപ്പ കൃഷിയില്‍ വിളവെടുത്തപ്പോള്‍ അത് വാങ്ങുവാന്‍ ആളേറെയുണ്ടായതാണ് കൃഷി ചെയ്യാന്‍ വീണ്ടും പ്രചോദനമായത്.  ട്രാഫിക് എഎസ്‌ഐ ആയ കെ. ശിവപ്രസാദാണ് കൃഷികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ചേര്‍ത്തല സ്റ്റേഷനില്‍ നിന്നും എസ്‌ഐ ആയി റിട്ടയര്‍ ചെയ്ത മോഹന്‍ദാസില്‍ നിന്നുമാണ് ഇത്തവണ കൃഷിക്കുവേണ്ട വിത്തുകള്‍ സംഭരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന സൂപ്പര്‍ ലൈറ്റ്, രേണു ഇനങ്ങളിലുള്ള വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. ചകിരിച്ചോറും, ചാരവും, കോഴികാഷ്ഠവും മാത്രമാണ് ഇതുവരെ വളമായി പ്രയോഗിച്ചത്. ആദ്യവിളവെടുപ്പ് നടത്തിയപ്പോള്‍ നാല്പത് കിലോയോളം പയര്‍ ലഭിച്ചിരുന്നു. ജീവനക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നടന്ന വിളവെടുപ്പില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റാണ് ലഭിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ചേര്‍ത്തല ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍ നിര്‍വഹിച്ചു. ആലപ്പുഴയില്‍ നടത്തിയ അഗ്രോ ഫെസ്റ്റില്‍ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ വിളയിച്ച പയറിന് ഒന്നാം ലഭിച്ചത് ചേര്‍ത്തലയിലെ പോലീസുകാര്‍ക്ക് ഉണര്‍വേകിയിരിക്കുകയാണ്.

No comments:

Post a Comment