Friday, 27 February 2015

രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കി ദമ്പതികള്‍


ഐബിന്‍ കാണ്ടാവനം


 അമ്പിളി തന്റെ തോട്ടത്തില്‍
പഴവര്‍ഗങ്ങളും പച്ചക്കറികളും നിറഞ്ഞ ഏദന്‍ തോട്ടം. ഇതുതന്നെയാണ് തിരുവനന്തപുരം വെഞ്ഞാറുംമൂട് അയിരൂര്‍കോണത്തുപുത്തന്‍വീട്ടില്‍ ഡോ. ഉത്തമന്റെയും ഭാര്യ അമ്പിളിയുടെയും രണ്ടരയേക്കറോളം വരുന്ന പുരയിടത്തിനു ചേരുന്ന പേര്. കാരണം ഈ പുരയിടത്തിലില്ലാത്ത ഫലവൃക്ഷങ്ങള്‍ ഒന്നുംതന്നെയില്ലെന്നു പറയാം. ഇവരുടെ മകന്‍ അനീഷ് ഫേസ്ബുക്കിലെ കര്‍ഷകരുടെ കൂട്ടായ്മയായ കൃഷിഗ്രൂപ്പില്‍ അംഗമായതോടുകൂടി പുരയിടത്തിലെ ഫലവൃക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതോടെ അപൂര്‍വ ഇനങ്ങളായ വിവിധയിനം പച്ചക്കറികളും പുരയിടത്തില്‍ സ്ഥാനം പിടിച്ചു.


കമ്മല്‍, മാലിമുളക്, ഭൂത് ഇലോക്യ, അഞ്ചിനം കാന്താരി തുടങ്ങി 25 ഇനം മുളക്, 14 അടി വളരുന്ന പ്രത്യേകതരം ചീര പൂവിടാന്‍ ഒരു വര്‍ഷമെടുക്കും. അട്ടപ്പാടി ആദിവാസി സമൂഹങ്ങളുടെ കൃഷിയിടങ്ങളിലാണ് ഇവ കാണാറ്. പുള്ളിക്കുത്ത് രോഗം ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.  24മണി, സീബ്ര, കഞ്ഞിക്കുഴി, മീറ്റര്‍, വൈജയന്തി തുടങ്ങി പത്തോളം പയര്‍ ഇനങ്ങള്‍, വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത ഔഷധമൂല്യമുള്ള മൂന്നിനം പാവല്‍ തുടങ്ങി വിവിധയിനം പച്ചക്കറികള്‍ ഇവിടെ യഥേഷ്ടം വിളയുന്നു.

വിവിധ ഇനം ഫലവര്‍ഗങ്ങള്‍ ഇവിടെയുണ്ടെങ്കിലും അധികവും വിദേശികളാണ്. മാംഗോസ്റ്റിന്‍, ഫിലോസാന്‍, റംബൂട്ടാന്‍, മൂട്ടിപ്പഴം, ലോക്കട്ട് തുടങ്ങിയവ ഈ പുരയിടത്തില്‍ ആദ്യം എത്തിച്ചത് ഡോ. ഉത്തമനാണ്. പിന്നീട് ഇതിന്റെ മേല്‌നോട്ടം അമ്പിളി ഏറ്റെടുക്കുകയായിരുന്നു. കൃഷിയോടുള്ള അടുപ്പം മക്കളായ അനീഷിനെയും മനീഷിനെയും കൃഷിയിടത്തില്‍ നൂതന രീതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചു. തങ്ങളുടെ തോട്ടത്തിലില്ലാത്ത ഫലവൃക്ഷങ്ങളും പച്ചക്കറികളും തോട്ടത്തിലെത്തിക്കാന്‍ ഇവര്‍ ശ്രമിക്കാറുമുണ്ട്.

നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത നിരവധി ഫലവൃക്ഷങ്ങളാണ് മറ്റൊരു പ്രത്യേകത. പോണ്ട് ആപ്പിള്‍, കെവാനോ മെലന്‍, റൊളിന, ബെറിബ, ഐസ് സ്ക്രീം ബീന്‍സ്, ഡുക്കു, ലംഗ്ഷഡ്, ദുരിയാന്‍, മക്കോട്ട ദേവ, വംശനാശഭീഷണിയുള്ള മാവിനമായ മാംഗിഫെറ പജാംഗ്, ചെറി മാംഗോസ്റ്റിന്‍, അച്ചാറച്ചു, അക്കി, ബനാന പാഷന്‍ ഫ്രൂട്ട്, കാസാ ബനാന, ഗാക്ക്, ചെമ്പടക്ക് (ചക്ക), തായ്‌ലന്‍ഡ് ആപ്പിള്‍ ബെര്‍, പമിലോ, തായ്‌ലന്‍ഡ് ഞാവല്‍, ആറിനം ചെറി, വിവിധയിനം പേരകള്‍ തുടങ്ങിയവ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നെത്തിച്ചിട്ടുള്ളവയാണ്. ആകെ 150 ഇനങ്ങളോളം ഫലവൃക്ഷങ്ങളാണ് ഈ തോട്ടത്തിലുള്ളത്. ആവശ്യക്കാര്‍ക്കായി ഇപ്പോള്‍ വിദേശത്തുനിന്നു നേരിട്ട് വരുത്തി നല്കുന്നുണ്ട്. നേരിട്ടു വരുത്തുന്നതിലൂടെ ഗുണമേന്മ നഷ്ടപ്പെടാറില്ല. ഒപ്പം സാമ്പത്തികച്ചെലും കുറവാണ്. തായ്‌ലന്‍ഡിലുള്ള സുഹൃത്ത് മുഖേനയാണ് അനീഷ് വിത്തുകളും തൈകളും ഇവിടെത്തിക്കുന്നത്.

കെവാനോ മെലന്‍.
ആട്ടിന്‍കാഷ്ടമാണ് പ്രധാനമായും വളമായി നല്കുന്നത്. ഫലവൃക്ഷങ്ങള്‍ക്കു പൂര്‍ണമായും ജൈവകൃഷി പ്രായോഗികമല്ലാത്തതിനാല്‍ ചെറിയതോതില്‍ യൂറിയയും പൊട്ടാഷും നല്കുന്നുണ്ട്. എല്ലുപൊടി, ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത മിശ്രിതം തുടങ്ങിയവയും നല്കുന്നു. വൃക്ഷങ്ങള്‍ പൂവിടുന്ന സമയത്ത് ഫിഷ് അമിനോ ആസിഡും നല്കും.

കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച വനിതാ കര്‍ഷകയ്ക്കുള്ള സബര്‍മതി ട്രസ്റ്റ് അവാര്‍ഡ്, ഭാരത് സേവാ സമാജ് അവാര്‍ഡ് എന്നിവ അമ്പിളിക്കു ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫലവൃക്ഷത്തോട്ടം കാണാനും കൃഷിയെപ്പറ്റി അടുത്തറിയാനുമായി നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. പരമ്പരാഗത കാര്‍ഷിക രീതികള്‍ക്കും വിളകള്‍ക്കുമൊപ്പം നൂതനമായ ആശയങ്ങള്‍ കൃഷിയിടത്തില്‍ വരുത്തേണ്ടത് നാളെയുടെ ആവശ്യമാണ്. കൃഷിരീതികള്‍ മനസിലാക്കാന്‍ സമീപിക്കുന്നവരെ സഹായിക്കാന്‍ അനീഷിനു മടിയില്ല.

എരുമപ്പാവല്‍
കാര്‍ഷിക രംഗത്തെ പുത്തന്‍ മാറ്റങ്ങള്‍ക്കു ഫേസ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. മാറിയ ജീവിത സാഹചര്യത്തില്‍നിന്നു പഴമയുടെയും കാര്‍ഷിക സംസ്കാരത്തിലേക്കും തിരികെ നടക്കാന്‍ താല്പര്യപ്പെടുന്ന മലയാളികള്‍ക്ക് ഡോ. ഉത്തമന്റെയും കുടുംബത്തിന്റെയും കാര്‍ഷിക ജീവിതം ഒരു പ്രചോദനമാകട്ടെ..

അനീഷ്: 9995058625   

1 comment:

  1. നന്നായിരിക്കുന്നു

    ReplyDelete