Thursday, 19 February 2015

സുധീറിന്റെ ടെറസില്‍ വിളയുന്നത് വിഷമില്ലാത്ത പച്ചക്കറി

ഐബിന്‍ കാണ്ടാവനം

സുധീര്‍ ടെറസിലെ കുട്ടിപ്പടവലത്തോടൊപ്പം...
വിസ്തൃതമായ പുരയിടം തരിശായി കിടക്കുമ്പോഴും ഭക്ഷണത്തിനായി മാര്‍ക്കറ്റിലേക്കോടുന്ന പ്രവണതയാണ് പൊതുവേ മലയാളികള്‍ക്കുള്ളത്. ഈ ശീലംതന്നെയാണ് അന്യസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന നിലവാരം കുറഞ്ഞ പച്ചക്കറികളുടെ പൊതു മാര്‍ക്കറ്റായി കേരളം മാറാന്‍ ഇടയാക്കിയത്.

വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന പ്രവണത വളരെ സാവധാനത്തിലാണെങ്കിലും മലയാളികളിലേക്ക് കടന്നുവരുന്നത് പ്രശംസയര്‍ഹിക്കുന്നു.


ജോലിത്തിരക്കുകളിലും കൃഷിയെ സ്‌നേഹിക്കുന്ന സുധീര്‍ എന്ന ചെറുപ്പക്കാരനെയാണ് 'കൃഷിബുക്ക്' ഇത്തവണ പരിചയപ്പെടുത്തുന്നത്. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം പള്ളിക്കുന്നേല്‍ സുധീറിന് വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന ശീലം വര്‍ഷങ്ങളായില്ല. ഇദ്ദേഹത്തിന്റെ കൃഷിയിടം വീടുതന്നെയാണ്. വീടിന്റെ ടെറസില്‍ പയര്‍, വള്ളരി, പാവല്‍, കുട്ടിപ്പടവലം, മുളക്, കാപ്‌സിക്കം, മത്തന്‍, കുമ്പളം, തക്കാളി, വെണ്ട തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ കരുത്തോടെ വളര്‍ന്നു നില്ക്കുന്നു.
ഇലക്ട്രീഷ്യൂാണെങ്കിലും സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി കഴിക്കണം എന്നുള്ള ആഗ്രഹമാണ് സുധീറിനെ ടെറസില്‍ അടുക്കളത്തോട്ടം ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. ഗ്രോ ബാഗുകളിലാണ് സുധീറിന്റെ കൃഷി. ബാഗുകളില്‍ മണ്ണ്, ചകിരിച്ചോറ്, വേപ്പിന്‍പിണ്ണാക്ക് എന്നിവ മിക്‌സ് ചെയ്താണ് നിറയ്ക്കുന്നത്.

ബാഗും ടെറസും നേരിട്ട് സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ഓട് അടിയില്‍ വച്ചശേഷമാണ് ബാഗ് വച്ചത്. വെണ്ട, മുളക്, ക്യാപിസിക്കം തുടങ്ങിയവ അരമീറ്റര്‍ അകലത്തിലാണ് വയ്ക്കുക. പയര്‍, പവല്‍ എന്നിവ രണ്ടുമീറ്റര്‍വരെ അകലം നല്കും.

പാവലിനും പയറിലും പന്തലിനായി ടെറസില്‍ പൈപ്പ് ഉറപ്പിച്ചശേഷം നെറ്റ് കെട്ടുയാണ് ചെയ്തത്. ഇത് കൂടുതല്‍ കാലം നിലനില്ക്കുകയും ചെയ്യും. തക്കാളിക്ക് താങ്ങ് ആവശ്യമായതിനാല്‍ ചെടി വച്ചിരിക്കുന്ന നിരയുടെ നീളത്തില്‍ പൈപ്പ് ഘടിപ്പിച്ചശേഷം ചെടി അതിലേക്കു ചേര്‍ത്തു കെട്ടുകയാണ് ചെയ്യുന്നത്.

രാവിലെയും വൈകിട്ടുമായി രണ്ടു നേരം നനയ്ക്കും. വളമായി കടലപ്പിണ്ണാക്ക്, ചാണകം, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് പുളിപ്പിച്ച മിശ്രിതം നേര്‍പ്പിച്ച് ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ നല്കും.

ഇത് നല്കുന്നതുകൊണ്ട് വിളവില്‍ നല്ല വര്‍ധനവുണ്ടെന്നു സുധീര്‍ പറയുന്നു. കീടങ്ങളുടെ ശല്യം അങ്ങനെ കാര്യമായി ഉണ്ടാവാറില്ല എന്നതുകൊണ്ട് കീടനാശിനിപ്രയോഗിക്കേണ്ടി വന്നിട്ടില്ല.

വീട്ടാവശ്യത്തിനായി പച്ചക്കറികൃഷി തുടങ്ങിയതാണങ്കിലും കൂടുതല്‍ വിളവുള്ളപ്പോള്‍ മാര്‍ക്കറ്റില്‍ വില്ക്കാറില്ല. ബന്ധുക്കള്‍ക്കു നല്കുകയാണ് പതിവ്. ടെറസിലെ അടുക്കളത്തോട്ട പരിപാലനത്തില്‍ സുധീറിനിനെക്കൂടാതെ മാതാവ് സുലൈഖ, ഭാര്യ ഷബ്‌ന, മകന്‍ അമന്‍, സഹോദര ഭാര്യ ഷെഹ്‌ന എന്നിവരും മുന്നിലുണ്ട്. അടുക്കളയിലേക്കുള്ള പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്ന സുധീര്‍ ഏവര്‍ക്കും മാതൃകയാവട്ടെ...
സുധീര്‍: 9746447447

No comments:

Post a Comment