Tuesday, 17 February 2015

മട്ടുപ്പാവിലെ കൃഷിക്ക് കൈത്താങ്ങാകാന്‍ കുടുംബശ്രീ കര്‍മസേന

മട്ടുപ്പാവിലെ കൃഷിക്ക് കൈത്താങ്ങാകാന്‍ കുടുംബശ്രീ കര്‍മസേന
തിരുവനന്തപുരം: മട്ടുപ്പാവില്‍ കൃഷി ചെയ്യാന്‍ വീട്ടമ്മമാര്‍ക്ക് കൈത്താങ്ങുമായി 'ജൈവ ഹരിത വിപ്ലവ'വുമായി കുടുംബശ്രീ. കുറഞ്ഞ സ്ഥലവും സമയവും ഉപയോഗിച്ച് കുടുംബത്തിനാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ വീട്ടമ്മമാരെ സഹായിക്കാനാണ് പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്‍ രംഗത്തുള്ളത്.

ജൈവ ഹരിത വിപ്ലവം പദ്ധതിയില്‍പെടുത്തി 'ടെറസ് ഫാമിംഗ് പ്രൊമോഷണല്‍ പ്രോഗ്രാം' എന്ന പേരില്‍ നഗരഹൃദയത്തിലെ 10 വീടുകളില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഇന്നലെ നടന്നു. വലിയവിള അരയല്ലൂര്‍ റസിഡന്റ്‌സ് അസോസിയേഷനിലെ 10 വീടുകളിലെ മട്ടുപ്പാവില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു.

കളക്ടറുടേതുള്‍പെടെ 10 വീടുകളിലാണ് വിജയകരമായി മട്ടുപ്പാവില്‍ കുടുംബശ്രീ സഹായത്തോടെ ഗ്രോ ബാഗുകളില്‍ കൃഷി നടത്തിയത്.

ഗ്രോബാഗ് കൃഷി വ്യാപകമാണെങ്കിലും ഇവ കൃത്യമായ സംരക്ഷണവും മാര്‍ഗനിര്‍ദേശവും ലഭിക്കാത്തതിനാല്‍ പലേടത്തും വിജയമാകാറില്ല. ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കാനാണ് കുടുംബശ്രീയുടെ കാര്‍ഷിക കര്‍മസേന സഹായിക്കുന്നത്. ഗ്രോ ബാഗുകള്‍ സ്ഥാപിക്കുന്നതുമുതല്‍ കര്‍മസേനയും അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകളും സഹായത്തിനുണ്ടാകും.

25 ബാഗുകളും ജൈവവളകിറ്റും, ഡ്രിപ്പ് ഇറിഗേഷന്‍ സൗകര്യവും ആദ്യം ഇവര്‍ സ്ഥാപിക്കും. തുടര്‍ന്ന് ആവശ്യമായ പരിചരണം ചെടികളുടെ വളര്‍ച്ചക്കനുസരിച്ച് നല്‍കും.

ഇതുമൂലം തിരക്കുകള്‍ക്കിടയിലും വീട്ടമ്മമാര്‍ക്ക് സ്വന്തം വീട്ടിലെ കൃഷി കൃത്യമായും വിജയകരമായും നടത്താനാകും.

കഴിഞ്ഞ ഡിസംബര്‍ ഏഴിന് വലിയവിളയില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പാണ് ഇന്നലെ നടന്നത്. കുടുംബശ്രീ ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ്) പി.ആര്‍. ശ്രീകുമാര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. സിനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വീട്ടമ്മമാര്‍ക്ക് സഹായത്തിനൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് ഒരു സ്ഥിരവരുമാനമാര്‍ഗം കൂടിയായാവുകയാണ് കാര്‍ഷിക കര്‍മസേനയുടെ ലക്ഷ്യം.

പത്തോ പതിനഞ്ചോ വീടുകളുണെ്ടങ്കില്‍ ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളില്‍ ഗ്രോ ബാഗ് സ്ഥാപിക്കലും പരിചരണവും ഏറ്റെടുക്കാന്‍ കുടുംബശ്രീയിലെ കര്‍മസേന തയാറാണ്. പൈലറ്റ് പദ്ധതിയുടെ വിജയത്തെത്തുടര്‍ന്ന് ജില്ലയിലെ മറ്റു മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കര്‍മസേന.

News Courtesy: http://www.deepika.com/localnews/Localdetailnews.aspx?id=34998&Distid=KL1#sthash.bAeHrzcl.dpuf

No comments:

Post a Comment