Saturday, 7 March 2015

വേനല്‍ച്ചൂടില്‍ കറവമാടുകള്‍ക്കും കോഴികള്‍ക്കും കരുതല്‍


പ്രതിരോധശേഷി വളരെക്കുറയാന്‍ സാധ്യതയുള്ള വേനല്‍ക്കാലം തുടങ്ങുന്നതിനുമുമ്പേ ഉരുക്കള്‍ക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും  ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരിക്കണം. നേരിട്ടുള്ള സൂര്യവികിരണങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിന് പശുക്കളെയും, എരുമകളെയും രാവിലെ ഒമ്പതിനു മുമ്പോ വൈകിട്ട്  മൂന്നിനു ശേഷമോ മാത്രമേ മേയാന്‍ അനുവദിക്കാവൂ. 


അതില്‍തന്നെ മൂന്നിനു ശേഷമുള്ള മേയലാണ് അഭികാമ്യം. കാരണം, ദഹനപ്രക്രിയമൂലം ഉണ്ടാകുന്ന ചൂട് അധികമായി പുറത്തുവിടുന്നത്  അന്തരീക്ഷ ഊഷ്മാവ് ഏറ്റവും ഉയര്‍ന്നിരിക്കുന്ന  ഉച്ചനേരങ്ങളില്‍ ആവാതിരിക്കാന്‍ ഇതു സഹായിക്കുന്നു. മേച്ചില്‍ സ്ഥലങ്ങളിലും തൊഴുത്തിലും കുടിക്കാനുള്ള വെള്ളം എപ്പോഴും ലഭ്യമാക്കണം.  ശരീര ഊഷ്മാവ് ഓരോ ഡിഗ്രി കൂടുമ്പോഴും  ഒരു കിലോഗ്രാംവീതം തീറ്റയെടുക്കുന്നതില്‍  കുറവ് വരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്.  കഴിക്കുന്ന ആഹാരത്തിന്റെ അളവു കുറയുന്ന അവസരത്തില്‍  അതിന്റെ ഗുണമേന്മ കൂടുകയെന്നത്  കുറവു നികത്താന്‍ സഹായിക്കും.  മാംസ്യവും പൂരിത കൊഴുപ്പുകളും ഉയര്‍ന്ന  അളവില്‍ അടങ്ങിയ പരുത്തിക്കുരുവും മുന്തിയ മാംസ്യ സ്രോതസായ ബൈപ്പാസ് പ്രോട്ടീനുകളും ഈ കാലഘട്ടത്തില്‍  കൊടുക്കുന്നത് പാലുത്പാദനത്തിന് ഏറെ സഹായകമാകും.    
കൂടാതെ വിറ്റാമിനുകളും ധാതുക്കളും  അടങ്ങുന്ന മിശ്രിതം നിശ്ചിത അളവില്‍ നിത്യേന നല്‍കുന്നതും നല്ലതാണ്. പുല്ലിന്റെ ദൗര്‍ലഭ്യം നികത്തുന്നതിനായി  അധികമായി കഞ്ഞി ഈ കാലഘട്ടങ്ങളില്‍  കറവമാടുകള്‍ക്ക് നല്‍കുന്നത് ആശാസ്യമല്ല. പതിവായി ശീലിപ്പിച്ച അളവില്‍ കൂടുതലായി കഞ്ഞി നല്‍കിയാല്‍ പച്ചപ്പുല്ലിന്റെ അഭാവത്തില്‍ ആമാശയത്തിലെ അമ്ലത വര്‍ധിക്കുവാനും, അത് പശുവിന്റെ ആരോഗ്യത്തെ അപകടകരമാംവിധം  ബാധിക്കുവാനും ഇടയാക്കുന്നു.

പച്ചപ്പുല്ലിന്റെ അഭാവത്തിലുണ്ടാകുന്ന ആമാശയത്തിലെ അമ്ലത ഒരു വേനല്‍ക്കാല പ്രശ്‌നമായതിനാല്‍ അത് ഒഴിവാക്കുന്നതിനായി സോഡിയം ബൈ കാര്‍ബണേറ്റും, മഗ്നീഷ്യം ഓക്‌സൈഡും 3:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം കാലിത്തീറ്റയില്‍ ഒന്നു മുതല്‍ ഒന്നര ശതമാനംവരെ ചേര്‍ത്ത് ഈ കാലഘട്ടങ്ങളില്‍ നല്‍കാവുന്നതാണ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ കറവമാടുകളെ തൊഴുത്തിലോ തണലുള്ളിടത്തോ നിറുത്തേണ്ടതാണ്. എരുമകളെ ജലാശയങ്ങളില്‍ മുങ്ങിക്കിടക്കാന്‍ അനുവദിക്കുന്നതാണ് അഭികാമ്യം. ഈ അവസരങ്ങളില്‍ രണ്ടുപ്രാവശ്യമെങ്കിലും ശരീരത്തില്‍ വെള്ളം തളിക്കണം. തൊഴുത്തുകളില്‍ പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയില്‍ ഷവറുകള്‍ ഘടിപ്പിക്കുന്നതിനും, ചൂട് കൂടുന്ന സമയങ്ങളില്‍ മൂന്നു മിനിറ്റ് നേരത്തേക്ക് രണ്ടു മണിക്കൂര്‍ ഇടവിട്ട് വെള്ളം തുറന്നിടുന്നതും ഏറെ ഗുണം ചെയ്യും.    
കടുത്ത വേനലില്‍  കോഴികള്‍ക്ക് ഏറെ കരുതല്‍ ആവശ്യമാണ്.  കിഴക്കുപടിഞ്ഞാറ് ദിശയില്‍  പണിതിരിക്കുന്ന ഷെഡുകളില്‍ ചൂട് കുറവായിരിക്കും. ഷെഡിന്റെ ഉയരം കുറവാണെങ്കില്‍ ചൂട് അധികമായിരിക്കും.  അതിനാല്‍ ഷെഡ് പണിയുമ്പോള്‍ നടുവില്‍ മേല്‍ക്കൂരവരെ 3.3 മീറ്ററും വശങ്ങളില്‍ 1.8 മീറ്ററും ഉയരം നല്‍കണം. 

വശങ്ങളില്‍ അരഭിത്തിയുടെ ഉയരം ഒരടി മാത്രം മതി. ബാക്കിഭാഗം കമ്പിവല മതിയാകും. ഭിത്തിയില്‍നിന്ന് ഒരു മീറ്റര്‍ പുറത്തേക്ക് തള്ളല്‍ വേണം. ഷെഡിന്റെ വീതി ഒമ്പതു മീറ്ററിലധികം പാടില്ല. 6-7 മീറ്ററാണ് സാധാരണ വീതി. ചൂട് വെളിയിലേക്ക് വിടാന്‍ ഷെഡില്‍ എക്‌സോസ്റ്റ് ഫാന്‍ വയ്ക്കണം. മേല്‍ക്കൂര കോണ്‍ക്രീറ്റോ, ഷീറ്റോ ആണെങ്കില്‍  ചൂട് കൂടുതലായിരിക്കും. അതിനുമേല്‍ വൈക്കോല്‍ ഓല, പുല്ല്, ചാക്ക് തുടങ്ങിയവ ഇട്ടുകൊടുത്തതിനുശേഷം നനയ്ക്കുക. ഷീറ്റാണ് മേല്‍ക്കൂരയെങ്കില്‍ കുമ്മായമോ, വെള്ള പെയിന്റോ അടിക്കാം.  ഷെഡിനു ചുറ്റും തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കണം.  വായു സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാന്‍  വശങ്ങളിലെ കമ്പിവല തുടച്ചു വൃത്തിയാക്കണം. നനച്ച ചാക്കുകള്‍ കാറ്റിന്റെ ദിശയില്‍ തൂക്കിയിടുന്നതും  ചൂടു കുറയ്ക്കും.  തറയില്‍ പുതിയ ലിറ്റര്‍ വിരിക്കുകയും ദിവസം  രണ്ടു മൂന്നു തവണ  വിരി ഇളക്കി കൊടുക്കുകയും വേണം.

വേനല്‍ക്കാലത്തെ തീറ്റയും, തീറ്റക്രമവും ഏറെ പ്രധാനമാണ്.  ചൂട് കുറഞ്ഞ  രാവിലെയും വൈകിട്ടും തീറ്റ നല്‍കുക അതിരാവിലെ ഷെഡില്‍ വെളിച്ചം നല്‍കിയാല്‍ തീറ്റ നല്ലതുപോലെ തിന്നുകൊള്ളും.

ചൂട് കൂടുന്നതോടെ  കോഴികള്‍ തീറ്റയെടുക്കുന്നതിന്റെ അളവ്  കുറയുന്നതിനാല്‍  കൊടുക്കുന്ന തീറ്റ ഗുണമേന്മയുള്ളതാവണം.  തീറ്റ അല്‍പ്പം നനച്ചു നല്‍കാം.  പെല്ലറ്റ് തീറ്റയാണ് നല്ലത്.  മുട്ടക്കോഴികള്‍ക്ക് കക്ക നല്‍കുന്നത് മുട്ടത്തോടിന് കട്ടികൂടാന്‍ നല്ലതാണ.്  തണുത്ത ശുദ്ധജലം  സദാസമയവും ലഭ്യമാക്കണം.

ഐസ് കഷ്ണങ്ങള്‍ ഇട്ടുകൊടുത്ത്  വെള്ളം തണുപ്പിക്കാം. വാട്ടര്‍ ടാങ്കിലെ വെള്ളം ചൂടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളപ്പാത്രത്തിന്റെ  എണ്ണത്തില്‍ വര്‍ധനവ് വേണം.  ഷെഡിലെ സ്ഥല ലഭ്യത കൂട്ടണം. ഒരു ഇറച്ചിക്കോഴിക്ക് സാധാരണ നല്‍കാറുള്ള  ഒരു ചതുരശ്രയടി സ്ഥലത്തിനു പകരം 1.2 ചതുരശ്രയടി  സ്ഥലം  നല്‍കാം.  പ്രതിരോധ കുത്തിവെയ്പുകള്‍, മരുന്നുകള്‍ എന്നിവയും  അതിരാവിലേയോ വൈകുന്നേരമോ നല്‍കുന്നത് നല്ലത്. വിറ്റാമിനുകളും, ഇലക്‌ട്രോലൈറ്റുകളും അടങ്ങിയ ടോണിക്കുകള്‍ കുടിവെള്ളത്തില്‍ ചേര്‍ത്ത് നല്‍കുന്നത് വേനലില്‍ കുളിര്‍മ നല്‍കും.

ഡോ. സാബിന്‍ ജോര്‍ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളജ്
മണ്ണുത്തി
em-ail:drsabinlpm@yahoo.com

No comments:

Post a Comment