Friday, 20 March 2015

പാദസംരക്ഷണവും സമീകൃത തീറ്റയും

കാലികളുടെ കുളമ്പുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉത്പാദനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കും. കുളമ്പുകളുടെ സംരക്ഷണത്തില്‍  ഏറ്റവും പ്രധാനം സമീകൃത തീറ്റ ശാസ്ത്രീയമായ ക്രമത്തില്‍  നല്‍കുകയെന്നതാണ്.

പശുക്കളുടെ ആമാശയത്തിന്റെ ആദ്യ അറയായ റൂമന്റെ  അമ്ലക്ഷാരനില  കൃത്യമായി നിലനിര്‍ത്തുക  ഏറെ പ്രധാനമാണ്.  പാലുത്പാദനം ക്രമമായി വര്‍ധിക്കുന്ന  പ്രസവശേഷമുള്ള  രണ്ടുമൂന്നു മാസക്കാലം  ഇത് ഏറെ പ്രധാനമാണ്.
  ഈ സമയത്ത് കൂടുതല്‍ ഉത്പാദനം നേടാന്‍  അധികം ഊര്‍ജ്ജം പശുക്കള്‍ക്ക് ആവശ്യമുണ്ട്.   ഊര്‍ജ്ജം ഏറെ അടങ്ങിയ ധാന്യങ്ങളും  കഞ്ഞിയും മറ്റും നല്‍കിയാണ്  കര്‍ഷകര്‍ ഈ അവസ്ഥ കൈകാര്യം ചെയ്യുന്നത്.   എന്നാല്‍ ശീലമില്ലാത്ത ധാന്യാഹാരം  പെട്ടെന്ന് അമിതമായി നല്‍കുന്നത്  റൂമനിലെ അമ്ലങ്ങളുടെ  ഉത്പാദനം  കൂട്ടുന്നു.

നാരുകള്‍ കൂടുതലടങ്ങിയ  തീറ്റ പ്പുല്ലിന്റെയും  വൈക്കോലിന്റെയും കുറവ് ഈ പ്രശ്‌നത്തിന്റെ  രൂക്ഷത   കൂട്ടുന്നു. ഇങ്ങനെ അമ്ലനിലയിലുണ്ടാകുന്ന വര്‍ധന  രക്തത്തിലൂടെ  കുളമ്പുകള്‍ക്കിടയിലെ  മൃദു കോശങ്ങളെ  നശിപ്പിക്കുന്നു.   തന്‍ മൂലമുണ്ടാകുന്ന  വേദന തീറ്റയെടുപ്പിനേയും  അതുവഴി  ഉത്പാദനത്തെയും ബാധിക്കുന്നു.  അതിനാല്‍ പ്രസവശേഷമുള്ള  രണ്ടുമാസത്തെ  തീറ്റക്രമം സമീകൃതവും, ശാസ്ത്രീയവുമാകാന്‍ ശ്രദ്ധിക്കണം.
ഉയര്‍ന്ന  ഉത്പാദനക്ഷമതയുള്ള  പശുക്കള്‍ക്ക് ശാസത്രീയ മാര്‍ഗ നിര്‍ദ്ദേശപ്രകാരം  ധാതുലവണ മിശ്രിതങ്ങള്‍ നല്‍കണം. ഇതില്‍ കാല്‍സ്യമാണ് മുഖ്യം. കുളമ്പിലെ കോശങ്ങള്‍ നിര്‍മിക്കാന്‍ കാല്‍സ്യം ആവശ്യമുണ്ട്.

ഉത്പാദനം കൂടിയ പശുക്കളില്‍  കാല്‍സ്യം  പാലിലൂടെ  നഷ്ടപ്പെടുന്നതിനാല്‍ കുളമ്പു തേയ്മാനവും വിള്ളലുകളും പ്രത്യക്ഷപ്പെടുന്നു. ജീവകം എ, ഇ എന്നിവ ലഭ്യമാകുന്നതിന് സമൃദ്ധമായ പച്ചപ്പുല്ല്  ആവശ്യത്തിന് നല്‍കണം.  കുളമ്പിലെ കോശങ്ങളുടെ സംരക്ഷണത്തിലും  കരോട്ടിന്‍ നിര്‍മാ ണത്തിലും  വിറ്റമിന്‍ എ ആവശ്യമാണ്.  നാകം, ഗന്ധകം, മാംഗനീസ്, സെലീനിയം, ചെമ്പ്, കൊബാള്‍ട്ട്, അയഡിന്‍ തുടങ്ങിയ ധാതുക്കളും  പാദസംരക്ഷണത്തില്‍ ഏറെ പ്രധാനമാണ്.

കുളമ്പില്‍ കാണപ്പെടുന്ന വിള്ളലുകള്‍ യഥാസമയം  കണ്ടെത്തി പരിചരിക്കണം. കുളമ്പിലും  അടിയിലുള്ള ചര്‍മത്തിലും വേദനയോ, മുറിവുകളോ, പുഴുബാധയോ  ഉണ്ടോയെന്ന് പരിശോധിക്കണം.  മാഗ്‌സള്‍ഫ് ഗ്ലിസറിന്‍, അയഡിന്‍ ലേപനങ്ങള്‍ പുരട്ടി ഉണക്കേണ്ടതാണ്.
വ്രണങ്ങളില്‍  ഈച്ചകള്‍ മുട്ടയിടുന്ന അവസ്ഥയുണ്ടായാല്‍  പുഴുക്കള്‍ കാണപ്പെടും.  

ഈച്ചശല്യം ഒഴിവാക്കാന്‍ വേപ്പെണ്ണ പുരട്ടാം.  വിദഗ്ധന്റെ സഹായത്തോടെ കൃത്യമായ ഇടവേളകളില്‍ കുളമ്പ് ചെത്തിയൊരുക്കണം.
ധാതുലവണ മിശ്രിതം  അടങ്ങിയ സമീകൃ തീറ്റ  ഉറപ്പാക്കണം.   പ്രസവാനന്തരം ഊര്‍ജ്ജദായകമായ  തീറ്റ നല്‍കുമ്പോള്‍ അവ സമീകൃതവും  അമ്ലാശം അധികം  വര്‍ധിപ്പിക്കാത്തതുമാണെന്ന്  ഉറപ്പുവരുത്തണം.
ഇതിനായി  ബൈപാസ് പോഷകങ്ങള്‍ അടങ്ങിയ തീറ്റകള്‍ ഉപയോഗിക്കാം.


ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രഫസര്‍
വെറ്ററിനറി കോളജ്
മണ്ണുത്തി


No comments:

Post a Comment