Friday, 13 March 2015

കണിവെള്ളരി കൃഷിചെയ്യുന്നതിനു മുമ്പ് അല്പം കാര്യം

വേനല്‍ക്കാല വിളയായി അറിയപ്പെടുമെങ്കിലും എല്ലാക്കാലത്തും ക്യഷിചെയ്യാവുന്ന ഒരു വിളയാണ് കണിവെള്ളരി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളാവണം ഈ കൃഷിക്ക് തെരഞ്ഞെടുക്കാന്‍. ചെറിയ കായ്കള്‍ തരുന്ന സൗഭാഗ്യ, സ്വര്‍ണ വര്‍ണമുളള വലിയ കായ്കള്‍ തരുന്ന മുടിക്കോട് ലോക്കല്‍, അരുണിമ എന്നിവ അത്യുത്പാദന ശേഷിയുള്ള ഇനങ്ങളാണ്.ഒരു സെന്റില്‍ വെള്ളരി കൃഷി ചെയ്യാന്‍ 3 ഗ്രാം വിത്താണ് വേണ്ടത്.  വിത്തു പാകുന്നതിനു മുന്‍പ് സ്യുഡോമോണസ് അല്ലെങ്കില്‍ ട്രൈക്കോഡര്‍മയുമായി കലര്‍ത്തി നടുന്നത് ചെടിയുടെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ആഴത്തില്‍ മണ്ണ് ഉഴുതുമറിച്ച് കൃഷിക്കായുള്ള നിലമൊരുക്കാം. ചെടികള്‍ തമ്മിലുളള നടീല്‍ അകലം 2 ഃ 1.5 മീറ്റര്‍ (ചെടികള്‍ തമ്മില്‍  1.5 മീറ്ററും, വരികള്‍ തമ്മില്‍ 2 മീറ്ററും) പാലിക്കുകയാണെങ്കില്‍ പതിമൂന്ന് കുഴികള്‍ ഒരു സെന്റില്‍ എടുക്കാം. ഓരോ കുഴിയും രണ്ടടി വ്യാസത്തിലും ഒന്നരയടിയോളം താഴ്ചയിലും എടുക്കണം. കുഴിയില്‍ നന്നായി അഴുകിയ ജൈവവളം മേല്‍മണ്ണുമായി ചേര്‍ത്ത് ഇടുക. കൂടാതെ  ഒരു ചിരട്ട കുമ്മായവുംകൂടി ചേര്‍ത്തിളക്കി 5 മുതല്‍ 10 ദിവസം കഴിഞ്ഞ് വിത്ത് നടുക. ഒരു കുഴിയില്‍ 3 മുതല്‍ 5 വിത്ത് വരെ പാകാം.  വിതയ്ക്കുമ്പോള്‍ കുഴിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. വിത്തു മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു കുഴിയില്‍ രണ്ടോ മൂന്നോ കരുത്തുളള ചെടികള്‍ മാത്രം നിര്‍ത്തി ശേഷിക്കുന്നവ പറിച്ചുമാറ്റുക.
വലിയ കൃഷിത്തോട്ടങ്ങളില്‍ വെളളരിച്ചെടികളില്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടാകാന്‍, തൈകള്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഹോര്‍മോണ്‍ പ്രയോഗിക്കാവുന്നതാണ്.  അതിനായി എത്രല്‍ (എത്തഫോണ്‍ 39%) 3 മില്ലി ലിറ്റര്‍ പത്തു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി, ചെടിയുടെ രണ്ടില പരുവത്തിലും നാലില പരുവത്തിലും തളിച്ച് കൊടുക്കുക.  മീന്‍ അമിനോ അമ്ലം 2-5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍, രണ്ടില പരുവം മുതല്‍ ഓരോമാസവും ഇലയില്‍ തളിക്കുന്നതുവഴി കൂടുതല്‍ പെണ്‍പൂക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു.  ഇത് ചെറിയ കൃഷിത്തോട്ടങ്ങളില്‍ പ്രയോഗിക്കാവുന്നതാണ്.
  വളപ്രയോഗം യഥാസമയം അനുവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം.  അടിവളമായി ഒരു സെന്റ് സ്ഥലത്തേക്ക് 80 കി.ഗ്രാം ജൈവവളം നല്‍കാവുന്നതാണ്. ജൈവവളമായി ചാണകപൊടി, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് തുടങ്ങിയവ ഉപയോഗിക്കാം. വിത്തു നടുന്നതിന് 10 ദിവസംമുമ്പ് തടത്തില്‍ ട്രൈക്കോഡെര്‍മ, ചാണകവും വേപ്പിന്‍ പിണ്ണാക്കും ചേര്‍ന്ന മിശ്രിതത്തില്‍ പെരുപ്പിച്ച് ചേര്‍ക്കുന്നത് രോഗങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും.
ഇടവിട്ട് വളപ്രയോഗം നടത്തുന്നതാണു നല്ലത്. വിത്തു മുളച്ച് 5-10 ദിവസത്തിനകം ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ കൊടുത്തുതുടങ്ങാം.  വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്ന  പുളിപ്പിച്ച പിണ്ണാക്ക് ലായനി, അമൃതപാനി, ജീവാമൃതം, പഞ്ചഗവ്യം, ഇഎം ലായനി തുടങ്ങിയ ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ രണ്ടു തവണ നല്‍കിയാല്‍ ചെടി കരുത്തോടെ വളരുന്നതായി കാണാം. ചെടിക്ക് വള്ളി വീശുമ്പോഴും പൂവിട്ട് തുടങ്ങുമ്പോഴും വളം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
   
 മണ്ണുണങ്ങാത്ത രീതിയില്‍ നന ക്രമീകരിക്കണം പൂത്ത് തുടങ്ങിയാല്‍ നന മുടക്കാന്‍ പാടില്ല. തടത്തില്‍ വെള്ളം കെട്ടിനിര്‍ത്താന്‍ അനുവദിക്കരുത്. വെള്ളം കെട്ടിനിന്നാല്‍ അഴുകല്‍ രോഗം വരാന്‍ കാരണമാകും. കള നിയന്ത്രണം എപ്പോഴും ഉറപ്പ് വരുത്തണം. പന്തലില്‍ വളര്‍ത്തുന്ന ചെടികളാണെങ്കില്‍ സമയാസമയം വള്ളികള്‍ പടര്‍ത്തികൊടുക്കണം. നിലത്ത് പടര്‍ത്തുന്നവയാണെങ്കില്‍ വള്ളികള്‍ പടരുമ്പോള്‍ തെങ്ങിന്‍ പട്ടയോ മറേറാ ഇട്ട് കൊടുക്കുന്നത് കായ് മണ്ണില്‍ പതിഞ്ഞുകിടന്ന് കേടാകാതിരിക്കാന്‍ സഹായിക്കും.
     കായീച്ച, മത്തന്‍ വണ്ട്, ആമ വണ്ട്, ഇലതീനിപ്പുഴു, മുഞ്ഞ എന്നിവയാണ് വെള്ളരിയെ ആക്രമിക്കുന്ന കീടങ്ങള്‍. കായീച്ചയെ നിയന്ത്രിക്കാനായി പൂവിട്ട് തുടങ്ങുമ്പോള്‍ത്തന്നെ ഫിറമോണ്‍ കെണിയും പഴകെണിയും ഒരുക്കി പന്തലില്‍ തൂക്കുകയോ കമ്പില്‍നാട്ടിവെക്കുകയോ ചെയ്യുക. പൂവിതളുകള്‍ വാടിയശേഷം കായ്കള്‍ ഇലകള്‍കൊണ്ടോ പേപ്പര്‍കൊണ്ടോ പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്. വെള്ളരിയെ ബാധിക്കുന്ന രോഗങ്ങളാണ് മൃദുരോമപൂപ്പ്, ചൂര്‍ണ്ണ പൂപ്പ്, മൊസൈക്ക് എന്നിവ. രോഗാരംഭത്തില്‍തന്നെ ഇലകള്‍ പറിച്ച് കത്തിച്ച് നശിപ്പിച്ച് സ്യൂഡമോണസ് 20 ഗ്രാം ഒരു ലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തെളിക്കുന്നതും ഗുണകരമാണ്. മൊസൈക്ക് രോഗം പരത്തുന്ന വെള്ളീച്ചയെ നിയന്ത്രിക്കാനായി മഞ്ഞകെണി, വേപ്പെണ്ണ എമല്‍ഷന്‍, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വെര്‍ട്ടിസീലിയം (20ഗ്രാം ഒരു ലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍) ഇവയിലേതെങ്കിലും ഉപയോഗിക്കാവുന്നതാണ്.
    മൂന്നു മുതല്‍ നാലു മാസം വരെയാണു വെള്ളരിയുടെ വിളദൈര്‍ഘ്യം. ഒരു സെന്റില്‍നിന്നു ശരാശരി 80-100 കി.ഗ്രാം വരെ വിളവ് ലഭിക്കാം.

ലക്ഷ്മി കെ. മോഹന്‍, ഡോ. ജലജ എസ്. മേനോന്‍,
ത്യശൂര്‍ ക്യഷി വിജ്ഞാന കേന്ദ്രം, വെള്ളാനിക്കര. 
ഫോണ്‍: 0487 -2375855

1 comment: