Friday, 13 March 2015

അവര്‍ പ്രകൃതിയെ അറിഞ്ഞ് വളരട്ടെ...

ഐബിന്‍ കാണ്ടാവനം


കുട്ടികള്‍ മണ്ണപ്പം ചുട്ടു നടന്നിരുന്ന കാലമൊക്കെ ഇപ്പോള്‍ പഴങ്കത. ഓര്‍മവയ്ക്കുന്ന പ്രായത്തില്‍ത്തന്നെ ഇലക്ട്രോണിക് ലോകത്തിലേക്കു കുടിയേറുന്ന കരുന്നുകള്‍ മണ്ണിന്റെയും പ്രകൃതിയുടെയും മണം ഒരുപക്ഷേ മറന്നിട്ടുണ്ടാകും. കുട്ടികളുടെ കൈകളില്‍ മണ്ണു പുരണ്ടാല്‍ അസുഖമുണ്ടാകുമെന്നു പറയുന്ന മാതാപിതാക്കള്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. പോള്‍ വാഴപ്പിള്ളിയെ കണ്ടുപഠിക്കണം.
ഔദ്യോഗിക രംഗം ആരോഗ്യമേഖലയാണെങ്കിലും കുട്ടിക്കാലത്ത് അമ്മ പകര്‍ന്നു നല്കിയ പഠങ്ങള്‍ ഉള്‍ക്കൊണ്ട് വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി ഉത്പാദിപ്പിക്കുകയാണ് അദ്ദേഹം. ദിവസവം ജോലിത്തിരക്കുകള്‍ക്കിടയില്‍ രണ്ടു മണിക്കൂറെങ്കിലും തോട്ടത്തിലായിരിക്കാന്‍ ഡോക്ടര്‍ ശ്രദ്ധിക്കാറുണ്ട്. ശ്രീകണ്ഠപുരത്തെ വീടിനോടു ചേര്‍ന്നുള്ള രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലാണ് ഡോക്ടര്‍ തന്റെ ഹരിതവിസ്മയം തീര്‍ത്തിരിക്കുന്നത്.

എന്നാല്‍ പ്രത്യേകത അതല്ല. കുട്ടികള്‍ക്കു നഷ്ടമാകുന്ന കാര്‍ഷിക സംസ്‌കാരം തന്റെ കൊച്ചുമക്കള്‍ക്കു നഷ്ടമാവരുത് എന്നാണ് ഇദ്ദേഹത്തിന്റെ മനസില്‍. കുട്ടികള്‍ ആദ്യം പ്രകൃതിയെ അറിഞ്ഞു പഠിക്കണമെന്നാണ് അദ്ദേഹത്തിന്റെ രീതി. അതുകൊണ്ടുതന്നെ തന്റെ കൊച്ചുമക്കളായ ആദിത്, അമൃത്, ടിയാര എന്നിവരെ കൃഷികാര്യങ്ങളില്‍ ഒപ്പം കൂട്ടാന്‍ അദ്ദേഹം മടിക്കാറില്ല. ചെറുക്ലാസുകളില്‍ പഠിക്കുന്നവരാണെങ്കിലും കൃഷിയുടെ കാര്യത്തില്‍ മൂവരും മുത്തച്ഛന്റെ പിന്‍ഗാമികളാണ്. പച്ചക്കറിത്തോട്ടത്തില്‍ വിത്തു നടുന്നതു മുതല്‍ അവയുടെ സംരക്ഷണവും വിളവെടുപ്പെമെല്ലാം മൂവര്‍ക്കും ഒരുത്സവത്തിന്റെ പ്രതീതിയാണ്.

ഡോക്ടര്‍ പോളിന്റെ കൃഷിയിടം ഒരു സമ്മിശ്രത്തോട്ടമാണ്. വിവധയിനം ഫലവര്‍ഗങ്ങള്‍ മുതല്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍, വന്‍ വൃക്ഷങ്ങളെ നിയന്ത്രണരീതിയില്‍ വളര്‍ത്തുന്ന ബോണ്‍സായ്, പൂച്ചെടികള്‍ തൂടങ്ങി വിവിധ സസ്യലതാദികളാണ് ഇവിടെയുള്ളത്. ജോലിത്തിരക്കിനിടയില്‍ ചെറിയ രീതിയില്‍ കൃഷി ഉണ്ടായിരുന്നെങ്കിലും ഫേസ്ബുക്കിലെ കാര്‍ഷിക കൂട്ടായ്മയില്‍ അംഗമായതോടുകൂടി കൃഷി വിപുലപ്പെടുത്തുകയായിരുന്നു.

കഞ്ഞിക്കുഴി പയര്‍, ആനക്കൊമ്പന്‍വെണ്ട, രണ്ടുതരം ചുരയ്ക്ക, ചീര, പടവലം, പാവല്‍, തക്കാളി, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങി ഒരു വീട്ടിലേക്കാവശ്യമായ ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ വിളയുന്നു. ഇവയയെക്കൂടാതെ നിരവധി ഫലവൃക്ഷങ്ങളും അലങ്കാര വൃക്ഷങ്ങളും ഡോക്ടറുടെ കൃഷിയിടത്തിലെ പ്രധാനികളാണ്. നെല്ലി, ഇരുമ്പന്‍പുളി, കുടംപുളി, പേര, സപ്പോട്ട, ഇസ്രേലി ഓറഞ്ച്, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, ഫിലോസാന്‍ തുടങ്ങിയവ വൃക്ഷശേഖരത്തിലെ ചിലതാണ്.

പച്ചക്കറിരംഗം കൊച്ചുമക്കള്‍ക്കു പൂര്‍ണമായും ഡോക്ടര്‍ വിട്ടു നല്കിയിരിക്കുകയാണ്. അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും ചെയ്തുകൊടുത്ത് ഒപ്പം നില്‍ക്കുമെന്നു മാത്രം. മണ്ണില്‍ അധ്വാനിച്ച് സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ തങ്ങള്‍തന്നെ വിളവെടുക്കുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന സന്തോഷം എന്നു തന്റെയും മനസു നിറയുമെന്നു ഡോക്ടര്‍ പറയുന്നു. പൂര്‍ണമായും ജൈവകൃഷിരീതിയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ചാണകമാണു വളം.

കാര്‍ഷിക കാര്യങ്ങളില്‍ കൊച്ചുമക്കള്‍ മാത്രമല്ല പോളിനു കൂട്ട്. ഭാര്യ ഡോക്ടര്‍ വത്സ, മകന്‍ ഡോ. മനു, മരുമകള്‍ പ്രീനയും കാര്‍ഷിക കാര്യങ്ങളില്‍ തല്പരരാണ്. പ്രകൃതി അമ്മയാണ്, ദേവിയാണ് എന്നതൊക്കെ പാഠപുസ്തകങ്ങളില്‍നിന്നുമാത്രം പഠിച്ചുവളരുന്ന കുട്ടികള്‍ പ്രകൃതിയിലേക്കിറങ്ങി അറിവു നേടണം. കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രചാരത്തിനു വിദ്യാലയങ്ങള്‍ മുമ്പോട്ടു വന്നതും സ്‌കൂള്‍ കൃഷി ആരംഭിച്ചതും ശുഭസൂചനയായി കണക്കാക്കാം. മണ്ണിലേക്കിറങ്ങിയാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയും എന്നോര്‍ത്ത് വിഷമിക്കേണ്ട അവര്‍ വളരട്ടെ, പ്രകൃതിയെ, കാര്‍ഷിക സംസ്‌കാരത്തെ അറിഞ്ഞ്...

ഡോ. പോള്‍: 9447305004


No comments:

Post a Comment