Friday, 20 March 2015

റബര്‍: ആര്‍എസ്എസ് ഗ്രേഡ് തരംതിരിക്കലില്‍ അറിഞ്ഞിരിക്കേണ്ടത്

റെജി ജോസഫ്

പ്രകൃതിദത്ത റബറിന് ആദ്യമായി തരംതിരിവുകള്‍ നിര്‍ദേശിച്ചത് ന്യൂയോര്‍ക്കിലെ റബര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആര്‍എംഎ) എന്ന സംഘടനയാണ്.  1960ല്‍ സിംഗപ്പൂരില്‍ ചേര്‍ന്ന അസോസിയേഷന്റെ അന്തര്‍ദേശീയ സമ്മേളനം ഇപ്പോള്‍ നിലവിലുള്ള ഗ്രേഡിംഗ് രീതി അംഗീകരിക്കുകയും പ്രകൃതിദത്ത റബര്‍ തരംതിരിക്കുന്ന രീതി  പ്രതിപാദിക്കുന്ന ഗ്രീന്‍ ബുക്ക് എന്ന മാനുവല്‍  പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇതനുസരിച്ച് റബര്‍ ഷീറ്റിനെ ആറു ഗ്രേഡുകളായി തിരിച്ചിരിക്കുന്നു. ആര്‍എസ്എസ്- 1 ഃ,  ആര്‍എസ്എസ്-1, ആര്‍എസ്എസ്-2, ആര്‍എസ്എസ്- 3, ആര്‍എസ്എസ് - 4, ആര്‍എസ്എസ്- 5 എന്നിവയാണ് ഷീറ്റ് ഗ്രേഡുകള്‍. ആര്‍എസ്എസ് എന്നാല്‍ റിബ്ഡ് സ്‌മോക്ഡ് ഷീറ്റ് (പുകച്ചുണക്കിയ പൊഴികളുള്ള ഷീറ്റ്).
ഷീറ്റിന്റെ നിറം, പുകയുടെ അളവ്, ഉണക്ക്, കുമിളകള്‍, ഒട്ടല്‍, സുതാര്യത, റീപ്പര്‍ അടയാളം എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് റബര്‍ ഷീറ്റ് തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍. ഷീറ്റുകള്‍ സൂര്യപ്രകാശത്തിനെതിരേ പിടിച്ചാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.

ആര്‍എസ്എസ് 1 ഃ

ആര്‍എസ്എസ് 1 ഃ ഗ്രേഡ് ഷീറ്റുകളില്‍ പൂപ്പല്‍ പാടില്ല. എന്നാല്‍ ബണ്ടിലുകളുടെ പുറത്തെ ഒന്നോ രണ്ടോ ഷീറ്റുകളിലും ഷീറ്റുകളോടു ചേര്‍ന്ന് കെട്ടുകളുടെ ഉപരിതലത്തിലും  ഉണങ്ങിയ പൂപ്പലുകളുടെ അംശം കാണുന്നതില്‍ കുഴപ്പമില്ല. പൂപ്പല്‍ ഒരു കാരണവശാലും കെട്ടിനുള്ളിലേക്ക് കടക്കരുത്.
ഷീറ്റുകള്‍ നല്ലതുപോലെ ഉണങ്ങിയതും കരടോ മറ്റു മാലിന്യങ്ങളോ ഇല്ലാത്തതും ഒരേ അളവില്‍ പുകച്ചതും സുതാര്യവുമായിരിക്കണം. തേനിന്റെ നിറമോ സ്വര്‍ണനിറമോ ഉള്ള ഷീറ്റുകളാണ് ഈ ഗ്രേഡില്‍പ്പെടുക. മങ്ങിയ നിറം, അമിതമായി പുകകൊണ്ട ഭാഗം എന്നിവ പാടല്ല. ഒട്ടല്‍, ഉരുകല്‍, കുമിള, തുരുമ്പ്, റീപ്പര്‍ പാഡുകള്‍, ഉണങ്ങാത്ത ഭാഗം, കത്തിയ ഭാഗം എന്നിവയും പാടില്ല.

ആര്‍എസ്എസ് 1

ഒന്നാം ഗ്രേഡ് ഷീറ്റുകള്‍ സ്വര്‍ണനിറമുള്ളതോ തേന്‍ നിറമുള്ളതോ ആയിരിക്കണം. കരടോ മാലിന്യങ്ങളോ കാണാന്‍ പാടില്ല. ഷീറ്റുകള്‍ ബലമുള്ളതും പുകച്ചതും സുതാര്യവുമായിരിക്കണം. മങ്ങിയ നിറമുള്ളതോ അമിതമായി പുകച്ചതോ ആകരുത്. ഉരുകല്‍, തുരുമ്പ്, റീപ്പര്‍ പാടുകള്‍, ഉണങ്ങാത്ത ഭാഗം, കത്തിയ ഭാഗം എന്നിയൊന്നും പാടില്ല.



ആര്‍എസ്എസ് 2

വളരെ ചെറിയ കുമിളകള്‍, പട്ടയുടെ ഒന്നോ രണ്ടോ പൊടിക്കരടുകള്‍ എന്നിവ അനുവദനീയമാണ്. പക്ഷേ, ഷീറ്റുകള്‍ നന്നായി ഉണങ്ങിയതും  തേന്‍നിറമുള്ളതും  ബലമുള്ളതും സുതാര്യവുമായിരിക്കണം. ഒട്ടല്‍, ഉരുകള്‍, പാടുകള്‍, കുമിളകള്‍, അമിതമായി പുകയേറ്റ ഭാഗങ്ങള്‍, തുരുമ്പ്, ഉണങ്ങാത്ത ഭാഗങ്ങള്‍, റീപ്പര്‍ പാട് തുടങ്ങിയവ കാണാന്‍ പാടില്ല. മണല്‍ത്തരി, വൃത്തിയില്ലാത്ത പാക്കിംഗ് എന്നിവയും അനുവദനീയമല്ല.  ഷീറ്റുകളിലും ബണ്ടിലുകളുടെ പുറത്തും പൂപ്പല്‍ പാടില്ല. എന്നാല്‍ പരിശോധനയ്ക്കു വിധേയമാക്കുന്ന കെട്ടുകളില്‍ അഞ്ചു ശതമാനത്തിന്റെ പൊതിച്ചില്‍ ഷീറ്റീല്‍ വളരെ ചുരുങ്ങിയ തോതില്‍ ഉണക്കല്‍പ്പൂപ്പല്‍ പരിശോധനാവേളയില്‍ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടതില്ലെന്നാണ്  ഗ്രീന്‍ബുക്കിലെ നിബന്ധന.

ആര്‍എസ്എസ് 3

പട്ടയുടെ ചെറിയ പൊടിക്കരടുകള്‍, ചെറിയ കുമിളകള്‍ എന്നിവ ഈ ഗ്രേഡില്‍ അനുവദനീയമാണ്.
 ഷീറ്റുകള്‍ നന്നായി ഉണങ്ങിയതും ബലമുള്ളതും സുതാര്യ  വും പുകച്ചതും ആയിരിക്കണം. ഒട്ടല്‍, ഉരുകള്‍, ഉണങ്ങാത്ത ഭാഗങ്ങള്‍, വലിയ കുമിളകള്‍, തുരുമ്പ്, റീപ്പര്‍പാടുകള്‍, മണല്‍ത്തരികള്‍ എന്നിവ പാടില്ല. പരിശോധനാവേളയില്‍ മൊത്തം കെട്ടുകളില്‍ 10 ശതമാനത്തിന്റെ അകത്തും പുറത്തുമുള്ള ഷീറ്റുകളിലും നേരിയ തോതില്‍ ഉണക്കപ്പൂപ്പല്‍, തുരുമ്പ് എന്നിവ പരിശോധനാ വേളയില്‍ കാണുകയാണെങ്കില്‍ അവ തള്ളിക്കളയേണ്ടെന്നാണ് ഗ്രീന്‍ ബുക്ക് നിബന്ധന.

ആര്‍എസ്എസ് 4

ഈ ഗ്രേഡില്‍പ്പെട്ട ഷീറ്റുകളില്‍ നേരിയ തോതില്‍ പട്ടയുടെ പൊടിക്കരടുകള്‍, കുമിളകള്‍, റീപ്പര്‍മാര്‍ക്ക് എന്നിവ അനുവദനീയമാണ്.
 നേരിയ തോതില്‍ ഒട്ടലുള്ള ഷീറ്റുകളും  ഈ ഇനത്തില്‍പ്പെടുത്താം. പുക കൂടുതലുള്ളതാണെങ്കിലും സുതാര്യമാണെങ്കില്‍  ഈ ഗ്രേഡില്‍പ്പെടുത്താം.
ഷീറ്റുകള്‍ നന്നായി ഉണക്കിയതും ബലമുള്ളതുമായിരിക്കണം. പൊള്ളിയതോ ഉരുകിയതോ ബലക്കുറവുള്ളതോ കരിഞ്ഞതോ ആയ ഷീറ്റുകള്‍ ഈ വിഭാഗത്തില്‍പ്പെടുത്തില്ല. പരിശോധനയ്ക്കു വിധേയമാക്കുന്ന കെട്ടുകളില്‍ 20 ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷീറ്റുകളില്‍ നേരിയ തോതില്‍ ഉണക്കപ്പൂപ്പല്‍, തുരുമ്പ് എന്നിവയുണ്ടെങ്കില്‍ അവ തള്ളിക്കളയേണ്ടെന്നാണ് നിബന്ധന.

ആര്‍എസ്എസ് 5

ചെറിയ കരടുകള്‍, റീപ്പര്‍ മാര്‍ക്ക്, ഒട്ടല്‍ എന്നിവ അനുവദനീയമാണ്. പുക കൂടുതലുള്ള ഷീറ്റുകള്‍, ഉരുകിയ ഷീറ്റുകള്‍, സുതാര്യമല്ലാത്ത ഷീറ്റുകള്‍, കറുത്ത് ഷീറ്റുകള്‍ എന്നിവ ഈ ഇനത്തില്‍പ്പെടുത്താം. ഷീറ്റുകള്‍ നല്ല ബലമുള്ളതും ഉണങ്ങിയതുമായിരിക്കണം.  ജാരണത്തിനു വിധേയമായ ഷീറ്റുകള്‍,  പതിഷീറ്റുകള്‍, പൊള്ളിയതും കരിഞ്ഞതുമായവ തുടങ്ങിയ ഈ ഗ്രേഡില്‍ അനുവദിക്കില്ല. പരിശോധനയ്ക്കു വിധേയമാക്കുന്ന ബണ്ടിലുകളില്‍  30 ശതമാനം കെട്ടുകളുടെ പുറത്തും അകമേയുള്ള ഷീറ്റുകളിലും ഉണക്കപ്പൂപ്പല്‍ തുരുമ്പ് എന്നിവ ചുരുങ്ങിയ തോതില്‍ കാണുകയാണെങ്കില്‍ തള്ളിക്കളയേണ്ടതില്ലെന്നാണ് ഗ്രീന്‍ബുക്കിലെ നിര്‍ദേശം.

No comments:

Post a Comment