Saturday, 28 March 2015

കൃഷി ഫൈസലിനു ജീവിതം

ഐബിന്‍ കാണ്ടാവനം


ഫൈസല്‍ തന്റെ കൃഷിയിടത്തില്‍.
തന്റെ തൊഴിലായ ടൈല്‍ പണിക്കുശേഷം ലഭിക്കുന്ന സമയങ്ങളില്‍ പാര്‍ടൈമായി കൃഷി ചെയ്യുന്ന വ്യക്തിയാണ്‌ തൃശൂര്‍ എടക്കഴിയൂര്‍ കളത്തില്‍ ഫൈസല്‍. ടെറസിനു പുറമേ 75 സെന്റു പാടം പാട്ടത്തിനെടുത്താണ്‌ ഫൈസലിന്റെ കൃഷി. ടെറസിലും പാട്ടത്തിനെടുത്ത സ്ഥലത്തുമായി ഒട്ടുമിക്ക പച്ചക്കറികളും വളര്‍ന്നു വിളവെടുക്കാന്‍ പാകത്തില്‍ നില്‌ക്കുന്നു. പയര്‍, പടവലം, വെള്ളരി, കുമ്പളം, ചോളം, കുറ്റിപ്പയര്‍, തണ്ണിമത്തന്‍, ചുരയ്‌ക്ക, മത്തന്‍, ചീര, വഴുതിന, മുളക്‌, വെണ്ട തുടങ്ങിയ പച്ചക്കറികളാണ്‌ ഫൈസലിന്റെ തോട്ടത്തിലെ താരങ്ങള്‍. ഇവയെക്കൂടാതെ കുറച്ചു കപ്പയും നട്ടിട്ടുണ്ട്‌.
 

ടെറസ്‌ പൂര്‍ണമായും പയറിനായി മാറ്റിവച്ചിരിക്കുകയാണ്‌. 50 ഗ്രോബാഗുകളിലാണ്‌ മീറ്റര്‍ പയര്‍ നട്ടിരിക്കുന്നത്‌. ടെറസില്‍ മരപ്പലക വച്ച്‌ അതിനു മുകളിലാണ്‌ ഓരോ ബാഗുകളും വച്ചിരിക്കുന്നത്‌. ഒപ്പം ജിഐ പൈപ്പുപയോഗിച്ച്‌ പയറിനു പന്തല്‍ കെട്ടിയിരിക്കുന്നു.
64 ബാഗുകളിലായി ആറിനം വഴുതനയാണ്‌ ഫൈസല്‍ കൃഷി ചെയ്യുന്നത്‌. 75 സെന്റ്‌ പാടത്ത്‌ 20 സെന്റില്‍ അനശ്വര ഇനം കുറ്റിപ്പയര്‍ നട്ടിരിക്കുന്നു. 20സെന്റില്‍ മത്തന്‍, കുമ്പളം, വെള്ളരി, ചുരയ്‌ക്ക, ചീര എന്നിവയും ശേഷിക്കുന്ന 35 സെന്റില്‍ കപ്പയുമാണ്‌ കൃഷി ചെയ്‌തിരിക്കുന്നത്‌. ഇവയുടെയൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ ചോളവും കൃഷിചെയ്‌തിരിക്കുന്നു.
 

പയര്‍, പടവലം, വെള്ളരി തുടങ്ങിയവ ഡിസ്‌പോസിബിള്‍ ഗ്ലാസുകളില്‍നട്ട്‌ മുളപ്പിച്ച്‌ മൂന്നില വന്നതിനു ശേഷമാണ്‌ മാറ്റി നടുക. ഒരു ഗ്രോബാഗില്‍ മൂന്നു പയര്‍തൈ എന്ന രീതിയിലാണ്‌ നടുന്നത്‌. എന്നാല്‍ പാടത്തു കൃഷിചെയ്‌തിരിക്കുന്ന അനശ്വര എന്ന ഇനം കുറ്റിപ്പയര്‍ ട്രാക്ടര്‍ ഉപയോഗിച്ച്‌ നിലം ഉഴുതശേഷം നേരിട്ട്‌ നടുകയാണ്‌ ചെയ്യുന്നത്‌. പയര്‍ച്ചെടികള്‍ തമ്മില്‍ ഒരടി അകലം വരുന്ന രീതിയിലാണ്‌ നടുന്നത്‌.
 

ചാണകം, വേപ്പിന്‍പിണ്ണാക്ക്‌, പച്ചക്കറി അവശിഷ്ടങ്ങള്‍, മണ്ണിരക്കമ്പോസ്‌റ്റ്‌ എന്നിവയാണ്‌ പ്രധാനമായും വളമായി ഉപയോഗിക്കുന്നത്‌. പച്ചക്കറികളുടെ ഗുണമേന്മയ്‌ക്കു പ്രാധാന്യം നല്‌കുന്നതിനാല്‍ രാസവളങ്ങളോ കീടനാശിനിയോ ഫൈസല്‍ തന്റെ കൃഷിയിടത്തില്‍ ഉപയോഗിക്കാറില്ല.
കീടനാശിനിയായി പുകയിലക്കഷായവും വെളുത്തുള്ളി മിശ്രിതവുമാണ്‌ സാധാരണയായി ഉപയോഗിക്കുക.

ദിവസവും രണ്ടുനേരമാണ്‌ നന. ഡ്രിപ്‌, സ്‌പ്രിംഗ്ലര്‍ എന്നീ രീതികളിലുമുള്ള ജലസേചനരീതിയാണിവിടെ. ജലക്ഷാമമില്ലാത്തതിനാല്‍ വേനല്‍ക്കാലത്തും ഇവിടെ നല്ല വിളവാണ്‌.
 

വിളവെടുക്കുന്ന പച്ചക്കറികള്‍ വീട്ടിലെത്തി വാങ്ങാന്‍ ആവശ്യക്കാരേറെയുണ്ട്‌. വീട്ടില്‍നിന്നുള്ള വിപണനത്തിനുശേഷം ബാക്കിയുള്ളവ ചാവക്കാട്‌ മാര്‍ക്കറ്റില്‍ നല്‌കുന്നു. വിപണിമൂല്യവും ആവശ്യക്കാരുള്ളതുകൊണ്ടും തനിക്ക്‌ ഉത്‌പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നുണ്ടെന്നു ഫൈസല്‍ പറയുന്നു. അതുകൊണ്ടുതന്നെ കൃഷി നഷ്ടമായി കാണുന്നില്ല. കാര്‍ഷികരംഗത്തേക്ക്‌ ചുവടു വയ്‌ക്കുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത്‌ ഉത്‌പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്തുക എന്നതാണ്‌. അതോടൊപ്പം ഉത്‌പന്നങ്ങളുടെ ഗുണമേന്മയും വളരെയധികം ശ്രദ്ധിക്കണം.
വിപണിയും ഗുണമേന്മയും പരിചരണരീതികളുമൊക്കെ ശ്രദ്ധിച്ചാല്‍ കൃഷി ഒരിക്കലും നഷ്ടമാവില്ലെന്നതാണ്‌ ഫൈസല്‍ തന്റെ കാര്‍ഷികജീവിതത്തിലൂടെ സമൂഹത്തിനു }ല്‍കുന്ന മാതൃക.വിത്തുകള്‍ ആവശ്യപ്പെട്ട്‌ നിരവധി ആളുകള്‍ ഫൈസലിനെ സമീപിക്കാറുണ്ട്‌. കൃഷിയോടുള്ള അവരുടെ താത്‌പര്യത്തിനു തനിക്കു കഴിയുംവിധം സഹായിക്കാറുമുണ്ടെന്നും ഫൈസല്‍ പറയുന്നു. വിത്തുകള്‍ ആവശ്യപ്പെട്ടു കവര്‍ അയയ്‌ക്കുന്നവര്‍ക്കാണ്‌ അധികവും വിത്തുകള്‍ അയയ്‌ച്ചുനല്‌കുക.
 

കാര്‍ഷികരംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച്‌ കൃഷിയെ ജീവിതത്തോടു ചേര്‍ത്തുനിര്‍ത്തുന്ന ഫൈസലിനെപ്പോലെയുള്ള യുവകര്‍ഷകര്‍ കാര്‍ഷിക കേരളത്തിന്റെ പുത്തന്‍ വാഗ്‌ദാനങ്ങളാണ്‌. കാര്‍ഷിക സംസ്‌കാരത്തിന്റെയും...

ഫൈസല്‍: 8129153148.

No comments:

Post a Comment