Saturday, 7 March 2015

പച്ചക്കറി @ 365 Days


ഐബിന്‍ കാണ്ടാവനം


കാര്‍ഷിക പാരമ്പര്യത്തോടൊപ്പം സസ്യശാസ്ത്രത്തിലെ ബിരുദവും രമാദേവിയെ കൃഷിയുമായി ഏറെ അടുപ്പിച്ചു. ഓരോ സസ്യത്തെയും അറിയുന്നതിനൊപ്പം അവയുടെ പരിചരണ രീതികള്‍ക്കും പ്രാധാന്യം നല്കിയതിനാല്‍ വീട്ടിലേക്കുള്ള പച്ചക്കറി ഉത്പാദനത്തില്‍ ചങ്ങനാശേരി അവണിയില്‍ രമയ്ക്കു സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചെറിയ രീതിയില്‍ ചെയ്തിരുന്ന അടുക്കളത്തോട്ടം ഇന്ന് വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരിക്കുന്നു. അതിനാല്‍ത്തന്നെ വീട്ടിലേക്കുള്ള പച്ചക്കറികള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

വീടിന്റെ ടെറസിലും മുറ്റത്തുമായാണ് രമ തന്റെ കൃഷിയിടം ഒരുക്കിയിരിക്കുന്നത്. പയര്‍, പടവലം, പാവല്‍, ചുരയ്ക്ക, സാലഡ് വെള്ളരി, പീച്ചില്‍, നിത്യവഴുതന തുടങ്ങിയവ ടെറസില്‍ യഥേഷ്ടം വിളയുന്നു. ചീര, മുളക്, വഴുതന, തക്കാളി തുടങ്ങി നിരവധി പച്ചക്കറികളും അവയോടൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നു. ഈ കഴിഞ്ഞ സീസണില്‍ നട്ട കാബേജും കോളിഫഌവറും നല്ല വിളവു നല്‍കിയതായി രമ പറയുന്നു. ഞാവല്‍മുളക്, ബജി മുളക് തുടങ്ങിയ ഇനങ്ങളും മൂന്നിനം വഴുതിനയും ഇവിടെയുണ്ട്.


പച്ചക്കറികളുടെ വളപ്രയോഗമാണ് ഇവിടുത്തെ പ്രത്യേകത. മുറ്റമടിക്കുമ്പോള്‍ ലഭിക്കുന്ന കരിയിലകള്‍ ചാക്കിനുള്ളില്‍ സൂക്ഷിച്ച് ഉണങ്ങി പൊടിയുന്ന പാകമാകുമ്പോള്‍ കൈകൊണ്ട് പൊടിച്ച് ഗ്രോബാഗ് നിറയ്ക്കുമ്പോള്‍ മണ്ണിനൊപ്പം ചേര്‍ക്കുന്നു.

ഇത് ബാഗിനുള്ളില്‍ ജലാംശത്തെ പിടിച്ചു നിര്‍ത്തുന്നതിനൊപ്പം വളമായും ചെടികള്‍ക്ക് ഉപകാരപ്രദമാകുന്നു. കൂടാതെ അടുക്കളയില്‍നിന്നുള്ള പച്ചക്കറിയവശിഷ്ടങ്ങള്‍ വെറുതെ പാഴാക്കാതെ വളമാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി പച്ചക്കറിയവശിഷ്ടങ്ങള്‍ ഒരു ബക്കറ്റില്‍ നിക്ഷേപിച്ച് പഴകിയ ശര്‍ക്കര ചേര്‍ത്ത് കുറച്ചു ദിവസം സൂക്ഷിക്കും. പിന്നീട് ഇതിന്റെ ലായനി നേര്‍പ്പിച്ച് ചെടികള്‍ക്കു നല്കും. ഇതുവഴി പച്ചക്കറികളുടെ വളര്‍ച്ച ത്വരിതപ്പെടുന്നതോടൊപ്പം മികച്ച വിളവും ലഭിക്കുന്നുണ്ടെന്നാണ് രമയുടെ പക്ഷം. ഇവയെക്കൂടാതെ കടലപ്പിണ്ണാക്കും പച്ചച്ചാണകവും പുളിപ്പിച്ച മിശ്രിതം നേര്‍പ്പിച്ചു കൊടുക്കാറുമുണ്ട്.

കീടനാശിനിയായി സാധാരണ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കാറാണു പതിവ്. മുളകിന്റെ മുരടിപ്പിനു പ്രതിവിധിയായി ഫിഷ് അമിനോ ആസിഡ് അല്ലങ്കില്‍ കുമ്മായം ചുവട്ടില്‍ നല്കും. പച്ചക്കറികള്‍ എന്നും നിരീക്ഷിക്കണമെന്നാണ് രമ പറയുന്നത്. എന്നും രാവിലെ ടെറസില്‍ കയറിയാല്‍ രണ്ടുമണിക്കൂറുകളോളം പച്ചക്കറിത്തോട്ടത്തില്‍ ചെലവഴിക്കുകയാണ് രമയുടെ പതിവ്. കൂടാതെ ഇത് മാനസിക ഉണര്‍വ് നല്കുന്നു. കീടങ്ങളെ നിരീക്ഷിക്കാനും കഴിയും.    

ദിവസവും രണ്ടുനേരമാണ് നന. ടെറസില്‍ വളരുന്നവയ്ക്ക് പരിമിത അളവില്‍ മാത്രമേ വെള്ളം നല്കാറുള്ളു. കുപ്പികളില്‍ വെള്ളം നിറച്ച് അടിയില്‍ ചെറിയ സുഷിരമിട്ട് എല്ലാ ഗ്രോബാഗിലും വയ്ക്കാറുണ്ട്. ഇതുവഴി ചെടിക്കാവശ്യമായ വെള്ളം ചെറിയ അളവില്‍ ചുവട്ടില്‍ ലഭിക്കുന്നു. ഗോബാഗുകള്‍ ടെറസില്‍ വച്ചിരിക്കുന്നതിലും പ്രത്യേകതയുണ്ട്. ഒട്ടും ചെലവില്ലാത്ത രീതിയില്‍ ചിരട്ട അടുക്കിയാണ് ബാഗുകള്‍ വച്ചിരിക്കുന്നത്. കൂടാതെ പിവിസി പൈപ്പ് ഉപയോഗിച്ച് ചെറിയ സ്റ്റാന്‍ഡ് ഉണ്ടാക്കിയും ബാഗ് വച്ചിരിക്കുന്നു.

കൃഷിയുടെ കാര്യത്തില്‍ ഭര്‍ത്താവ് സദാനന്ദനും മക്കളായ കാര്‍ത്തികയും അഭിമന്യുവും രമയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്കുന്നത്. യാത്രകളില്‍ ശ്രദ്ധയില്‍പ്പെടുന്ന അപൂര്‍വ പച്ചക്കറികളും അമ്മയ്ക്ക് എത്തിച്ചു നല്കാന്‍ മക്കള്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

കാര്‍ഷിക രംഗത്തെ പുത്തന്‍ മാറ്റങ്ങളോടു സമീപനങ്ങളോടും മുഖംതിരിച്ചിരുന്ന മലയാളികള്‍ അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി വരുന്നുവെന്നത് ശുഭ സൂചനയാണ്.

എന്തിനും ഏതിനും അയല്‍ സംസ്ഥാനങ്ങളിലെ വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ക്കായി കാത്തിരിക്കുന്ന രീതി മാറ്റി, അല്പം സമയം നീക്കിവെച്ച് ചെറിയ രീതിയില്‍ അടുക്കളയിലേക്കാവശ്യമായ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നത് ഒരുപക്ഷേ അടുത്ത തലമുറയുടെ നിലനില്പിനെ സഹായിച്ചേക്കാം. കാര്‍ഷിക രംഗത്തോടു താല്പര്യമുള്ളവര്‍ക്കു രമയുടെ കൃഷിരീതികള്‍ മാതൃകയാകട്ടെ...

രമാദേവി: 9446468569

No comments:

Post a Comment