Sunday, 26 April 2015

പച്ചക്കറി സ്വയംപര്യാപ്തതയ്ക്ക് 'ഹരിതം പിലിക്കോട് '


പിലിക്കോട്: വിഷലിപ്ത പച്ചക്കറികളില്‍ നിന്നും പഞ്ചായത്തിനു രക്ഷാകവചമൊരുക്കി ഹരിതം പിലിക്കോട് പദ്ധതി ശ്രദ്ധേയമാവുന്നു. പിലിക്കോട് പഞ്ചായത്തിന്റെ മുഴുവന്‍ വാര്‍ഡുകളിലും കുടുംബശ്രീ വനിതാസംഘങ്ങള്‍ പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതിയാണിത്. 2012-2013ല്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍)യുടെ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയതാണ് പദ്ധതി.

ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം പഞ്ചായത്ത് വിഹിതം മാത്രം
ഉപയോഗിച്ചു പദ്ധതി നടപ്പിലാക്കി. നടപ്പുസാമ്പത്തിക വര്‍ഷവും പദ്ധതി തുടര്‍ന്നു ജൈവപച്ചക്കറി കൃഷിയില്‍ മേല്‍ക്കോയ്മ തുടരാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിലൂടെ പച്ചക്കറി കൃഷിയില്‍ സ്ത്രീകളെ സജ്ജരാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

കഴിഞ്ഞ വര്‍ഷം 50 ഹെക്ടറോളംസ്ഥലത്താണ് കൃഷി ചെയ്തത്. അഞ്ചു ടണ്‍ പച്ചക്കറി ഉദ്്പാദനം നടത്താനും കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 63 വനിതാ ഗ്രൂപ്പുകളുടെ നൂറു യൂണിറ്റിനു രണ്ടു ലക്ഷം രൂപ നല്‍കി. ഒരു യൂണിറ്റില്‍ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും ഉണ്ടായിരിക്കണം.

ചുരുങ്ങിയത് 25 സെന്റിലെങ്കിലും കൃഷി ചെയ്താലെ ധനസഹായത്തിനു പരിഗണിക്കുകയുള്ളു. വെള്ളരി, പയര്‍, കുമ്പളം, ചീര, വെണ്ട എന്നിവയാണു കൃഷി ചെയ്തത്.

പഞ്ചായത്ത് തലത്തില്‍ ഗ്രാമസഭ വഴിയാണിതിന്റെ ഗുണഭോക്്താക്കളെ തെരഞ്ഞെടുക്കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെയും സ്വയംതൊഴിലിന് ആഭിമുഖ്യമുള്ളവരെയും യന്ത്രവത്കൃത കൃഷിയില്‍ താത്പര്യമുള്ളവരെയുമാണു പ്രധാനമായും പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുന്നത്.

Source: http://www.deepika.com/localnews/Localdetailnews.aspx?Dist=KL14#sthash.uhv23XZA.dpuf

No comments:

Post a Comment