Thursday, 9 April 2015

കടല്‍ കടന്നൊരു അടുക്കളത്തോട്ടം

ഐബിന്‍ കാണ്ടാവനം

ജീവിത തിരക്കുകളില്‍ കാര്‍ഷികരംഗത്തേക്ക് കടക്കാന്‍ പലരും ശ്രമിക്കാറില്ല. സൗദിയില്‍ അറബിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ആലപ്പുഴ വെള്ളക്കിണര്‍ ഹുസൈനിന്റെയും ലരീമിന്റെയും മകന്‍ അസ്ഹര്‍ കാര്‍ഷിക രംഗത്ത് ചുവടുറപ്പിക്കുന്നത് തികച്ചും യാദൃശ്ചികം. പൂച്ചെടികളും, മുളക്, മഞ്ഞള്‍, ചേമ്പ് തുടങ്ങിയവയാണ് നാട്ടില്‍ ചെയ്തിരുന്നത്. എന്നാല്‍ സ്‌പോണ്‍സറായ അറബിയുടെ വീടിനോടു ചേര്‍ന്നുള്ള അല്പം സ്ഥലം വൃത്തിയാക്കുന്നതിനിടെ അവിടെ കൃഷി ചെയ്താലോയെന്നു തോന്നി. കാര്യം സ്‌പോണ്‍സറെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിനു പൂര്‍ണസമ്മതം. അതിനിടെ ഫേസ്ബുക്കിലെ കൃഷിഗ്രൂപ്പില്‍ അംഗമായത് അസ്ഹറിന്റെ കൃഷിജീവിതത്തിലെ വഴിത്തിരി വായിരുന്നു. ഗ്രൂപ്പിലുള്ള കാര്‍ഷിക വിദഗധരില്‍നിന്നു തന്റെ സംശയങ്ങള്‍ക്കു മറുപടികൂടി ലഭിച്ചത് കൃഷി ചെയ്യാന്‍ കൂടുതല്‍ പ്രചോദനമായി.


ഇന്ന്, ബീന്‍സ്, തക്കാളി, മുളക്, കാന്താരി, കിഴങ്ങ്, കാപ്‌സികം, വെള്ളരി, വഴുതന, കാരറ്റ്, പാവല്‍, കടല, മുള്ളങ്കി, പാലക്ക്, വെളുത്തുള്ളി, ചുവന്നുള്ളി, കരിജ്ജീരകം, കാബേജ്, കോളിഫ്‌ളവര്‍, പുതിയതായി പരിചയപ്പെട്ട ബ്രോഡ് ബീന്‍, ലുബിനി ബീന്‍ എല്ലാം കൃഷിചെയ്യു ന്നു. പൂര്‍ണമായും വിഷമുക്ത ഭക്ഷണം കഴിക്കാനായി മുളക്, മല്ലി, ജീരകം, കടുക്, ഉലുവ എന്നിവയും കൃഷിചെയ്യുന്നുണ്ട്.

നമ്മുടെ നാട്ടില്‍ അധികം പ്രചാരത്തിലില്ലാത്ത അക്വാപോണിക്‌സ് കൃഷി അസ്ഹര്‍ തന്റെ കഷിയിടത്തില്‍ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ആദ്യ പടിയെന്നോണം മണ്ണില്ലാതെ വെള്ളത്തില്‍ കടല വിളയിച്ചു. ഇതിനായി ചെറിയ പ്ലാസ്റ്റിക് ചട്ടിയിയുടെ അടിവശം നിറയെ ദ്വാരങ്ങള്‍ ഇട്ടു. എന്നിട്ട് ചട്ടിയില്‍ ചകിരിയും ചെറിയ പാരക്കഷണ ങ്ങളും നാലു ചെറിയ ചാണക കഷണങ്ങളും ഇട്ട് തെര്‍മോക്കോള്‍ ബോക്‌സില്‍ അതിന്റെ മൂടിയില്‍ ചട്ടി ഇരിക്കാന്‍ കണക്കാക്കി വലിയ ദ്വാരമിട്ട് ബോക്‌സില്‍ വെള്ളം നിറച്ചു  കൃഷി ചെയ്തു.
അസഹറിന്റെ ഓരോ കൃഷിരീതികളും വ്യത്യസ്ഥമാണ്.

 സ്ഥലപരി മിതിയുള്ളതിനാല്‍ വെള്ളക്കുപ്പിയുടെ വശങ്ങളില്‍ ദ്വാരമിട്ട് അതില്‍ മണ്ണും വളവും ഇട്ട് അതിലും കൃഷി ചെയ്യുന്നുണ്ട്. അതുവഴി ഒന്നില്‍ കൂടുതല്‍ ചെടികള്‍ കൃഷിചെയ്യാന്‍ കഴിയുന്നു. വെള്ളം കുറച്ചു മതി, കുപ്പിയായതുകൊണ്ട് ചുറ്റിനും ദ്വാരമിട്ട് കൂടുതല്‍ ചെടികള്‍ നടാം. സ്ഥലമില്ലാത്തവര്‍ക്കു തൂക്കിയിട്ടും വളര്‍ത്താം.  ഈ രീതില്‍ തക്കാളി, ബീന്‍സ്, ചീര, പൂച്ചെടികള്‍ തുടങ്ങിയവയാണ് അനുയോജ്യം.

സൗദിയിലെ മണ്ണ് കൃഷിക്കനുയോജ്യമാണെന്നാണ് അസ്ഹറിന്റെ വിലയിരുത്തല്‍. കുപ്പിയില്‍ ചകിരിച്ചോറും മണ്ണും ഉണങ്ങിയ ചാണകത്തിന്റെ ചെറിയ കഷ്ണ ങ്ങളും ഇട്ട് കുപ്പിയുടെ വശങ്ങളിലിട്ട ദ്വാരത്തിനു മുകളില്‍വരെ നിറയ്ക്കുന്നു.

ജലസേചനത്തിനും വളരെ ലളിതമായ മാര്‍ഗമാണ് അസ്ഹര്‍ ചെയ്തിരിക്കുന്നത്. നിലത്തു സ്ഥലം തികയാത്തതിനാല്‍ തക്കാളി, കുപ്പിയില്‍ തൂക്കിയിട്ട് പന്തലില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്. അതി്യൂു ജലസേചനം നല്കാനായി വലിയകുപ്പിയില്‍ പ്ലാസ്റ്റിക്ക് ട്യുബിട്ട് ഇതില്‍ ഡ്രിപ്പര്‍ ഘടിപ്പിച്ച് ഓരോ കുപ്പിയിലേക്കും കണക്ട് ചെയ്തിരിക്കുകയാണ്. തുള്ളിനനയാകുമ്പോള്‍ വെള്ളം കുറച്ചുമതി. ഓരോ ചെടിക്കും ഓരോ കുപ്പി എന്ന രീതിയിലും ഘടിപ്പിക്കാം. ഇതിനായി കുപ്പിയുടെ അടിവശം മുറിച്ചശേഷം കുപ്പിയുടെ മൂടിയില്‍ ചെറിയ ദ്വാരമിട്ട് ഒരു ഡ്രിപ്പര്‍ അതില്‍ സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ചാല്‍ മാത്രം മതി. ചുരുങ്ങിയത് പത്തു രൂപയേ ചെലവുവരൂ. ഇഷ്ടാനുസരണം തൂക്കിയിടുകയോ ഒരു സ്റ്റാന്‍ഡില്‍ ഘടിപ്പിച്ചോ ചെടിയിലേക്ക് വെള്ളം വീഴും വിധം സ്ഥാപിക്കുകയോ ചെയ്യാം.

ചാണകവും ആട്ടിന്‍കാഷ്ടവും ചേര്‍ത്ത് നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ കടുകു വിത്തുകള്‍ നേരിട്ടോ മുളപ്പിച്ചശേഷമോ പറിച്ചു നടുകയോ ചെയ്യാം. വേനലിന്റെ തുടക്കം മുതല്‍ അവസാന രണ്ടുമാസം മുമ്പുവരെയുള്ള ഏതു സമയത്തും കടുകു കൃഷി ചെയ്യാം. ചെടികള്‍ തമ്മില്‍ 6-8 ഇഞ്ച് അകലം വരത്തക്കവിധം അര ഇഞ്ചു താഴ്ത്തി മൂന്നു വിത്തുകള്‍ നടും. പിന്നീട് മുളച്ചതില്‍ ആരോഗ്യമുള്ള ഒരു തൈ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പറിച്ചു കളയും. ഈര്‍പ്പക്കുറവുള്ള മണ്ണിലും കടുകു വളരുമെന്നാണ് അസ്ഹര്‍ പറയുന്നത്.

വളമായി ചാണകവും, ആടിന്റെ കാഷ്ടവും പ്രധാനമായി ഉപയോഗിക്കുന്നു. ഫിഷ് അമിനോ ആസിഡും ഉപയോഗിക്കുന്നുണ്ട്. പൊതുവേ കീടങ്ങളുടെ ആകമണം തന്റെ കൃഷിയിടത്തില്‍ കുറവാണെന്നു അസ്ഹര്‍ പറയുന്നു. ഇവിടെ ജൈവ രീതിയില്‍ കീടങ്ങളെ പ്രതിരോധിക്കാന്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതമാണ് ഏക ആശ്രയം. അത് മുന്‍കരുതലെന്നോണം ആഴ്ചയില്‍ ഒരുതവണ മുടങ്ങാതെ സ്‌പ്രേ ചെയ്തു കൊടുക്കാറുണ്ട്.
ഇത്തവണ നാട്ടില്‍ പോയിവന്നാല്‍ സാഹചര്യം അനുകൂലമെങ്കില്‍ ഔദ്യോഗികമായി കൂടുതല്‍ കൃഷി ചെയ്യണമെന്നാണ് അസഹറിന്റെ ആഗ്രഹം. ഇതിനായി സ്‌പോണ്‍സര്‍ സ്ഥലം നല്കാമെന്നു പറഞ്ഞിട്ടുണ്ട്.
കോഴിക്കോട് പേരാമ്പ്രയിലാണു താമസം. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് അസ്ഹറിന്റെ കുടുംബം.No comments:

Post a Comment