Friday, 24 April 2015

വരുമാനമേകാന്‍ ഇത്തിരിപ്പക്ഷികള്‍

ഡോ. ബി. അജിത് ബാബു

സാധാരണമായിക്കൊണ്ടിരി ക്കുന്ന ഒരു തൊഴില്‍ മേഖലയാണ് കാടപ്പക്ഷി വളര്‍ത്തല്‍. മുട്ടയ്ക്കായും ഇറച്ചിക്കായും ഇവയെ വളര്‍ത്തിവരുന്നു. കൂടാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചു വിതരണം നടത്തുന്ന കാട ഹാച്ചറികളും കാട നഴ്‌സറികളും വരുമാന മാര്‍ഗങ്ങളാണ്.

കാടവളര്‍ത്തല്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഹാച്ചറികളില്‍ മാത്രം ഉത്പാദിപ്പിച്ചുവരുന്ന ജപ്പാന്‍ കാടകള്‍ക്ക് ഈ നിരോധനം ബാധകമല്ല എന്ന് കോടതി
ഉത്തരവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കാടകളെ വളര്‍ത്തുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭയപ്പെടേണ്ടതില്ല.

പ്രധാന ഇനങ്ങള്‍ 

കാട്ടില്‍ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളര്‍ത്തുപക്ഷികളാക്കി നൂതന പ്രജനന പ്രക്രിയകളിലൂടെ വികസിപ്പിച്ചെടുത്തത് ജപ്പാനിലാണ്. അതുകൊണ്ട് ഏറ്റവും പ്രധാന ഇനങ്ങളെ ജപ്പാനീസ് ക്വയില്‍ അഥവാ ജപ്പാന്‍ കാടകള്‍ എന്നു വിളിക്കുന്നു. ഇതു കൂടാതെ ബോബ് വൈറ്റ് കാടകള്‍, ബട്ടന്‍ കാടകള്‍, വൈറ്റ് കാടകള്‍, ഫാറോ ഈസ്റ്റേണ്‍, സ്റ്റെബിള്‍ ബോബ് വൈറ്റ് എന്നീ ഇനങ്ങളെയും കൃഷിക്കായി ഉപയോഗപ്പെടുത്തിവരുന്നു.

കാടകളെ ഒരുദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. ആറാഴ്ച പ്രായം മുതല്‍ മുട്ടയിലൂടെ വരുമാനം ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ പ്രത്യേകമായി ഷെഡ് ഉണ്ടാക്കിയോ കേജ് രീതിയില്‍ പാര്‍പ്പിക്കാം. മേല്‍ക്കൂര ഓടുകൊണേ്ടാ ഓല കൊണേ്ടാ നിര്‍മിക്കാം.

നേരിട്ടുള്ള സൂര്യപ്രകാശം ഉള്ളില്‍ വീഴാതിരിക്കാന്‍ കിഴക്ക് പടിഞ്ഞാറായി ഷെഡ് നിര്‍മിക്കാം. വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡര്‍ സമയമെന്നും, 3-6 ആഴ്ച വരെ ഗ്രോവര്‍ സമയമെന്നും ഏഴാമത്തെ ആഴ്ച മുതല്‍ ലേയര്‍ സമയമെന്നും പറയുന്നു. ഈ കാലയളവുകളില്‍ വ്യത്യസ്തങ്ങളായ പരിപാലനരീതികള്‍ അനുവര്‍ത്തിക്കേണ്ടതാണ്.

കേജ് രീതിയിലുള്ള പരിപാലനം 

കാടകളെ കേജുകളില്‍ (കമ്പിവലകൊണ്ട് നിര്‍മിച്ച കൂടുകള്‍) വളര്‍ത്താന്‍ സ്ഥലം കുറച്ചു മതി. ഒരു കേജിനു മുകളില്‍ മറ്റൊരു കേജ് വരത്തക്കവണ്ണവും കോണിപ്പടി പോലെയും മൂന്നു നിരയായുള്ള കേജുകളുടെ സമൂഹവും ഘടിപ്പിക്കാം. ഇവ ഷെഡിന്റെ മേല്‍ക്കൂരയില്‍നിന്നു കെട്ടിത്തൂക്കിയോ നിലത്തുറപ്പിച്ച സ്റ്റാന്‍ഡുമായി ബന്ധിപ്പിച്ചോ നിര്‍ത്താവുന്നതാണ്.

കാടക്കുഞ്ഞുങ്ങളുടെ പരിപാലനം

കാടക്കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ ചൂടു നല്‍കാന്‍ പ്രത്യേക സംവിധാനമുള്ള “ബ്രൂഡര്‍ കേജുകള്‍” ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. കാല്‍ ഇഞ്ച് കണ്ണികളുള്ള കമ്പിവല കൊണ്ട് ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കാം.

വൈദ്യുതബള്‍ബ് ഇടാനുള്ള സംവിധാനം കേജിനുള്ളില്‍ ഉണ്ടാവണം. ഒരു കുഞ്ഞിനു ഒരു വാട്ട് എന്ന പ്രകാരം ബള്‍ബ് ഇടാവുന്നതാണ്. അതായത് 40 കുഞ്ഞുങ്ങള്‍ക്ക് 40 വാട്ടിന്റെ ഒരു ബള്‍ബ് ഇടാം. രണ്ടാമത്തെ ആഴ്ച മുതല്‍ ചൂടുകുറയ്ക്കാവുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച 24 മണിക്കൂറും ചൂടും വെളിച്ചവും വേണം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസംവരെ പാര്‍പ്പിക്കാം. ആദ്യ ത്തെ ആഴ്ചയില്‍ കൂട്ടില്‍ ചണച്ചാക്ക് വിരിക്കണം. കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ഇത് ഉപകരിക്കും. വശങ്ങള്‍ കടലാസ് കൊണേ്ടാ കാര്‍ഡ്‌ബോര്‍ഡ് കൊണേ്ടാ മറയ്ക്കണം.

കൂട്ടില്‍നിന്നും ചൂടു കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ഇത് നല്ലതാണ്. ആദ്യത്തെ ആഴ്ച പേപ്പര്‍ പ്ലേറ്റിലോ പത്രക്കടലാസിലോ തീറ്റ നല്‍കുന്നത് സഹായകരമാണ്. വെള്ളപ്പാത്രം ആഴം കുറഞ്ഞതും കാടക്കുഞ്ഞുങ്ങള്‍ക്ക് ഉള്ളില്‍ കടക്കാന്‍ കഴിയാത്ത സംവിധാനത്തോടു കൂടിയതും ആയിരിക്കണം. വെള്ളപ്പാത്രത്തില്‍ വീണുള്ള മരണത്തിന് ഈ സമയത്ത് സാധ്യത കൂടുതലാണ്.

മുട്ടക്കാടകളുടെ പരിപാലനം 

മുട്ടയ്ക്കുവേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കമ്പിവലകൊണ്ട് കൂടിന്റെ വശങ്ങളും മുകള്‍ഭാഗവും ഉണ്ടാക്കാം. അര ഇഞ്ച് കമ്പിവല/ഫൈബര്‍വല കൊണ്ട് അടിവശം ഉണ്ടാക്കുക. ഒരു കാടക്ക് 150-200 ചതുരശ്രസെന്റീമീറ്റര്‍ തറസ്ഥലം ആവശ്യമാണ്. ഏഴടി നീളവും മൂന്നടി വീതിയും 10 ഇഞ്ച് ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കാടകളെ പാര്‍പ്പിക്കാം. കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കാഷ്ഠം വീഴുന്ന ട്രേയില്‍ അറക്കപ്പൊടിയോ തവിടോ വിതറിയാല്‍ വൃത്തിയാക്കാന്‍ എളുപ്പമായിരിക്കും. മുട്ടയിടുന്ന കാടകള്‍ക്ക് ദിവസം 14 മുതല്‍ 16 മണിക്കൂര്‍ വരെ വെളിച്ചം ആവശ്യമാണ്. ഇതിനായി ഷെഡില്‍ ട്യൂബ്‌ലൈറ്റ് ഘടിപ്പിക്കാം. കാടകള്‍ വൈകുന്നേരമാണ് മുട്ടയിടുന്നത്. അതുകൊണ്ടുതന്നെ മറ്റു ജോലിത്തിരക്കുകളുള്ളവര്‍ക്കും കാടവളര്‍ത്തല്‍ അനുയോജ്യമാണ്.

കാടകളുടെ തീറ്റക്രമം

കാടകള്‍ക്ക് നല്ല പോഷകമൂല്യമുള്ള തീറ്റ ആവശ്യമാണ്. 60-70% ചെലവും തീറ്റയിലാണെന്നതിനാല്‍ തീറ്റ നഷ്ടമാവാതെ നോക്കേണ്ടതും അത്യാവശ്യമാണ്. തീറ്റ വൃത്തിയുള്ള നനവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക. കാടകള്‍ക്ക് ബ്രോയിലര്‍ കോഴികളുടെ സ്റ്റാര്‍ട്ടര്‍ തീറ്റ ആറാമത്തെ ആഴ്ചവരെ നല്‍കാം. ആറാമത്തെ ആഴ്ച മുതല്‍ മുട്ടക്കാടകളുടെ തീറ്റ നല്‍കണം. ഇത് ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്ക പൊടിച്ചത് ചേര്‍ത്ത് മുട്ടക്കാടയ്ക്കുള്ള തീറ്റ ഉണ്ടാക്കാം. ഇതിനായി 94 കിലോ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ആറു കിലോ കക്കപ്പൊടി ചേര്‍ത്ത് നന്നായി മിശ്രണം ചെയ്യുക.

കാടക്കുഞ്ഞുങ്ങളുടെ ലഭ്യത 

കാടക്കുഞ്ഞുങ്ങളെ മണ്ണുത്തിയിലുള്ള വെറ്ററിനറി സര്‍വകലാശാലാ ഫാമില്‍നിന്നോ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ഫാമുകളില്‍നിന്നോ ലഭിക്കും. കൂടുതല്‍ കാടകളെ ആവശ്യമുള്ളവര്‍ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുക. ഫോണ്‍: 0487-2371178, 0487-2370344/300

(മണ്ണുത്തി വെറ്ററിനറി കോളജ് പൗള്‍ട്രി വിഭാഗത്തിലെ അക്കാഡമിക്ക് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)

News Courtesy: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=357304#sthash.7P3wt8lz.dpuf

No comments:

Post a Comment