Friday, 17 April 2015

ഹായ്.......... മുട്ടക്കോഴികള്‍

ടോം ജോര്‍ജ്

രാവിലെ വീട്ടുമുറ്റത്തിനു സമീപത്തെ മരത്തില്‍നിന്നുയരുന്ന പൂവന്‍കോഴിയുടെ കൂവല്‍ കേട്ടുണര്‍ന്നിരുന്ന കാലം തിരികെയെത്തുകയാണ്. ഏറെ നാള്‍ മലയാളി മറന്ന വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പല രീതികളില്‍ ഇന്നു പുനര്‍ജനിക്കുന്നു. പത്തുസെന്റുള്ളവര്‍ക്ക് ഉള്ള സൗകര്യത്തില്‍ ചെറിയൊരു കൂടുകെട്ടി പത്തു കോഴികളടങ്ങുന്ന ഒരു യൂണിറ്റിനെ പരിപാലിക്കാം. വീട്ടുമുറ്റമില്ലാത്തവര്‍ക്ക് പ്രത്യേകം തയാറാക്കിയ കൂടുകളില്‍ ടെറസില്‍ കോഴിവളര്‍ത്താനുള്ള സാങ്കേതിക വിദ്യയും ഇന്നു ലഭ്യമാണ്.

കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും പ്രായം ചെന്നവരുടെ മാനസിക ഉല്ലാസത്തിനും രോഗസൗഖ്യത്തിനും വളര്‍ത്തുപക്ഷികളെയും മൃഗങ്ങളെയുമൊക്കെ വച്ചുള്ള പെറ്റ്‌സ് തെറാപ്പി ലോകമെമ്പാടും പ്രചുരപ്രചാരം നേടുകയാണ്. ഒപ്പം വീടിനു ചെറിയൊരു വരുമാന മാര്‍ഗം കൂടിയാവും വീട്ടുവളപ്പിലെ കോഴിവളര്‍ത്തല്‍.

വര്‍ഷത്തില്‍ 100 നടുത്തു മുട്ടയിടുന്ന നാടന്‍ കോഴികളേക്കാള്‍ ഇന്നു വളര്‍ത്തപ്പെടുന്നത് 300 മുട്ടയിലധികമിടുന്ന അത്യുത്പാദന ശേഷിയുള്ള മുട്ടക്കോഴികളാണ്. ഈ ആവശ്യം മുന്നില്‍ക്കണ്ട് കേരള വെറ്ററിനറി സര്‍വകലാശാല ഉരുത്തിരിച്ചെടുത്ത മുട്ടക്കോഴിയാണ് ലഗോണ്‍ ഇനത്തില്‍പ്പെട്ട അതുല്യ കോഴികള്‍. കൂടാതെ ഗ്രാമലക്ഷ്മി, ഗ്രാമശ്രീ, ഗിരിരാജ, വനരാജ, യമുന തുടങ്ങിയവയും മുന്തിയ മുട്ടക്കോഴിയിനങ്ങളാണ്. മുട്ടയിലടങ്ങിയിരിക്കുന്ന ആല്‍ബുമിന്‍ മികച്ച മാംസ്യഘടകമാണ്.

മുട്ട, പാല്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനത്തുള്ള സമീകൃതാഹാരമാണ്. വെളുത്ത ചെവിയുള്ള കോഴികള്‍ വെളുത്തതും ചുവന്ന ചെവിയുള്ള കോഴികള്‍ തവിട്ടു നിറത്തിലുമുള്ള മുട്ടകളിടും. ഇവ തമ്മില്‍ പോഷകഘടനയില്‍ മാറ്റമൊന്നുമില്ല.

മുട്ടക്കോഴികളെ എവിടെ കിട്ടും?

അത്യുത്പാദശേഷിയുള്ള മുട്ടക്കോഴികളെ കേരളവെറ്ററിനറി സര്‍വകലാശാലയുടെ പൗള്‍ട്രി ഫാമില്‍ നിന്നു ലഭിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ ഇവിടെനിന്നും വാങ്ങാം. നൂറിലേറെ കുഞ്ഞുങ്ങളെ വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ബുക്കുചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിദിനങ്ങളില്‍ 0487- 2371178, 2370344 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സര്‍വകലാശാലയുടെ കീഴിലുള്ള റിവോള്‍വിംഗ് ഫണ്ട് ഹാച്ചറിയില്‍ നിന്നും കോഴി, കാട കുഞ്ഞുങ്ങളെ ലഭിക്കും. കേരള വെറ്ററിനറി സര്‍വകലാശാലയുടെ ഐശ്വര്യ പദ്ധതിപ്രകാരവും കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുല്യ കോഴികളെയാണ് ഈ പദ്ധതിപ്രകാരം വിതരണം ചെയ്യുന്നത്. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുകോഴികളും ഒരു ഗാര്‍ഹിക കോഴിക്കൂടും നല്‍കുന്നതാണ് പദ്ധതി.

പ്രാരംഭമായി തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴിയുടെ ലഭ്യതക്കുറവ് പദ്ധതിയുടെ നടത്തിപ്പു വേഗം കുറച്ചിട്ടുണ്ട്. കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എഗ്ഗര്‍ നഴ്‌സറികള്‍ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട്.

ഇവ ചുവടെ

1.സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍(ആലപ്പുഴ)- 0479 2452277
2.റീജണല്‍ പൗള്‍ട്രി ഫാം, മലമ്പുഴ- 0491 2815206
3.റീജണല്‍ പൗള്‍ട്രി ഫാം, കുരീപ്പുഴ.
4.റീജണല്‍ പൗള്‍ട്രിഫാം,മുണ്ടയാട്, കണ്ണൂര്‍.
5.ഡിപിഎഫ് കോളനി- 0479 2721168.
6.ഡക്ക് ഫാം നിരണം.
7.റീജണല്‍ പൗള്‍ട്രി ഫാം, കുടപ്പനക്കുന്ന്് - 0471 2730804.
8.റീജണല്‍ പൗള്‍ട്രി ഫാം, കൂവപ്പടി- എറണാകുളം- 0484 2523559.
9.റീജണല്‍ പൗള്‍ട്രി ഫാം, ചാത്തമംഗലം-കോഴിക്കോട്- 0495 2287481.

കോഴിവളര്‍ത്തലില്‍ കേരളവെറ്ററിനറി സര്‍വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം പരിശീലനം നല്‍കുന്നുണ്ട്. വിശദവിവരങ്ങള്‍ 0487-2376644 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.

മുട്ടക്കോഴി ശാസ്ത്രീയമായി എങ്ങനെ വളര്‍ത്താം- വിശദവിവരങ്ങള്‍ക്ക് ഏപ്രില്‍ ലക്കം കര്‍ഷകന്‍ മാസിക കാണുക.

ഡിസൈനര്‍ മുട്ട

കോഴികള്‍ക്കു നല്‍കുന്ന തീറ്റയ്ക്കനുസരിച്ച് മുട്ടയുടെ ഗുണനിലവാരം വ്യത്യാസപ്പെടും. നമുക്കാവശ്യമുള്ള വിവിധ പോഷകങ്ങള്‍ കോഴിത്തീറ്റയിലുള്‍പ്പെടുത്തി ഉത്പാദിപ്പിക്കുന്നവയാണ് ഡിസൈനര്‍ മുട്ടകള്‍.

മുട്ടയെ അടുത്തറിയുക

മുട്ട ഒന്നാംതരമൊരു സമീകൃതാഹാരമാണ്. കണ്ണുകളുടെ ആരോഗ്യത്തിനുള്ള വിറ്റാമിന്‍-എ, എല്ലുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വിറ്റാമിന്‍-ഡി, കാത്സ്യം, ഫോസ്ഫറസ്, തൈറോയിഡിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിനാവശ്യമായ അയഡിന്‍, രക്തസംവര്‍ധനവിനുള്ള ഇരുമ്പ്, തിമിരം തടയുന്നതിനുള്ള ആന്റി ഓക്‌സിഡന്റുകള്‍, ഡയബറ്റിക്‌സ് ചെറുക്കുന്ന ലൂസീന്‍, ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്കും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഉപകരിക്കുന്ന വിറ്റാമിന്‍ ബി തുടങ്ങി മുട്ട പോഷകങ്ങളുടെ കലവറയാണ്.

മുട്ടയെ സൂക്ഷിക്കുക

കട്ടിയുള്ള തോടുണെ്ടങ്കിലും മുട്ട നന്നായി സൂക്ഷിച്ചില്ലെങ്കില്‍ പോഷകഗുണങ്ങള്‍ നഷ്ടപ്പെടും. മുട്ടയുടെ പുറംതോടിലുള്ള 17000 ചെറുസുഷിരങ്ങള്‍ ഗന്ധങ്ങളേയും മറ്റും മുട്ടയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ പോന്നവയാണ്. പുറത്ത് വെറുതേയിരുന്നാല്‍ ഗുണനിലവാരം ഇതിലൂടെ നഷ്ടപ്പെടാം. ഒരാഴ്ച ഫ്രിഡ്ജിലിരിക്കുന്ന മുട്ടയേക്കാള്‍ ഗുണനിലവാരച്ചോര്‍ച്ച വരും ഒരു ദിവസം പുറത്തിരിക്കുന്ന മുട്ടയ്ക്ക്. അതിനാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാവും നന്ന്.

Courtesy: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=356680#sthash.XX1HgYnH.dpuf

No comments:

Post a Comment