Friday, 10 April 2015

ഷാനുവിനും സഹോദരങ്ങള്‍ക്കും ഇത് വിളവെടുപ്പുകാലം

കോടഞ്ചേരി: പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന ഷാനു ഷഹാനയും സഹോദരങ്ങളും ചേര്‍ന്ന് വിളവെടുത്തത് അഞ്ച് ക്വിന്റലിലധികം വെള്ളരി. അഞ്ചുക്വിന്റലോളം പയര്‍, പടവലം, വെണ്ട തുടങ്ങിയ പച്ചക്കറികളും പഴവര്‍ഗത്തില്‍പ്പെട്ട ഷമാമും ഇവരുടെ കൃഷിത്തോട്ടത്തില്‍ നിന്ന് പറിച്ചെടുത്തു. വ്യാഴാഴ്ചയാണ് വിളവെടുപ്പ് തുടങ്ങിയത്. 

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ദിവസം മുതല്‍ ഷാനു കുടുംബത്തോടൊപ്പം പച്ചക്കറി തോപ്പിലാണ്. വേനല്‍ തുടങ്ങിയതിന് ശേഷം ഇതു രണ്ടാംവട്ടമാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് പരന്നു കിടക്കുന്ന തോട്ടത്തിലെ കൃഷിയുടെ നേതൃത്വം ഷാനുവിനാണ്. പച്ചക്കറി കൃഷിക്കിടയില്‍ നേന്ത്രവാഴയുമുണ്ട്. മേയ് അവസാനത്തോടെ പച്ചക്കറി വിളവെടുപ്പ് കഴിയും. അപ്പോഴേയ്ക്കും നേന്ത്രവാഴ വലുതാവും. 

വലതുകൈക്ക് സ്വാധീനമില്ലെങ്കിലും ഷാനുവിന്റെ ബാപ്പ നൗഷാദ് രാവിലെതന്നെ സഹായവുമായി തോട്ടത്തിലുണ്ടാകും. ഉമ്മ ഫാത്തിമ, സഹോദരന്‍ ആറാംക്ലാസ് വിദ്യാര്‍ഥി ആഷിം, സഹോദരി നാലാം ക്ലാസ് വിദ്യാര്‍ഥി ഷാനി എന്നിവര്‍ ഒന്നിച്ചാണ് കൃഷിയും വിളവെടുപ്പും. കൊല്ലത്തില്‍ ഒരു തവണ വയലില്‍ നെല്‍കൃഷിയും നടത്തും. നൗഷാദ് വാഹനത്തില്‍ പച്ചക്കറി കടകളിലെത്തിക്കും. പ്ലസ് വണ്‍ ക്ലാസ് തുടങ്ങുന്നത് വരെ കൃഷിയിടത്തിന്റെ പൂര്‍ണ മേല്‍നോട്ടം ഷാനു ഏറ്റെടുത്തു കഴിഞ്ഞു. വന്‍തോതില്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നുണെ്ടങ്കിലും കൃഷിയില്‍ നിന്ന് വലിയ ലാഭമില്ല. 

കൊല്ലത്തില്‍ ഏക്കറിന് 15000 രൂപ നിരക്കില്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. രണ്ടര ഏക്കര്‍ സ്ഥലത്തേക്ക് മൂന്ന് ലോഡ് ചാണകപ്പൊടി ഉപയോഗിച്ചു. ലോഡിന് 7500 രൂപ. കൂലിച്ചെലവും നല്ല തുകയായി. എന്നാല്‍ എട്ടുരൂപയ്ക്കാണ് വെള്ളരി വില്ക്കുന്നത്. കടയില്‍ ഇതിന്റെ വില 20 ല്‍ കൂടുതലാണ്. പയറിന് വില കടയില്‍ 40 രൂപ. കൃഷി ചെയ്തുണ്ടാക്കുന്നവര്‍ക്ക് ഇതിന്റെ പകുതിയേ ലഭിക്കൂ. 


No comments:

Post a Comment