Saturday, 25 April 2015

വളയിട്ട കൈകള്‍ ഒത്തൊരുമിച്ചു; വിളയിച്ചതു നൂറുമേനി

രാജപുരം: വളയിട്ട കൈകള്‍ ഒത്തുചേര്‍ന്നു. വിഷവിമുക്തമായ കൃഷിയിലൂടെ വിളയിച്ചെടുത്തത് നൂറുമേനിയിലധികം വെണ്ടയ്ക്ക. ഒടയംചാല്‍ ചെന്തളത്തെ കെ. കല്ല്യാണി, എം. രാധാമണി, സരോജിനി, ലക്ഷ്മി എന്നീ വനിതാ കര്‍ഷകരാണ് വെണ്ടകൃഷിയില്‍ വിജയം കൊയ്യുന്നത്.

വിഷം നിറച്ചെത്തുന്ന അന്യസംസ്ഥാന പച്ചക്കറികളെ ഒഴിവാക്കന്‍ കോടോംബേളൂര്‍ കൃഷിഭവന്റെ മാതൃകാ കൃഷിത്തോട്ടം
പദ്ധതിയിലുള്‍പ്പെടുത്തിയാണ് മുപ്പത് സെന്റ് സ്ഥലത്തെ ഇവരുടെ കൃഷി. വെണ്ടക്കയ്ക്ക് വിപണിയിലെ ലഭ്യത മനസിലാക്കിയ ഇവര്‍ ജൈവവളം മാത്രമുപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. അയ്യായിരം രൂപ ചെലവില്‍ കൃഷി ആരംഭിച്ച ഈ വനിത കര്‍ഷകര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ 30 കിലോഗ്രാം വെണ്ട തങ്ങളുടെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.

ആവശ്യത്തിന് എടുത്തുകഴിഞ്ഞ് ബാക്കിവരുന്നത് കൃഷി വകുപ്പിന്റെ സഹായത്തോടെ ഒടയംചാലില്‍ പ്രവര്‍ത്തിക്കുന്ന നാടന്‍ പച്ചക്കറി വിപണനകേന്ദ്രം വഴി വില്‍പ്പന നടത്തുകയാണ് ഇവര്‍. നിലവില്‍ രണ്ടു ക്വിന്റലിലധികം വെണ്ടയ്ക്ക വിറ്റതായി കല്ല്യാണി പറയുന്നു. കൃഷിക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളുമായി കോടോം-ബേളൂര്‍ കൃഷി അസിസ്റ്റന്റ് പി.ഡി. ദാസ് സഹായത്തിനെത്തുന്നുണെ്ടന്നും കല്ല്യാണി പറയുന്നു.

രാജപുരം: സൗഹൃദക്കൂട്ടായ്മയില്‍ അവര്‍ വിത്തെറിഞ്ഞു. പെണ്‍കരുത്തില്‍ ഒരേക്കര്‍ പാടത്തു വിളഞ്ഞതു പ്രതീക്ഷയുടെ നെന്മണികള്‍. കോടോം-ബേളൂര്‍ പഞ്ചായത്തിലെ അയറോട്ട് പാലപ്പുഴ സൗഹൃദ കുടുംബശ്രീ പ്രവര്‍ത്തകരാണു പാട്ടത്തിനെടുത്ത സ്ഥലത്തു ജൈവ നെല്‍ക്കൃഷിയൊരുക്കി വിജയം നേടിയത്.

കുടുംബശ്രീയിലെ കൃഷിയോടു താത്പര്യമുള്ള ഒന്‍പതംഗംങ്ങള്‍ ചേര്‍ന്നു രൂപീകരിച്ച അമൃത, മാതൃക ജെഎല്‍ജി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്. ആതിര നെല്‍വിത്തുപയോഗിച്ചായിരുന്നു കൃഷി. മൂന്നു വര്‍ഷമായി കൃഷിയിറക്കുന്നുണെ്ടങ്കിലും വെള്ളമില്ലാത്തതിനാലും മഴക്കുടുതലിനാലും ഇവര്‍ക്കു കൃഷി നഷ്ടമായിരുന്നു. 11,000രൂപ മുതല്‍ മുടക്കില്‍ ഈ വര്‍ഷമിറക്കിയ കൃഷിയില്‍ നൂറുമേനി വിളവുണെ്ടന്ന് മാതൃക ജെഎല്‍ജി ഗ്രൂപ്പ് സെക്രട്ടറി എം.കെ. ഗൗരി പറയുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ വേനല്‍മഴയില്‍ കുതിര്‍ന്ന് നെല്ലു നശിക്കുമോയെന്ന ആശങ്കയിലാണ് ഈ വനിതാ കര്‍ഷകര്‍.

എം.കെ. ഗൗരിയെക്കൂടാതെ ഗീതാ വിജയന്‍, രമാ രാമകൃഷ്ണന്‍, എ. ശാന്ത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തിയ കൃഷിയില്‍ നൂറു പറ നെല്ല് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. വിളവെടുപ്പിന്റെ ഭാഗമായി നടത്തിയ കൊയ്ത്തുത്സവം കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സി.ഗണേശന്‍ അധ്യക്ഷത വഹിച്ചു. സ്മിത ബാലകൃഷ്ണന്‍, ഗിരീഷ് പാലപ്പുഴ, സി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
Source Courtesy: http://www.deepika.com/localnews/Localdetailnews.aspx?id=63851&Distid=KL14#sthash.Xa24jplM.dpuf

No comments:

Post a Comment