Friday, 17 April 2015

പച്ചക്കറികള്‍ ബാല്‍ക്കണിയിലും

ഐബിന്‍ കാണ്ടാവനം

ഫ്‌ളാറ്റ് ജീവിതത്തില്‍ കൃഷി ചെയ്യുന്നതിനു പരിമിതികളുണെ്ടങ്കിലും പരിശ്രമിച്ചാല്‍ ഒരു കുടുംബത്തിലേക്കാവശ്യമായ പച്ചക്കറികള്‍ ഫ്‌ളാറ്റില്‍തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഫ്‌ളാറ്റുകളില്‍ എങ്ങിനെ കൃഷിചെയ്യാം? ചെയ്താല്‍ അത് വിജയിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊരു മറുപടിയാണ് ബംഗളൂരു മലയാളിയായ സുമതി ശ്രീകുമാര്‍. സ്വന്തം കുടുംബത്തിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാന്‍ തുടങ്ങിയതിനുശേഷമാണ് സുമതി ബാല്‍ക്കണിയില്‍ അടുക്കളത്തോട്ടം നിര്‍മിച്ചത്.

തുടക്കത്തില്‍ വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ ചട്ടികളില്‍ മണ്ണിനൊപ്പം നിക്ഷേപിച്ചു. ഓരോ ചട്ടികളിലും നിറയ്ക്കുന്നതിന്റെ അളവുകൂടി വന്നതോടെ വീണ്ടും ചട്ടികള്‍ ആവശ്യമായിവന്നു. കമ്പോസ്റ്റായവ പിന്നീട് എന്തു ചെയ്യണം എന്ന ചിന്ത വന്നതോടെയാണ് പച്ചക്കറി കൃഷി ചെയ്യാന്‍ തുടങ്ങുന്നത്.

ആദ്യം തക്കാളി, മുളക് എന്നിവയായിരുന്നു നട്ടത്. പിന്നീടത് വിപുലീകരിക്കുകയായിരുന്നു. ഇപ്പോള്‍ സുമതിയുടെ ബാല്‍ക്കണിയില്‍ ഉള്ളി, കാബേജ്, തക്കാളി, മുളക്, മുരിങ്ങ, ചീര, ചേമ്പ്, ചേന, കരിമ്പ്, കറിവേപ്പില, സ്‌ട്രോബറി, വെള്ളരി, ഉലുവ, കറിവേപ്പില, പാവല്‍, പയര്‍, ഇഞ്ചി, കൂര്‍ക്ക തുടങ്ങി നിരവധി വിളകളാണ് വളര്‍ന്നുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വാഴയും വളരുന്നുണ്ട്.

ഇവയ്‌ക്കെല്ലാം പ്രധാന വളം കമ്പോസ്റ്റ് തന്നെ. എന്നാല്‍ കമ്പോസ്റ്റിനെക്കൂടാതെ ചാണകവും നല്കുന്നുണ്ട്. ഒപ്പം ചാരവും നല്കും. സ്‌ട്രോബറിക്കു വെള്ളവും വെയിലും അത്യാവശ്യമാണ്. അവയുടെ ഒപ്പം ഉപയോഗ്യശൂന്യമായ ഫില്‍ട്ടര്‍ കാപ്പിപ്പൊടി ചേര്‍ക്കുന്നത് വിളവ് വര്‍ധിക്കാനിടയാക്കുമെന്ന് അനുഭവപാഠങ്ങളില്‍നിന്നു സുമതി പറയുന്നു.

ബാല്‍ക്കണിയില്‍ ഒരടി ഉയരത്തില്‍ സ്റ്റാന്‍ഡ് നിര്‍മിച്ചാണ് ചട്ടികള്‍ വച്ചിരിക്കുന്നത്. ഓരോന്നും കൃത്യമായ രീതിയില്‍ വയ്ക്കുന്നതിനാല്‍ സ്ഥലം നഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല തറ വൃത്തിയായി കിടക്കുകയും ചെയ്യും. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരുടെ പ്രധാന പ്രശ്‌നമാണ് ജലദൗര്‍ലഭ്യം. അതിന്റെയൊപ്പം കൃഷികൂടിയാകുമ്പോള്‍ ചെലവും കൂടും. ഇതുമൂലം അടുക്കളയില്‍ അരി, പച്ചക്കറി തുടങ്ങിയവ കഴുകുന്ന വെള്ളം പാഴാക്കാതെ പച്ചക്കറികള്‍ക്കു നല്കുകയാണ് ചെയ്യുന്നത്.

ബാല്‍ക്കണി കൃഷി കേവലം ഒരു വിനോദം മാത്രമായല്ല സുമതി കാണുന്നത്. താമസിക്കുന്ന ഫ്‌ളാറ്റിലെ മറ്റംഗങ്ങള്‍ക്കും ഒരു പ്രചോദനമായി മാറാന്‍ ശ്രമിക്കുന്നു. സുമതിയും സുഹൃത്തുക്കളും ചേര്‍ന്നു രൂപീകരിച്ച മൈ ത്രീ ലീവ്‌സ് എന്ന സംഘടന ഫ്‌ളാറ്റുകളില്‍ മാലിന്യസംസ്‌കരണം മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ചതാണ്. ഓരോ കുടുംബത്തെയും സന്ദര്‍ശിച്ച് മാലിന്യസംസ്‌കരണത്തിന്റെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. താത്പര്യമുള്ളവര്‍ക്ക് കമ്പോസ്റ്റിംഗ് യൂണിറ്റും നല്കും.

മാലിന്യസംസ്‌കരണം കൂടാതെ പരിമിത സ്ഥലത്തു കൃഷി ചെയ്യാം എന്ന ആഹ്വാനവും മൈ ത്രീ ലീവ്‌സ് മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഇതിനായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവര്‍ക്കു സെമിനാറുകളും നടത്താറുണ്ട്. ബാല്‍ക്കണിയില്‍ എങ്ങനെ കൃഷി ചെയ്യാന്‍ കഴിയും, അത് നടക്കില്ല എന്നൊക്കെ പറയുന്നവര്‍ക്ക് താന്‍ ചെയ്തു വിജയിച്ച രീതികള്‍ കാണിച്ച് ബോധ്യപ്പെടുത്താന്‍ സുമതിക്കു കഴിഞ്ഞിട്ടുണ്ട്. ഇത്രയൊക്കെ ചെയ്യുമ്പോഴും ചുരുക്കം ആളുകള്‍ മാത്രമാണ് മുമ്പോട്ടുവരാറുള്ളതെന്നു സുമതി പറയുന്നു. എന്നാല്‍ ഈ ചുരുക്കം ആളുകള്‍ ചെയ്യുന്നതു കണ്ടിട്ട് ഇനി പലരും മുമ്പോട്ടുവരുമെന്നാണ് പ്രതീക്ഷ.

സ്ഥലപരിമിതി കൃഷിയെ സ്‌നേഹിക്കുന്ന പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. എന്നാല്‍ അങ്ങനെയുള്ളവര്‍ക്കു ചുരുങ്ങിയ സ്ഥലത്ത് എങ്ങനെ കൃഷിചെയ്യാമെന്നു കാണിച്ചു നല്കി കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സുമതിയെപ്പോലുള്ളവര്‍ കാര്‍ഷികസംസ്‌കാരത്തിന്റെ വക്താക്കളാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സ്വന്തമായി ഉത്പാദിപ്പിച്ച വിഷവിമുക്തമായ പച്ചക്കറി വിശ്വസിച്ച് കഴിക്കാമെന്നുള്ള ഉറച്ച തീരുമാനമുണെ്ടങ്കില്‍ കൃഷി ചെയ്യാന്‍ സ്ഥലപരിമിതി ഒരു പ്രശ്‌നമാകില്ലെന്നത് ഉറപ്പാണ്.

Courtesy: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=356680#sthash.XX1HgYnH.dpuf

No comments:

Post a Comment