Friday, 22 May 2015

കോഴിവളര്‍ത്താന്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം

ഐബിന്‍ കാണ്ടാവനം


സമീകൃതാഹാരത്തില്‍ പ്രധാനപ്പെട്ട ഒന്നാണു മുട്ട. ആധുനിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ദിവസം ചുരുങ്ങിയത് അര മണിക്കൂറെങ്കിലും നീക്കിവയ്ക്കാനുണ്ടെങ്കില്‍ മുട്ട ഉത്പാദനത്തില്‍ സ്വയം പര്യാപ്തരാകാന്‍ കഴിയുമെന്നത് ഉറപ്പാണ്. സ്ഥലപരിമിതിയുള്ളവര്‍ക്കായി ചെറുകിട കോഴിവളര്‍ത്തല്‍ യൂണിറ്റ് കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ട് പ്രകാരം എത്തിച്ചു കൊടുക്കുകയാണ് തിരുവനന്തപുരം ആറാലുംമൂട് അതിയന്നൂര്‍ തേജസ് വീട്ടില്‍ ഇ. സുജയും പിതാവ് ഈശ്വര്‍ദാസും. പരിമിതമായ സ്ഥലത്ത് പരിമിതമായ സമയംകൊണ്ട് ആദായം ഉണ്ടാക്കുന്ന രീതിയാണ് ഇവര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം എന്ന പദ്ധതിക്കുള്ളത്.


ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി
പൗള്‍ട്രി ഫാമിന്റെയൊപ്പം
സുജയും കുടുംബാംഗങ്ങളും...
സുജയുടെ മകന്‍ അഭിനവിന്റെ നിര്‍ബന്ധപ്രകാരമാണ് എന്‍ജിനിയര്‍കൂടിയായ ഈശ്വര്‍ദാസ് ആദ്യമായി നൂതന രീതിയില്‍ മൂന്നു നിലയുള്ള കോഴിക്കൂട് തയാറാക്കിയത്. ആറാലുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍സണ്‍സ് എന്‍ജിനിയറിംഗ് വര്‍ക്‌സ് എന്ന സ്വന്തം സ്ഥാപനത്തിലാണ് കോഴിക്കൂടിന്റെ നിര്‍മാണം. മൂന്നു തട്ടുകളും പൂര്‍ണമായും അഴിച്ചുമാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.

BV380 ഇനം കോഴി
ആ അവസരത്തിലാണ് കുടുംബശ്രീ പ്രോജക്ടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്കുകയും കുടുംബശ്രീ അനുമതി നല്കുകയും ചെയ്തത് കോഴിവളര്‍ത്തല്‍ എന്ന കാര്‍ഷികമേഖലയിലേക്ക് സുജയെയും കുടുംബത്തെയും കൂടുതല്‍ അടുപ്പിച്ചു. മുന്‍സിപ്പാലിറ്റി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതി നടപ്പിലാക്കിവരുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലൂടെനീളം പദ്ധതിയുടെ മാതൃക പ്രദര്‍ശിപ്പിച്ച് വിവരണം നല്കാറുമുണ്ട്. ഈ ഉദ്യമത്തില്‍ സുജയുടെ മകന്‍ ആറു വയസുകാരന്‍ അഭിനവാണ് മുമ്പില്‍ നില്ക്കുന്നത്. കോഴിക്കൂടിനെക്കുറിച്ചു വിവരണം നല്കാന്‍ നൂറു നാവാണ് ഈ കൊച്ചുകര്‍ഷകന്.

ഓരോ തട്ടിലും 12 കോഴികളെ വീതം വളര്‍ത്താവുന്ന കൂടാണു നിര്‍മിച്ചു നല്കുന്നത്. കൂട്, രണ്ടര മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍ (ഹൈദരാബാദിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV380 എന്ന ഇനം കോഴിക്കുഞ്ഞുങ്ങളാണ്. വര്‍ഷം 300-320 മുട്ട ഇടുന്നവ), 200 കിലോഗ്രാം തീറ്റ എന്നിവ അടങ്ങിയ യൂണിറ്റിന് 30,000 (ടാക്‌സ് അടക്കം) രൂപയാണു വില. കുടുംബശ്രീ മുഖേന സംഘത്തിനോ വ്യക്തിക്കോ ഈ ഹൈടെക് ഫാം ആരംഭിക്കാവുന്നതാണ്. ഇതിന് സബ്‌സിഡിയും ലഭ്യമാണ്. അഞ്ച് അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് ആകെ തുകയുടെ 35 ശതമാനവും വ്യക്തിക്ക് 20 ശതമാനവും സബ്‌സിഡിയായി ലഭിക്കും. ഓര്‍ഡര്‍ അനുസരിച്ച് കേരളത്തിലൂടനീളം യൂണിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. എറണാകുളം ജില്ലയില്‍ ഇതിനോടകം അഞ്ഞൂറോളം യൂണിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. വില്പന പൂര്‍ണമായും കുടുംബശ്രീ വഴിയാണ്.

45 ദിവസംകൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ കോഴിക്കുഞ്ഞുങ്ങളെയാണ് ആവശ്യക്കാര്‍ക്കു നല്കുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ തമ്മിലുള്ള വഴക്ക് ഒഴിവാക്കാനായി കര്‍ഷകര്‍ക്കു നല്കിയതിനു ശേഷം ഒരു മാസത്തിനുള്ളില്‍ ചുണ്ടിന്റെ അഗ്രം മുറിച്ചു നല്കും. 200 കിലോഗ്രാം കോഴിത്തീറ്റ 3-4 ഘട്ടങ്ങളിലായാണ് കര്‍ഷകര്‍ക്ക് എത്തിച്ചു നല്കുക.

രണ്ടു ദിവസത്തിലൊരിക്കല്‍ കുടിവെള്ളം നല്കുന്ന പാത്രം, കാഷ്ഠം ശേഖരിക്കുന്ന ട്രേ എന്നിവ വൃത്തിയാക്കണം. തീറ്റപ്പാത്രം ആഴ്ചയിലൊന്നു വൃത്തിയാക്കിയാലും മതിയാകും. പ്രായപൂര്‍ത്തിയായ കോഴിയൊന്നിന് ശരാശരി 100 ഗ്രാം സമീകൃതാഹാരം ഒരു ദിവസം വേണ്ടിവരും. പച്ചിലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, അസോള മുതലായവ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ സമീകൃതാഹാരത്തിന്റെ അളവ് 35 ശതമാനം വരെ കുറയ്ക്കാവുന്നതാണ്. ഒമ്പതാം ആഴ്ച മുതല്‍ പതിനേഴാം ആഴ്ച വരെ ലെയര്‍ ക്രംബള്‍, പതിനെട്ടാം ആഴ്ച മുതല്‍ 72-ാം ആഴ്ചവരെ ലെയര്‍ മാഷ് (Layer mash) അല്ലെങ്കില്‍ ലെയര്‍ പെല്ലറ്റ് (Layer Pellet) ആണു നല്‌കേണ്ടത്. പൂര്‍ണവളര്‍ച്ചയെത്തിയ കോഴിക്ക് 400 മില്ലിലിറ്റര്‍ വെള്ളം കൊടുക്കേണ്ടതാണ്. കാത്സ്യത്തിന്റെ പോരായ്മ ഉണ്ടാകാതിരിക്കാന്‍ ദിവസേന രാവിലെ നീറ്റുകക്കയുടെ തെളി നേര്‍പ്പിച്ച് കോഴികള്‍ക്കു നല്കുകയും വേണം.കൂടിന്റെ പ്രത്യേകത

1. 100 ജിഎസ്എം സിങ്ക് കോട്ടിംഗുള്ള കമ്പികള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആയതിനാല്‍ കൂടുതല്‍ കാലം ഈടു നില്ക്കും.
2. മൂന്നു നില ആയതിനാല്‍ നിലത്ത് വളര്‍ത്തുന്നതിന്റെ മൂന്നു മടങ്ങ് കോഴികളെ വളര്‍ത്താം.
3. കൂടിനു പുറത്ത് ഇളക്കിമാറ്റാവുന്ന ഫീഡറുകള്‍.
4. ഓരോ തട്ടിലും ഇളക്കിമാറ്റാവുന്ന ഡ്രിങ്കര്‍(Drinker) സ്ഥാപിച്ചിട്ടുണ്ട്.
5. മുട്ട കൂടിനു പുറത്ത് സംഭരണിയില്‍ ശേഖരിക്കുന്നു.
6. തീറ്റ, വെള്ളം, മുട്ടസംഭരണി എന്നിവയ്ക്ക് പ്രത്യേക സുരക്ഷാകവചം.
7. ഓരോ തട്ടിന്റെയും അടിയില്‍ കാഷ്ഠം ശേഖരിക്കുന്നതിനു രണ്ട് ട്രേകള്‍ വീതം സ്ഥാപിച്ചിട്ടുണ്ട്.
8. ചൂടില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കുന്നതിന് അക്രലിക് ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂര സ്ഥാപിച്ചിട്ടുണ്ട്.


സുജയുടെ കുടുംബം മുഴുവനും പൂര്‍ണമായി കോഴിവളര്‍ത്തലിലേക്ക് തിരിഞ്ഞിരിക്കുകയാണ്. പിതാവ് ഈശ്വര്‍ദാസും മാതാവ് രമണിയും സഹോദരി ലിജയും ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഒത്തൊരുമയോടെ മുമ്പോട്ട്‌കൊണ്ടുപോകുന്നു. ചുരുങ്ങിയ സ്ഥലത്തുനിന്നു ആദായമുണ്ടാക്കുന്ന ഹൈബ്രിഡ് ആന്‍ഡ് കോംപാക്ട് മിനി പൗള്‍ട്രി ഫാം പദ്ധതി ഏവര്‍ക്കും യാതൊരു സമയനഷ്ടവുമില്ലാതെ മുമ്പോട്ടുകൊണ്ടു പോകാനാകുമെന്നതു തീര്‍ച്ച.

ഫോണ്‍: 9633177715

7 comments:

 1. എനിക്ക് ഇത്തരം സംരംഭം തുടങ്ങാൻ താല്പര്യം ഉണ്ട് , ഇതുമായി ബന്ധപ്പെടാൻ ഇപ്പോൾ നിലവിലുള്ള നമ്പർ കിട്ടുമോ ?

  ReplyDelete
 2. Ranny ഹൈറ്റക്ക് Mutta kozhi kudu മുട്ട കോഴിക്കൂട്
  9745722764
  9947384824

  ReplyDelete
 3. ആലപ്പുഴയിൽ ലഭ്യമാണോ ?

  ReplyDelete
 4. വയനാട് ജില്ലയിൽ വിതരണം ചെയ്യാൻ സാധിക്കുമോ.?

  ReplyDelete
 5. ഈ number നിലവിലില്ല

  ReplyDelete
 6. മലപ്പുറം തിരൂർ ഭാഗത്തുള്ളവർക്ക് എവിടെ നിന്ന് കൂട് കിട്ടും
  Pls call 7012386580

  ReplyDelete
 7. കണ്ണൂർ,കാസർഗോഡ്,കോഴിക്കോട്,വയനാട് ജില്ലയിലുള്ള പൗൾട്രി കർഷകരാണോ നിങ്ങൾ...?

  അതുമല്ലെങ്കിൽ ഈ മേഖലയെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവരാണോ..?

  എങ്കിൽ...!!
  താഴെ നൽകിയിട്ടുള്ള വാട്സ് ആപ്പ് ലിങ്കിൽ ജോയിൻ ചെയ്ത ശേഷം നിങ്ങളുടെ പേരും സ്ഥലവും ജില്ലയും അറിയിക്കുക.....(രണ്ടൊ മൂന്നോ ദിവസത്തിനുള്ളിൽ മെയിൻ ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർക്കുന്നതായിരിക്കും..)

  #NB : ഞങ്ങൾ ഒരു കൂട്ടം ചെറുകിട കർഷകരുടെ കൂട്ടായ്മയാണിത്.അത്കൊണ്ട് ലെഫ്റ്റ് അഡിച്ച് പോകാനാണെങ്കിൽ ലിങ്കിൽ ജോയിൻ ചെയ്യരുത്.

  ✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩✩

  https://chat.whatsapp.com/DbeSUmFLoeD2bRbKoIFO3x

  ReplyDelete